Jump to content

സ്ക്വാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ക്വാഷ്
രണ്ടുപേർ സ്ക്വാഷ് കളിക്കുന്നു
കളിയുടെ ഭരണസമിതിവേൾഡ് സ്ക്വാഷ് ഫെഡറേഷൻ (ഡബ്ല്യു.എസ്‌.എഫ്)
ആദ്യം കളിച്ചത്1830, ഹാരോ, ഇംഗ്ലണ്ട്
സ്വഭാവം
ശാരീരികസ്പർശനംഇല്ല
ടീം അംഗങ്ങൾസിംഗിൾസ് / ഡബിൾസ്
വർഗ്ഗീകരണംറാക്കറ്റ് സ്പോർട്ട്
കളിയുപകരണംസ്ക്വാഷ് ബോൾ , സ്ക്വാഷ് റാക്കറ്റ്, ഗോഗ്ഗിൾസ്
ഒളിമ്പിക്സിൽ ആദ്യംഇതുവരെയില്ല, എന്നാൽ ഐ.ഒ.സി (ഇൻറർനാഷണൽ ഒളിമ്പിക് അസോസിയേഷൻ) അംഗീകരിച്ച കായിക വിനോദങ്ങളിൽ ഒന്നാണ്.


രണ്ടോ നാലോ പേർ നാലുവശവും ചുവരുള്ള കോർട്ടിൽ റാക്കറ്റും പൊള്ളയായ റബ്ബർ പന്തും ഉപയോഗിച്ചു കളിക്കുന്ന കായിക വിനോദമാണ്‌ സ്ക്വാഷ്.

ചരിത്രം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ആരംഭിച്ച റാക്കറ്റ്സ് എന്ന കളിയുടെ വകഭേദമാണ് സ്ക്വാഷ്. ഇരുകളികളും പന്ത് ചുവരിലേക്ക് അടിച്ചാണ് കളിക്കുന്നത്. സ്ക്വാഷിൽ പൊള്ളയായ റബ്ബർ പന്താണ് ഉപയോഗിക്കുന്നതെങ്കിൽ റാക്കറ്റ്സിൽ കട്ടിയുള്ള പന്താണ് ഉപയോഗിക്കുന്നത്. പൊള്ളയായ റബ്ബർ പന്ത് ചുവരിൽ തട്ടി ഉടക്കുമ്പോൾ ഉണ്ടാകുന്ന പാത വ്യത്യാസം കൂടുതൽ കായികാധ്വാനത്തിനും വിവിധ ഷോട്ടുകൾക്കും വഴിവെക്കുന്നു എന്ന ചിന്തയാണ് റാക്കറ്റ്സിൽ നിന്ന് സ്ക്വാഷിലേക്ക് നയിക്കുന്നത്.

ഞെരുങ്ങുക അഥവാ ഉടക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷ് പദമാണ്‌ സ്ക്വാഷ്. സ്ക്വാഷ് രൂപപ്പെട്ടത് 1830-ൽ ഇംഗ്ലണ്ടിലെ ഹാരോ വിദ്യാലയത്തിലാണ്. 1864-ൽ സ്കൂൾ ഈ കായികവിനോദത്തെ അംഗീകരിക്കുകയും നാല് സ്ക്വാഷ് കോർട്ടുകൾ നിർമ്മിക്കുകയും ചെയ്തു.

1890ൽ ബ്യൂഫോർട്ട്‌ പ്രഭു രചിച്ച ദി ബാഡ്മിൻറൺ ലൈബ്രറി ഓഫ് സ്പോർട്സ് ആൻറ് പാസ്റ്റ് ടൈംസ്‌ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് സ്ക്വാഷിനെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. എന്നാൽ ടെന്നിസിലും റാക്കറ്റ്സിലും ലോകജേതാവായിരുന്ന യൂസ്റ്റസ് മൈൽസ് ആണ് സ്ക്വാഷിനെക്കുറിച്ച് ആദ്യമായി(1901) പുസ്തകമെഴുതുന്നത്. ആദ്യ പ്രൊഫഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് 1920ൽ ഇംഗ്ലണ്ടിലാണ്. അതിൽ ക്വീൻസ് ക്ലബ്ബിന്റെ സി.ആർ റീഡ് ആർ.എ.സി ക്ലബ്ബിന്റെ എ.ഡബ്ല്യു.ബി ജോൺസനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.

