Jump to content

ഡിജിറ്റാലിസ് ഔഷധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Digitalis drugs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങളാണ് ഡിജിറ്റാലിസ് ഔഷധങ്ങൾ. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ലോവ്' (Fox glove) വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളുടെ ലത്തീൻ നാമമാണ് ഡിജിറ്റാലിസ്. എന്നാൽ സമാന രാസഘടന (ഗ്ലൈക്കോസൈഡ്) ഉളളതും ഹൃദയത്തിൽ സമാനമായ പ്രയോഗഫലങ്ങൾ ഉളവാക്കാൻ കഴിവുള്ളതുമായ പദാർഥങ്ങൾ മറ്റ് സസ്യങ്ങളിൽ നിന്നും വേർതിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവിൽ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

പുരാതന ഈജിപ്തിലെ (സു. 1500 ബിസി) പുരോഹിത ഭിഷഗ്വരന്മാരും റോമാക്കാരും (സു. 500 ബി.സി) സ്ട്രോഫാൻതസ് (Strophanthus), ഒളിയാൻഡർ (അരളി) തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ചില ഡിജിറ്റാലിസ് ഔഷധങ്ങൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1785-ൽ വില്യം വിതറിങ് എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ് ഫോക്സ് ഗ്ലോവ് സസ്യങ്ങളിൽ നിന്നും ഡിജിറ്റാലിസ് ഔഷധങ്ങൾ വേർതിരിക്കുകയും അവയുടെ പ്രഭാവം വിശദമായി പഠിക്കുകയും ചെയ്തത്. ഡിജിറ്റാലിസ് ഔഷധങ്ങൾ പ്രയോഗിക്കുന്നതിന് മാർഗനിർദ്ദേശകമായി ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു പ്രാമാണിക വൈദ്യശാസ്ത്ര ഗ്രന്ഥമാണ് ഇദ്ദേഹം രചിച്ച അക്കൗണ്ട് ഒഫ് ദ് ഫോക്സ് ഗ്ലോവ് ആൻഡ് സം ഒഫ് ഇറ്റ്സ് മെഡിക്കൽ യൂസസ്.

ഔഷധങ്ങൾ

[തിരുത്തുക]
ഡിജിറ്റാലിസ് ഒബ്സ്ക്യൂറ
ഡിജിറ്റാലിസ് ഗ്രാൻഡിഫ്ളോറ
ഡിജിറ്റാലിസ് പർപുറിയ

ഡിജിറ്റാലിസ് പർപ്യൂറിയേ അഥവാ പർപിൾ ഫോക്സ് ഗ്ലോവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഡിജിറ്റോക്സിൻ (Digitoxin), ഡിജിറ്റാലിസ് ലാന്റയിൽ നിന്നും ലഭ്യമാക്കുന്ന ഡിജോക്സിൻ (Digoxin), സ്ട്രോഫാൻതസ് ഗ്രാറ്റസിൽ നിന്നുളള ഔആബേയ് ൻ (Ouabain) എന്നിവയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങൾ[1].

ഉപയോഗം

[തിരുത്തുക]

ഉയർന്ന രക്തമർദം, ധമനികളുടെ കട്ടിയാകൽ (arterio sclerosis) തുടങ്ങിയവ മൂലം ഹൃദയത്തിൽ രക്തം കെട്ടിനിൽക്കുന്നതു കൊണ്ടുണ്ടാകുന്ന ഹൃദ്രോഗ ചികിത്സയിലാണ് ഡിജിറ്റാലിസ് ഏറ്റവും ഫലപ്രദമായിക്കാണുന്നത്. രക്ത ധമനിയുടെ തന്തുക്കൾ കൂടിക്കുഴഞ്ഞ് ഒരു ഗ്രന്ഥിയായിത്തീരുന്ന 'ആർട്ടീരിയൽ ഫൈബ്രിലേഷൻ '(arterial fibrillation) എന്ന അവസ്ഥയിലുണ്ടാവുന്ന ഉയർന്ന ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും ഡിജിറ്റാലിസ് ഉപയോഗപ്രദമാണ്.

