ഹോന്ഥ്-ചില്ലാർ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹോന്ഥ്-ചില്ലാർ കൂട്ടക്കൊല
സ്ഥലംഹോന്ഥ്-ചില്ലാർ റെവാരി, ഹരിയാന
നിർദ്ദേശാങ്കം28°16′47″N 76°39′7″E / 28.27972°N 76.65194°E / 28.27972; 76.65194
തീയതിനവംബർ 2, 1984
ആക്രമണലക്ഷ്യംസിഖ് വംശജർ
മരിച്ചവർ32
Assailantകോൺഗ്രസ്സ് പാർട്ടിയിലെ 200-250 ഓളം വരുന്ന പ്രവർത്തകർ

1984 ഒക്ടോബർ 31 ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് സിഖ് വംശജർക്കതിരേ ഉണ്ടായ കലാപത്തിൽ നവംബർ 2ന് ഹരിയാനയിലെ റെവാരി ജില്ലയിലുള്ള ഹോന്ഥ്-ചില്ലാർ എന്ന പ്രദേശത്ത് 32 സിഖുകാർ കോൺഗ്രസ്സ് പ്രവർത്തകരാൽ കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവമാണ് ഹോന്ഥ്-ചില്ലാർ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. പോലീസുകാർ അക്രമികളെ സഹായിക്കുകയായിരുന്നു എന്ന് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ രൂപീകരിക്കപ്പെട്ട കമ്മീഷനുകളുടെ പ്രഥമവിവര റിപ്പോർട്ടുകളിൽ പറയുന്നു. കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ മറവുചെയ്ത സ്ഥലം, 2011 ജനുവരിയിൽ കണ്ടെത്തുകയുണ്ടായി.

പശ്ചാത്തലം[തിരുത്തുക]

1947 ൽ ഇന്ത്യാ വിഭജനകാലത്ത് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കു കുടിയേറിയ 16 കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഹോന്ഥ്. ചില്ലാർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള, കർഷക കുടുംബങ്ങൾ ചെറിയ കൂട്ടമായി താമസിച്ചിരുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹോന്ഥ്.[1]

1984 ഒക്ടോബർ 31 ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ സുരക്ഷാ ഉദ്യോഗസ്ഥരും, സിഖ് വംശജരുമായ രണ്ടു പേരാൽ വധിക്കപ്പെട്ടു. ഡൽഹിയിൽ ഒരു സിഖു വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ചില മുതിർന്ന കോൺഗ്രസ്സു നേതാക്കളുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ സിഖുകാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി.[2][3] പോലീസ് അക്രമികൾക്ക് സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് പിന്നീട് ഇതിനെക്കുറിച്ചന്വേഷിച്ച വിവിധ കമ്മീഷനുകൾ കണ്ടെത്തി.

കൂട്ടക്കൊല[തിരുത്തുക]

1984 നവംബർ ഒന്നിന്, സിഖ് വംശജർ താമസിക്കുന്ന ഹോന്ഥ് ഗ്രാമം, കോൺഗ്രസ്സ് നേതൃത്വത്തിലുള്ള അക്രമികൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നവെങ്കിലും, ഗ്രാമവാസികളുടെ ഒറ്റക്കെട്ടായ എതിർപ്പിനെത്തുടർന്ന് ആ ശ്രമം വിജയിച്ചില്ല.[4] നവംബർ രണ്ടാം തീയതി ഇരുന്നൂറിനു മുകളിൽ ആളുകൾ ഒരു ട്രക്കിലും, ബസ്സിലുമായി ഗ്രാമത്തിൽ വന്നിറങ്ങി. കോൺഗ്രസ്സ് പാർട്ടിക്കനുകൂലമായി മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ആയുധങ്ങളുമായി അവർ സിഖുകാരെ ആക്രമിക്കാൻ തുടങ്ങി. 31 പേരെ അവർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയും, മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു.[5] സിഖുകാരുടെ, ഗുരുദ്വാരകളും, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രാമീണർ ഒളിച്ചിരുന്ന ബംഗ്ലാവുകളും ജനക്കൂട്ടം ആക്രമിക്കാൻ തുടങ്ങി. ഈ വീടുകളുടെ മുകളിലൂടെ മണ്ണെണ്ണ ഒഴിച്ച് അതിനു തീവെച്ചു. തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ ഗ്രാമീണർ തങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി തിരിച്ചാക്രമിക്കാൻ തുടങ്ങി. ഈ പ്രത്യാക്രമണത്തിൽ അക്രമികളിലൊരാൾ കൊല്ലപ്പെട്ടു. തുടക്കത്തിൽ ഭയന്ന് ഓടിയ ഗ്രാമീണർ തിരികെ വന്ന് അക്രമികളോടെതിരിടാൻ തുടങ്ങി.

