ടീക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Teeka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വ്യാഖ്യാനഗ്രന്ഥം. ടീക എന്ന പദത്തിന് വിഷമപദ വ്യാഖ്യാന രൂപത്തിലുള്ള ഗ്രന്ഥം എന്നാണ് വാചസ്പത്യം-സംസ്കൃത കോശം അർഥം നൽകുന്നത്. 'ടീക്യതേ ഗമ്യതേ ഗ്രന്ഥാർഥഃ അനയാ' (ഇതിനാൽ ഗ്രന്ഥാർഥം ജ്ഞാതമാകുന്നു) ഇങ്ങനെ പദനിഷ്പത്തി പറയാം. ഒരു ഗ്രന്ഥത്തിൽ അങ്ങിങ്ങുകാണുന്ന വിഷമപദങ്ങൾക്കുമാത്രം കൊടുക്കുന്ന വ്യാഖ്യാനം ടിപ്പണം അഥവാ ടിപ്പണി എന്ന പേരിലും, വിശദമായ അർഥവിവരണത്തോടുകൂടിയ വ്യാഖ്യാനം ടീക എന്ന പേരിലും അറിയപ്പെടുന്നു. ഒരു വ്യാഖ്യാനത്തിന്റെ ഉപരിവ്യാഖ്യാനമായി രചിക്കുന്ന ഗ്രന്ഥത്തിനാണ് 'ടീക' എന്ന പേര് കൂടുതൽ അനുയോജ്യമാകുന്നത് എന്ന് മോണിയർ വില്യംസിന്റെ സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടുവിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാക്യത്തിന്റെയോ പദത്തിന്റെയോ അർഥം സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിനും ഈ നാമമുള്ളതായി ഹിന്ദി വിശ്വകോശകാരൻ അഭിപ്രായപ്പെടുന്നു.

ഗ്രന്ഥത്തിന്റെ അർഥവിവരണം നൽകുന്ന രചനകൾ വ്യാഖ്യ, വ്യാഖ്യാനം, ഭാഷ്യം, വാർത്തികം, വിവരണം, വിവൃതി, വൃത്തി, ചർച്ച, ടിപ്പണി, ടിപ്പണം, ടിപ്പണിക, ടീക, വിമർശം, വിമർശിനി, ദീപിക, പ്രദീപം, ആലോകം, ലോചനം, പ്രകാശം, കൗമുദി, ഉദ്ഘാടനം (ഉദാ: അമരകോശോദ്ഘാടനം), പഞ്ജിക, വിവേകം, ചിന്താമണി, ചന്ദ്രിക, സുബോധിനി, സംഗ്രഹം, സാരം തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്നു. അർഥവിവരണത്തിന്റെ സ്വഭാവമനുസരിച്ചാണ് ഈ വ്യാഖ്യാന നാമങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

സംസ്കൃതം, പ്രാകൃതം, പാലി എന്നീ ഭാഷകളിൽ സാഹിത്യഗ്രന്ഥങ്ങൾക്കും ശാസ്ത്രഗ്രന്ഥങ്ങൾക്കും പ്രശസ്തങ്ങളായ ടീകകൾ ഉപലബ്ധങ്ങളാണ്. അത്യാവശ്യമുള്ള വാക്കുകൾക്കുമാത്രം അർഥ വിശദീകരണം നല്കിയുള്ള സംക്ഷിപ്തമായ വ്യാഖ്യാനങ്ങൾക്കും ടീക എന്ന പേരു നൽകിക്കാണുന്നുണ്ട്. സാഹിത്യ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് വ്യാകരണം, ന്യായം തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾക്കാണ് ടീക എന്ന പേരിലുള്ള വ്യാഖ്യാനം കൂടുതൽ അനുപേക്ഷണീയമായിത്തീർന്നിട്ടുള്ളത്. ദുർഗസിംഹൻ കാതന്ത്രവ്യാകരണത്തിന് ഒരു 'വൃത്തി'യും അതിനുപരി ഒരു 'ടീക'യും രചിച്ചിട്ടുണ്ട്. പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീകഎന്ന പേരിൽ പ്രസിദ്ധമാണ്. ശാങ്കരഭാഷ്യത്തിന് ആനന്ദഗിരി എഴുതിയ ടീകയും വിഖ്യാതമാണ്. ഇവ മൂന്നും വ്യാഖ്യാനഗ്രന്ഥങ്ങൾക്ക് ഉപരിവ്യാഖ്യാനം എന്ന നിലയിലുള്ള വിശിഷ്ട പഠനങ്ങൾക്കുദാഹരണമായിപ്പറയാം. ശാരീരകസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനമായ പഞ്ചപദിക, ഭാമതി എന്നിവയും, മഹാഭാഷ്യത്തിന് കൈയടൻ തയ്യാറാക്കിയ വ്യാഖ്യാനവും, ധർമോത്തരന്റെ ന്യായശാസ്ര്തഗ്രന്ഥമായ ന്യായബിന്ദുവിനുള്ള വ്യാഖ്യാനവും, കൃഷ്ണദത്തന്റെ ദ്രവ്യഗുണശതശ്ലോകീടീകയും ഉപരിപഠനങ്ങൾക്കുള്ള ടീകകൾ എന്ന പേരിലാണ് പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളത്.