ഹൃദയ പേശികളിലും മധ്യ-ഹൃത്-സ്തര (myocardium)ത്തിലും നേരിട്ട് പ്രഭാവം ചെലുത്തുന്നു എന്നതാണ് ഡിജിറ്റാലിസിന്റെ സവിശേഷത. ഇതിന്റെ ഫലമായി ഹൃദയത്തിന് സങ്കോചിക്കാനുള്ള ശേഷി വർധിക്കുകയും ധമനികളിലേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. രക്തചംക്രമണത്തിലുണ്ടാവുന്ന പുരോഗതി ഹൃദയ സംബന്ധമായ എല്ലാ വിധ തകരാറുകളും ഭേദപ്പെടുത്തുവാനുപകരിക്കും. വൃക്കകളിലേക്കുളള രക്ത പ്രവാഹം വർധിക്കുന്നതു മൂലം മൂത്രം കൂടുതൽ പോകുന്നതിനാൽ നീർവീക്കം കുറയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു. ഹൃദ്രോഗം മൂലം ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ഉണ്ടാവുന്ന വീക്കം മാറ്റുന്നതിന് ഡിജിറ്റാലിസിന്റെ ഉപയോഗം പ്രയോജനകരമാവാറുണ്ട്.

ഹൃദയസംബന്ധമായ മിക്ക തകരാറുകൾക്കും ഡിജിറ്റാലിസിന്റെ ഏറ്റവും അനുകൂലമായ ഫലം കഴിയുന്നത്ര വേഗത്തിൽ ലഭ്യമാക്കുന്നതിന് ആദ്യം തന്നെ കൂടിയമാത്രയിൽ ഡിജിറ്റാലിസ് രോഗിക്ക് നൽകുകയാണ് ചെയ്തു വരുന്നത്. ഈ പ്രക്രിയ ഡിജിറ്റലീകരണം (digitalisation) എന്നാണറിയപ്പെടുന്നത്. പലപ്പോഴും ധമനിയിലേക്ക് നേരിട്ട് കുത്തിവെയ്പ്പു നടത്തിയാണിത് സാധ്യമാക്കുന്നതെങ്കിലും ഈ ഔഷധം ഗുളിക രൂപത്തിൽ നൽകുന്നതാണ് ഏറ്റവും സുരക്ഷിതം. ഡിജിറ്റലീകരണത്തിനു ശേഷം മാത്ര കുറച്ച് രക്തത്തിലെ ഡിജിറ്റാലിസിന്റെ അളവ് നിലനിറുത്തുകയാണ് പതിവ്. ഔആബേയ്നിന്റെ പ്രഭാവവും വിസർജനവും ത്വരിതഗതിയിലായതിനാൽ വളരെ അടിയന്തരമായ സന്ദർഭങ്ങളിൽ മാത്രമേ ഔആബേയ് ൻ ഉപയോഗിക്കാറുള്ളൂ.

വളരെ നേരിയ തോതിൽ അധികരിച്ചാൽ തന്നെ ഡിജിറ്റാലിസ് വിഷസ്വഭാവം പ്രദർശിപ്പിക്കും. കോശങ്ങളിൽ നിന്നും പൊട്ടാസിയം നഷ്ടമാവുന്നതു മൂലമാണ് മിക്കവാറും എല്ലാ ദൂഷ്യഫലങ്ങളും ഉളവാകുന്നത്. വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ഹൃദയമിടിപ്പ് അപകടകരമാംവിധം കുറയുന്നത് മറ്റൊരു ദൂഷ്യ ഫലമാണ്.

ഹൃദ്രോഗങ്ങൾക്ക് ഇന്നും ഡിജിറ്റാലിസ് ഏറ്റവും സ്വീകാര്യമായ ഔഷധമാണെങ്കിലും ഇവയുടെ പ്രവർത്തന രീതി പൂർണമായും വ്യക്തമായിട്ടില്ല. കോശസ്തരങ്ങളിലൂടെയുളള അയോൺ വിനിമയം നിയന്ത്രിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തിൽ പ്രഭാവം ചെലുത്തുന്നതിനാൽ തന്മാത്രാ ജീവശാസ്ത്രജ്ഞർ ഡിജിറ്റാലിസിന്റെ പ്രവർത്തനത്തിൽ തത്പരരായിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിജിറ്റാലിസ് ഔഷധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിജിറ്റാലിസ്_ഔഷധങ്ങൾ&oldid=2283051" എന്ന താളിൽനിന്ന് ശേഖരിച്ചത്