Jump to content

അന്തഃസ്രവവിജ്ഞാനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Endocrinology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Endocrinology
Illustration depicting the primary endocrine organs of a female
Systemഅന്തഃസ്രാവീ വ്യൂഹം
Significant diseasesപ്രമേഹം, Thyroid disease, Androgen excess
Significant testsThyroid function tests, Blood sugar levels
SpecialistEndocrinologist

അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോർമോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് അന്തഃസ്രവവിജ്ഞാനീയം (Endocrinology).

കശേരുകികൾ

[തിരുത്തുക]

പിറ്റ്യൂറ്ററി

[തിരുത്തുക]
പിറ്റ്യൂറ്ററി ഗ്രന്ഥി
പാഴ്സ് ഇന്റർമീഡിയ

കശേരുകികളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന അന്തഃസ്രാവി പിറ്റ്യൂറ്ററിയാണ്(Pituitary).[1] ഇത് ഒൻപത് പ്രധാന ഹോർമോണുകൾ സ്രവിക്കുന്നു. മുൻപിറ്റ്യൂറ്ററി (അഡിനോഹൈപ്പോഫൈസിസ്)യുടെ ഒരു ഭാഗമായ പാഴ്സ് ഇന്റർമീഡിയ (pars intermedia)[2] സ്രവിക്കുന്ന ഹോർമോൺ ആണ് ഇന്റർമെഡിൻ. ഇത് ചർമത്തിലുള്ള മെലനോഫോറുകളെ (melanophores)[3] വികസിപ്പിച്ച് തൊലിക്ക് പൊതുവേ ഒരു കറുപ്പുനിറം നൽകുന്നു. ചില സമയത്ത് ഇത് മെലാനിൻ (melanin)[4] ഉത്പാദിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്റർമെഡിന്റെ പ്രക്രിയ കൂടുതൽ പ്രകടമായി കാണുന്നത് ഉഭയജീവികളിൽ (amphibia) ആണ്.[5]

അഡിനോഹൈപ്പോഫൈസിസിന്റെ ഭാഗമായ പാഴ്സ്ഡിസ്റ്റാലിസ് (pars distalis) ആറു ഹോർമോണുകൾ സ്രവിക്കുന്നു. ഇവയിൽ ഒന്നാമത്തേതായ വളർച്ചാഹോർമോൺ അഥവാ സൊമാറ്റോട്രോപ്പിൻ (STH)[6] വളർച്ചയെ (പ്രത്യേകിച്ച് എല്ലുകളുടേയും മാംസപേശികളുടേയും) ഉത്തേജിപ്പിക്കുകയും നൈട്രജൻ വിസർജനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന (ഹൈപ്പർഗ്ളൈസീമിയ) ഗ്ലൂക്കഗോൺ (glucagon)[7] എന്ന ഹോർമോൺ സ്രവിക്കാൻ പാൻക്രിയാസിലെ ആൽഫാ കോശങ്ങളെ (alpha cells) [8]ഉത്തേജിപ്പിക്കുന്നു.

പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന അഡ്രിനോ കോർട്ടിക്കോ ട്രോപ്പിക്ക് ഹോർമോൺ (ACTH)[9] അഡ്രിനൽ കോർട്ടക്സിനെ (adrenal cortex)[10] ഉത്തേജിപ്പിച്ച് അതിന്റെ കോശങ്ങളെ വലുതാക്കുകയും അതിൽനിന്ന് കൂടുതൽ ഹോർമോൺ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ചിന്റെ രക്തത്തിലേക്കുള്ള പ്രവാഹം ഒരു പുനർനിവിഷ്ഠ പ്രക്രിയ (Feed back process) വഴി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. രക്തത്തിൽ അഡ്രിനോ കോർട്ടിക് ഹോർമോണിന്റെ അളവു കൂടുമ്പോൾ പിറ്റ്യൂറ്ററിയിൽനിന്നുള്ള എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നു; അതുപോലെതന്നെ മറിച്ചും. എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നതോടൊപ്പം അഡ്രിനോ കോർട്ടിക് ഹോർമോണിന്റെ അഥവാ ഹോർമോണുകളുടെ രക്തത്തിലേക്കുള്ള പ്രവാഹവും കുറയുന്നു. അസാധാരണമായുള്ള പ്രചോദനങ്ങളും എ.സി.റ്റി.എച്ചിന്റെ സ്രവണത്തെ ഉത്തേജിപ്പിക്കാറുണ്ട്. മത്സ്യങ്ങളിൽ എ.സി.റ്റി.എച്ചിന്റെ മറ്റൊരു കർത്തവ്യം മെലാനിൻ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്.

പാഴ്സ് ഡിസ്റ്റാലിസിൽനിന്നുള്ള മൂന്നാമത്തെ ഹോർമോണാണ് തൈറോട്രോപ്പിക് ഹോർമോൺ (Thyroid Stimulating Hormone-TSH).[11] ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ വളർച്ചയേയും തൈറോക്സിന്റെ (thyroxine)[12] സ്രവണത്തേയും പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലുള്ള തൈറോക്സിന്റെ അളവു കൂടുമ്പോൾ റ്റി.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പിറ്റ്യൂറ്ററിയിൽനിന്നുള്ള റ്റി.എസ്.എച്ചിന്റെ സ്രവണത്തിൽ ഒരു ന്യൂറോ-എൻഡോക്രൈൻ മെക്കാനിസം കൂടി ഉള്ളതായി അറിവായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ചൂടു കുറയുമ്പോൾ ഹൈപ്പോതലാമസ്-ഹൈപ്പോഫൈസിയൽ പാത, മീഡിയൻ എമിനൻസ്, ഹൈപ്പോഫൈസിയൽ പോർട്ടൽ സിസ്റ്റം ഇവ വഴി അഡിനോഹൈപ്പോഫൈസിസിലേക്ക് റ്റി.എസ്.എച്ച്. സ്രവണത്തിനാവശ്യമായ പ്രചോദനം അയയ്ക്കുകയും തത്ഫലമായി തൈറോക്സിന്റെ അളവ് രക്തത്തിൽ കൂടുകയും ചെയ്യുന്നു.

പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന മറ്റൊരു ഹോർമോണാണ് ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (FSH). ഇത് അണ്ഡാശയത്തിലുള്ള (ovary) ഫോളിക്കിളുകളുടേയും പുരുഷബീജത്തെ (sperm)[13] ഉത്പാദിപ്പിക്കുന്ന ട്യൂബുകളുടേയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഒരു പുനർനിവിഷ്ഠ പ്രക്രിയവഴിയാണ് ഇതിന്റേയും സ്രവണം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്. രക്തത്തിലുള്ള ലൈംഗിക ഹോർമോണുകളുടെ (sex hormones) അളവു കൂടുന്നതോടെ എഫ്.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പക്ഷികളിൽ ഒരു ന്യൂറോ-എൻഡോക്രൈൻ റിഫ്ലക്സ് മൂലമാണ് എഫ്.എസ്.എച്ചിന്റെ സ്രവണനിയന്ത്രണം. പകലിന്റെ ദൈർഘ്യം കൂടുമ്പോൾ കണ്ണിലുള്ള സംവേദക കേന്ദ്രങ്ങൾക്ക് (sensory centre) കൂടുതൽ പ്രചോദനം ലഭിക്കുന്നു. ഈ പ്രചോദനങ്ങൾ ഹൈപോതലാമസ്-മീഡിയൻ എമിനൻസ് വഴി എഫ്.എസ്.എച്ച്. സ്രവിക്കുന്ന കോശങ്ങളിൽ എത്തുകയും അവ ഹോർമോൺ സ്രവിക്കുകയും ചെയ്യുന്നു.

പാഴ്സ് ഡിസ്റ്റാലിസിൽ നിന്നുള്ള മറ്റൊരു ഹോർമോണായ ലൂട്ടിനൈസിങ് ഹോർമോണും എൽ.എച്ച്. അന്തരാളീകോശങ്ങളെ പ്രചോദിപ്പിക്കുന്ന ഐ.സി.എസ്.എച്ച്. (interstitial cell stimulating hormone-ICSH)-ഉം[14] ഒന്നുതന്നെയാണെന്നു കരുതപ്പെടുന്നു. പിറ്റ്യൂറ്ററി എടുത്തുമാറ്റിയ സസ്തനികളിൽ എൽ.എച്ച്. ജനനഗ്രന്ഥികളിലെ അന്തരാളീ കോശങ്ങളുടെ നിലനില്പിനു സഹായകമാകുന്നു. മാത്രമല്ല എൽ.എച്ച്. അണ്ഡോത്സർഗത്തെ (ovulation) പ്രേരിപ്പിക്കുകയും അണ്ഡാശയഫോളിക്കിളിനെ ലൂട്ടിനൈസ് ചെയ്യുകയും ചെയ്യുന്നു. പക്ഷികളിൽ എൽ.എച്ചിന് തൂവലുകളുടെ വർണവിതാനത്തിൽ ഒരു പങ്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. എൽ.എച്ചിന്റെ സ്രവണത്തെ ഈസ്ട്രജൻ (oestrogen)[15] പ്രചോദിപ്പിക്കുന്നു. ഒരു ന്യൂറോ-എൻഡോക്രൈൻ റിഫ്ലക്സ് മൂലവും എൽ.എച്ച്. സ്രവിപ്പിക്കാൻ കഴിയുമെന്നു സ്ഥാപിച്ചിട്ടുണ്ട്. മുയലുകളിൽ സംയോഗം നടക്കുമ്പോഴുണ്ടാകുന്ന പ്രചോദനം തലച്ചോറിലേക്ക് ചെല്ലുന്നു. ഇതിന്റെ ഫലമായി എൽ.എച്ച് രക്തത്തിലേക്ക് പ്രവഹിക്കുകയും അണ്ഡോത്സർഗം നടക്കുകയും ചെയ്യുന്നു. അണ്ഡത്തിന്റെ സേകസാധ്യത ഇതിനാൽ ഉറപ്പിക്കപ്പെടുന്നു. ലാക്ടോജനിക് ഹോർമോൺ (ലൂട്ടിയോ ട്രോപ്പിക് ഹോർമോൺ എൽ.റ്റി.എച്ച്. അഥവാ മാമോട്രോപ്പിക് ഹോർമോൺ എം.എച്ച് പാഴ്സ് ഡിസ്റ്റാലിസിൽനിന്നുദ്ഭവിക്കുന്ന പ്രധാനപ്പെട്ട വേറൊരു ഹോർമോണാണ്. ഇത് സ്തനങ്ങളിൽ ക്ഷീരോത്പാദനത്തെ പ്രചോദിപ്പിക്കുന്നു. കോർപ്പസ് ലൂട്ടിയത്തിൽനിന്ന് പ്രോജിസ്റ്ററോൺ സ്രവിക്കുന്നതും ഈ ഹോർമോണിന്റെ പ്രവർത്തനഫലമായാണ്. കരയിൽ ജീവിക്കുന്ന സാലമാൻഡറുകളിൽ പ്രായപൂർത്തിയായവ പ്രദർശിപ്പിക്കുന്ന വാട്ടർഡ്രൈവ് അഥവാ വെള്ളത്തിലേക്കുള്ള പാച്ചിൽ ഈ ഹോർമോൺ മൂലമാകുന്നു. ഹൈപ്പോതലാമസാണ് എൽ.റ്റി.എച്ചിന്റെ സ്രവണത്തെ നിയന്ത്രിക്കുന്നത്.

