Jump to content

സിമാ സമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിമ സമർ
سیما سمر
വനിതാ കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
December 2001 – 2003
രാഷ്ട്രപതിഹാമിദ് കർസായി
മുൻഗാമിNone
പിൻഗാമിഹബീബ സറബി
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-02-03) 3 ഫെബ്രുവരി 1957  (67 വയസ്സ്)
ജഘോരി, ഗസ്നി, അഫ്ഗാനിസ്ഥാൻ
രാഷ്ട്രീയ കക്ഷിട്രൂത്ത് ആൻഡ് ജസ്റ്റിസ് പാർട്ടി
അവാർഡുകൾറൈറ്റ് ലൈവ്ലിഹുഡ്

അഫ്ഗാനിസ്ഥാനിലെ ഒരു രാഷ്ട്രീയ പ്രവർത്തകയും നേതാവുമാണ് സിമാ സമർ ( പേർഷ്യൻ: سیما سمر  ; ജനനം 3 ഫെബ്രുവരി 1957). 2001 മുതൽ 2003 വരെ അഫ്ഗാനിലെ വനിതാ കാര്യ മന്ത്രിയായി പ്രവർത്തിച്ച സിമ, മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷയും ആയിരുന്നു. സുഡാനിലെ മനുഷ്യാവകാശ സ്ഥിതി സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോർട്ടിങ് ചുമതല സിമാ സമർ വഹിക്കുന്നു[1]. 2011-ൽ രൂപം കൊണ്ട ട്രൂത്ത് ആൻഡ് ജസ്റ്റിസ് പാർട്ടിയിൽ ഭാഗമായിരുന്നു സിമാ സമർ. ലോകത്തിലെ ഏറ്റവും ഭീഷണവും പതിസന്ധി നിറഞ്ഞതുമായ മേഖലയിൽ മനുഷ്യാവകാശത്തിന് പൊതുവിലും സ്ത്രീ അവകാശങ്ങൾക്കായി പ്രത്യേകിച്ചും സിമാ സമർ നടത്തുന്ന പ്രവർത്തനങ്ങളുടെ പേരിൽ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം നൽകപ്പെടുകയുണ്ടായി.

ജീവിതരേഖ

[തിരുത്തുക]

അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ ജഘോരി എന്ന പ്രദേശത്ത് 1957 ഫെബ്രുവരി 3-ന് സിമാ സമർ ജനിച്ചു. ഹസാര വംശത്തിലാണ് സിമാ സമർ ഉൾപ്പെടുന്നത്. 1982 ഫെബ്രുവരിയിൽ കാബൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യത്തിൽ ബിരുദം നേടിയ സിമാ സമർ കാബൂളിൽ തന്നെയുള്ള ഒരു സർക്കാർ ആശുപത്രിയിൽ ജോലി നേടിയെങ്കിലും മാസങ്ങൾക്കകം ജന്മദേശമായ ജഘോരിയിലേക്ക് രക്ഷപ്പെടാൻ നിർബന്ധിതയായി. അവിടെ ഗ്രാമീണരായ രോഗികൾക്ക് വൈദ്യ സഹായം നൽകിക്കൊണ്ട് സിമാ സമർ പ്രവർത്തിച്ചു വന്നു.

1984-ൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സിമാ സമറിന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തതോടെ മകനോടൊപ്പം പാകിസ്താനിലേക്ക് രക്ഷപ്പെട്ട അവർ, അഭയാർത്ഥി കാമ്പിൽ മിഷൻ ആശുപത്രിയുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചു. അഫ്ഗാൻ അഭയാർത്ഥികളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാനായി 1989-ൽ ക്വറ്റയിൽ ശുഹദ ഓർഗനൈസേഷൻ എന്ന സംഘം രൂപീകരിച്ച സിമ സമർ ശുഹദ ക്ലിനിക് ആരംഭിച്ചു.

