Jump to content

ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Youth Federation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ
ചുരുക്കപ്പേര്എ.ഐ.വൈ.എഫ്
രൂപീകരണം3 മേയ് 1959 (65 വർഷങ്ങൾക്ക് മുമ്പ്) (1959-05-03)
തരംയുവജന സംഘടന
ലക്ഷ്യംശാസ്ത്രീയ സോഷ്യലിസം
ആസ്ഥാനം4/7, അസാഫ് അലി റോഡ്, ന്യൂ ഡൽഹി
Location
ജനറൽ സെക്രട്ടറി
തിരുമലൈ രാമൻ
പ്രസിഡന്റ്
അഫ്താബ് ആലം ഖാൻ
Main organ
യൂത്ത് ലൈഫ്
ബന്ധങ്ങൾവേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത് (ഡബ്ല്യൂ.എഫ്.ഡി.വൈ)

ഇന്ത്യയിലെ ഒരു പ്രധാന യുവജന സംഘടനയാണ് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എ.ഐ.വൈ.എഫ്) 1959 ലാണ് ഈ സംഘടന രൂപികൃതമായത്. വേൾഡ് ഫെഡറേഷൻ ഓഫ്‌ ഡെമോക്രാറ്റിക് യൂത്തിൽ [1] Archived 2017-06-26 at the Wayback Machine. എ.ഐ.വൈ.എഫ് അംഗമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായി പ്രവർത്തിക്കുന്നു.

രൂപീകരണം[തിരുത്തുക]

