അഷ്ടാവക്രൻ
ശരീരത്തിൽ എട്ടു വളവുകൾ ഉള്ള ബ്രഹ്മാദ്വൈതവാദിയും താർക്കികനുമായ ഒരു മഹർഷിയാണ് അഷ്ടാവക്രൻ. മഹാഭാരതത്തിലും, ഇതരപുരാണങ്ങളിലും അദ്ദേഹത്തെ പറ്റി വർണ്ണിക്കുന്നുണ്ട്. കഹോഡമഹർഷിക്ക് സുജാതയെന്ന സ്ത്രീയിൽ ജനിച്ച പുത്രനായിരുന്നു, തത്ത്വജ്ഞാനിയായ അഷ്ടാവക്രമുനി. ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ അഷ്ടാവക്രൻ പിതാവായ കഹോഡകനെ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ ഉച്ചാരണ ശുദ്ധിയില്ലായ്മയെ തിരുത്തുകയും ചെയ്തു. കുപിതനായ പിതാവിന്റെ ശാപത്താൽ എട്ടുവളവുകളോടെ ജനിച്ചു.
വാജശ്രവസ്സിന്റെ പുത്രനായ ഉദ്ദാലകമഹർഷിയുടെ ശിഷ്യനായിരുന്നു കഹോടകൻ. ഗുരുശിക്ഷ പൂർത്തീകരിച്ചപ്പോൾ തന്റെ പുത്രിയെ (സുജാത) ദാനമായി അദ്ദേഹം കഹോഡകനു നൽകി. ഉദ്ദാലകന്റെ മറ്റു പുത്രന്മാരായിരുന്നു ശ്വേതകേതുവും, നചികേതസും. കഹോഡൻ സുജാതയെ വിവാഹം കഴിച്ചു. ഒരിക്കൽ പോലും കഹോടകനെ വിട്ടുപിരിയാൻ സുജാതക്കു കഴിഞ്ഞിരുന്നില്ല, തന്മൂലം കഹോടകൻ ചൊല്ലുന്ന വേദമന്ത്രങ്ങൾ സുജാതയുടെ വയറ്റിൽ കിടന്ന ഗർഭസ്ഥശിശു ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡൻ ഭാര്യയെപ്പറ്റിപ്പോലും നിർവിചാരനായിരുന്നു. ഒരു ദിവസം മന്ത്രോച്ചാരണസമയത്ത് ഗർഭസ്ഥശിശു കഹോഡകനോട് പറഞ്ഞു ""'അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാൻ ഹൃദിസ്ഥമാക്കി, പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല"". ഇതുകേട്ട കഹോടകൻ കുപിതനായി ഗർഭാവസ്ഥയിൽ നീ ഇങ്ങനെയെങ്കിൽ പുറത്തുവന്നാലോ? നീ അഷ്ടവക്രനാവട്ടെ!
സുജാത ഗർഭിണിയായിരിക്കുമ്പോൾ നാട്ടിൽ കൊടിയ ദാരിദ്ര്യം ഉണ്ടായി. പട്ടിണി കൊണ്ട് ജനങ്ങൾ മരിക്കാൻ തുടങ്ങി. സുജാതയുടെ നിർബന്ധത്താൽ കഹോടകനോട് ജനകപുരിയിൽ പോയി രാജാവിനോട് കുറച്ചു ധനം അഭ്യർത്ഥിക്കാൻ പോയി. പക്ഷേ രാജാവിനെ കാണുന്നതിനും മുൻപ് അദ്ദേഹം രാജ സദസ്സിലെത്തി വാന്ദികൻ (വാന്ദികൻ വരുണന്റെ പുത്രനാണ്). എന്ന താർക്കികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തോൽക്കുന്നവരെ കടലിലെറിയാറുള്ള വാന്ദികൻ കഹോടകനേയും അദ്ദേഹത്തിന്റെ തോൽവിയെ തുടർന്ന് കടലിലെറിഞ്ഞു. സുജാത പുത്രനു ജന്മം കൊടുക്കുന്നതിനു മുൻപുതന്നെ വിധവയായി. അതിനും നാളുകൾക്കുശേഷം പിതാവിന്റെ ശാപം പോലെതന്നെ ശരീരത്തിൽ എട്ടുവളവുകളുള്ള ഒരു പുത്രനെ സുജാത പ്രസവിച്ചു.
ഭർത്തുവിരഹത്തിനുശേഷം സുജാത തന്റെ പിതാവായ ഉദ്ദാലക മഹർഷിയുടേ ആശ്രമത്തിൽ തിരിച്ചു പോയി. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേശുവും ബാലനായ അഷ്ടാവക്രനും ഒരിക്കൽ കളിയ്ക്കിടെ ഉണ്ടായ വഴക്കിൽ ശ്വേതകേതു അഷ്ടാവക്രനെ 'പിതാവില്ലാത്തവൻ' എന്നു കളിയാക്കി. അതിനെ തുടർന്ന് അമ്മയിൽ നിന്ന് അച്ഛന്റെ ദുരന്തകഥ മനസ്സിലാക്കിയ ബാലനായ അഷ്ടാവക്രൻ, ജനകപുരിയിലേക്ക് പോയി വാന്ദികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആദ്യമായി തോൽവിയറിഞ്ഞ വാന്ദികനെ ജനക സൈന്യം കടലിലെറിഞ്ഞു. വാന്ദികൻ കടലിൽ പതിച്ചതും അഷ്ടാവക്രന്റെ പിതാവായ കഹോടൻ കടലിൽ നിന്നും പൊങ്ങിവരികയും ചെയ്തു. കഹോടകനൊപ്പം അഷ്ടാവക്രൻ തന്റെ ആശ്രമത്തിലേക്ക് വരുന്ന വഴി നദിയിലിറങ്ങി കുളിക്കുകയും, കുളികഴിഞ്ഞ് കയറുമ്പോൾ അഷ്ടാവക്രനു പിതാവിന്റെ അനുഗ്രഹത്താൽ തന്റെ ശരീരത്തിലെ വളവുകൾ അപ്രത്യക്ഷമാവുകയും ചെയ്തു.
അഷ്ടാവക്രഗീത
[തിരുത്തുക]വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉൽകൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. ജ്ഞാനയോഗത്തിന്റെയും കർമ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്ര സിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം സിദ്ധിക്കുന്നതിലും അതിൽ പ്രതിഷ്ഠയെ പ്രാപിക്കുന്നതിലും അഷ്ടാവക്രഗീത ജിജ്ഞാസുക്കൾക്ക് വളരെ ഉപകാരപ്രദമാകുന്നു. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും സംവാദരൂപത്തിലാണ് എഴുതിയിരിക്കുന്നത്. ഗുരു-ശിഷ്യ രൂപത്തിലുള്ള ഈ സംവാദത്തിൽ ശിഷ്യനായി "ജനകപുരി രാജാവും" ഗുരുവായി "അഷ്ടാവക്രമുനിയുമാണ്". ശിഷ്യന്റെ ചോദ്യങ്ങളും അതിനു ഗുരുവിന്റെ ഉത്തരങ്ങളും, കൂടാതെ അദ്ദേഹത്തിന്റെ സ്വാനുഭവകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- മഹാഭാരതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്.
- നചികേതസ് -- കഠോപനിഷത്ത് (ഉപനിഷത്തുകൾ).
- അഷ്ടാവക്രഗീത -- മഹോപാദ്ധ്യായ രവിവർമ്മതമ്പാൻ -- കമലാലയാ ബുക്ക് ഡിപ്പോ, തിരുവനന്തപുരം.