ഓക്സിടോസിനും, പ്രതിമൂത്രസംവർധക ഹോർമോണും (Anti diuretic Hormone- എ.ഡി.എച്ച്.)[16] ആണ് പിറ്റ്യൂറ്ററി (ന്യൂറോഹൈപ്പോഫൈസിസ്)യിൽനിന്ന് പുറപ്പെടുന്ന രണ്ടു പ്രധാനപ്പെട്ട ഹോർമോണുകൾ. ഇവ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ തലച്ചോറിൽ ഹൈപ്പോതലാമസിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഈ ഹോർമോണുകൾ നാലു വ്യത്യസ്ത രൂപങ്ങളിൽ വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതിൽ ലൈസിൻ വാസോപ്രസിൻ, ആർജിനിൻ വാസോപ്രസിൻ എന്നിവ എ.ഡി.എച്ചിന്റെ രണ്ടു രൂപങ്ങളും, ഓക്സിടോസിനും ആർജിനിൻ വാസോടോസിനും ഓക്സിടോസിന്റെ രണ്ടു രൂപങ്ങളുമാണ്. ഇവയെല്ലാം തന്നെ രക്തസമ്മർദത്തെ പലവിധത്തിൽ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ജന്തുവിഭാഗത്തിലും ഇവയുടെ പ്രവർത്തനരീതി വ്യത്യസ്തമാണ്. ഓക്സിടോസിന് സ്തനങ്ങളിൽനിന്ന് പാല് പുറത്തേക്കു പ്രവഹിപ്പിക്കാനുള്ള കഴിവുകൂടി ഉണ്ട്. പ്രസവത്തിലും അണ്ഡാശയനാളികളിൽകൂടി മുൻപോട്ടുള്ള പുംബീജചലനത്തിലും ഓക്സിടോസിനു പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

തൈറോയ്ഡ്

[തിരുത്തുക]

അയഡിൻ ശേഖരിക്കുകയും അതിനെ ടൈറോസിൻ എന്ന അമിനോ അമ്ലവുമായി യോജിപ്പിച്ച് തൈറോക്സിൻ[17] അഥവാ തൈറോയ്ഡ് ഹോർമോൺ സംശ്ലേഷണം ചെയ്യുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിന്റെ ഉത്പാദനത്തെ പിറ്റ്യൂറ്ററി നിയന്ത്രിക്കുന്നത് തൈറോട്രോപ്പിക് ഹോർമോൺ വഴിയാണ്. തൈറോക്സിൻ വാൽമാക്രികളിൽ രൂപാന്തരണത്തിന് വേഗത കൂട്ടുന്നു; കലകളിലാകട്ടെ ഇത് വിഭേദനത്തെ (differentiation)[18] ഉദ്ദീപിപ്പിക്കുന്നു. ചർമത്തിൽ തൈറോക്സിന്റെ പ്രവർത്തനമണ്ഡലം വളരെ വിപുലമാണ്. ഇത് ഉറയുരിക്കലിനു (moulting)[19] പ്രേരണ നൽകുകമാത്രമല്ല ചർമത്തിലെ കോശവിഭജന(mitosis)ത്തിന്റെ[20] തോത് ഉയർത്തുകയും തൂവലുകളുടേയും രോമത്തിന്റെയും വളർച്ചയേയും വർണവിതാനത്തേയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥികളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തയോട്ടത്തെ വിപുലീകരിക്കുകയും കൂടി ഇതു ചെയ്യുന്നുണ്ട്. നാഡീവ്യൂഹത്തെ ഇതു വളരെയധികം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. വലിപ്പത്തിൽ മാത്രമല്ല കോശവിഭജനത്തിന്റെ തോതിലും കാര്യമായ ഉയർച്ച തൈറോക്സിൻ ഉളവാക്കുന്നു. കൂടാതെ ഈ ഹോർമോൺ അമിത മൂത്രവിസർജനത്തെ (ഡൈയൂറോസിസ്) പ്രോത്സാഹിപ്പിക്കുകയും ഉപാപചയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

പാരാതൈറോയ്ഡ്

[തിരുത്തുക]

പാരാതൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന പാരാത്തോർമോൺ[21] കാൽസ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉപാപചയത്തെ നിയന്ത്രിക്കുന്നു. രക്തത്തിൽഹോർമോണിന്റെ അളവു കൂടുമ്പോൾ എല്ലുകളിലുള്ള കാൽസ്യം ഫോസ്ഫേറ്റിൽനിന്ന് കാൽസ്യം ചോർത്തിയെടുക്കപ്പെടും. അങ്ങനെ രക്തത്തിലുള്ള കാൽസ്യത്തിന്റെ അളവു കൂടുകയും അധികമുണ്ടാകുന്ന ഫോസ്ഫേറ്റ് വിസർജിക്കപ്പെടുകയും ചെയ്യുന്നു. കുടലിൽ ഇത് ആഹാരത്തിലൂടെ വരുന്ന കാൽസ്യത്തെ കൂടുതലായി വലിച്ചെടുക്കാൻ പ്രേരണ നല്കുന്നു.

