ബ്ലോ ടോർച്ച്
ലോഹങ്ങളെ വിളക്കിച്ചേർക്കുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയർന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ബ്ലോ ടോർച്ച്. പൊതുവേ ഓക്സിജൻ- അസെറ്റിലീൻ മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോൾ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെൽവിൻ പരിധിയിൽ വരുന്നു. അസെറ്റിലീൻ ഒരു താപഗ്രാഹി(endothermic) യൗഗികമായതിനാൽ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു.
വിവിധ തരങ്ങൾ
[തിരുത്തുക]ഉയർന്ന മർദത്തിലും താഴ്ന്ന മർദത്തിലും പ്രവർത്തിക്കുന്ന രണ്ടു തരം ടോർച്ചുകളുണ്ട്. ആദ്യത്തേതിൽ സമ്മർദിത ഓക്സിജനെയും അസെറ്റിലീനെയുമാണ് കലർത്തുന്നതെങ്കിൽ രണ്ടാമത്തേതിൽ സമ്മർദിത ഓക്സിജൻ ധാരയെ (jet) സമ്മർദിത അസെറ്റിലീനുമായി കലർത്തുന്നു. വെൽഡിങ്/കട്ടിങ് ഭാഗത്ത് ലഭിക്കുന്ന താപോർജത്തെ നിയന്ത്രിക്കുന്നത് നോസിലിന്റെ ആകൃതി ക്രമീകരണത്തിലൂടെയാണ്. തീജ്വാലയുടെ നീളം കൂടുന്നതിനനുസരിച്ച് ടോർച്ചിനകത്തെ വാതക മർദവും കൂട്ടേണ്ടിവരും. തീജ്വാല രൂപം കൊള്ളുന്നതിനു മുൻപായി ആന്തരികമായി ഇന്ധനം-വായു മിശ്രണം വെൽഡിങ് ടോർച്ചിൽ നടക്കുന്നു. എന്നാൽ കട്ടിങ് ടോർച്ചിൽ ഇതു കൂടാതെ തീജ്വാലയുടെ കേന്ദ്രത്തിലേക്ക് ടോർച്ചിൽ നിന്ന് ഓക്സിജൻ, ധാരാ രൂപത്തിൽ, എത്തിക്കുന്നു. ഓക്സി-അസെറ്റിലിൽ തീജ്വാല ലോഹത്തെ അതിന്റെ ജ്വലന താപനിലയിലേക്കുയർത്തുമ്പോൾ ജ്വാലയുടെ കേന്ദ്രത്തിലൂടെ വരുന്ന ഓക്സിജൻ ധാര ലോഹത്തെ ഓക്സീകരിക്കുന്നു. ഈ ഓക്സൈഡ് വാതക ധാരയിൽ തെറിച്ചുപോകുന്നതിനാൽ ലോഹത്തിൽ ചെറിയ വിടവ് ലഭിക്കുന്നു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടോർച്ച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |