ഡയണീഷ്യസ് രണ്ടാമൻ
സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്നു ഡയണീഷ്യസ് രണ്ടാമൻ. ഡയണീഷ്യസ് ഒന്നാമൻ എന്ന സ്വേച്ഛാധിപതിയുടെ പുത്രനായിരുന്ന ഇദ്ദേഹം പിതാവിനെ പിന്തുടർന്ന് ബി. സി. 367-ൽ അധികാരത്തിലെത്തി. ദാർശനികനായിരുന്ന മാതുലൻ ഡയോൺ ഇദ്ദേഹത്തെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിന് കാർത്തജീനിയന്മാരുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇദ്ദേഹമാകട്ടെ കാർത്തജീനിയന്മാരുമായി സമാധാനം സ്ഥാപിക്കാനാണു യത്നിച്ചത്. തെക്കൻ ഇറ്റലിയിൽ ഇദ്ദേഹത്തിന് രണ്ടു കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞു. എങ്കിലും ഭരണാധിപൻ എന്ന നിലയിൽ ഇദ്ദേഹം ദുർബലനായിരുന്നു. ഡയോണിന്റെ അപേക്ഷയനുസരിച്ച് ദാർശനികനായ പ്ലേറ്റോ സിറാക്യൂസിലെത്തി ഇദ്ദേഹത്തെ ഭരണകാര്യങ്ങളിൽ ബോധവത്കരിക്കുവാനും സേച്ഛാധിപത്യ ഭരണമാർഗങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചതായി ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ ഇതു വിജയപ്രദമായില്ല. ഡയോണിനെ ഇദ്ദേഹം രാജ്യത്തുനിന്നും പുറത്താക്കി. ഡയോൺ സൈന്യത്തെ സംഘടിപ്പിച്ച് 357-ൽ സിറാക്യൂസ് നഗരം പിടിച്ചെടുത്തു. ഇതോടെ ഡയണീഷ്യസ് ഇറ്റലിയിലെ ലോക്രി (Locri) യിലേക്കു പിൻവാങ്ങി. ഡയോണിന്റെ മരണ (സു. 354) ശേഷം ഇദ്ദേഹം 347-ൽ സിറാക്യൂസ് തിരിച്ചു പിടിച്ചു. തുടർന്നുള്ള ഇദ്ദേഹത്തിന്റെ ഭരണം ജനരോഷമിളക്കിവിടുന്ന തരത്തിലുള്ളതായിരുന്നു. 345-344-ഓടെ കോറിന്തിലെ ടിമോളിയോൺ (Timoleon) ഇദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചു. തുടർന്ന് ഗ്രീസിൽ വിശ്രമജീവിതം നയിച്ചുവന്ന ഡയണീഷ്യസ് ബി. സി. 343-ൽ മരണമടഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/164271/Dionysius-II
- http://oxforddictionaries.com/definition/english/Dionysius Archived 2012-07-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയണീഷ്യസ് രണ്ടാമൻ (ബി. സി. സു. 397-343) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |