സിറാജ് ഉദ് ദൗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറാജ് ഉദ്-ദൗള
ബംഗാൾ നവാബ്
ഭരണകാലം ഏപ്രിൽ, 1756 - ജൂൺ, 1757
പൂർണ്ണനാമം മിർസ മുഹമ്മദ് സിറാജുദ് ദൗള
മുൻ‌ഗാമി അലി വർദി ഖാൻ
പിൻ‌ഗാമി മിർ ജാഫർ
രാജ്ഞി ബീഗം ലുത്ഫുന്നീസ
അനന്തരവകാശികൾ ഉമ്മ് സൊഹ്രa
പിതാവ് സൈനുദ്ദിൻ
മാതാവ് ആമിന ബീഗം

സിറാജ് ഉദ്-ദൗള എന്ന പേരിൽ പ്രശസ്തനായ മിർസ മുഹമ്മദ് സിറാജുദ് ദൗള (1733 – ജൂലൈ 2, 1757) ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളുടെ അവസാനത്തെ സ്വതന്ത്രനായ നവാബ് ആയിരുന്നു. സിറാജ് ഉദ് ദൗളയുടെ ഭരണത്തിന്റെ അന്ത്യം ബംഗാളും പിന്നീട് ഏകദേശം തെക്കേ ഏഷ്യ മുഴുവനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനു കീഴിൽ വരുന്നതിന് കാരണമായി. ഹിന്ദുസ്ഥാനി ഭാഷയിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിന് ബുദ്ധിമുട്ടിയ ബ്രിട്ടീഷുകാർ സിറാജ് ഉദ് ദൗളയെ സർ റോജർ ഡൗളറ്റ് എന്നുവിളിച്ചു.

ആദ്യകാലം[തിരുത്തുക]

സിറാജിന്റെ പിതാവായ സൈനുദ്ദിൻ ബീഹാറിന്റെ ഭരണാധികാരിയായിരുന്നു. അമ്മ ആമിനാ ബീഗം നവാബ് അലി വർദി ഖാനിന്റെ ഏറ്റവും ഇളയ മകളായിരുന്നു. അലി വർദി ഖാന് ആണ്മക്കൾ ഇല്ലായിരുന്നതിനാൽ ചെറുമകനായ സിറാജ് അദ്ദേഹത്തിന് പ്രിയങ്കരനാവുകയും, സിറാജിന്റെ കുട്ടിക്കാലം മുതൽക്കേ പരക്കെ മൂർഷിദാബാദ് കിരീടത്തിന് അവകാശിയായി കരുതപ്പെടുകയും ചെയ്തു. പിന്നാലെ നവാബിന്റെ കൊട്ടാരത്തിൽ, ഒരു പിൽക്കാല നവാബിന് യോജ്യമായ വിദ്യാഭ്യാസവും പരിശീലനവും സിറാജിന് നൽകി. 1746-ൽ മറാഠ രാജ്യത്തിന് എതിരേ അലി വർദി നയിച്ച യുദ്ധങ്ങളിൽ യുവാവായ സിറാജ് അലി വർദിയെ അനുഗമിച്ചു.

1752-ൽ അലി വർദി ഖാൻ തന്റെ ചെറുമകനെ ഔദ്യോഗികമായി കിരീടാവകാശിയും തന്റെ പിൻഗാമിയുമായി പ്രഖ്യാപിച്ചു. ഇത് രാജകൊട്ടാരത്തിലും കുടുംബത്തിലും അന്തശ്ഛിദ്രങ്ങൾക്ക് കാരണമായി.

നവാബ് പദവിയിൽ[തിരുത്തുക]

