സമയമാത്രകൾ ഭാരതീയദർശനത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു. മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരുത്രുടി എന്നും മുപ്പത് ത്രുടി ചേർന്നാൽ ഒരു കല എന്നും മുപ്പത് കല ചേർന്നാൽ ഒരു നിമിഷം എന്നും പറയുന്നു. നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ് ആകും. ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക എന്നും അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക എന്നും അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു. ഇപ്രകാരം പതിനഞ്ച് ദിവസങ്ങൾ ചേർന്നതിനെ ഒരു പക്ഷം എന്നും രണ്ടു പക്ഷങ്ങൾ ചേർന്നതിനെ ഒരു മാസം എന്നും പറയുന്നു. ഒരു മാസം പിതൃക്കളുടെ ഒരു ദിവസമായി കണക്കാക്കുന്നു. കറുത്തപക്ഷം അവരുടെ രാത്രിയും വെളുത്തപക്ഷം പകലും.

ഇപ്രകാരത്തിലുള്ള പന്ത്രണ്ട് മാസങ്ങൾ അഥവാ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസങ്ങൾ (ചില മാസങ്ങൾക്ക് വ്യത്യാസമുണ്ട്) ചേരുന്നതിനെ ഒരു വർഷം എന്നു വിളിക്കുന്നു. ഇത് ദേവന്മാരുടെ ഒരു ദിവസമാണ്. ഉത്തരായനം പകലും ദക്ഷിണായനം രാത്രിയും. 360 മനുഷ്യവർഷങ്ങൾ ചേരുന്നതിവനെ ദേവന്മാരുടെ ഒരു വർഷം (ദിവ്യവർഷം) എന്നു പറയുന്നു. ഇപ്രകാരത്തിലുള്ള 4800 ദിവ്യവർഷങ്ങൾ കൂടിച്ചേരുന്നതാണ് സത്യയുഗത്തിന്റെ കാലദൈർഘ്യം. 3600 ദിവ്യവർഷങ്ങൾ കൂടിച്ചേർന്നത് ത്രേതായുഗത്തിന്റേയും, 2400 ദിവ്യ വർഷങ്ങൾ ചേരുന്നത് ദ്വാപരയുഗത്തിന്റേയും, 1200 ദിവ്യവർഷങ്ങൾ ചേർന്നത് കലിയുഗത്തിന്റേയും ദൈർഘ്യമാണ്. ഇപ്രകാരം നാലുയുഗങ്ങൾക്കും കൂടി 12000 ദിവ്യ വർഷങ്ങൾ കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയെ ചതുർ‌യുഗങ്ങൾ എന്നു പറയുന്നു. ഇപ്രകാരത്തിലുള്ള 1000 ചതുർ‌യുഗങ്ങൾ ചേർന്നാൽ ബ്രഹ്മാവിന്റെ ഒരു പകലാണ്. അത്രയും കാലം തന്നെ രാത്രിയുമാണ്. (ആകെ ഒരു ബ്രഹ്മദിനം) ബ്രഹ്മദേവൻ സുഷുപ്തിയിൽ ലയിച്ചിരിക്കുന്ന ആ കാലത്തെ ഒരു കൽ‌പം എന്ന് പറയുന്നു. ബ്രഹ്മാവിന്റെ ഒരു പകൽ കഴിഞ്ഞ് രാത്രി ആരംഭിക്കുമ്പോൾ പ്രളയമുണ്ടാകുന്നു. ഇപ്രകാരത്തിലുള്ള 360 ബ്രഹ്മദിനങ്ങൾ കൂടിച്ചേരുന്നതിനെ ഒരു ബ്രഹ്മവർഷം എന്നു പറയുന്നു. ഇപ്രകാരമുള്ള 100 ബ്രഹ്മവർഷങ്ങൾ ചേർന്നതാണ് ഒരു ബ്രഹ്മാവിന്റെ ആയുസ്സ് (ബ്രഹ്മായുസ്സ്) ബ്രഹ്മാവിന്റെ ഒരു പകലിൽ 14 മനുക്കൾ കടന്നു പോകുന്നു. ഇതിനെയാണ് മന്വന്തരം എന്ന് പറയുന്നത്.

അവലംബം[തിരുത്തുക]

ശ്രീ മഹാഭാഗവതം തൃതീയ സ്കന്ധം - വിദുര മൈത്രേയ സം‌വാദം