സുംബ
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2025 ജൂലൈ) |

ആരോഗ്യത്തിന് ഉത്തമമായ ഒരു ഡാൻസ് ഫിറ്റ്നസ് രീതിയുടെ പേരാണ് സുംബ വ്യായാമ നൃത്തം അല്ലെങ്കിൽ സുംബ ഫിറ്റ്നസ് ഡാൻസ്. ശാസ്ത്രീയമായ രീതിയിൽ എയ്റോബിക്സ് വ്യായാമ മുറകൾ ഉൾപ്പെടുത്തിയിരിക്കുന്ന സുംബ ഫിറ്റ്നസ് ഡാൻസ് തികച്ചും ആരോഗ്യകരമായ ഒരു കാർഡിയാക് വ്യായാമ രീതിയാണ്. ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങൾക്കും വ്യായാമം കിട്ടുന്ന രീതിയിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.
ലോകമെമ്പാടും 180-തിലധികം രാജ്യങ്ങളിലായി ആഴ്ചയിൽ 15 ദശലക്ഷത്തിലധികം ആളുകൾ സുംബ പരിശീലിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഒരേസമയം രസകവും ഊർജ്ജസ്വലവുമാണ്. നൃത്തം അത്രകണ്ടു വശമില്ലാത്തവർക്കും എളുപ്പത്തിൽ ഇത് പഠിക്കാവുന്നതാണ്. ലളിതവും ആവർത്തന സ്വഭാവമുള്ളതുമാണ് സുംബയുടെ സ്റ്റെപ്പുകൾ എന്നതാണ് അതിന്റെ കാരണം. കുട്ടികൾ, ചെറുപ്പക്കാർ, വൃദ്ധർ, സ്ത്രീകൾ എന്നിങ്ങനെ എല്ലാവർക്കും സുംബ അനുയോജ്യമായ വ്യായാമമായി കണക്കാക്കപ്പെടുന്നു.
കൊളംബിയൻ ഡാൻസറും കൊരിയോഗ്രാഫരുമായ ആൽബെർട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളിൽ ഇന്ന് കാണുന്ന രൂപത്തിൽ ഈ വ്യായാമ നൃത്തം വികസിപ്പിച്ചത്. പ്രത്യേക രീതിയിലുള്ള നൃത്തവും സംഗീതവും ചേർത്ത് വ്യായാമത്തെ ഒരു ആഘോഷമാക്കി മാറ്റുന്നതാണ് സുംബയുടെ സവിശേഷത. ഇക്കാരണത്താൽ മടുപ്പില്ലാതെ സന്തോഷകരമായി ചെയ്യാം എന്നതാണ് സുംബയെ മറ്റ് വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ലോകമാകെ ലക്ഷക്കണക്കിന് ആളുകൾ സുംബ ഫിറ്റ്നസ് നൃത്തം ചെയ്യുന്നുണ്ട്.
മറ്റു വ്യായാമ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ ലളിതവും മടുപ്പുളവാക്കാത്തതും ആനന്ദകരമായ സംഗീതത്തിന്റെ അകമ്പടിയോടുകൂടിയതുമായതാണ് സുംബ ഫിറ്റ്നസ് ഡാൻസ്. പ്രത്യേകിച്ച് മറ്റ് വ്യായാമ രീതികൾ ചെയ്യുമ്പോൾ മടുപ്പ് ഉളവാകുന്ന ആളുകൾക്ക് സുമ്പ നൃത്തം ഏറെ അനുയോജ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമായും ഫിറ്റ്നസ്, ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, സന്തോഷം എന്നിവ മുൻ നിർത്തിയാണ് സുംബ ഇന്ന് പ്രചരിക്കുന്നത്. ഒരു ഉത്തമ വ്യായാമ രീതിയാണ് സുമ്പ. ഇത് ശാരീരികക്ഷമത, ഹൃദയാരോഗ്യം, അമിതവണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് ഫലപ്രദമാണ്. പ്രമേഹം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, അമിത രക്തസമ്മർദ്ദം, അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് സുമ്പ നൃത്തം പോലെയുള്ള വ്യായാമ രീതികൾ ചെറുപ്പത്തിലേ ശീലമാക്കുന്നത് അനുയോജ്യമാണ് എന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മാനസിക ആരോഗ്യത്തിന് ഗുണകരമായ സുംബ വിഷാദരോഗം, ഉത്കണ്ഠ, മാനസിക സമ്മർദം തുടങ്ങിയവയുടെ നിയന്ത്രണത്തിനും അനുയോജ്യമാണ്.
