കൂൺശില
കൂണിന്റെ ആകൃതിയിൽ രൂപം കൊള്ളുന്ന ശിലകളെയാണ് കൂൺശിലകൾ അഥവാ ആൾത്താര ശിലകൾ എന്ന് വിളിക്കുന്നത്. ശിലയിടിച്ചിൽ, ഹിമകൃതഖാദനം എന്നിവ മുഖാന്തരമാണ് കൂൺ ശിലകൾ ഉണ്ടാകുന്നത്. കാറ്റ് മൂലവും കൂൺ ശിലയുണ്ടാകുന്നു. [1]
ഉത്ഭവം
[തിരുത്തുക]മരുഭൂമികളിൽ ശക്തിയേറിയ കാറ്റിന്റെ പ്രഭാവം മൂലമാണ് കൂൺശിലകൾ ഉണ്ടാകുന്നത്. ഒരു ഏകശിലയുടെ അടിവശത്തോ മധ്യഭാഗത്തോ മാത്രം ശക്തമായ കാറ്റടിക്കുമ്പോൾ ക്രമേണ ആ ഭാഗത്ത് ഖാദനം സംഭവിക്കുകയും, കൂണിന്റെ ആകൃതി പ്രാപിക്കുകയും ചെയ്യുന്നു. ഒഴുകുന്ന വെള്ളത്തിനും ഇതേ പ്രഭാവം ഉണ്ടാക്കാൻ സാധിക്കും. ഇസ്രയേലിലെ ടിമ്ന പാർക്ക് ഇത്തരം ശിലകൾക്ക് ഉദാഹരണമാണ്. ചില പാറക്കെട്ടുകളുടെ താഴ്ഭാഗങ്ങളിൽ തുഷാരവീഴ്ച മൂലം ഖാദനമുണ്ടാകുന്നു, എന്നാൽ മുകൾഭാഗം ഏറെക്കുറേ മാറ്റമില്ലാതെ തുടരുന്നു. തൽഫലമായി കൂൺശിലകൾ ഉണ്ടാകുന്നു. ഇത്തരം ഖാദനം നടക്കുന്നതിന്റെ വേഗത പാറയുടെ രാസഘടനയെ ആശ്രയിച്ചിരിക്കും.
ഹിമകൃതഖാദനത്തിന്റെ പ്രഭാവം
[തിരുത്തുക]രണ്ടോ അതിലധികമോ പാറകളാൽ നിർമ്മിക്കപ്പെട്ട കൂൺശിലകളുണ്ട്. ഇവ ഉണ്ടാകുന്നത് ഹിമകൃതഖാദനം മുഖാന്തരമാണ്. ഗ്ലേസിയറുകൾ ഒഴുക്കിക്കൊണ്ടുവരുന്ന പാറകളും മറ്റും ആദ്യം നിലനിന്നിരുന്ന പാറക്കൂട്ടത്തിനു മുകളിൽ ശേഖരിക്കപ്പെടുന്നു. ഈവിധം ഗ്ലേസിയറുകൾ ഉണ്ടാകുന്നു. അമേരിക്കയിലെ ടെന്നിസിയിലുള്ള സിഗ്നൽ പോയിന്റ് ദേശീയോദ്യാനത്തിലെ കൂൺ ശില ഇപ്രകാരം ഉണ്ടായതാണ്. ഭൂചലനം മൂലം ഒരു പാറക്കെട്ടിനു മീതെ മറ്റൊരു പാറ വീണും കൂൺ ശിലകൾ ഉണ്ടാവാം.