Jump to content

ഫിലിപ്പീൻ സ്വതന്ത്രസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗ്ലേസിയ ഫിലിപ്പീന ഇൻഡിപെൻഡിയെന്റെ
ഫിലിപ്പീൻ സ്വതന്ത്രസഭയുടെ മുദ്ര: വേദപുസ്തകം, ദാനധർമ്മം, അറിവ്, സ്വാതന്ത്ര്യം
Primateഏറ്റവും ആദരണീയനായ എഫ്രായിം ഫഹുത്താഞ്ഞ വൈ സെർവാനെസ്, ഡി.ഡി., ഒബിസ്പോ മാക്സിമോ XII
Headquartersനാഷണൽ കത്തീഡ്രൽ ഓഫ് ദി ഹോളി ചൈൽഡ്, 1500 തഫ്ത് അവെന്യൂ, എർമിറ്റ, മനില, ഫിലിപ്പീൻസ്
Territoryഫിലിപ്പീൻസ്, വടക്കേ അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കുകിഴക്കനേഷ്യ
Members6,000,000 (ഉദ്ദേശം)
Websitewww.ifi.ph
Anglicanism Portal
സ്വതന്ത്രസഭയുടെ ആദ്യത്തെ പരമോന്നതമെത്രാൻ ഗ്രിഗോറിയോ ആഗ്ലിപ്പേയ്

ഫിലിപ്പീൻസിലെ കത്തോലിക്കാ പാരമ്പര്യത്തിൽ പെട്ട ഒരു ദേശീയ ക്രിസ്തുമത വിഭാഗമാണ് ഫിലിപ്പീൻ സ്വതന്ത്രസഭ (ഇഗ്ലീസിയ പിലിപ്പിനാ ഇൻഡിപ്പെൻഡിന്റേ). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോമൻ കത്തോലിക്കാസഭയിൽ നിന്നു വേർപിരിഞ്ഞുണ്ടായ സഭയാണിത്. 1902-ൽ ആ വേർപിരിയലിനു മുൻകൈയ്യെടുത്തത്, ഫിലിപ്പീൻസിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ സഖ്യമായ ഫിലിപ്പീൻ ജനാധിപത്യ തൊഴിലാളി സഖ്യത്തിലെ അംഗങ്ങളാണ്. വ്യതിരിക്തസഭയുടെ സ്ഥാപനത്തിനു നേതൃത്വം കൊടുത്ത ഇസബെലോ ഡി ലോസ് റെയെസിന്റെ നിർദ്ദേശത്തിൽ, ഗ്രിഗോറിയോ ആഗ്ലിപ്പേയ് എന്ന പുരോഹിതൻ [1][2] ഈ സഭയുടെ ആദ്യത്തെ തലവനും പരമോന്നത വൈദികമേലദ്ധ്യക്ഷനും ആയി. ആഗ്ലിപ്പേയ്‌-യുടെ പേരു പിന്തുടർന്ന് ഈ സഭ ആഗ്ലിപ്പേയൻ സഭ എന്ന പേരിലും അറിയപ്പെടുന്നു.

മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച സ്പാനിഷ് ആധിപത്യയുഗത്തിൽ, ഫിലിപ്പീൻസിലെ ദേശീയ സഭയിലെ വൈദേശികനേതൃത്വത്തിന്റെ സമ്പദ്ബന്ധങ്ങൾക്കും ചൂഷണത്തിനും അഴിമതിക്കും പൗരോഹിത്യത്തിന്റെ അധഃപതനത്തിനും എതിരെ വളർന്നുവന്ന പ്രതിക്ഷേധമാണ് സ്പാനിഷ് അധിനിവേശത്തിന്റെ അന്ത്യത്തിൽ മാതൃസഭയിൽ നിന്നുള്ള ഈ വിഭാഗത്തിന്റെ വേർപിരിയലിൽ കലാശിച്ചത്. മാർപ്പാപ്പായുടെ പരമാധികാരത്തിന്റേയും വൈദികബ്രഹ്മചര്യത്തിന്റെയും തിരസ്കാരം ഒഴിച്ചാൽ മറ്റു മിക്കവാറും കാര്യങ്ങളിൽ റോമൻ കത്തോലിക്കാ വിശ്വാസങ്ങൾ തന്നെയാണ് ഈ സഭ പിന്തുടരുന്നത്.

ഫിലിപ്പീൻസിലെ ഒരു പ്രമുഖമതവിഭാഗമായ ഈ സഭയിലെ അംഗങ്ങൾ ജനസംഖ്യയുടെ 2.6% ശതമാനം വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 1960 മുതൽ ഈ സഭ അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയുമായും അതുവഴി മുഴുവൻ ആംഗ്ലിക്കൻ സമൂഹവുമായും കൂട്ടായ്മയിലാണ്.

ഇതും കാണുക

[തിരുത്തുക]

ഇഗ്ലീസിയ നി ക്രിസ്തോ

അവലംബം

[തിരുത്തുക]
  1. Achutegui, Pedro S. de & Bernad, Miguel A. (1971) "The Religious Coup d'Etat 1898–1901: a documentary history", in Religious Revolution in the Philippines, Volume III. Manila: University Press (cited in Larkin, John A. "Review 74-- No Title", The Journal of Asian Studies, Nov 1972; 32,1. at Proquest (subscription)
  2. "History". Archived from the original on 2014-03-19. Retrieved 2012-07-29.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പീൻ_സ്വതന്ത്രസഭ&oldid=3638436" എന്ന താളിൽനിന്ന് ശേഖരിച്ചത്