ആഗ്നേയഗ്രന്ഥി

പാൻക്രിയാസിലുള്ള[22] ആൽഫാ, ബീറ്റാ കോശങ്ങൾ യഥാക്രമം ഗ്ലൂക്കഗോൺ,[23] ഇൻസുലിൻ[24] എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. പാൻക്രിയാസ് മുഴുവനായി എടുത്തുമാറ്റുകയോ അല്ലെങ്കിൽ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയോ ചെയ്താൽ പ്രമേഹം ഉണ്ടാകുന്നു. ഹൈപ്പർഗ്ലൈസീമിയ (രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് അമിതമായി വർധിക്കുന്നത്), ഗ്ലൈക്കോസ്യൂറിയ (ഗ്ലൂക്കോസ് വിസർജനം), കരളിൽ ഗ്ലൈക്കോജൻശോഷണം, ഗ്ലൈക്കോജിനിസിസിന്റെ കുറവ്, ഗ്ലൂക്കോനിയോജെനിസിസിൽ (പ്രോട്ടീനിൽനിന്നും കാർബോഹൈഡ്രേറ്റിന്റെ ഉത്പാദനം) ഉള്ള താഴ്ച, ശ്വസനത്തോതിലുള്ള കുറവ് എന്നിവ ഇതേത്തുടർന്നു കാണപ്പെടുന്നു. സാധാരണ ജീവികളോ പാൻക്രിയാസ് മുറിച്ചുമാറ്റിയവയിലോ ഇൻസുലിൻ കടത്തിവിട്ടാൽ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നത്) മാത്രമല്ല ഫലം; കരളിൽ ഗ്ലൈക്കോജെനിസിസും ഗ്ലൈക്കോനിയോജെനിസിസും കൂടുകയും ശ്വസനത്തോത് വർധിക്കുകയും ചെയ്യുന്നു. ഇത് മാംസപേശികളിലുള്ള ഗ്ലൈക്കോജനെ കരളിലെ ഗ്ലൈക്കോജനെപ്പോലെ ബാധിക്കുന്നില്ല. നേരെമറിച്ചുള്ള ഒരു അനുഭവമാണ് ഗ്ലൂക്കഗോൺ കടത്തിവിട്ടാലുണ്ടാകുക. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കൂടുകയും കരളിലുള്ള ഗ്ലൈക്കോജൻ കുറയുകയും ചെയ്യുന്നു. മാംസപേശികളിലുള്ള ഗ്ലൈക്കോജൻ നിക്ഷേപത്തെ ഇത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ഇൻസുലിന്റേയും ഗ്ലൂക്കഗോണിന്റേയും രക്തത്തിലേക്കുള്ള പ്രവാഹത്തെ നിയന്ത്രിക്കുന്നത് രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലാണ്.

അണ്ഡാശയം

[തിരുത്തുക]
അണ്ഡാശയം

ഈസ്ട്രജൻ പ്രധാനമായും അണ്ഡാശയത്തിലാണ്[25] ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് അണ്ഡനാളത്തിന്റേയും ഗർഭപാത്രത്തിന്റേയും നിലനില്പിനും പ്രചോദനത്തിനും അത്യാവശ്യമാകുന്നു. ഈസ്ട്രജന്റെ[26] ഉത്തേജനം ലഭിച്ചിട്ടുള്ള ഗർഭപാത്രത്തിൻമേൽ ഓക്സിടോസിന് കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയും. സസ്തനികളിൽ യോനീകോശങ്ങളുടെ വളർച്ചയിലും സ്തരിത എപ്പിത്തീലിയത്തിന്റെ (stratified epithelium)[27] നിർമ്മാണത്തിലും ഈസ്ട്രജന് നിർണായക സ്വാധീനമുണ്ട്. പ്രായപൂർത്തിക്കൊത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രൈണസ്വഭാവങ്ങളുടെ രൂപീകരണത്തിലും ഈസ്ട്രജനു പങ്കുണ്ട്. ചില ജന്തുവർഗങ്ങളിൽ ഈസ്ട്രജൻ അഡ്രിനൽ ഗ്രന്ഥിയുടെ അമിതമായ വളർച്ചയ്ക്കു കാരണമാകുന്നു. ഈസ്ട്രജന്റെ തുടർച്ചയായുള്ള പ്രവാഹം പിറ്റ്യൂറ്ററിയിലെ ഗൊണാഡോട്രോപ്പിനുകളുടെ സ്രവണത്തെ തടയുന്നു.

കോർപ്പസ് ലൂട്ടിയം

[തിരുത്തുക]

പ്രോജസ്റ്ററോൺ പോലുള്ള യൌഗികങ്ങളായ ജെസ്റ്റജനുകൾ കോർപ്പസ് ലൂട്ടിയം,[28] പ്ലാസന്റ എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയെ കൂട്ടായി ഗർഭഹോർമോണുകൾ എന്നു വിളിക്കാം. ഗർഭിണികളിൽ പ്രോജസ്റ്ററോൺ (progesterone)[29] ഗർഭപാത്രത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഗർഭപാത്രത്തിന്റെ മാംസപേശീവലയമായ മയോമെട്രിയത്തിന്[30] ഓക്സിടോസിനോടുള്ള സംവേദനക്ഷമത ഇതുമൂലം കുറയുന്നു. മാത്രമല്ല എൽ.എച്ച്.-ന്റെ സ്രവണത്തേയും അണ്ഡോത്സർഗത്തേയും പ്രോജസ്റ്ററോൺ തടയുകയും ചെയ്യും.

