ഗുരുത്വാകർഷണസ്ഥിരാങ്കം
ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിന്റെ സമവാക്യത്തിലും ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ സമവാക്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരാങ്കമാണ് ഗുരുത്വാകർഷണസ്ഥിരാങ്കം (Gravitational constant). G എന്ന അക്ഷരമുപയോഗിച്ചാണ് ഇതിനെ പ്രതിനിധീകരിക്കുന്നത്. വില നിർണ്ണയിക്കാൻ ഏറെ പ്രയാസമുള്ളതും അതിനാൽ വളരെക്കുറവ് കൃത്യതയോടെ മാത്രം നമുക്ക് വില അറിയാവുന്നതുമായ ഒരു സ്ഥിരാങ്കമാണിത്.
വില
[തിരുത്തുക]എസ്.ഐ. ഏകങ്ങൾ ഉപയോഗിക്കുമ്പോൾ ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില 6.67428 0.00067 × 10-11 m3 kg-1 s-2 ആണ്. ഭൗതികശാസ്ത്രത്തിലെ മറ്റ് സ്ഥിരാങ്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കൃത്യത വളരെ ചെറുതാണ്.
ചരിത്രം
[തിരുത്തുക]ന്യൂട്ടന്റെ കാലം മുതൽക്കേ സമവാക്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ആദ്യമായി ഒരു പരീക്ഷണത്തിലൂടെ ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില കണ്ടെത്തിയത് 1798-ൽ ഹെൻറി കാവെൻഡിഷാണ്. വളരെ വിഷമകരമായ ഈ പരീക്ഷണം വഴി 6.754 × 10-11 m3 kg-1 s-2 എന്ന വിലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈപരീക്ഷണത്തിലൂടെ ഭൂമിയുടെ പിണ്ഡം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചു.
കാവെൻഡിഷ് കണ്ടെത്തിയ വില ഇന്ന് അംഗീകരിക്കപ്പെട്ടതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല. അദ്ദേഹത്തിനുശേഷം രണ്ടുനൂറ്റാണ്ടുകാലത്തെ പരീക്ഷണങ്ങളിലൂടെയും ഈ സ്ഥിരാങ്കത്തിന്റെ വില കണ്ടെത്തുന്നതിൽ വളരെയധികം കൃത്യത കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനബലങ്ങളിൽ ഏറ്റവും ദുർബലമായതാണ് ഗുരുത്വാകർഷണബലം എന്നതാണിതിന് കാരണം.