ടീക എന്ന പേര് പദങ്ങളുടെ അർഥവിവരണത്തിനു പ്രാധാന്യം നൽകുന്ന വ്യാഖ്യാനഗ്രന്ഥത്തെയാണ് പ്രധാനമായും പ്രതിനിധാനം ചെയ്യുന്നതെന്നു കരുതാവുന്ന നിലയിൽ, അമരകോശം എന്ന സംസ്കൃത നിഘണ്ടുവിന് നാല്പതിൽപരം 'ടീക'കൾ രചിക്കപ്പെട്ടിട്ടുണ്ട്. അമരകോശടീക എന്ന പേരിലാണ് മിക്കവാറും ഇവ എല്ലാംതന്നെ അറിയപ്പെടുന്നത്. സർവാനന്ദന്റെ (11-ാം ശ.) ടീകാസർവസ്വമാണിവയിൽ മുഖ്യം. ഗോവിന്ദാനന്ദ, ചതുർഭുജമിശ്രജാതനുദൻ, കാശീനാഥൻ, കൊക്കൻ, നയനാനന്ദൻ, നാരായണൻ, നാഗദേവൻ, പരമാനന്ദശർമ, ഭരതസേനൻ, ഭാനുദീക്ഷിതർ, ഭാവനാദാസൻ, മല്ലകവി, മല്ലീനാഥൻ, മഹാദേവൻ, മാമിജി വെങ്കടരായ, മുകുന്ദശർമ, രഘുനന്ദന ശർമ, രാഘവേന്ദ്ര, രാമകൃഷ്ണദീക്ഷിതർ, രാമനാഥവിദ്യാവാചസ്പതി, രാമപ്രസാദതർകാലങ്കാര, രാമശർമ, രാമസ്വാമി, രാമേശവരൻ, രായമുക്ത, ലക്ഷ്മണശാസ്ര്തി, ലിംഗഭട്ടൻ, ലോകനാഥൻ, വിട്ടലൻ, വെങ്കടേശൻ, വൈദ്യനാഥൻ, വൈദ്യനാഥദീക്ഷിതർ, ശ്രീകരൻ, ശ്രീധരൻ, ശ്രീനിവാസയജ്വൻ, സീതാരാമൻ, സുഭൂതി തുടങ്ങിയ നിരവധി വിദ്വാന്മാർ അമരകോശത്തിനു ടീക രചിച്ചിട്ടുണ്ട്.

സാഹിത്യകൃതികൾക്കും പാണ്ഡിത്യനിർഭരമായ ടീകകൾ രചിച്ചിട്ടുള്ളതായി കാണുന്നു. കുശലന്റെ ഘടകർപരടീക, കൃഷ്ണദത്തന്റെ മഹാനാടകടീക, കൃഷ്ണപണ്ഡിതന്റെ കൃഷ്ണകർണാ മൃതടീക, കേശവഭട്ടന്റെ ആനന്ദലഹരീടീക, ഗണപതിയുടെ ചൗരപഞ്ചാശികാടീക, ചന്ദ്രശേഖരന്റെ ശാകുന്തളടീക, ഗോപീരമണന്റെ ആനന്ദലഹരീടീക, ചന്ദ്രശേഖരന്റെ ഹനുമന്നാടകടീക, കൃഷ്ണപണ്ഡിതന്റെ കർപ്പൂരസ്തവടീക, ചന്ദ്രശേഖരന്റെ ഛന്ദോമഞ്ജരീടീക തുടങ്ങിയവ സാഹിത്യ ഗ്രന്ഥങ്ങളുടെ ആശയസ്ഫുടീകരണാർഥം നിർമിതമായ വ്യാഖ്യാനാത്മക ടീകകളാണ്.

