അചിന്ത്യകുമാർ സെൻ‌ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Achintya Kumar Sengupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അചിന്ത്യകുമാർ സെൻഗുപ്ത് ഒരു ബംഗാളി നോവലിസ്റ്റായിരുന്നു (1903 ‌- 1976). ആദ്യകാലങ്ങളിൽ കവിതാരചനയിലാണ് സെൻഗുപ്ത തത്പരനായിരുന്നത്. ഇദ്ദേഹത്തിന്റെ പ്രധാനപെട്ട കവിതകൾ ഇവയാണ്

  • അമാവാസ്യാ,
  • പ്രിയാ,
  • പൃഥ്വീ,
  • നീല് ആകാശ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധമാണ്. പക്ഷേ, പിന്നീട് കാവ്യരചനയിൽനിന്നു വിരമിച്ച് ചെറുകഥയും നോവലും എഴുതിത്തുടങ്ങി. രവീന്ദ്രനാഥ് ടാഗോറിന് എതിരായി ഒരു വിപ്ളവസാഹിത്യപ്രസ്ഥാനം തുടങ്ങുകയും അനേകം യുവസാഹിത്യകാരൻമാരെ അതിനുകീഴിൽ അണിനിരത്തുകയും ചെയ്യാൻ സെൻഗുപ്തയ്ക്കു കഴിഞ്ഞു.

പ്രമുഖനായ ഒരു നോവലിസ്റ്റ് എന്ന നിലയിൽ സെൻഗുപ്ത സമാദരണീയനാണ്.

  • ബെദെ ആകസ്മിക്,
  • വിവാഹേർ ചെയേബഡോ,
  • പ്രാചീർ ഓ പ്രാന്തർ,
  • ഊർണനാഭ്,
  • ഇന്ദ്രാണി,
  • തുമീ ആർ അമീ എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച നോവലുകൾ. വിപ്ളവാവേശം തിരതല്ലുന്ന ആശയങ്ങളും അവയുടെ ആവിഷ്കരണത്തിനുതകുന്ന കഥാപാത്രങ്ങളും ഊർജസ്വലമായ ശൈലിയും സൂക്ഷ്മമായ ജീവിതനിരീക്ഷണവും സെൻഗുപ്തയുടെ നോവലുകളുടെ സവിശേഷതകളാണ്.

നൂതനരീതിയിലുള്ള നിരവധി ചെറുകഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മാനവജീവിതത്തിന്റെ എല്ലാ കെടുതികളും മേൻമകളും ഈ കഥകളിൽ ദൃശ്യമാണ്.

  • ഇതി,
  • രുദ്രേർ ആവിർഭാവ്,
  • ഡബിൾഡെക്കർ,
  • ജതന്ബീബി,
  • ഹാഡി മുചിഡോം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങൾ.

സെൻഗുപ്ത രചിച്ച, ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവചരിത്രം ബംഗാളി ജീവചരിത്രസാഹിത്യത്തിന് വിലപ്പെട്ട ഒരു സംഭാവനയാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അചിന്ത്യകുമാർ സെൻ‌ഗുപ്ത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.