അഷ്ടാവക്രഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലനായഅഷ്ടവക്രമുനി ജനകരാജാവിനു ഉപദേശം നൽകുന്നു

വേദാന്തശാസ്ത്രത്തിലെ ശേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. ജ്ഞാനയോഗത്തിന്റെയും കർമ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്ര സിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം സിദ്ധിക്കുന്നത്തിലും അതിൽ പ്രതിഷ്ഠയെ പ്രാപിക്കുന്നതിലും അഷ്ടാക്രഗീത ജിജ്ഞാസുക്കൾക്ക് വളരെ ഉപകാരപ്രദമാകുന്നു. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും സംവാദ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. ഗുരുശിഷ്യ രൂപത്തിലുള്ള ഈ സംവാദത്തിൽ ശിഷ്യനായി ജനകപുരി രാജാവും ഗുരുവായി അഷ്ടാവക്രമുനിയുമാണ്. ശിഷ്യന്റെ ചോദ്യങ്ങളും അതിനു ഗുരുവിന്റെ ഉത്തരങ്ങളും, കൂടാതെ അദ്ദേഹത്തിന്റെ സ്വനുഭവകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു.

അഷ്ടാവക്രമഹർഷിയും (ഗുരു) ജനകപുരി മഹാരാജാവും (ശിഷ്യൻ) തമ്മിൽ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു അദ്വൈത വേദാന്തകൃതിയാണിത്. അനുഷ്ടുപ്പു വൃത്തത്തിൽ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതിൽ 13 അധ്യായങ്ങൾ അഷ്ടാവക്രന്റെയും 7 അധ്യായങ്ങൾ ജനകന്റെയും വാക്കുകളാണ്. ഈ കൃതിയിൽ നൂറു ശ്ലോകങ്ങളുള്ള ഒരു വലിയ അധ്യായവും (അധ്യായം:18) നാലു ശ്ലോകങ്ങൾ മാത്രമുള്ള ചെറിയ അധ്യായങ്ങളും (അധ്യായം:6, 8, 14) ഉൾക്കൊണ്ടിട്ടുണ്ട്.

മഹാഭാരതാന്തർഗതമായ ഭഗവദ്ഗീതയുടെ രീതിയിൽ ഗുരുശിഷ്യ സംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഷ്ടാവക്രൻ ഗുരുവെന്ന നിലയിൽ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേർന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയിൽ ഗഹനമായ വേദാന്ത രഹസ്യങ്ങൾ ചർച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലർപ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.

ഉത്ഭവ കാരണം[തിരുത്തുക]

മിഥിലാപുരിയിലെ രാജാക്കന്മാർ ജനകൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [1]ഒരിക്കൽ ജനകമഹാരാജാവ് നിദ്രയിലാണ്ടിരിക്കെ താൻ ഒരു യാചകനായി ദാരിദ്യ ദുഃഖമനുഭവിക്കുന്നതായുള്ള സ്വപ്നം കണ്ടിട്ട് ഞെട്ടിയുണർന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു സംശയമുദിച്ചു.

സ്വപ്നത്തിൽ ഞാൻ ഒരു യാചകനായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു രാജാവാണ്. സ്വപ്നവേളയിൽ ഞാൻ യാചകനാണെന്നത് സത്യമായി അനുഭവപ്പെട്ടു. ഇപ്പോൾ ഞാൻ രാജാവാണെന്നുള്ളതും സത്യമായി അനുഭവപ്പെടുന്നു. ഇവയിലേതാണ് യഥാർഥത്തിൽ സത്യമായിട്ടുള്ളത്?

ഈ സംശയം രാജാവ് തന്റെ മന്ത്രിമാരോടും, രാജസദസ്സിലെ സകല വിദ്വാന്മാരോടും ചോദിച്ചുവെങ്കിലും അവർക്ക് അതിനെക്കുറിച്ച് തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. ആവസരത്തിലാണ് പിതാവിന്റെ മരണത്തിനു കാരണനായ വാന്ദികനുമായി തർക്കത്തിലേർപ്പെടാൻ അഷ്ടാവക്രമുനി എത്തുന്നത്. വാന്ദികനെ തോല്പിക്കുകയും തുടർന്ന് ജനകരാജാവ് ബാലനായ അഷ്ടാവക്രനോട് താൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ ചോദിച്ചു.

രാജാവ് (ചോദ്യം): മുനേ, ജാഗ്രദവസ്ഥയാണോ അതോ സ്വപ്നാവസ്ഥയാണോ സത്യമായുള്ളത്?

അഷ്ടാവക്രൻ (ഉത്തരം):രാജൻ, ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും അങ്ങയ്ക്കുണ്ടായ അനുഭവങ്ങൾ എല്ലാം തന്നെ മിഥ്യയാണ്. ജാഗ്രത്തും, സ്വപ്നവും ഒരു പോലെ മിഥ്യയാണ്. അങ്ങ് രാജാവോ, യാചകനോ അല്ല, അവയിൽ നിന്നെല്ലാം ഭിന്നമായ ചൈതന്യ സ്വരൂപമായ ആത്മാവാണ്. ആത്മാവ് മാത്രമാണ് അദ്വിതീയമായ സത്യം

ഇതിനെതുടർന്ന് മഹാരാജാവും അഷ്ടാവക്രമുനിയുമായി ഉണ്ടായ സംവാദമാണ് അഷ്ടാവക്രഗീതയ്ക് കാരണമായത്.

സാരാംശം[തിരുത്തുക]

  • സാകാരമനൃതം വിദ്ധി

നിരാകാരന്തു നിശ്ചലം (അധ്യാ. 1. 18)

ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹർഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കിൽ ഈ ജൻമത്തിൽത്തന്നെ ആർക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്. അദ്വൈത വേദാന്ത ഗ്രന്ഥകാരന്മാർ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാര ഭാസുരങ്ങളായ കല്പനകൾ അഷ്ടാവക്രഗീതയിലും കാണാം.

ഉദാ.: മയ്യനന്തമഹാംഭോധൗ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്പോതോ വിനശ്വരഃ (അധ്യാ. 2. 24)

ജീവനെ ജഗത്താകുന്ന കപ്പൽ കൊണ്ട് സംസാര സമുദ്രത്തിൽ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസാകുന്ന കൊടുങ്കാറ്റ് അടങ്ങി സാർവത്രികമായ പ്രശാന്തിയുണ്ടാകുമ്പോൾ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞു പോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ലോകത്തിൽ കാണുന്നത്. സാധാരണ സമുദ്രത്തിൽ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പൽ മുങ്ങിപ്പോകുന്നത്. എന്നാൽ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോഴാണത്രെ അവിടെ കപ്പൽ തകർന്നുപോകുന്നത്.

ഇപ്രകാരമുള്ള കല്പനകൾ കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി. ജനകസദസ്സിൽവച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദികനുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തിൽ ആരണ്യപർവത്തിലെ ഒരു ഉപവിഭാഗമായ തീർഥയാത്രാപർവത്തിൽ (132-134 അധ്യായങ്ങൾ) അഷ്ടാവക്രീയം എന്ന പേരിൽ എഴുതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് എഴുത്തച്ഛൻ -- അയോദ്ധ്യാകാണ്ഡം
  • അഷ്ടാവക്രഗീത -- മഹോപാദ്ധ്യായ രവിവർമ്മതമ്പാൻ -- കമലാലയാ ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • മഹാഭാരതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=അഷ്ടാവക്രഗീത&oldid=3678054" എന്ന താളിൽനിന്ന് ശേഖരിച്ചത്