കളിയുപകരണങ്ങൾ[തിരുത്തുക]

സ്ക്വാഷ് റാക്കറ്റുകൾ

പൊള്ളയായ റബ്ബർ പന്തും റാക്കറ്റും ഗോഗ്ഗ്ൾസുമാണ് സ്ക്വാഷിൻറെ പ്രധാന കളിയുപകരണങ്ങൾ. പ്രധാനമായും രണ്ടു തരം പന്തുകളാണ് സ്ക്വാഷിൽ ഉപയോഗിക്കുന്നത്. രണ്ടു മഞ്ഞപ്പുള്ളികളുളള പന്തും ഒരു മഞ്ഞപ്പുള്ളിയുള്ള പന്തും. പുള്ളികളുടെ എണ്ണവും നിറവും വേഗത്തെയാണ് സുചിപ്പിക്കുന്നത്. പുള്ളികളുടെ എണ്ണം വേഗത്തിന് ആനുപാതികമാണ്, എന്നാൽ മഞ്ഞ നിറം വേഗക്കുറവിനെയാണ് സുചിപ്പിക്കുന്നത്. പന്തുകളുടെ വ്യാസം 40 മില്ലീമീറ്ററും ഭാരം 24 ഗ്രാമുമാണ്. സ്ക്വാഷ് റാക്കറ്റുകൾ ടെന്നീസ് റാക്കറ്റിനോട് സമാനമാണെങ്കിലും ആകൃതിയിൽ നേരിയ വ്യത്യാസങ്ങളുണ്ട്‌. സ്ക്വാഷ് കോർട്ടുകളുടെ മൂന്നുവശം ഭിത്തി കൊണ്ടും ഒരു വശം മത്സരം വീക്ഷിക്കാനുള്ള പളുങ്ക് ചുവരുമാണ്. ഒരു സിംഗിൾസ് സ്ക്വാഷ് കോർട്ടിൻറെ നീളം·വീതി·ഉയരം 9.75m·6.40m·5.64m ആണ്.

കളിക്കുന്ന വിധം[തിരുത്തുക]

ഗ്ലാസ്‌ നിർമ്മിതമായ പ്രൊഫഷണൽ സ്ക്വാഷ് കോർട്ട്

റാക്കറ്റ് സ്പിൻ വിജയിയാണ് സർവീസ് ആരംഭിക്കുക. ഓരോ ഗെയ്മിൻറെ ആരംഭത്തിലും സെർവർ മാറുമ്പോഴും ഏതു സർവീസ് ബോക്സിൽ നിന്ന് സെർവ്വ് ചെയ്യണമെന്ന് സെർവർക്ക് തീരുമാനിക്കാം. സെർവർ സർവീസ് നിലനിർത്തുകയാണെങ്കിൽ ഓരോ ബോക്സിൽ നിന്നും ഏകാന്തരക്രമത്തിൽ സെർവ്വ് ചെയ്യണം. സെർവ്വ് ചെയ്യുമ്പോൾ സെർവറുടെ പാതം സർവീസ് ബോക്സിനുള്ളിലായിരിക്കുകയും പാതങ്ങൾ ഒന്നും ബോക്സുകളുടെ അതിരിൽ തൊടാതിരിക്കുകയും വേണം. ഓരോ റാലി ജയിക്കുന്നവർ പിന്നീട് സെർവ്വ് ചെയ്യണം. ഒരു റാലി ജയിക്കുമ്പോൾ ജേതാവിന് ലഭിക്കുന്നത് ഒരു പോയിൻറാണ്. അങ്ങനെ ആദ്യ പതിനൊന്ന് പോയിൻറ് നേടുന്നയാൾ ഗെയിം സ്വന്തമാക്കും. രണ്ടു കളിക്കാർക്കും/ടീമുകൾക്കും പത്തുപോയിൻറ് വീതം ലഭിക്കുകയാണെങ്കിൽ പിന്നീട് രണ്ടു പോയിൻറ് വ്യത്യാസം വരുന്നതുവരെ ആ ഗെയിം തുടരും. ഒരു മാച്ചിൽ അഞ്ചു ഗെയിമാണുള്ളത്‌. ചില അവസരങ്ങളിൽ മൂന്നു ഗെയിമിൻറെ മാച്ചും നടത്താറുണ്ട്‌.