സൈക്ലിങ്ങ്, നീന്തൽ, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ, സ്കിപ്പിംഗ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിന്റൺ, നൃത്തം, അയോധന കലകൾ തുടങ്ങിയവയാണ് ഹൃദയധമ്നികളെ ഉത്തേജിപ്പിക്കുന്ന ഏറോബിക്സ് വ്യായാമങ്ങൾ. സുംബ ഫിറ്റ്നസ് നൃത്തം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവയെ കാർഡിയാക് വ്യായാമങ്ങൾ എന്നും അറിയപ്പെടുന്നു. ഇവ പരിശീലിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും വിയർക്കുകയും ചെയ്യാറുണ്ട്.
പല വിദേശ രാജ്യങ്ങളിലും സ്കൂളുകൾ, കോളേജുകൾ, ജിം, ഫിറ്റ്നസ് സെന്ററുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, കോർപ്പറേറ്റ് ട്രെയിനിങ് തുടങ്ങിയ ഇടങ്ങളിൽ എല്ലാം സുംമ്പ ഫിറ്റ്നസ് നൃത്ത പരിശീലനം നൽകി വരുന്നുണ്ട്. കേരളത്തിലും മറ്റും ഇന്ന് ഇതേ രീതി അനുവർത്തിച്ചു വരുന്നുണ്ട്.[1]
ഉത്ഭവം
[തിരുത്തുക]1990 കളിലാണ് സുംബയുടെ ഉത്ഭവം. കൊളംബിയൻ നർത്തകനും നൃത്തസംവിധായകനുമായ ബെറ്റോ പെരെസയാണ് ഇതിന്റെ സൃഷ്ടാവ്. അദ്ദേഹം ഒരിക്കൽ സംഗീതം പുനരാവിഷ്ക്കരിച്ചപ്പോൾ യാദൃശ്ചികമായി ഉണ്ടായതാണ് സുംബ. 2001 ആയപ്പോഴേക്കും അമേരിക്കൻ ഐക്യനാടുകളിൽ സുംബ വലിയ തരംഗം ആയി മാറുകയും ചെയ്തു. പെരസ് അടക്കം മൂന്ന് പേർ തുടങ്ങിയ ആ ഫിറ്റ്നസ് ബ്രാൻഡാണ് സുംബ ഫിറ്റ്നസ് എൽഎൽസി. ഇവർ ഡിവിഡികൾ പുറത്തിറക്കിയതോടെ സുംബ ലോകം മുഴുവൻ പ്രചാരത്തിലായി.
ഇന്ന് 180ലധികം രാജ്യങ്ങളിലായി ആഴ്ചയിൽ 15 ദശലക്ഷത്തിലധികം ആളുകൾ സുംബ പരിശീലിക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാവർക്കും പഠിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സൂംബ. പ്രത്യേക പരിശീലനം നേടിയ ഇൻസ്ട്രക്ടർമാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. സുമ്പ ബേസിക് 1, ബേസിക് 2, ഗോൾഡ്, 4 മുതല് 11 വയസുവരെ ഉള്ളവർക്കായി കിഡ്സ് & കിഡ്സ് ജൂനിയർ, അക്വാ സുമ്പ തുടങ്ങി വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്.
ആരോഗ്യ ഗുണങ്ങൾ
[തിരുത്തുക]- ആരോഗ്യം: പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- അമിതവണ്ണം കുറയ്ക്കുന്നു: ഒരു മണിക്കൂർ സുംബ ചെയ്താൽ 300 മുതൽ 600 കലോറി വരെ എരിച്ചു കളയുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഹൃദയാരോഗ്യം: തുടർച്ചയായ ചലനങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്തുന്നു.
- ഗുരുതര ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഉദാഹരണത്തിന്: പ്രമേഹം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, ഫാറ്റി ലിവർ, അമിത കൊളസ്ട്രോൾ, അമിത രക്തസമ്മർദ്ദം, പിസിഓഡി തുടങ്ങിയവ.
- പേശികളെ ശക്തിപ്പെടുത്തുന്നു: സുംബയിലെ വിവിധ ചുവടുകൾ ശരീരത്തിന്റെ എല്ലാ പേശികളേയും ശക്തിപ്പെടുത്തുന്നു.
- ശാരീരിക ക്ഷമതയും ഊർജസ്വലതയും വർധിപ്പിക്കുന്നു.
- മാനസിക ആരോഗ്യം: സംഗീതവും നൃത്തവും മാനസിക സമ്മർദം കുറയ്ക്കുകയും എൻഡോർഫിൻ എന്ന സന്തോഷം പ്രദാനം ചെയ്യുന്ന ഹോർമോൺ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സന്തോഷം നൽകുകയും വിഷാദം കുറയ്ക്കുകയും ചെയ്യുന്നു. ഉന്മേഷവും നൽകുന്നു.
- മാനസിക സമ്മർദം കുറയ്ക്കുന്നു: നൃത്തവും സംഗീതവും ഉൾപ്പെടുന്നതുകൊണ്ട് ശരീരത്തിൽ സന്തോഷഹോർമോണുകളുടെ ഉത്പാദനം കൂടും. മാനസിക സമ്മർദവും ജോലിസമ്മർദവുമെല്ലാം സുംബ കളിച്ച് കുറയ്ക്കാം.