അണ്ഡാശയം, കോർപ്പസ് ലൂട്ടിയം, ഗർഭപാത്രത്തിലെ എൻഡോമെട്രിയം, പ്ലാസന്റ തുടങ്ങിയവകളിൽനിന്നു സ്രവിക്കുന്ന റിലാക്സിൻ[31] മറ്റൊരു ഗർഭഹോർമോണായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ജഘന സ്നായു(pubic ligament)വിനെ[32] അയവുള്ളതാക്കുകയും ജഘന സംധാന(P.symphysis)ത്തിൽനിന്ന്[33] എല്ലിനെ നിർമാർജ്ജനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ മറ്റുപല ഹോർമോണുകളോടും ഒത്തുനിന്നുകൊണ്ട് റിലാക്സിൻ സ്തനഗ്രന്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഗർഭപാത്രത്തിൽ ചില മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

വൃഷണം[34] ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ആൻഡ്രോജനാണ് ടെസ്റ്റോസ്റ്റിറോൺ (testosterone).[35] വൃഷണത്തിന്റേയും സഹായകഗ്രന്ഥികളുടേയും പ്രവർത്തനത്തിനും പ്രൌഢലൈംഗികഭാവങ്ങളുടെ നിലനില്പിനും ഇത് ആവശ്യമാണ്. കൂടാതെ ഇവയ്ക്ക് പുംബീജോത്പാദനത്തിലും പ്രേരണ ചെലുത്താൻ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. പരീക്ഷണാർഥം സ്ത്രീകളിൽ ആൻഡ്രോജനുകൾ കടത്തിവിട്ടാൽ പുരുഷ ലിംഗസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടും; പ്രജനനവ്യൂഹത്തിൽ പുരുഷസമാനാവയവങ്ങളുടെ വളർച്ചയ്ക്കും ഇത് വഴിതെളിക്കും. ആൻഡ്രോജൻ, പ്രോട്ടീൻ സങ്കലനത്തെ സഹായിക്കുന്നുവെന്നും കരുതപ്പെടുന്നു.

അഡ്രിനൽ

[തിരുത്തുക]
അഡ്രിനൽ ഗ്ലാൻഡ്

കോർട്ടിക്കോയ്ഡ് ഹോർമോണുകളായ ഗ്ലൂക്കോകോർട്ടിക്കോയ്ഡും മിനറലോ കോർട്ടിക്കോയ്ഡും അഡ്രിനൽ കോർട്ടക്സിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഗ്ലൂക്കോകോർട്ടിക്കോയ്ഡുകൾ[36] പലതരമുണ്ട്. അവയിൽ പ്രധാനം കോർട്ടിസോൾ,[37] കോർട്ടിസോൺ,[38] കോർട്ടിക്കോസ്റ്റിറോൺ[39] എന്നിവയാണ്. ആൽഡോസ്റ്റീറോണും ഡി-ഓക്സികോർട്ടിക്കോസ്റ്റിറോണുമാണ് പ്രധാനപ്പെട്ട മിനറലോ കോർട്ടിക്കോയ്ഡുകൾ. ഇവകൂടാതെ ആൻഡ്രജനുകളും ഈസ്ട്രജനുകളും പ്രോജസ്റ്റിറോണും അഡ്രിനൽ ഗ്രന്ഥിയിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ അവസാനത്തേത് അഡ്രിനോ കോർട്ടിക്കൽ സ്റ്റീറോയ്ഡുകൾ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നം മാത്രമാണ്.

അഡ്രിനൽഗ്രന്ഥി എടുത്തുമാറ്റിയാൽ രക്തത്തിലുള്ള സോഡിയം ക്ലോറൈഡിന്റേയും ബൈകാർബണേറ്റിന്റേയും അളവ് കുറയുകയും പൊട്ടാസ്യം വർധിക്കുകയും ചെയ്യും. സോഡിയവും അതിനോടൊപ്പം ജലവും അമിതമായി വിസർജിക്കപ്പെടുന്നതിനാൽ രക്തത്തിനു കട്ടികൂടുന്നു. ബൈകാർബണേറ്റിന്റെ അമിതമായ നഷ്ടം രക്തത്തെ അമ്ലീകരിക്കുകയും ചെയ്യും. ഈ കുറവുകൾ മിനറലോ കോർട്ടിക്കോയ്ഡുകൾ കടത്തിവിട്ടു പരിഹരിക്കാവുന്നതേയുള്ളു. മറിച്ച് ഗ്ലോക്കോകോർട്ടിക്കോയ്ഡുകൾ സോഡിയത്തിന്റേയും വെള്ളത്തിന്റേയും വിസർജനത്തെ തടയുകയോ സഹായിക്കുകയോ ചെയ്തേക്കാം. ആൽഡോസ്റ്റീറോൺ സോഡിയത്തെ നിലനിർത്തുകയും പൊട്ടാസ്യത്തെ വൃക്കയിൽകൂടി വിസർജിപ്പിക്കുകയും ചെയ്യുന്നു.

ചില കോർട്ടിക്കൽ ഹോർമോണുകൾ ഗ്ലൂക്കോനിയോജനിക്കുകളാണ്; അഡ്രിനൽ കോർട്ടക്സിന് ലിംഗഹോർമോണിനെപ്പോലെ പ്രവർത്തിക്കാനും കഴിയും. കോർട്ടിക്കോയ്ഡുകൾക്ക് സംയോജനകലയിൽ പ്രേരണ ചെലുത്താനുള്ള കഴിവുമുണ്ട്. അവ കൊളാജൻ (collagen),[40] മ്യൂക്കോപ്രോട്ടീൻ മാട്രിക്സ് (matrix)[41] എന്നിവയുടെ ശിഥിലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.

