കേരള സിവിൽ ഡിഫൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala Civil Defence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദുരന്തനിവാരണത്തിന്റെ ഭാഗമായി സേവനസന്നദ്ധതയുള്ള പൊതുജനങ്ങൾക്ക് ജീവൻരക്ഷാ-ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതുവഴി ദുരന്ത ആഘാതം കുറയ്ക്കുന്നതിനും കേരള സർക്കാർ അഗ്നിരക്ഷാ വകുപ്പിനു കീഴിൽ ചിട്ടയായ പരിശീലനം നൽകി രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് കേരള സിവിൽ ഡിഫൻസ്.

ചരിത്രം[തിരുത്തുക]

ആഗോളതലത്തിൽ[തിരുത്തുക]

സിവിൽ ഡിഫൻസ് എന്ന ആശയത്തിന് ഒന്നാം ലോക മഹായുദ്ധകാലത്തോളം പഴക്കമുണ്ട്. 1915 ജനുവരിയിൽ ജർമ്മനി ആകാശമാർഗം ബോബുകൾ വർഷിച്ചതിലൂടെ യുകെയിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായി. ഓരോ ടൺ ബോംബും 121 പേർക്കെങ്കിലും പരിക്കേൽപ്പിക്കുന്നതായി ഒരു അടിസ്ഥാന കണക്കും ഉണ്ടാക്കി. യുദ്ധാനന്തരം വ്യോമനിരീക്ഷണത്തിന്റെ അപകടഭീതിയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനായി മാർഗങ്ങൾ കണ്ടെത്താൻ 1924 ൽ എയർ റാപ്പിഡ് പ്രിക്വാഷൻസ് (എആർപി) കമ്മിറ്റി എന്ന പേരിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കണ്ടെത്തലുകൾ അനുസരിച്ച് 1935 ൽ സിവിൽ ഡിഫൻസ് സർവീസിന് രൂപംകൊടുത്തു.

ഇന്ത്യയിൽ[തിരുത്തുക]

യുദ്ധകാല തീവ്രവാദി ആക്രമാണ പരിതസ്ഥിതികളിൽ പൊതുസമൂഹത്തിൻറെ സൂരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ സഹായിക്കാനായി സിവിൽ വോളൻറിയർമാരെ സജ്ജരാക്കുന്നതിനുള്ള നിയമമാണ് 1968 ൽ രൂപീകരിച്ച സിവിൽ ഡിഫൻസ് ആക്ട്. 2009 ൽ അംഗീകരിച്ച സിവിൽ ഡിഫൻസ് (അമെൻറ്‌മെൻറ്) ആക്ട് പ്രകാരം ദുരന്ത പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവന്നു.

കേരളത്തിൽ[തിരുത്തുക]

2018ലും 2019ലും കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ‌ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിലും സിവിൽ ഡിഫൻസ് സേന രൂപീകരിക്കുന്നതിന് കാരണമായത്.

ചുമതലകൾ[തിരുത്തുക]

1968ൽ നിലവിൽ വന്ന സിവിൽ ഡിഫൻസ് ആക്ട് അനുസരിച്ചുള്ള ചുമതലകൾക്ക് പുറമെ സിവിൽ ഡിഫൻസ് (അമെൻറമെൻറ്) ആക്ട് 2009ൻറെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവിൽ ഡിഫൻസ് വിഭാഗത്തിൻറെ അധികചുമതലയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവിൽ ഡിഫൻസ് വോളന്റിയർമാർ നിർവ്വഹിക്കുന്നതാണ്.

ഘടന[തിരുത്തുക]

അഗ്നി രക്ഷാ സേന ഡയറക്ടർ ജനറലാണ് ഹോംഗാർഡ്‌സിന്റെയും സിവിൽ ഡിഫൻസിന്റെയും മേധാവി. റിജിയണൽ ഫയർ ഓഫീസറും ജില്ലാ ഫയർ ഓഫീസർമാരും ചേർന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കളക്ടറാണ് ജില്ലാ തലത്തിൽ സേനയെ നിയന്ത്രിക്കുക. ഓരോ അഗ്നി രക്ഷാ കേന്ദ്രങ്ങളിലും 50 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകും. സംസ്ഥാനത്ത് 6200 ഉൾക്കൊള്ളുന്ന സിവിൽ ഡിഫൻസ് സേനയാണ് നിലവിൽ വരിക.

യോഗ്യത[തിരുത്തുക]

  • 18 വയസ്സ് പൂർത്തിയായ ആർക്കും സിവിൽ ഡിഫൻസ് വളണ്ടിയർമാരകാം.
  • നാലാം ക്ലാസ്സ്‌വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയവരായിരിക്കണം.
  • പ്രതിഫലേച്ഛയില്ലാതെ ഏതു ഘട്ടത്തിലും പ്രവർത്തന സജ്ജമായിരിക്കണം.
  • മാനസികവും ശാരീരികമായും കാര്യക്ഷമതയുള്ളവരായിരിക്കണം.

പരിശീലനം[തിരുത്തുക]

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാദേശിക തലത്തിലും ജില്ലാ, സംസ്ഥാന തലത്തിലും പരിശീലനം നൽകും.
  • പാസ്സിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സത്യപ്രതിജ്ഞ നിർവഹിച്ചാൽ സേവനത്തിലേക്ക് കടക്കാം.
  • പരിശീലനം പൂർത്തിയാക്കുന്ന വളണ്ടിയർമാർക്ക്  മെറ്റാലിക് ബാഡ്ജും, റിഫ്‌ളക്ടീവ് ജാക്കറ്റും  തിരിച്ചറിയൽ കാർഡും നൽകും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_സിവിൽ_ഡിഫൻസ്&oldid=3944343" എന്ന താളിൽനിന്ന് ശേഖരിച്ചത്