ഗോന്ഥ്-ചില്ലാർ ഗ്രാമത്തിലെ തലവൻ ആയിരുന്ന ധൻപത് സിങിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയത്. രാവിലെ ഗ്രാമം നശിപ്പിക്കാനെത്തിയ അക്രമികൾ ഗ്രാമീണരുടെ ചെറുത്തിനില്പുകൊണ്ട് തിരിച്ചുപോയെങ്കിലും, വൈകീട്ട് പ്രതികാരദാഹത്തോടെയാണ് എത്തിയതെന്ന് ഇതിൽ പറയുന്നു. 20 ഓളം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതുകൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു.[6]

2011 ജനുവരിയിൽ ഗുർഗാവോണിൽ എൻജിനീയറായിരുന്ന മൻവീന്ദർ സിങ് ആണ് ഹോന്ഥ്-ചില്ലാർ കൂട്ടക്കൊലക്കു ശേഷം മൃതദേഹങ്ങൾ മറവു ചെയ്തിരുന്ന സ്ഥലം അവിചാരിതമായി കണ്ടെത്തിയത്. ഈ സ്ഥലത്തെക്കുറിച്ച് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുമാണ് മൻവിന്ദറിനു വിവരം ലഭിക്കുന്നത്. സിഖ് വിദ്യാർത്ഥി സംഘടനകളുടേയും, സർക്കാരേതിര സംഘടനകളുടേയും സഹായത്തോടെയാണ് മൻവീന്ദർ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്.

അവലംബം[തിരുത്തുക]

  1. രമണീന്ദർ, ഭാട്ടിയ (2011-02-23). "എവിഡൻസ് ഓഫ് അബോമിനബിൾ ക്രൈം എഗെയിൻസ്റ്റ് സിഖ്സ്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2014-09-13.
  2. "ഇന്ദിരാ ഗാന്ധീസ് ഡെത്ത് റിമംബേഡ്". ബി.ബി.സി. 2009-11-01. ശേഖരിച്ചത് 2014-09-13.
  3. "ലെറ്റ് സിറ്റ് പ്രോബ്, 84 റയട്ട് കേസസ്. ഗവൺമെന്റ് ടെൽസ് എൽ-ജി". ഇന്ത്യൻ എക്സ്പ്രസ്സ്. 2014-01-30. ശേഖരിച്ചത് 2014-09-13.
  4. "1984 റയട്ട്സ് ഇൻ പട്ടോഡി, നോട്ട് എ വിസ്പർ എസ്കേപ്ഡ്". തെഹൽക.കോം. 2011-03-11. ശേഖരിച്ചത് 2014-09-13.
  5. രാകേഷ്, രഞ്ജൻ (2011-03-11). "ചില്ലാർ ടിയേഴ്സ് ലോസ്റ്റ് ടു വിൻഡ് അസ് കോപ്സ് ലൂസ് എഫ്.ഐ.ആർ". ദ പയനീർ. ശേഖരിച്ചത് 2014-09-13.
  6. "കില്ലേഴ്സ് മോട്ടീവ് വാസ് റിവഞ്ച്, അറ്റ് ഹോന്ഥ് ചില്ലാർ മെൻഷൻഡ് ഇൻ എഫ്.ഐ.ആർ". ടൈംസ്ഓഫ്ഇന്ത്യ. 2011-02-24. ശേഖരിച്ചത് 2014-09-13.