സംവാദം:തയമ്മും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണ് തയമ്മും ? അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാർഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാൽ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാൻ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വർഷം നിയമമാക്കിയ ശുദ്ധീകരണ മാർഗ്ഗമാണ് തയമ്മും. നിബന്ധനകൾക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേർക്കലാണ് മയമ്മും.

  • തയമ്മുമിന്റെ ഫർളുകൾ ഏവ?

1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫർള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുൾപ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക.

  • തയമ്മുമിന്റെ കാരണങ്ങൾ എന്തെല്ലാം?

.ശുദ്ധീകരണത്തിനാവശ്യമായവെള്ളം ലഭിക്കാതിരിക്കുക. .വെള്ളമുണ്ടെങ്കിലും ആദരണീയ ജീവികൾക്ക് അത് നൽകേണ്ടി വരിക. .വെള്ളം ഉപയോഗിക്കുന്നതിനാൽ ശരീരത്തിന് എന്തെങ്കിലും അപകടമുണ്ടാവുമെന്ന് പേടിക്കുക. .ഉള്ള രോഗം മൂർഛിക്കുക, അല്ലെങ്കിൽ രോഗ ശമനം വൈകുക, അവയവങ്ങളിൽ വികൃത കലകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവ ഇതിൽപ്പെടുന്നതാണ്.

  • തയമ്മുമിന്റെ പൂർണ്ണ രൂപം എങ്ങനെ?

ഖിബ്‌ലയിലേക്ക് മുന്നിട്ട്, ബിസ്മി ചൊല്ലി, മിസ്‌വാക് ചെയ്ത ശേഷം ഫർള് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക. എന്നിട്ട് രണ്ട് കൈകളും തയ്യാറാക്കിയ ശുദ്ധമായ പൊടി മണ്ണിൽ അടിച്ചെടുത്ത് നിയ്യത്തിനോട് ചേർത്ത് മുഖം തടവുക. താടിയെല്ലിന്റെ താഴ് ഭാഗവും മൂക്കിന്റെ മുൻ ഭാഗവും മുഖത്തിന്റെ പരിധിയിൽപ്പെട്ടത് കൊണ്ട് തടവുന്ന സമയത്ത് ഇവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രണ്ടാമത് മണ്ണ് അടിച്ചെടുത്ത് ആദ്യം വലത് കയ്യും പിന്നീട് ഇടത് കയ്യും താഴെ പറയും പ്രകാരം തടവുക. ഇടത് കയ്യിന്റെ പെരുവിരൽ ഒഴികെയുള്ള വിരലുകളുടെ ഉൾഭാഗം വലത് കയ്യിന്റെ വിരലുകളുടെ പുറം ഭാഗത്തോട് ചേർത്ത് വച്ച് പുറം ഭാഗത്തിലൂടെ കണങ്കയ്യിലേക്ക് കൊണ്ട് വന്ന് കൈമുട്ട് വരെ തടവുക. ശേഷം കൈവെള്ളയുടെ ഉൾഭാഗം കൊണ്ട് കണങ്കയ്യിന്റെ മറുഭാഗം തടവുക. പിന്നീട് ഇടത് പെരുവിരലിന്റെ ഉൾഭാഗം കൊണ്ട് വലത് പെരുവിരലിന്റെ പുറം ഭാഗത്തേയും തടവുക. ഇത് പോലെ വലത് കൈ കൊണ്ട് ഇടത് കയ്യിനേയും തടവുക. ശേഷം ഒരു കൈവെള്ളയെ മറ്റേ കൈവെള്ള കൊണ്ട് തടവി വിരലുകൾ പരസ്പരം തിക്കകറ്റി കോർക്കുക.

  • എപ്പോഴാണ് നിസ്‌കാരത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടത്?

ഫർള് നിസ്‌കാരത്തിന് വേണ്ടിയാണ് തയമ്മും എങ്കിൽ വഖ്ത് പ്രവേശിച്ചതിന് ശേഷം തയമ്മും ചെയ്യുക. സമയമാവുന്നതിന് മുമ്പ് ചെയ്ത തയമ്മും സ്വീകാര്യ യോഗ്യമല്ല.

  • തയമ്മും ബാത്വിലാകുന്ന കാര്യങ്ങളിൽ ഒന്നും വെളിവായില്ലെങ്കിൽ ആ തയമ്മും കൊണ്ട് മറ്റൊരു ഫർള് നിസ്‌കരിക്കാമോ?

ഇല്ല. ഒരു തയമ്മും കൊണ്ട് ഒരു ഫർള് മാത്രമേ നിസ്‌കരിക്കാൻ പാടുള്ളൂ. സുന്നത്ത് നിസ്‌കാരങ്ങൾ എത്രയുമാവാം.

