സന്തേബെന്നൂർ പുഷ്കരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്കരണിയുടെ മദ്ധ്യത്തിലുള്ള വസന്തമണ്ഡപം

കർണാടകയിലെ ദാവൺഗരെ ജില്ലയിലെ സന്തേബെന്നൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രപ്രസിദ്ധമായ കുളമാണ് സന്തേബെന്നൂർ പുഷ്കരിണി.[1] പ്രാദേശികമായി ‘സന്തേബെന്നൂർ ഹോണ്ട’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ കെങ്ക ഹനുമന്തപ്പ നായക എന്ന മാടമ്പിയാണ് ഇത് നിർമ്മിച്ചത്.[2]

ചരിത്രം[തിരുത്തുക]

നായിക് ഭരണാധികാരികളുടെ കുലദൈവമായിരുന്നു ശ്രീരാമൻ. എ ഡി പതിനാറാം നൂറ്റാണ്ടിൽ കെങ്ക ഹനുമന്തപ്പ നായകയാണ് ഈ പ്രദേശത്ത് ഒരു രാമക്ഷേത്രവും അഹിനോടനുബന്ധിച്ച് ഒരു കുളവും നിർമ്മിച്ചത്.[2] പുഷ്കരിണിയുടെ മധ്യഭാഗത്തുള്ള വസന്തമണ്ഡപം, ബീജാപ്പൂരിലെ ഭരണാധികാരികൾക്കെതിരായ കെങ്ക ഹനുമന്തപ്പ നായകയുടെ വിജയത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ ബീജാപൂർ സുൽത്താന്റെ സൈന്യാധിപൻ റനദുല്ലാഖാന്റെ നേതൃത്വത്തിൽ സന്തേബെന്നൂർ ആക്രമിച്ചു. റനദുല്ലാഖാനും അദ്ദേഹത്തിന്റെ അനുയായികളായ പട്ടേഖാനും ഫരീദ്ഖാനും ചേർന്ന് കുളത്തിന്റെ കരയിൽ ഒരു മുസാഫിർഖാന (യാത്രികർക്കായുള്ള വിശ്രമസ്ഥലം) പണിതു. പിൽക്കാലത്ത് റനദുല്ലാഖാൻ ഇവിടെ ഒരു മോസ്ക് കൂടി പണികഴിപ്പിച്ചു.

നിർമ്മിതി[തിരുത്തുക]

പുഷ്കരിണിക്ക് 250 അടി നീളവും 240 അടി വീതിയും 30 അടിയിലധികം ആഴവുമുണ്ട്.[2] പുഷ്കരിണിയുടെ വശങ്ങൾ കരിങ്കൽ പടികൾ കൊണ്ട് അതിരിടുന്നു. പ്രധാന കവാടത്തിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ 52 കരിങ്കൽ പടികളും മറ്റ് മൂന്ന് വശങ്ങളിലായി 44 പടവുകളും ഉണ്ട്. യഥാർത്ഥത്തിൽ കുളത്തിന് ചുറ്റും അഷ്ടദിക്കുകളെ പ്രതിനിധീകരിക്കുന്ന എട്ട് ഗോപുരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ആറെണ്ണം മാത്രമാണ് ഇപ്പോൾ കേടുകൂടാതെ നിൽക്കുന്നത്. കുളത്തിന്റെ മധ്യഭാഗത്ത്, ഇന്തോ-അറബിക് വാസ്തുവിദ്യാശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വസന്ത മണ്ഡപമുണ്ട്. കരിങ്കല്ല്, ഇഷ്ടിക, മോർട്ടാർ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.[3] ബഹുനില മണ്ഡപത്തിന് ഏകദേശം 34 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. മണ്ഡപത്തിന്റെ കമാനങ്ങളും നിലവറകളും താഴികക്കുടങ്ങളും അറബ് ശൈലിയിലും, അതിന്റെ ഗോപുരങ്ങളും കൊത്തുപണികളും ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയിലും നിർമ്മിച്ചിരിക്കുന്നു.

കുളത്തോട് ചേർന്നുള്ള മുസാഫിർഖാന 150 അടി നീളവും 40 അടി വീതിയുമുള്ള വിശാലമായ കെട്ടിടമാണ്. ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയിൽ ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിനുള്ളിലെ വലിയ ഹാൾ ഒരുപക്ഷേ ഒരു പ്രാർത്ഥനക്കായി ഉപയോഗിച്ചിരുന്നിരിക്കാം. കുറച്ചുകാലം ഈ കെട്ടിടം ഒരു സൈനിക സ്റ്റോർ ആയും ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്തേബെന്നൂർ_പുഷ്കരണി&oldid=3720645" എന്ന താളിൽനിന്ന് ശേഖരിച്ചത്