സാറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാരോസ് ചക്രം[തിരുത്തുക]

223 സംയുതി(synodic month) മാസങ്ങളടങ്ങിയ ഒരു ഗ്രഹണ ചക്രത്തിന്ന് സാരോസ് ചക്രം (saros cycle) എന്നാണ് പേർ. ഒരു സംയുതിമാസമെന്നാൽ രണ്ട് അമാവാസികൾക്കിടയിലുള്ള കാലയളവെന്നാണർത്ഥം(29.53 ദിവസം). അത്തരം 223 സംയുതിമാസങ്ങൾ(6585.3213 ദിവസങ്ങൾ ) ചേർന്നാൽ ഒരു സാരോസ് ചക്രം പൂർത്തിയാവുന്നു. 18 വർഷങ്ങളും 11.33 ദിവസങ്ങളും ചേർന്നാണ് ഒരു സാരോസ് ചക്രം പൂർത്തിയാവുന്നത്. സാരോസ് ചക്രത്തിന്റെ കാലഗണന ഉപയോഗിച്ചുകൊണ്ട് ഗ്രഹണങ്ങളുടെ പ്രവചനം നടത്താൻ കഴിയുമെന്നത് തന്നെയാണ് അതിന്റെ പ്രാധാന്യവും. ഒരു ഗ്രഹണത്തിന്ന് ശേഷം ഒരു സാരോസ് ചക്ര കാലം കഴിഞ്ഞാൽ അതേപോലുള്ള മറ്റൊരു ഗ്രഹണം സംഭവിക്കുന്നു. ഒരു സാരോസ് ചക്രത്താൽ വേർതിരിക്കപ്പെട്ട ഗ്രഹണങ്ങളുടെ ശ്രേണിയെ സാരോസ് ശ്രേണി എന്നറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

സാരോസ് ചക്രത്തെപ്പറ്റിയുള്ള ഏറ്റവും പുരാതനമായ രേഖകൾ ബാബിലോണിയയിൽ ജീവിച്ചിരുന്ന കാൽദിയൻ ജനതയിൽ നിന്നാണ് കിട്ടിയത്. ക്രിസ്തുവിന്നും നിരവധി ശതാബ്ധങ്ങൾക്ക് മുമ്പ് തന്നെ സാരോസ് ചക്രത്തെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. ആദ്യകാല ജ്യോതിശാസത്രകാരന്മാരായ ഹിപ്പാർക്കസ്,പ്ളിനി, ടോളമി തുടങ്ങിയവർക്കൊക്കെ സാരോസ് ചക്രത്തെപ്പറ്റി മറ്റ് പേരുകളിലാണെങ്കിൽ പോലും അറിയാമായിരുന്നു. “സാർ " എന്ന ഈ സുമേറിയൻ വാക്യം മെസപ്പൊട്ടേമിയയിൽ ഒരു ഏകകമായിട്ടും 3600 ന്റെ വിലയുള്ള ഒരു അക്കമായിട്ടും പരിഗണിക്കപ്പെട്ടതായി സൂചനകൾ കിട്ടിയിട്ടുണ്ട്. സാരോസ് എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉൽഭവിച്ചതായി പറയപ്പെടുന്നു. 1761 ൽ എഡ്മണ്ട് ഹാലി ഈ പദത്തെ ഗ്രഹണചക്രത്തെ സൂചിപ്പിക്കുവാനായി ഉപയോഗിച്ചു.

"https://ml.wikipedia.org/w/index.php?title=സാറോസ്&oldid=1698081" എന്ന താളിൽനിന്നു ശേഖരിച്ചത്