കിഡ്നി

ഗ്ലൂക്കോ കോർട്ടിക്കോയ്ഡുകളുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററിയിലെ എ.സി.റ്റി.എച്ച്.-ഉം അഡ്രിനൽ കോർട്ടക്സും കൂടി ചേർന്നുള്ള ഒരു നെഗറ്റീവ് പുനർനിവിഷ്ഠ പ്രക്രിയ മുഖേനയാണ്. അതേസമയം ആൽഡോസ്റ്റിറോണിന്റെ സ്രവണം കോശത്തിനു പുറത്തുള്ള ദ്രവത്തിന്റെ അളവും പൊട്ടാസ്യത്തിന്റെ സാന്ദ്രതയും അനുസരിച്ചായിരിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോൾ ആൽഡോസ്റ്റിറോണിന്റെ സ്രവണത്തിലും വർധനവുണ്ടാകുന്നു. പൈനിയൽ ഗ്രന്ഥിയിൽനിന്നുള്ള ഒരു എപ്പിതലാമിക് ഘടകവും മിനറലോ കോർട്ടിക്കോട്രോപ്പിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ഊഹിക്കപ്പെടുന്നു.

അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നീ ഹോർമോണുകൾ ക്രോമാഫിൻ കോശങ്ങളിൽനിന്നാണ് ഉദ്ഭവിക്കുന്നത്.[42] അഡ്രിനാലിൻ രക്തവാഹിനികളെ വികസിപ്പിക്കുക മാത്രമല്ല ഹൃദയത്തിൽനിന്നുള്ള രക്തത്തിന്റെ പ്രവാഹത്തെ ത്വരിപ്പിക്കുകകൂടി ചെയ്യുന്നു. കൂടാതെ അഡ്രിനാലിനും നോർ അഡ്രിനാലിനും രക്തസമ്മർദത്തെ ഉയർത്തുന്നതായി കണ്ടിട്ടുണ്ട്. നോർ അഡ്രിനാലിൻ ഈ കർത്തവ്യം നിറവേറ്റുന്നത് രക്തവാഹിനികളെ സങ്കോചിപ്പിച്ചുകൊണ്ടും, അഡ്രിനാലിൻ ഹൃദയത്തിൽനിന്നുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തിക്കൊണ്ടുമാണ്. ഇവ രണ്ടും കരളിലേയും മാംസപേശികളിലേയും ഗ്ലൈക്കോജനോലിസിസ് പ്രോത്സാഹിപ്പിക്കുന്നതു നിമിത്തം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വർധിക്കുന്നു. ചില സന്ദർഭങ്ങളിൽ പട്ടിണികിടക്കുന്ന ജന്തുക്കളിൽപ്പോലും മാംസപേശികളിൽ അഡ്രിനാലിൻ നിമിത്തമുള്ള ഗ്ലൈക്കോജനോലിസിസ് ഉണ്ടാകുന്നതും ലാക്ടേറ്റും ഗ്ലൂക്കോസും ഉത്പാദിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം ഇവയുടെ കരളിൽ ഈ ലാക്ടേറ്റ് ഉപയോഗിച്ച് ഗ്ലൈക്കോജെനിസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഓക്സിജന്റെ ഉപയോഗവും ചൂടും വർധിക്കുന്നു.

പൈനിയൽ

[തിരുത്തുക]

അഡ്രിനൽ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകത്തിനു പുറമേ വളരെ ശക്തിയുള്ള ഒരു ക്രോമറ്റോഫോറോട്രോപ്പിന്റെ കൂടി ഉത്പാദനകേന്ദ്രമാണ് പൈനിയൽ ഗ്രന്ഥി.[43] മെലാടോണിൻ എന്ന ഈ വർണകചോദകഘടകം തവളയുടെ ചർമത്തിലുള്ള മെലാനിനെ സങ്കോചിപ്പിക്കുന്നു.

അകശേരുകികൾ

[തിരുത്തുക]

1917-ൽ കോപ്പെക് എന്ന ശാസ്ത്രജ്ഞനാണ് നട്ടെല്ലില്ലാത്ത ജീവികളിലും ഹോർമോണുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. ഷഡ്പദങ്ങളിൽ എക്ഡൈസിയൽ ഗ്രന്ഥി (പടം പൊഴിക്കൽ ഗ്രന്ഥി)[44] എക്ഡൈസോൺ എന്നു വിളിക്കപ്പെടുന്ന ഒരു മോൾട്ട് ഹോർമോൺ സ്രവിപ്പിക്കുന്നു. മുഖ്യമായി രണ്ടുതരത്തിലുള്ള എക്ഡൈസോണുകളാണ് ഉള്ളത്: ആൽഫാ എക്ഡൈസോണും ബീറ്റാ എക്ഡൈസോണും. ഇവയിൽ ആദ്യത്തേതാണ് കൂടുതൽ വീര്യമുള്ള ഹോർമോൺ. പ്രായപൂർത്തിയാകാത്ത ഷഡ്പദങ്ങളിൽ എക്ഡൈസോൺ കടത്തിവിട്ടാൽ അത് പടംപൊഴിക്കലിനേയും പ്രായപൂർത്തിയാകുമ്പോൾ മാത്രമുണ്ടാകുന്ന സ്വഭാവങ്ങളുടെ വളർച്ചയേയും പ്രോത്സാഹിപ്പിക്കുന്നു. ലാർവകളിൽ ഇത് ഉറയുരിക്കലിനെ പ്രചോദിപ്പിച്ച് ലാർവൽ ഇൻസ്റ്റാറിന്റെ അവസാനം കുറിക്കുന്നു. പ്യൂപ്പയിൽ ഈ ഹോർമോൺ ഉറയുരിക്കലിനെ മാത്രമല്ല, വിഭേദനത്തേയും ഉദ്ദീപിപ്പിക്കുന്നു. അണ്ഡാശയത്തിന്റെയും വൃഷണത്തിന്റെയും പ്രാഥമിക വളർച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാൻ ആകാത്തതാണ്. എക്ഡൈസിയൽ ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്നത് തലച്ചോറിലെ പാഴ്സ് ഇന്റർ സെറിബ്രാലിസിലുള്ള ചില നാഡീസ്രവകോശങ്ങൾ (neuro secretory cells)[45] സ്രവിക്കുന്ന എക്ഡൈസോട്രോപ്പിനാണ്. എക്ഡൈസിയൽ ഗ്രന്ഥിയെ പ്രചോദിപ്പിക്കാൻ മാത്രമല്ല, എക്ഡൈസോണിന്റെ ഉത്പാദനം തുടർന്നുപോകുന്നതിനും ഈ ഹോർമോൺ ആവശ്യമാണ്. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂർത്തിയാകുന്നതോടൊപ്പം എക്ഡൈസിയൽ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു.