ഹിന്ദിയിലും ഉത്തരേന്ത്യൻ ഭാഷകളിലും അർഥവിവരണം, വ്യാഖ്യാനം എന്നീ അർഥങ്ങളിൽ ടീകാപദം പ്രയോഗത്തിലുണ്ട്. നെറ്റിയിലും കൈയിലും മറ്റും ചാർത്തുന്ന തിലകം, വിവാഹബന്ധം അവിച്ഛിന്നമായി നിലനിൽക്കണം എന്ന സങ്കല്പത്തോടുകൂടി നടത്തുന്ന മതപരമായ ചടങ്ങ്, ശ്രേഷ്ഠനായ മനുഷ്യൻ, രാജ്യാഭിഷേകം, യുവരാജാവ്, രാജചിഹ്നം, രാജാവിനു നല്കുന്ന കാഴ്ചദ്രവ്യം, ഒരു ആഭരണം, പ്രതിരോധകുത്തിവയ്പ് എന്നീ അർഥങ്ങളും ടീകാ പദത്തിനുള്ളതായി ഹിന്ദി വിശ്വകോശത്തിൽ വിവരിക്കുന്നുണ്ട്. ഈ പദത്തിന് പ്രതിരോധ കുത്തിവയ്പ് എന്ന അർഥം മിക്ക ഔത്തരാഹ ഭാഷകളിലും പ്രചാരത്തിലുണ്ട്. ഹിന്ദിയിലെ ഗീതഗോവിന്ദ ടീക, സുബോധിനീടീക എന്നിവ വിശ്രുതമായ വ്യാഖ്യാനഗ്രന്ഥങ്ങളാണ്. 'വ്യാഖ്യാ' എന്ന പദമാണ് ഹിന്ദിയിൽ കൂടുതൽ പ്രചാരത്തിലുള്ളത്. വിമർശ്, സമീക്ഷ, ആലോചന, തുടങ്ങിയ പദങ്ങൾ വിമർശനാത്മകമായുള്ള ഗ്രന്ഥനിരൂപണത്തെ ഉദ്ദേശിച്ചാണ് പ്രയോഗിച്ചുവരുന്നത്.

പല ഉത്തരേന്ത്യൻ ഭാഷകളിലും ടീക എന്നു പേരുള്ള സാഹിത്യപ്രസ്ഥാനം പ്രചാരത്തിലെത്തിയിട്ടുണ്ട്. ഒറിയ, പഞ്ചാബി, രാജസ്ഥാനി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഈ പ്രസ്ഥാനത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുള്ളത്. ചിന്തോദ്ദീപകമായ ആശയാവിഷ്കരണം നിറഞ്ഞ കാവ്യത്തിനും സാഹിത്യകൃതികളുടെ സംക്ഷിപ്ത പുനരാഖ്യാനത്തിനും ഒറിയഭാഷയിൽ ടീക എന്നാണു പേരു നൽകിയിരിക്കുന്നത്. ഒറിയയിലെ ടീകാ ഗോവിന്ദചന്ദ്ര എന്ന കൃതി ദാർശനികതത്ത്വങ്ങൾ വിവരിക്കുന്ന ദീർഘമായ ഒരു ഗാനകാവ്യമാണ്. പ്രകൃഷ്ടകൃതികളുടെ സംക്ഷിപ്താവതരണമെന്ന നിലയിൽ പ്രചാരം നേടിയിട്ടുള്ള കൃതികളാണ് ടീകാമഹാഭാരതം, സപ്താംഗയോഗസാരടീക, ഗണേശവിഭൂതിടീക എന്നിവ.

18-ഉം 19-ഉം ശ.ൽ ധർമഗ്രന്ഥങ്ങളുടെയും ആധ്യാത്മിക ഗ്രന്ഥങ്ങളുടെയും ഗദ്യത്തിലുള്ള വ്യാഖ്യാനങ്ങൾ ടീക എന്നു പേരുള്ള സാഹിത്യശാഖയായി പഞ്ചാബിയിൽ രൂപം പൂണ്ടിരുന്നു. ഭായി ഗുരുദാസിന്റെ രണ്ട് സ്തുതിഗീത കൃതികൾക്ക് ഭായി മനീസിംഹ് രചിച്ച ജ്ഞാനരത്നാവലി, ഭഗത് രത്നാവലി എന്നീ പേരുകളിലുള്ള ടീകകൾ ജനപ്രീതി നേടിയവയാണ്. പഞ്ചാബി ഭാഷയിൽ മിക്ക ആകാരാന്ത പദങ്ങളും സ്ര്തീലിംഗമാണെങ്കിലും 'ടീകാ' പുല്ലിംഗമായിട്ടാണ് പ്രയോഗിച്ചുപോരുന്നത്.