1756-ൽ തന്റെ 23-ആം വയസിൽ മിർസ മുഹമ്മദ് സിറാജ് അലി വർദി ഖാനെ പിന്തുടർന്ന് ബംഗാളിലെ നവാബ് ആയി സ്ഥാനമേറ്റു. സിറാജ്-ഉദ് ദൗളയെ നവാബ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത് ഘസേറ്റി ബീഗം (സിറാജിന്റെ അമ്മയുടെ ഏറ്റവും മുതിർന്ന സഹോദരി), രാജ രാജ്ബല്ലഭ്, മിർ ജാഫർ അലി ഖാൻ, ഷൗക്കത്ത് ജങ്ങ് (സിറാജിന്റെ മാതൃസഹോദരീ പുത്രൻ) എന്നിവരുടെ അസൂയയ്ക്കും ശത്രുതയ്ക്കും കാരണമായി. ഘസേറ്റി ബീഗം വലിയ സമ്പത്തിന് ഉടമയായിരുന്നു, ഇത് അവരുടെ ശക്തിയ്ക്കും സ്വാധീനത്തിനും കാരണമായിരുന്നു. ഇവരുടെ വലിയ എതിർപ്പിനെ മറികടന്ന് സിറാജ് ഉദ് ദൗള മോതിഝീൽ കൊട്ടാരത്തിൽ നിന്നും അവരുടെ സമ്പത്ത് പിടിച്ചെടുത്ത് തന്റെ അധീനതയിലാക്കി. സിറാജ് ഉദ് ദൗള തനിക്ക് പ്രിയങ്കരമായവർക്ക് ഉയർന്ന ഭരണ പദവികൾ നൽകി. മിർ ജാഫറിനു പകരം മിർ മദനെ ബക്ഷി (സൈന്യത്തിന് ശമ്പളം നൽകുന്നയാൾ) പദവിയിൽ അവരോധിച്ചു. തന്റെ ദിവാൻ ഖാനയുടെ പേഷ്കാർ ആയി മോഹൻലാലിനെ അവരോധിച്ചു, മോഹൻലാൽ ഭരണത്തിൽ വലിയ സ്വാധീനം ചെലുത്തി. പിന്നാലെ സിറാജ് പൂർണ്ണിയയുടെ ഗവർണ്ണർ ആയ ഷൗക്കത്ത് ജങ്ങിനെ അടിച്ചമർത്തി. ഒരു പോരാട്ടത്തിൽ ഷൗക്കത്ത് ജങ്ങ് കൊല്ലപ്പെട്ടു.

കൽക്കത്തയിലെ ഇരുട്ടറ[തിരുത്തുക]

തന്റെ പിതാമഹന്റെ നേരിട്ടുള്ള രാഷ്ട്രീയ ശിഷ്യനായിരുന്ന സിറാജ് ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണ താല്പര്യങ്ങളെക്കുറിച്ച് ബോധവാനായിരുന്നു, സിറാജ് ബംഗാളിലെ ബ്രിട്ടീഷ് രാഷ്ട്രീയ-സൈനിക സാന്നിദ്ധ്യത്തെ വെറുത്തു. തന്റെ കൊട്ടാരത്തിലെ ചിലരെ തന്നെ അധികാരത്തിൽ നിന്നും പുറത്താക്കാനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ചിലർ ഇടപെടുകയും ഗൂഢാലോചന ആരംഭിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ സിറാജ് അലോസരപ്പെട്ടു. കമ്പനിയ്ക്ക് എതിരെയുള്ള സിറാജിന്റെ പ്രധാന എതിർപ്പുകൾ മൂന്നെണ്ണമായിരുന്നു: ഒന്നാമതായി, അവർ ഒരു അറിയിപ്പോ അനുമതിയോ കൂടാതെ വില്യം കോട്ടയെ ശക്തിപ്പെടുത്തി, അതിനു ചുറ്റും സൈന്യത്തെ നിലയുറപ്പിച്ചു. രണ്ട്: മുഗൾ ഭരണാധികാരികൾ അവർക്കു നൽകിയ കച്ചവട അവകാശങ്ങളെ അവർ വ്യാപകമായി ദുരുപയോഗം ചെയ്തു, തത്ഫലമായി സർക്കാരിന് കസ്റ്റംസ് നികുതികളിൽ ഭീമമായ നഷ്ടം വരുത്തി; മൂന്നാമതായി, സിറാജ് ഉദ് ദൗളയുടെ ചില ഉദ്യോഗസ്ഥർക്ക് ഇവർ അഭയം നൽകി, ഉദാഹരണത്തിന് രാജ്ബല്ലവിന്റെ മകനായ കൃഷ്ണദാസ് സർക്കാർ പണം തട്ടിയെടുത്ത് ഠാക്കയിൽ നിന്നും പലായനം ചെയ്തപ്പോൾ ബ്രിട്ടീഷുകാർ അദ്ദേഹത്തിന് അഭയം നൽകി. ഈസ്റ്റ് ഇന്ത്യാ കമ്പനി കൽക്കത്തയിലെ ഫോർട്ട് വില്യം കൂടുതൽ ശക്തിപ്പെടുത്തുവാനും സൈനിക പര്യാപ്തത ഉയർത്തുവാനും തുനിഞ്ഞപ്പോൾ സിറാജ് അവരോട് നിറുത്തുവാൻ ആവശ്യപ്പെട്ടു. കമ്പനി ഇത് ചെവിക്കൊണ്ടില്ല, പിന്നാലെ സിറാജ് ഉദ്-ദൗള തിരിച്ചടിക്കുകയും ബ്രിട്ടീഷുകാരിൽ നിന്നും 1756-ൽ കൽക്കത്ത പിടിച്ചടക്കുകയും ചെയ്തു. (പിന്നീട് കൽക്കത്തയെ അലിനഗർ എന്ന് പുനർനാമകരണം ചെയ്തു). ഈ സമയത്ത്, സിറാജ് 20 അടി നീളവും 20 അടി വീതിയുമുള്ള ഒരു മുറിയിൽ 146 ബ്രിട്ടീഷുകാരെ അടച്ചു എന്ന് ആരോപിക്കപ്പെടുന്നു, ഇത് കുപ്രസിദ്ധമായ കൽക്കത്തയിലെ ഇരുട്ടറ എന്ന് അറിയപ്പെടുന്നു. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ഈ ബന്ധനത്തിൽ നിന്നും 23 പേരേ ജീവനോടെ പുറത്തുവന്നുള്ളൂ എന്ന് ആരോപിക്കപ്പെടുന്നു. പിൽക്കാല ചരിത്രകാരന്മാർ ഈ സംഭവത്തെ ചുറ്റിനിൽക്കുന്ന വസ്തുതകളെ ചോദ്യം ചെയ്യുന്നു, എന്നാൽ ഇതിൽ നിന്നും ജീവനോടെ പുറത്തുവന്ന ഹോൾവെൽ എന്നയാളുടെ ഈ സംഭവത്തിന്റെ വിശദമായ വിവരണത്തിന് ഇംഗ്ലണ്ടിൽ പരക്കെ പ്രചാരം കിട്ടുകയും, ഇത് ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക വിജയങ്ങൾക്ക് ഇംഗ്ലണ്ടിൽ പിന്തുണ ലഭിക്കുവാൻ സഹായകമാവുകയും ചെയ്തു.