ഷഡ്പദങ്ങളിലെ മറ്റൊരു അന്തഃസ്രാവിയാണ് ജുവനൈൽ ഹോർമോണിന്റെ (ജെ.എച്ച്.)[46] ഉത്പാദനകേന്ദ്രമായ കോർപ്പസ് അലാറ്റം (Corpus allatum).[47] എക്ഡൈസോണിനോടു ചേർന്ന് ജൂവനൈൽ ഹോർമോൺ നിർദിഷ്ട കോശങ്ങൾക്ക് എക്ഡൈസോണിനോടുള്ള പ്രതികരണത്തിൽ മാറ്റം വരുത്തുന്നു. ജെ.എച്ചിന്റെ പ്രവർത്തനം കൂടുതൽ വ്യക്തമായി കാണുന്നത് അധിചർമകോശങ്ങളിലാണ്. രക്തത്തിലുള്ള എക്ഡൈസോണിന്റേയും ജെ.എച്ചിന്റെയും അളവ് കൂടുമ്പോൾ ഉണ്ടാകുന്ന പടം പൊഴിക്കൽ ഒരു ലാർവാ ദശയിൽനിന്ന് മറ്റൊരു ലാർവാ ദശയിലേക്ക് നയിക്കുന്നു. എന്നാൽ ജെ.എച്ചിന്റെ അളവ് കുറയുകയും എക്ഡൈസോണിന്റെ അളവ് കൂടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉറയുരിക്കൽ ലാർവയിൽനിന്ന് പ്യൂപ്പയെ ഉണ്ടാക്കുന്നു. പ്യൂപ്പയിൽനിന്നു പ്രായപൂർത്തിയായ ഷഡ്പദത്തിലേക്കുള്ള ഉറയുരിക്കലാകട്ടെ ജെ.എച്ചിന്റെ അഭാവത്തിൽ, അതായത് എക്ഡൈസോണിന്റെ മാത്രം സാന്നിധ്യത്തിൽ, നടക്കുന്നു. ഇവ കൂടാതെ ജെ.എച്ചിന് പ്രോതൊറാസിക് അഥവാ മോൾട്ട് ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്ന ഒരു കർത്തവ്യംകൂടി നിശാശലഭങ്ങളിൽ ഉള്ളതായി അറിവുണ്ട്. പ്രായപൂർത്തിയായ ഷഡ്പദങ്ങളിൽ കോർപ്പസ് അലാറ്റം ഒരു ഗൊണാഡോട്രോപ്പിക് ഹോർമോൺ സ്രവിക്കുന്നു. ജെ.എച്ച്.-ഉം ഗൊണാഡോട്രോപ്പിക് ഹോർമോണും ഒന്നുതന്നെയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഷഡ്പദങ്ങളുടെ ഓരോ ജീവിതദശയിലും അത് ഓരോ തരത്തിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നു മാത്രം. ലാർവാദശയിൽ ശരീരത്തിന്റെ പൊതുവേയുള്ള വളർച്ചയേയും പ്രൌഢദശയിൽ പ്രത്യുത്പാദനേന്ദ്രിയങ്ങളുടെ വളർച്ചയേയും ഇത് സഹായിക്കുന്നു. പെൺ ഷഡ്പദങ്ങളിൽ ജെ.എച്ച്., അണ്ഡാശയത്തിന്റെ വളർച്ചയ്ക്കും മുട്ടയിൽ പീതകം സങ്കലനം ചെയ്തു സംഭരിക്കുന്നതിനും അത്യാവശ്യമാണെന്നു കണ്ടിട്ടുണ്ട്. ഗാലേറിയാ മെലോനല്ലാ എന്ന മെഴുക് നിശാശലഭത്തിൽ ഏതുതരത്തിലുള്ള കൊക്കൂണാണ് എന്നതുപോലും രക്തത്തിലുള്ള ജെ.എച്ചിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ചില ശലഭങ്ങളിൽ സംയോഗം, ഡയാപ്പോസ്, ഫെറോമോണുകളുടെ ഉത്പാദനം എന്നിവയെല്ലാംതന്നെ ജെ.എച്ചിന്റെ നിയന്ത്രണത്തിലാണ്. എക്ഡൈസോണിനെ പോലെ തന്നെ ജെ.എച്ചിന്റെ സ്രവണത്തേയും നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീസ്രവകോശങ്ങളിൽനിന്നു പുറപ്പെടുന്ന മറ്റൊരു ആക്ടിവേഷൻ ഹോർമോണായ അലാറ്റോ ട്രോപ്പിക് ഹോർമോൺ ആണെന്ന് കരുതപ്പെടുന്നു. കോർപ്പസ് അലാറ്റത്തിന്റെ നിയന്ത്രണം നാഡീസ്രവത്തെക്കാൾ നാഡീചോദകങ്ങൾക്കനുസൃതമായാണെന്നും രക്തത്തിലെ പ്രോട്ടീൻ മെറ്റബൊളൈറ്റുകൾക്ക് അലാറ്റത്തിന്റെ നിയന്ത്രണത്തിൽ പങ്കുണ്ടാകാമെന്നും അഭിപ്രായമുണ്ട്.