1959 ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെ ആറ് ദിവസങ്ങളിലായി ഡൽഹിയിലെ കോൺസ്റ്റന്റിയ ഹാളിൽ 11 സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവജന പ്രതിനിധികൾ സമ്മേളിച്ചാണ് അഖിലേന്ത്യാ യുവജന ഫെഡറേഷന് (എഐവൈഎഫ്) രൂപം നൽകിയത്. ഡൽഹി മേയറായിരുന്ന അരുണ അസഫലിയാണ് എഐവൈഎഫിന്റെ സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്തത്. ‘തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിരിക്കില്ലെന്ന് രൂപീകരണ സമ്മേളനം പ്രഖ്യാപിച്ചു. എഐവൈഎഫ്, യുവാക്കൾ തന്നെ രൂപം നൽകുന്ന പരിപാടികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയായിരിക്കും. രാജ്യത്തെ ചെറുപ്പക്കാരുടെ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കും അതിന്റെ നയപരിപാടികൾ. അതോടൊപ്പം എഐവൈഎഫിനെ ലോകജനാധിപത്യ യുവജന ഫെഡറേഷനിൽ (ഡബ്ല്യു.എഫ്.ഡി.വൈ) അഫിലിയേറ്റ് ചെയ്യുന്നതിനും ഡൽഹി സമ്മേളനം തീരുമാനിച്ചു. സമ്മേളനം സമാപിച്ച മെയ് മൂന്ന് എഐവൈഎഫ് സ്ഥാപകദിനമായി പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരൻ ബൽരാജ് സാഹിനിയെ ദേശീയ പ്രസിഡന്റായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ലോക മാർക്‌സിസ്റ്റ് റിവ്യു പത്രാധിപസമിതിയിൽ സിപിഐ പ്രതിനിധിയായിരുന്ന ശാരദ മിത്ര ആദ്യ ജനറൽ സെക്രട്ടറിയായി. സ്വതന്ത്ര ഭാരതത്തിൽ പിറവികൊണ്ട ആദ്യത്തെ സംഘടിത ദേശീയ വിപ്ലവ യുവജന സംഘടന എന്ന് എഐവൈഎഫിനെ വിശേഷിപ്പിക്കുമ്പോഴും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമരഭൂമികളിൽ ജൻമംകൊണ്ട എണ്ണമറ്റ വിപ്ലവ യുവജന പ്രസ്ഥാനങ്ങളുടെ വിപുലീകൃതമായ സംഘടനാ രൂപമായിട്ടാണ് എഐവൈഎഫ് സ്ഥാപിക്കപ്പെട്ടത്. അഖിലേന്ത്യ യുവജനഫെഡറേഷന്റെ സമരചരിത്രം സ്വാതന്ത്ര്യസമരത്തിന്റെ വേരുകളോളം പടർന്നു നിൽക്കുന്നുണ്ടെന്നു സാരം. 1906-ൽ ബംഗാളിൽ രൂപംകൊണ്ട യങ് ഇന്ത്യ ലീഗ് തൊട്ട് 1926ൽ ഭഗത്‌സിങ്ങിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ രൂപീകരിച്ച നൗ ജവാൻ ഭാരത് സഭ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ നിരവധി യുവജന പ്രസ്ഥാനങ്ങൾ രാഷ്ട്രീയമായി ഒരുക്കിവച്ച വിപ്ലവബോധമാണ് എഐവൈഎഫ് എന്ന സംഘടനയുടെ പിറവിയിലേക്ക് നയിച്ചത്. ഇന്ത്യയിലെ ലക്ഷണമൊത്ത ആദ്യത്തെ യുവജനസംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൗ ജവാൻ ഭാരത് സഭയും അതിന്റെ ആദ്യ സെക്രട്ടറിയായിരുന്ന ഭഗത്‌സിങ്ങിന്റെയും വിപ്ലവാദർശത്തെ പിൻപറ്റിക്കൊണ്ട് തന്നെയാണ് എഐവൈഎഫ് പ്രവർത്തനം ആരംഭിച്ചത് എന്ന് രേഖപ്പെടുത്തുന്നതാവും ചരിത്രത്തിലെ വലിയ ശരി. ഭഗത്‌സിങ്ങിന്റെയും സഖാക്കളുടെയും ആവേശകരവും സാഹസികവുമായ വിപ്ലവപാതയിൽ ആകൃഷ്ടരായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളുടെ പ്രതീക്ഷകളും രാഷ്ട്രീയ സ്വപ്‌നങ്ങളും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് എഐവൈഎഫ് ആണെന്ന് പറയുന്നത് ആവേശഭരിതമാണ്. ഏകീകൃത ഇന്ത്യൻ റിപ്പബ്ലിക്ക് സ്ഥാപിക്കാൻ യുവാക്കൾക്കിടയയിൽ ദേശാഭിമാന ബോധമുണർത്തുന്ന പ്രവർത്തനങ്ങളായിരുന്നു നവജവാൻ ഭാരത്‌സഭ നടത്തിയതെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളാണ് വിവിധ കാലങ്ങളിൽ എഐവൈഎഫ് ഏറ്റെടുത്തത്. 1925 ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടെങ്കിലും പരസ്യമായി പ്രവർത്തിക്കാൻ കഴിയാതിരുന്ന ആദ്യകാലത്ത് പരസ്യ പ്രവർത്തനങ്ങൾക്കുള്ള വേദി എന്ന നിലയിൽ രൂപീകരിച്ച തൊഴിലാളി-കർഷക പാർട്ടിയുടെ യുവജനവിഭാഗമായ യങ് കമ്യൂണിസ്റ്റ് ലീഗി (യങ് കോമ്രേഡ് ലീഗി)ന്റെ പ്രവർത്തനങ്ങളും എഐവൈഎഫിന് പ്രചോദനമായിട്ടുണ്ട്. 1928-ൽ ധരണി ഗോസ്വാമിയുടെ നേതൃത്വത്തിൽ കൽക്കത്തയിലാണ് യങ് കമ്യൂണിസ്റ്റ് ലീഗ് രൂപീകരിച്ചത്. മാർക്‌സിസം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് അവർ പ്രധാനമായും ഏറ്റെടുത്തത്. ഭരണഘടനയിൽ തന്നെ ‘ശാസ്ത്രീയ സോഷ്യലിസം’ ലക്ഷ്യമായി പ്രഖ്യാപിച്ച അഖിലേന്ത്യ യുവജന ഫെഡറേഷന്റെ പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുന്നതിന് യങ് കമ്യൂണിസ്റ്റ് ലീഗിന്റെ സ്വാധീനം വളരെ വലുതായിരുന്നു എന്ന് കാണാൻ കഴിയും. ഭഗത്‌സിങ്ങിന്റെയും സഖാക്കളുടെയും രക്തസാക്ഷിത്വം മൂന്നായി മുറിഞ്ഞുകിടന്ന കേരളത്തിലും യുവജന പ്രസ്ഥാനത്തിന്റെ പിറവിക്കും പോരാട്ടങ്ങൾക്കും കാരണമായി. 1931 മാർച്ച് 23ന് ഭഗത്‌സിങ്ങിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് വൻ പ്രതിഷേധ പ്രകടനം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോടും കണ്ണൂരിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വം കേരളത്തിലെ യുവാക്കളിൽ സൃഷ്ടിച്ച ആദ്യ പ്രതിഫലനമാണ് 1931-ൽ എൻ സി ശേഖറിന്റെ നേതൃത്വത്തിൽ ബാലരാമപുരത്ത് പിറവികൊണ്ട യൂത്ത് ലീഗ്. അതേ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്ത് പൊന്നറ ശ്രീധറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന യുവജനങ്ങൾ തിരുവിതാംകൂർ യൂത്ത് ലീഗിന് രൂപം നൽകി. ഏറെ താമസിയാതെ കൊച്ചിയിലും മലബാറിലും യൂത്ത്‌ലീഗ് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. കോഴിക്കോട് കെ വി കുഞ്ഞിക്കണ്ണൻ നായരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കരിവെള്ളൂർ കേന്ദ്രമാക്കി എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഭിനവ് ഭാരത് യുവസംഘം മലബാറിന്റെ വിപ്ലവ വീര്യം ഉണർത്തിയ സംഘടനയായി മാറി. സ്വാതന്ത്ര്യസമരത്തിൽ വിദ്യാർഥികളെ അണിനിരത്തിയ എ.ഐ.എസ്.എഫ് വഹിച്ച പങ്കിനോളം തന്നെ യുവജനങ്ങളെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധഭൂമിയിൽ അടരാടുവാൻ പ്രാപ്തരാക്കുന്നതിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രവർത്തനം നടത്തിയ ചെറുതും വലുതുമായ യുവജന പ്രസ്ഥാനങ്ങൾ മുഖ്യപങ്ക് വഹിക്കുകയുമുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ യുവജനങ്ങളെ രാഷ്ട്രീയത്തിന്റെ നേർവഴിയിൽ നയിക്കുന്നതിനും രാജ്യം ഭരിച്ച ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നതിലും ഏറ്റവും ഉജ്ജ്വലമായ നേതൃത്വമായി പ്രവർത്തിച്ച പ്രസ്ഥാനം എഐവൈഎഫ് ആണ്.

