ഗ്രെഷമിന്റെ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gresham's law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർക്കാർ കൃത്രിമമായി ഒരു നാണയത്തിന്റെ മൂല്യം കൂട്ടിയും മറ്റൊന്നിന്റെ മൂല്യം കുറച്ചും നിശ്ചയിക്കുമ്പോൾ, കുറഞ്ഞ മൂല്യം നിശ്ചയിക്കപ്പെട്ട നാണയം പൂഴ്ത്തിവയ്ക്കപ്പെട്ട് പ്രചാരത്തിൽ നിന്ന് പിൻവാങ്ങുകയും അധികമൂല്യം നിശ്ചയിക്കപ്പെട്ടത് വൻതോതിൽ പ്രചരിക്കുകയും ചെയ്യും എന്ന സാമ്പത്തികശാസ്ത്ര തത്ത്വമാണ് ഗ്രെഷമിന്റെ നിയമം (Gresham's Law) എന്നറിയപ്പെടുന്നത്.[1] "മോശം പണം നല്ല പണത്തെ തുരത്തുന്നു" എന്നാണ് ഈ നിയമത്തിന്റെ ഏറെ പ്രചാരമുള്ള സാമാന്യഭാഷ്യം. എങ്കിലും "വിനിമയ നിരക്ക് നിയമം മൂലം ഉറപ്പിച്ചാൽ, മോശം പണം നല്ല പണത്തെ തുരത്തും" എന്നു പറയുന്നതിലാണ് കൂടുതൽ കൃത്യതയുള്ളത്.

രണ്ടു മൂല്യമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള നാണയങ്ങൾ നിലവിലിരിക്കെ, രണ്ടിനും നിയമപരമായി ഒരേ മുഖമൂല്യം കല്പിക്കപ്പെടുന്ന അവസ്ഥയിലാണ് ഗ്രെഷമിന്റെ നിയമം കൂടുതലും പ്രസക്തമാകുന്നത്. കൃത്രിമമായി അധികവില നിശ്ചയിക്കപ്പെട്ട നാണയം അല്പവില കല്പിക്കപ്പെട്ട നാണയത്തെ വിപണിയിൽ നിന്നു തുരത്തുന്നു.[2] കൃത്രിമമായ വിലനിയന്ത്രണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണിത്.

ഇംഗ്ലണ്ടിൽ ട്യൂഡർ രാജവാഴ്ചക്കാലത്തെ പണമിടപാടുകാരനായിരുന്ന തോമസ് ഗ്രെഷം (1519–1579) എന്നയാളുടെ പേരിലാണ് ഈ തത്ത്വം അറിയപ്പെടുന്നത്. എങ്കിലും ഗ്രെഷമിനും 40 വർഷം മുൻപ് പോളണ്ടിൽ നിക്കോളാസ് കോപ്പർനിക്കസ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതിനാൽ ആ രാജ്യത്ത് ഇത് "കോപ്പർനിക്കസ്-ഗ്രെഷം നിയമം' എന്നാണറിയപ്പെടുന്നത്. കോപ്പർനിക്കസിനും മുൻപ് 14-ആം നൂറ്റാണ്ടിൽ നിക്കോൾ ഓറെസ്മേയും ഈ പ്രതിഭാസം ശ്രദ്ധിച്ചിട്ടുണ്ട്. നല്ല നാണയത്തേക്കാളധികം മോശം നാണയം പ്രചരിക്കുന്ന പ്രതിഭാസം ക്രി.മു. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രീക്കു ഹാസ്യനാടകകൃത്ത് അരിസ്റ്റോഫെനിസ് അദ്ദേഹത്തിന്റെ "തവളകൾ" എന്ന നാടകത്തിലും സൂചിപ്പിക്കുന്നുണ്ട്. "അഥൻസിന്റെ അഭിമാനമായ തികവുറ്റ നാണയങ്ങൾ ഒരിക്കലും ഉപയോഗിക്കപ്പെടാതിരിക്കുമ്പോൾ, ക്ഷുദ്രമായ പിത്തളനാണയങ്ങൾ എല്ലാവരുടേയും കൈകളിലൂടെ കടന്നു പോകുന്നു" എന്നാണ് അദ്ദേഹം എഴുതിയത്.[3]

അവലംബം[തിരുത്തുക]

  1. Rothbard, Murray, Commodity Money in Colonial America, LewRockwell.com
  2. http://mises.org/money/3s5.asp
  3. പണത്തിന്റെ ചരിത്രത്തിൽ ഗ്രെഷം നിയമത്തിന്റെ ഉപയോഗവും ദുരുപയോഗവും Archived 2011-01-25 at the Wayback Machine., റോബർട്ട് മുൻഡൽ, കൊളംബിയാ സർവകലാശാല (ആഗസ്റ്റ് 1998)
"https://ml.wikipedia.org/w/index.php?title=ഗ്രെഷമിന്റെ_നിയമം&oldid=3630851" എന്ന താളിൽനിന്ന് ശേഖരിച്ചത്