പ്ലാസി യുദ്ധം[തിരുത്തുക]

പ്രധാന ലേഖനം: പ്ലാസി യുദ്ധം

ഇന്ത്യാചരിത്രത്തിലെ വഴിത്തിരിവായി പ്ലാസി അഥവാ പലാശി യുദ്ധത്തിനെ കരുതുന്നു. ഈ യുദ്ധം പിന്നാലെയുള്ള ബ്രിട്ടീഷ് അധിനിവേശത്തിന് വഴിതെളിച്ചു. സിറാജ് ഉദ്-ദൗള കൽക്കത്ത പിടിച്ചടക്കിയതിനു പ്രതികരണമായി, ആക്രമണത്തിന് പകരം ചോദിക്കുന്നതിനും, കോട്ട തിരിച്ചുപിടിക്കുന്നതിനുമായി ബ്രിട്ടീഷുകാർ മദ്രാസിൽ നിന്നും കൂടുതൽ സൈന്യത്തെ അയച്ചു. യുദ്ധമുഖത്തുനിന്നും തിരിച്ചുപോവുകയായിരുന്ന സിറാജ് ഉദ്-ദൗള പ്ലാസിയിൽ വെച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി, എന്നാൽ ജഗത് സേഥ്, മിർ ജാഫർ, കൃഷ്ണ ചന്ദ്ര, ഉമി ചന്ദ്, തുടങ്ങിയവരുടെ ഗൂഢാലോചനയിൽ ചതിക്കപ്പെട്ട് അദ്ദേഹം യുദ്ധത്തിൽ പരാജയപ്പെടുകയും പലായനം ചെയ്യുകയും ചെയ്തു. ആദ്യം മൂർഷിദാബാദിലേയ്ക്കും പിന്നീട് വഞ്ചിയിൽ പറ്റ്നയിലേയ്ക്കും അദ്ദേഹം പലായനം ചെയ്തു, എന്നാൽ ഒടുവിൽ മിർ ജാഫറിന്റെ ഭടന്മാർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. 1757 ജൂലൈ 2-നു മിർ ജാഫറിന്റെ കല്പന പ്രകാരം മുഹമ്മദ് അലി ബേഗ് സിറാജ് ഉദ് ദൗളയെ വധിച്ചു.

റോബർട്ട് ക്ലൈവ്, ഒന്നാം ബാരൺ ക്ലൈവും മിർ ജാഫറുമായി പ്ലാസിയിൽ വെച്ചുള്ള കൂടിക്കാഴ്ച്ച. ഫ്രാൻസിസ് ഹയ്മാൻ വരച്ച ചിത്രം
സിറാജ് ഉദ് ദൗള
Born: 1733 Died: ജൂലൈ 2 1757
മുൻഗാമി
അലിവർദി ഖാൻ
ബംഗാൾ നവാബ്
1756–1757
പിൻഗാമി
മിർ ജാഫർ
"https://ml.wikipedia.org/w/index.php?title=സിറാജ്_ഉദ്_ദൗള&oldid=1766951" എന്ന താളിൽനിന്നു ശേഖരിച്ചത്