1959- മെയ് 3ന് ഡൽഹിയിൽ വച്ച് എഐവൈഎഫ് രൂപംകൊണ്ടതിന് ശേഷം 1959 ജൂൺ 7ന് എറണാകുളത്ത് ചേർന്ന കൺവൻഷനിൽ വച്ചാണ് എഐവൈഎഫിന്റെ കേരള സംസ്ഥാന ഘടകം രൂപീകരിക്കപ്പെട്ടത്. പി കെ വാസുദേവൻ നായർ ആദ്യ സംസ്ഥാന പ്രസിഡന്റും വി എൻ അച്ചുതകുറുപ്പ് ജനറൽ സെക്രട്ടറിയും ആയി തെരഞ്ഞെടുക്കപ്പെട്ടു. 1959 ഒക്‌ടോബർ 30, 31 തീയതികളിൽ കോട്ടയത്ത് ആദ്യ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് കേരളത്തിലെ എഐവൈഎഫിന്റെ സാന്നിധ്യവും സ്വാധീനവും വിളംബരം ചെയ്തു. ‘വ്യക്തമായ കാഴ്ചപ്പാടോ നേർവഴി കാണിക്കുന്ന നേതൃത്വമോ ഇല്ലാത്തതും നിമിത്തം പിന്തിരിപ്പനായ ആശയഗതികൾ യുവജനങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. യുവജനങ്ങൾക്കിടയിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ അടുത്തകാലത്ത് കടുത്ത ശ്രമങ്ങൾ നടക്കുകയുണ്ടായി. പുരോഗതിക്ക് തടസമായി നിൽക്കുന്ന ഇത്തരം ആശയഗതികളേയും ശക്തികളേയും എതിർത്തു തോൽപ്പിക്കാൻ യുവജന ഫെഡറേഷൻ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കും.’ ഇത് ഒന്നാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ഏറ്റവും പ്രധാന ഭാഗമാണ്. ഈ പ്രഖ്യാപനത്തിന്റെ അർഥവ്യാപ്തി മനസ്സിലാക്കിക്കൊണ്ടുള്ള നിരന്തരമായ ക്യാമ്പെയിനുകളാണ് തുടർന്നിങ്ങോട്ട് എഐവൈഎഫ് ഏറ്റെടുത്തിട്ടുള്ളത്.