മത്സരനിയന്ത്രണം[തിരുത്തുക]

ഒരു റഫറിയും ഒരു മാർക്കറും ചേർന്നാണ് മത്സരം നിയന്ത്രിക്കുന്നത്‌. മത്സരം ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ഓരോ റാലിക്കും ഗെയിമിനു ശേഷവും മത്സരത്തിൻറെ പുരോഗതി വിലയിരുത്തേണ്ടതും മാർക്കറാണ്. മാർക്കറെ തിരുത്താനുള്ള അവകാശം റഫറിക്കു മാത്രമാണുള്ളത്. മാർക്കറുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ കളിക്കാർക്ക് റഫറിയെ സമീപിക്കാവുന്നതാണ്. റഫറിയുടെ തീരുമാനം അന്തിമമായിരിക്കും. മാർക്കറുടെ നിലപാടിൽ തെറ്റുണ്ടെങ്കിൽ പരാതിക്കു കാത്തുനിൽകാതെ നേരിട്ട് നടപടിയെടുക്കാനും ഇടയ്ക്ക് മത്സരം നിർത്താനും റഫറിയ്ക്ക് അധികാരമുണ്ട്‌.

മത്സരനിയന്ത്രണ സംഘടനകളും അന്താരാഷ്ട്ര മത്സരങ്ങളും[തിരുത്തുക]

ജഹാംഗീർ ഖാൻ

സ്ക്വാഷിനുവേണ്ടി രൂപീകരിച്ച ആദ്യ സംഘടന 1907-ൽ സ്ഥാപിതമായ യു.എസ്‌ സ്ക്വാഷ് റാക്കറ്റ്സ് അസോസിയേഷൻ ആണ്. 1912-ൽ നിർമ്മിച്ച ആർ.എം.എസ്‌ ടൈറ്റാനിക് എന്ന ആഡംബര കപ്പലിൽ സ്ക്വാഷ് കോർട്ടുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

1933-ൽ ഈജിപ്തുകാരനായ എഫ്.ഡി. അമ്ർ ബേ തൻറെ ആദ്യ ബ്രിട്ടീഷ്‌ ഓപ്പൺ ചാമ്പ്യൻഷിപ്പ് നേടി. അക്കാലത്തെ സ്ക്വാഷ് ലോകചാമ്പ്യൻഷിപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെൻറാണ് ബ്രിട്ടീഷ്‌ ഓപ്പൺ ചാമ്പ്യൻഷിപ്പ്. അതിനുശേഷം ഈജിപ്തും ഇംഗ്ലണ്ടും ഒരുപോലെ സ്ക്വാഷിൽ ആധിപത്യം പുലർത്തി പോരുന്നു. പാകിസ്താനിൽ നിന്നുള്ള ജഹാംഗീർ ഖാനാണ് സ്ക്വാഷിലെ ഇതിഹാസം എന്നറിയപ്പെടുന്നത്. അദ്ദേഹം വേൾഡ് ഓപ്പൺ ആറുവട്ടവും ബ്രിട്ടീഷ്‌ ഓപ്പൺ പത്തുവട്ടവും നേടിയിട്ടുണ്ട്.

പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ (പി.എസ്‌.എ):- ടെന്നിസിൽ ഡബ്ല്യു.ടി.എ യ്ക്ക് സമാനമായ സ്ക്വാഷിലെ സംഘടനയാണ് പി.എസ്‌.എ. സ്ഥാപിതമായത് 1975-ലാണ്. എല്ലാമാസവും പി.എസ്‌.എയിൽ അംഗമായിട്ടുള്ള കളിക്കാരുടെ പ്രകടനം വിലയിരുത്തിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അവലംബം[തിരുത്തുക]

[1][2][3]</ref>[4]

  1. Zug, James. "History of Squash"
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2017-01-15.
  3. www.worldsquash.org/ws/rules
  4. www.worldsquash.org › Home › ABOUT WSF › History
"https://ml.wikipedia.org/w/index.php?title=സ്ക്വാഷ്&oldid=3792933" എന്ന താളിൽനിന്ന് ശേഖരിച്ചത്