Jump to content

അണുകേന്ദ്ര-അഘൂർണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nuclear magnetic moment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണുകേന്ദ്രത്തിന്റെ ഭ്രമണം, ഘടന, വിന്യാസം എന്നിവയെആശ്രയിച്ചു നിലകൊള്ളുന്ന വൈദ്യുത, കാന്തിക, യാന്ത്രിക പരിമാണങ്ങളെ അണുകേന്ദ്ര-അഘൂർണം എന്നു പറയുന്നു. സമീപ അണുകങ്ങളിലെ ഇലക്ട്രോണുകളുടെയോ മറ്റ് അണുകേന്ദ്രങ്ങളുടെയോ ബാഹ്യപ്രയുക്ത മണ്ഡലങ്ങളുടെയോ വൈദ്യുത/കാന്തിക ബലങ്ങൾക്ക് വിധേയമായ ഒരു അണുകേന്ദ്രത്തിന്റെ ഗുണധർമങ്ങൾ, ആ അണുകേന്ദ്രത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കും. അണുകേന്ദ്ര ഘടന സങ്കീർണമായതിനാൽ, അതിന്റെ വൈദ്യുത, കാന്തിക വിന്യാസങ്ങൾ, പ്രത്യേകമായാണ് കണക്കാക്കുന്നത്. മൊത്തം അണുകേന്ദ്ര ആഘൂർണത്തെ അനുക്രമമായി കുറഞ്ഞുവരുന്ന വിവിധ ഘടക ആഘൂർണങ്ങളായി വേർതിരിക്കാവുന്നതാണ്. അണുകേന്ദ്രത്തിന്റെ വിവിധ സ്ഥിതിക-വൈദ്യുത-ആഘൂർണവും (static electric moment) കാന്തികാഘൂർണവും ഉൾപ്പെടുന്നതാണ് അണുകേന്ദ്ര-ആഘൂർണം[1]. കാന്തിക ഡൈപോൾ (magnetic dipole),[2] വൈദ്യുത ക്വാഡ്രപോൾ (electric quadrupole),[3] കാന്തിക ഓക്ടപോൾ (magnetic octupole)[4] എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ.

പ്രോട്ടോണുകളും ന്യൂട്രോണുകളുംകൊണ്ട് നിർമിതമായ ഒരു അണുകേന്ദ്രവും അതിനെ പ്രദക്ഷിണം ചെയ്യുന്ന ഇലക്ട്രോണുകളുമാണ് ഒരു അണുവിലുള്ളത്. ഋണവൈദ്യുതിയുള്ള ഇലക്ട്രോൺ ഒരു സംവൃതപരിപഥത്തിൽ (closed path) സഞ്ചരിക്കുന്നതിനാൽ വൈദ്യുതി പ്രവഹിക്കുന്ന ചാലകംപോലെയാണെന്നു പറയാം. അക്കാരണത്താൽ പ്രദക്ഷിണപഥത്തിന്റെ തലത്തിനു ലംബമായി ഒരു ലഘുവായ കാന്തികമണ്ഡലം ഉളവാകുന്നു. കാന്തിക-ആഘൂർണമുള്ള ഒരു ചെറിയ കക്ഷീയ (orbital) കാന്തിക കവചമായി അതു വർത്തിക്കുന്നു. ഇലക്ട്രോണുകളുടെ പരിക്രമണം ഹേതുവായി അണുവിന് ഒരു കാന്തിക-ആഘൂർണമുണ്ടാകുന്നു. ഈ ഇലക്ട്രോണുകൾ ഓരോന്നും സ്വന്തം അക്ഷത്തെ ആധാരമാക്കി ചക്രണം ചെയ്യുന്നതുകൊണ്ട് അവയ്ക്ക് ഓരോന്നിനും ഒരു ചക്രണകാന്തിക-ആഘൂർണം (Spin magnetic moment) ലഭിക്കും.[5] അങ്ങനെ ഒരു അണുവിന് ഇലക്ട്രോണുകളുടെ ചക്രണം ഹേതുവായി ഒരു കാന്തിക-ആഘൂർണമുണ്ടാകുന്നു.

അണുവിൽ ഇലക്ട്രോണുകൾ കവചങ്ങളിൽ വർത്തിക്കുന്നതുപോലെ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാണ്ടവത്കൃത കക്ഷ്യകളിൽ (Quantised axes) വർത്തിക്കുന്നു. അവയ്ക്കു കക്ഷ്യപരിക്രമണവും ചക്രണചലനവും കൂടിയുണ്ട്. അവയിൽ ചാർജ് വഹിക്കുന്നവ അണുകേന്ദ്രത്തിന് കക്ഷീയ കാന്തിക-ആഘൂർണവും (Axial magnetic moment)[6] ചക്രണ കാന്തിക-ആഘൂർണവും വെവ്വേറേ നല്കി മൊത്തമായി ഒരു അണുകേന്ദ്ര കാന്തിക-ആഘൂർണമുണ്ടാക്കുന്നു.

അണുകേന്ദ്ര കാന്തിക-ആഘൂർണം നിർണയിക്കാൻ പല പദ്ധതികളുമുണ്ട്. അവയിൽ പ്രധാനമായവ താഴെ ചേർക്കുന്നു:

  1. അണു സ്പെക്ട്രത്തിലെ അതിസൂക്ഷ്മഘടനയുടെ (hyper - fine structure) വിശ്ളേഷണം;[7]
  2. ബാൻഡ് സ്പെക്ട്ര(band spectrum)ത്തിലെ ഒന്നിടവിട്ടുള്ള തീവ്രതയുടെ പഠനം;[8]
  3. തൻമാത്രീയപുഞ്ജങ്ങൾക്കും അണുകിരണ പുഞ്ജങ്ങൾക്കും (molecular and atomic beams) ഒരു കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന വ്യതിചലനത്തെക്കുറിച്ചുള്ള പഠനം;[9]
  4. കാന്തിക അനുനാദ-റേഡിയോ ആവൃത്തി സ്പെക്ട്രങ്ങളുടെ (magnetic resonance radio frequency spectra) പഠനം;[10]
  5. സൂക്ഷ്മതരംഗ സ്പെക്ട്രത്തിന്റെ വിശ്ളേഷണം (analysis of microwave spectra).[11]

അവലംബം

[തിരുത്തുക]
  1. സ്ഥിതിക-വൈദ്യുത-ആഘൂർണം
  2. കാന്തിക ഡൈപോൾ
  3. വൈദ്യുത ക്വാഡ്രപോൾ
  4. കാന്തിക ഓക്ടപോൾ[പ്രവർത്തിക്കാത്ത കണ്ണി]
  5. ചക്രണകാന്തിക-ആഘൂർണം[പ്രവർത്തിക്കാത്ത കണ്ണി]
  6. കക്ഷീയ കാന്തിക-ആഘൂർണം
  7. അതിസൂക്ഷ്മഘടന
  8. ബാൻഡ് സ്പെക്ട്രം
  9. തൻമാത്രീയപുഞ്ജങ്ങളും അണുകിരണ പുഞ്ജങ്ങളും
  10. കാന്തിക അനുനാദ-റേഡിയോ ആവൃത്തി സ്പെക്ട്രം
  11. "സൂക്ഷ്മതരംഗ സ്പെക്ട്രത്തിന്റെ വിശ്ളേഷണം" (PDF). Archived from the original (PDF) on 2010-06-13. Retrieved 2011-04-21.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണുകേന്ദ്ര-അഘൂർണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണുകേന്ദ്ര-അഘൂർണം&oldid=3622838" എന്ന താളിൽനിന്ന് ശേഖരിച്ചത്