പോരാട്ടങ്ങൾ[തിരുത്തുക]

ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം സ്മരിക്കപ്പെടുന്നതാവും 18 വയസിൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് ഈ സംഘടന നടത്തിയ നിരന്തരമായ സമരങ്ങൾ. തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലിനുവേണ്ടി നടത്തിയ സമരങ്ങൾ എണ്ണമറ്റതാണ്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. 1979ൽ ആരംഭിച്ച് 1984 വരെ നീണ്ടുനിന്ന സമരപരമ്പരകൾ. വ്യത്യസ്തങ്ങളായ പോരാട്ടങ്ങൾ. രാജ്യം ശ്രദ്ധിച്ച യുവജനസമരമായിരുന്നു തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം. രാസ്താ-രോഘോ, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ പാർലമെന്റ് രാജ് ഭവൻ മാർച്ചുകൾ, പഞ്ചാബിൽ വർഗീയ-വിഘടനവാദികൾക്കെതിരെ പോരാടുന്ന ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ്-രാമജൻമഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്‌നേഹമതിൽ, എക്കാലത്തെയും പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ വനിതാമാർച്ച് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് രാജ്യത്ത് നേതൃത്വം നൽകിയത്. സഖാവ് ജയപ്രകാശ് ഉൾപ്പെടെയുള്ള നിരവധി രക്തസാക്ഷിത്വങ്ങൾ. പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരവാദികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച 89 എഐവൈഎഫ് സഖാക്കൾ, പൊലീസിന്റെ ഭീകരമായ മർദനങ്ങൾ ഏറ്റുവാങ്ങി തലയോടും തോളെല്ലും തകർന്ന നൂറുകണക്കിന് സഖാക്കളുടെ ചോരവീണ് കുതിർന്ന മണ്ണിൽ നിന്ന് അടിപതറാതെ ഇപ്പോഴും എഐവൈഎഫ് ഇൻക്വിലാബിന്റെ ഈരടികൾ ഉയർത്തുന്നു. ദേശീയ-സാർവദേശീയ പ്രശ്‌നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും നിലപാടുകൾ സ്വീകരിച്ച എഐവൈഎഫ് വിയറ്റ്‌നാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ മുദ്രാവാക്യമാണ് മേരാ നാം വിയറ്റ്‌നാം തേരാ നാം വിയറ്റ്‌നാം എന്നത്. ലോകത്തേത് മണ്ണിലും നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും ഭീകരവാദത്തിനും എതിരായി ശബ്ദം ഉയർത്താൻ എഐവൈഎഫ് ഉണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.cpi.org.in/CPI-MassOrgBody.htm/[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.aiyf.in/ Archived 2012-04-26 at the Wayback Machine.
  3. http://flagspot.net/flags/in%7Daiyf.html/ Archived 2010-11-25 at the Wayback Machine.
  4. http://www.wfdy.org/ Archived 2017-06-26 at the Wayback Machine.