അഫ്ഗാനിൽ നിന്നുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ആരോഗ്യ പരിരക്ഷ, മെഡിക്കൽ മേഖലയിലെ പരിശീലനങ്ങൾ, വിദ്യാഭ്യാസം എന്നിവക്കായുള്ള നിരവധി പദ്ധതികൾ ശുഹദ ഓർഗനൈസേഷന്റെ കീഴിൽ രൂപപ്പെട്ടു. ശുഹദ ക്ലിനിക്കിന്റെ നിരവധി ശാഖകൾ തുടർന്നുള്ള കൊല്ലങ്ങളിലായി അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്നു വന്നു. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ഒടുവിൽ 2002-ൽ ഹാമിദ് കർസായിയുടെ കീഴിലെ ഇടക്കാല സർക്കാറിൽ പങ്കാളിയായി സിമാ സമർ അഫ്ഗാനിലേക്ക് മടങ്ങി. ഉപരാഷ്ടപതിയായും, വനിതാ കാര്യ മന്ത്രിയായും അക്കാലത്ത് പ്രവർത്തിച്ച സിമാ സമർ മതവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന വിവാദങ്ങളെ തുടർന്ന് രാജി വെക്കേണ്ടി വന്നു.

അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷൻ മേധാവിയായിരുന്നു സിമാ സമർ. 2010-ൽ ഗവർഷാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ എന്ന സ്ഥാപനത്തിലൂടെ നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ സിമാ സമറിന് സാധിച്ചിരുന്നു[2]. ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങളിൽ പങ്ക് വഹിക്കുന്ന അവർ, ഒരു ഉന്നത തല സമിതി അംഗമായി പ്രവർത്തിക്കുന്നു[3].

2011-ൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പാർട്ടിക്ക് രൂപം കൊടുത്തതോടെ അതിൽ അംഗമായി സിമാ സമർ ചേർന്നു.

അംഗീകാരങ്ങൾ

[തിരുത്തുക]
ഹിലരി ക്ലിന്റണും റയാൻ ക്രോക്കറും സിമാ സമറിനൊപ്പം.

മഗ്സാസെ അവാർഡ്, റൈറ്റ് ലൈവ്ലിഹുഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സിമാ സമറിനെ തേടി എത്തിയിട്ടുണ്ട്[4][5][6][7][8][9][10]. 1994-ൽ മഗ്സാസെ അവാർഡ്, 2001-ൽ ജോൺ ഹംഫ്രി ഫ്രീഡം അവാർഡ്, 2002-ൽ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് അവാർഡ്, 2008-ൽ ഏഷ്യ ഡെമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ് അവാർഡ്, 2009-ൽ ഓർഡർ ഓഫ് കാനഡ, 2012-ൽ റൈറ്റ് ലൈവ്ലിഹുഡ് എന്നിവ അവയിൽ ചിലതാണ്.

അവലംബം

[തിരുത്തുക]
  1. "Independent Expert on the situation of human rights in the Sudan". Office of the High Commissioner. Retrieved 26 August 2021.
  2. Gawharshad Institute of Higher Education#Board of trustees
  3. High-Level Panel on Internal Displacement United Nations, press release of December 3, 2019.
  4. Honors listed in citation for the 2003 Perdita Huston Human Rights Award Archived 2006-09-01 at the Wayback Machine. accessed at Oct 20, 2006
  5. "John Humphrey Freedom Award 2009". Rights & Democracy. 2010. Archived from the original on 27 September 2011. Retrieved 11 May 2011.
  6. "The Asia Democracy and Human Rights Award". Tfd.org.tw. Retrieved 2012-05-08.
  7. "Governor General announces 60 new appointments to the Order of Canada". July 1, 2009. Archived from the original on July 5, 2009.
  8. "Alternative Nobel Prize to Hazara Human Rights Activist Sima (...) - Kabul Press کابل پرس". Retrieved 30 December 2016.
  9. "Mother Teresa Awards 2012". Mother Teresa Awards: A Harmony Foundation Initiatives. Archived from the original on 15 December 2014. Retrieved 15 December 2014.
  10. "Allard Prize Recipient and Honourable Mentions". Allard Prize for International Integrity. Peter A. Allard School of Law. Archived from the original on 2016-06-30. Retrieved 17 August 2015.
"https://ml.wikipedia.org/w/index.php?title=സിമാ_സമർ&oldid=4101470" എന്ന താളിൽനിന്ന് ശേഖരിച്ചത്