ക്രസ്റ്റേഷ്യകളിലുള്ള 'Y' അവയവം ഷഡ്പദങ്ങളിലെ എക്ഡൈസിയൽ ഗ്രന്ഥിക്കു തുല്യമാണ്. ഇത് പടം പൊഴിക്കലിനെ പ്രചോദിപ്പിക്കുന്ന ഒരു മോൾട്ട് ഹോർമോണായ 'ക്രിസ്റ്റെക്ഡൈസോൺ' ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സ്രവണത്തെ തടയുന്നത് സൈനസ് ഗ്രന്ഥിയിൽ നിന്നു പുറപ്പെടുന്ന മോൾട്ട് ഇൻഹിബിറ്റിങ് ഹോർമോണാണ്. മോൾട്ട് ഹോർമോൺ ഉറയുരിക്കലിനോടൊപ്പം തന്നെ നഷ്ടപ്പെട്ടുപോയ കാലുകളുടെ പുനരുത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അണ്ഡാശയത്തിന്റേയും വൃഷണത്തിന്റേയും പ്രാരംഭവളർച്ചയ്ക്കും ശലഭങ്ങളിലെന്നപോലെ ക്രസ്റ്റേഷ്യകളിലും ഈ ഹോർമോൺ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണ്. ക്രസ്റ്റേഷ്യകളിൽ പലതും പ്രൌഢദശയിലും ഉറയുരിക്കൽ തുടർന്നു കൊണ്ടുപോകുന്നതിനാൽ 'Y' അവയവം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല.

ക്രസ്റ്റേഷ്യകളിലെ ആൻഡ്രോജനിക് ഗ്രന്ഥി പുരുഷ ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇതിൽനിന്ന് ഉദ്ഭവിക്കുന്ന ആൻഡ്രോജനിക് ഹോർമോൺ ലൈംഗിക ലക്ഷണങ്ങൾക്കു മാത്രമല്ല പുരുഷന്റെ പ്രത്യേകതരം പെരുമാറ്റങ്ങൾക്കുപോലും കാരണമാകുന്നു. ഈ ഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് സൈനസ് ഗ്രന്ഥി വഴി പുറത്തുവരുന്ന ഗൊണാഡ് ഇൻഹിബിറ്റിങ് ഹോർമോൺ എന്ന നാഡീസ്രവഘടകം ആണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2011-08-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-12. Retrieved 2011-08-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-20. Retrieved 2011-08-04.
  4. http://www.wisegeek.com/what-is-melanin.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-02. Retrieved 2011-08-04.
  6. http://www.ebi.ac.uk/interpro/IEntry?ac=IPR001400
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2011-08-04.
  8. http://www.facebook.com/pages/Alpha-cell/139445439407196
  9. http://www.ncbi.nlm.nih.gov/pubmed/8463553
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-05. Retrieved 2011-08-04.
  11. http://www.webmd.com/a-to-z-guides/thyroid-stimulating-hormone-tsh
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-16. Retrieved 2011-08-04.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2011-08-04.
  14. http://www.ivy-rose.co.uk/References/glossary_entry386.htm
  15. http://www.dailymail.co.uk/health/article-4098/Oestrogen-link-breast-cancer.html
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-26. Retrieved 2011-08-04.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-16. Retrieved 2011-08-04.
  18. http://www.intmath.com/differentiation/differentiation-intro.php
  19. http://www.stanford.edu/group/stanfordbirds/text/essays/Molting.html
  20. http://www.cellsalive.com/mitosis.htm
  21. http://www.britannica.com/EBchecked/topic/443312/parathormone
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-05. Retrieved 2011-08-04.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-08. Retrieved 2011-08-04.
  24. http://www.endocrineweb.com/conditions/diabetes/diabetes-what-insulin
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2011-08-04.
  26. http://www.pagepress.org/journals/index.php/es/article/view/es.2011.e5
  27. http://www.bio.davidson.edu/people/kabernd/BerndCV/Lab/EpithelialInfoWeb/Stratified%20Epithelium.html
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-04. Retrieved 2011-08-07.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-28. Retrieved 2011-08-07.
  30. http://www.britannica.com/EBchecked/topic/400502/myometrium
  31. http://www.physorg.com/news157616798.html
  32. http://www.facebook.com/pages/Inferior-pubic-ligament/102616086459022
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-18. Retrieved 2011-08-07.
  34. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2011-08-07.
  35. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-31. Retrieved 2011-08-07.
  36. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-17. Retrieved 2011-08-07.
  37. http://www.ultrunr.com/cortisol.html
  38. http://www.leucoderma.com/app/cortisone.asp
  39. http://www.arborassays.com/products/inserts/K014-H1.pdf[പ്രവർത്തിക്കാത്ത കണ്ണി]
  40. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-18. Retrieved 2011-08-07.
  41. http://www.ncbi.nlm.nih.gov/pmc/articles/PMC441681/pdf/jcinvest00445-0001.pdf
  42. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-12-01. Retrieved 2011-08-07.
  43. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-24. Retrieved 2011-08-07.
  44. http://onlinelibrary.wiley.com/doi/10.1002/jmor.1051450205/abstract
  45. http://www.idosi.org/wjfms/wjfms2%282%2910/2.pdf
  46. http://www.animalbehavioronline.com/juvenilehormone.html
  47. http://www.britannica.com/EBchecked/topic/138468/corpus-allatum

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃസ്രവവിജ്ഞാനീയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃസ്രവവിജ്ഞാനീയം&oldid=4116286" എന്ന താളിൽനിന്ന് ശേഖരിച്ചത്