രാജസ്ഥാനിയിലും ഗുജറാത്തിയിലുമുള്ള ആദ്യകാലഗദ്യകൃതികളിൽ പ്രാധാന്യം നേടിയിട്ടുള്ളതും ടീക തന്നെയാണ്. ഇവ ഒരു തരത്തിൽ തത്ത്വചിന്താപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രബന്ധങ്ങളായിരുന്നു. മറാഠിഭാഷയിലും പരിനിഷ്ഠിതമായ പരിചിന്തനത്തോടുകൂടി എഴുതിയിട്ടുള്ള ഉപന്യാസങ്ങൾക്ക് ടീക എന്ന പേരാണു നൽകിക്കാണുന്നത്. ബാലചന്ദ്രനമദെയുടെ ടീകാസ്വയംവരം ഇതിനുദാഹരണമാണ്. പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യശാസ്ര്ത തത്ത്വങ്ങൾ കൂലംകഷമായി ചർച്ച ചെയ്യുന്ന ഗ്രന്ഥമാണിത്.

വ്യാഖ്യാനഗ്രന്ഥങ്ങളുടെ ഔത്കൃഷ്ട്യത്താൽ വിശ്വ പ്രസിദ്ധി നേടിയ ദേശമാണ് കേരളം. ഉപനിഷദ്ഭാഷ്യം, ഗീതാഭാഷ്യം, ബ്രഹ്മസൂത്രഭാഷ്യം എന്നിവയാണ് ശങ്കരാചാര്യരെ അത്യുത്കൃഷ്ട വേദാന്ത ചിന്തയുടെ ഗിരിശിഖരത്തിലെത്തിച്ചതും യശസ്സിലേക്കുയർത്തിയതും. അനേകം സ്തോത്രങ്ങളുടെ രചയിതാവായ ആചാര്യർ തന്റെ അദ്വൈതതത്ത്വവിശദീകരണം ഈ മൂന്നു ഭാഷ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചത്. മീമാംസാ ശാസ്ത്രത്തിലെ പ്രാഭാകരമതത്തിന്റെ ആചാര്യനായ പ്രഭാകരൻ, മാലതീമാധവ വ്യാഖ്യാതാവായ പൂർണസരസ്വതി തുടങ്ങിയവരും വ്യാഖ്യാനഗ്രന്ഥങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിയവരാണ്. ആധുനിക കാലത്തെ വ്യാഖ്യാതാക്കളിൽ പ്രസിദ്ധനാണ് കൈക്കുളങ്ങര രാമവാരിയർ.

മലയാളഗ്രന്ഥങ്ങൾക്കും പദവാക്യപ്രമാണങ്ങൾ അവതരിപ്പിച്ചുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. നളചരിതം ആട്ടക്കഥയ്ക്ക് ഏ.ആർ.രാജരാജവർമ രചിച്ച കാന്താരതാരകം, എം.എച്ച്.ശാസ്ത്രികൾ തയ്യാറാക്കിയ രസികകൗതുകം എന്നീ വ്യാഖ്യാനങ്ങൾ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. സാഹിത്യകുശലൻ ടി.കെ.കൃഷ്ണമേനോൻ അധ്യക്ഷനും പ്രൊഫസർ പി.ശങ്കരൻ നമ്പ്യാർ അംഗവും കെ.വാസുദേവൻ മൂസത് 'കമ്മിറ്റി പണ്ഡിതരു'മായിരുന്ന കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മിറ്റി 1940-ൽ ഗിരിജാകല്യാണം പ്രസിദ്ധീകരിച്ചപ്പോൾ തയ്യാറാക്കിയ വ്യാഖ്യാനം, ലീലാതിലകം, ഉണ്ണുനീലിസന്ദേശം എന്നീ പ്രാചീന ഗ്രന്ഥങ്ങൾക്ക് ശൂരനാടു കുഞ്ഞൻപിള്ളയും ഇളംകുളം കുഞ്ഞൻപിള്ളയും സജ്ജമാക്കി പ്രസാധനം ചെയ്തിട്ടുള്ള അവഗാഢവും അപഗ്രഥനാത്മകവുമായ വ്യാഖ്യാനങ്ങൾ, ഡോ.പി.കെ. നാരായണപിള്ള രാമകഥപ്പാട്ട്, ഹരിനാമകീർത്തനം, മയൂരസന്ദേശം എന്നീ കൃതികൾക്കു രചിച്ച വ്യാഖ്യാനങ്ങൾ തുടങ്ങിയവ ഈ രീതിയിലുള്ള പ്രൗഢ ടീകകളാണ്. ഇത്തരത്തിൽ പ്രകൃഷ്ടകൃതികളുടെ അന്തർഭാഗങ്ങളിലേക്ക് പ്രവേശിക്കാനുള്ള വാതായനങ്ങളുടെ താക്കോലുകളായി ടീകകൾ വർത്തിക്കുന്നു എന്നു ചുരുക്കിപ്പറയാവുന്നതാണ്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടീക&oldid=1950440" എന്ന താളിൽനിന്ന് ശേഖരിച്ചത്