- വിഷാദം: വിഷാദത്തിൽനിന്ന് കരകയറാനും ഉറക്കത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും.
- ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ ഇത് മെച്ചപ്പെടുത്തും.
- ഏകോപനം: നൃത്തചുവടുകൾ ശരീരത്തിന്റെ ഏകോപനവും ബാലൻസും മെച്ചപ്പെടുത്തുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു.
- കൂട്ടായ പ്രവർത്തനം: ഇതൊരു കൂട്ടായ പ്രവർത്തനം കൂടിയാണ്. എല്ലാവരും ഒരുമിച്ച് കൂടി നൃത്തം ചെയ്യുന്നത് സൗഹൃദങ്ങൾ വളർത്തുന്നു. ഗ്രൂപ്പ് ആയി ചെയ്യുന്നത് കാരണം ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും ഇതുവഴി കഴിയുന്നു.
- സുംബ ഒരു വ്യായാമ രീതി മാത്രമല്ല, ഒരു ജീവിതശൈലിയാണ്. സുംബ പരിശീലിക്കുന്നത് ഒരു ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് വേണമെങ്കിൽ പറയാം.
- കുട്ടികളിൽ: വ്യായാമം എന്ന നിലയിൽ കുട്ടികളെ സൂംബ പരിശീലിപ്പിക്കുന്നത് ആരോഗ്യകരമാണ്. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ആത്മവിശ്വാസം വർധിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളെയും, കുട്ടിക്കാലത്തെ അമിതവണ്ണത്തെ ഇല്ലാതാക്കാനുമെല്ലാം, പഠനത്തിന്റെ ഭാഗമായ മാനസിക സമ്മർദം കുറയ്ക്കാനും, ലഹരിയിൽ നിന്ന് കുട്ടികളെ വഴിതിരിച്ച് നടത്താനും സൂംബ സഹായിക്കും.
- കുട്ടികളുടെ ഊർജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്.
പരിശീലന രീതി
[തിരുത്തുക]സാധാരണ ഗതിയിൽ സാധാരണയായി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഇതിനെടുക്കുക. ഒരു സെഷനിൽ 10- 13 വരെ പാട്ടുകളുണ്ടാകും.
താളങ്ങൾ മാറിമാറിയാണ് പാട്ടുകൾ വരുന്നത്. ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം.
കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനും, അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച് പ്രത്യേകം സ്റ്റെപ്പുകളുണ്ട്.
പൊതുവെ ആഴ്ചയിൽ മൂന്ന് ക്ലാസുകൾ എന്ന കണക്കിലാണ് സുംബ പരിശീലനം. 10 മുതൽ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതൽ 15 മിനിറ്റ് വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും.
ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക.
പ്രായം
[തിരുത്തുക]സുംബ എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്. വിവിധ പ്രായക്കാർക്ക് അവർക്ക് യോജിക്കുന്ന രീതിയിൽ ചെയ്യാൻ സാധിക്കുന്നു. പ്രായത്തിനും ആവശ്യത്തിന് അനുസരിച്ച് സുംബ പലതരത്തിലുണ്ട്.
പലതരം സുംബ രീതികൾ
[തിരുത്തുക]വ്യത്യസ്ത തലങ്ങളിലുള്ള സുംബ ക്ലാസുകൾ ഇന്ന് ലഭ്യമാണ്. സുംബ ഗോൾഡ്, സുംബ കിഡ്സ് തുടങ്ങിയവയാണത്. ഇത് ഏത് തരക്കാർക്കും സുംബ എളുപ്പമാക്കുന്നു.
സ്റ്റാൻഡേർഡ് വേർഷനാണ് സുംബ ഫിറ്റ്നസ് നൃത്തം. കായിക ക്ഷമത കൂട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് സുംബ ടോണിംഗ്. സന്ധികളിൽ കുറഞ്ഞ ആഘാതം ഉണ്ടാക്കുന്നതിനായി വെള്ളത്തിൽ ചെയ്യുന്നതാണ് അക്വാ സുംബ. പ്രായമായവർക്ക് കുറഞ്ഞ തീവ്രതയിൽ ചെയ്യുന്നതാണ് സുംബ ഗോൾഡ്. 4 വയസ്സ് ലരെ പ്രായമുള്ള കുട്ടികൾക്കും അവരുടെ കൂടെയുള്ളവർക്കും വേണ്ടിയുള്ളതാണ് സുംബിനി.
അവലംബം
[തിരുത്തുക]- ↑ Zumba brings the dance party into the health club Archived 2011-10-29 at the Wayback Machine, USA Today, 10 October 2011