  • തയമ്മും ചെയ്യുന്നവൻ കൈ വിരലിൽ അണിഞ്ഞ മോതിരം അഴിച്ച് മാറ്റേണ്ടതാണോ?

തീർച്ചയായും. മുഖം തടവുന്നത് പൂർണ്ണമായും കൈ കൊണ്ടാവാൻ വേണ്ടി അഴിച്ച് മാറ്റുന്നത് സുന്നത്തും, കൈ തടവുമ്പോൾ മണ്ണ് എത്തേണ്ട സ്ഥലമായതിനാൽ അഴിച്ച് വെക്കൽ നിർബന്ധവുമാണ്.

  • എങ്ങനെയാണ് തയമ്മുമിന് നിയ്യത്ത് ചെയ്യേണ്ടത്?

ഫർള് നിസ്‌കാരത്തിന് വേണ്ടിയാണെങ്കിൽ ഫർള് നിസ്‌കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുക. ഈ നിയ്യത്ത് കൊണ്ട് മുസ്ഹഫ് തൊടുക, സുന്നത്ത് നിസ്‌കാരങ്ങൾ നിർവ്വഹിക്കുക, ത്വവാഫ് തുടങ്ങിയ സുന്നത്തായ കാര്യങ്ങൾ നിർവ്വഹിക്കാവുന്നതാണ്. എന്നാൽ സുന്നത്ത് നിസ്‌കാരം, മുസ്ഹഫ് തൊടുക തുടങ്ങിയ സുന്നത്തായ കർമ്മങ്ങൾക്ക് നിയ്യത്ത് വച്ച് ഫർള് നിർവ്വഹിക്കൽ സാധ്യമല്ല. വുളൂഇൽ നിയ്യത്ത് ചെയ്യുന്നത് പോലെ അശുദ്ധിയെ ഉയർത്തുന്നു എന്നോ തയമ്മും എന്ന ഫർളിനെ വീട്ടുന്നുവെന്നോ കരുതിയാൽ അത് മതിയാവുകയില്ല നിയ്യത്ത് മണ്ണടിച്ചെടുക്കുന്നതിനോട് ചേർന്ന് വരലും മുഖം തടവുന്നത് വരെ നില നിർത്തലും നിർബന്ധമാണ്.

  • വുളൂഇന്റെ അവയവങ്ങളിൽ വെള്ളം ഉപയോഗിക്കൽ അസാധ്യമായാൽ തയമ്മുമിന്റെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടോ?

തീർച്ചയായും വർദ്ധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങളിൽ ഏതെങ്കിലും ഒരവയവത്തിൽ വെള്ളം ഉപയോഗിക്കൽ അസാധ്യമായാൽ ഒരു തയമ്മുമും രണ്ടവയവത്തിലാണെങ്കിൽ രണ്ട് തയമ്മുമും എന്ന ക്രമത്തിൽ വർധിപ്പിക്കേണ്ടതാണ്. വുളൂഇന്റെ അവയവങ്ങൾ പൂർണ്ണമായും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത രോഗം വ്യാപിച്ചാൽ ഒരു തയമ്മും മതിയാവുന്നതാണ്. തലയല്ലാത്ത വുളൂഇന്റെ അവയവങ്ങൾ പൂർണമായും രോഗമാണെങ്കിൽ മുഖത്തിനും രണ്ട് കൈകൾക്കും വേണ്ടി ഒരു തയമ്മുമും പിന്നെ തല തടവി ഇരുകാലുകൾക്ക് വേണ്ടി ഒരു തയമ്മുമും ചെയ്യണം.

  • വുളൂഇന്റെ അവയവങ്ങളിലുള്ള ബാൻഡേജുകൾ, തുണിക്കഷ്ണങ്ങളെക്കൊണ്ടുള്ള കെട്ടുകൾ തുടങ്ങിയവ

ശുദ്ധീകരണ സമയത്ത് അഴിച്ച് മാറ്റൽ നിർബന്ധമാണോ? അഴിച്ച് മാറ്റൽ കൊണ്ട് രോഗം മൂർച്ചിക്കുകയോ രോഗശമനം വൈകുകയോ മറ്റു വല്ല അപകടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ അഴിച്ച് മാറ്റൽ നിർബന്ധമാണ്. എന്നാൽ ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാൻ സാധിക്കാതെ വന്നാൽ ബാൻഡേജുകളേയും മറ്റും വെള്ളം കൊണ്ട് തടവലും കെട്ടുകളില്ലാത്ത ഭാഗം ശരിക്ക് കഴുകലും നിർബന്ധമാണ്. രോഗ ബാധിത അവയവത്തിൽ നിന്ന് കഴുകൽ നിർബന്ധമായത് കഴുകുമ്പോൾ തന്നെയാണ് അതിന് തയമ്മുമും ചെയ്യേണ്ടത്. എങ്കിലും ആ അവയവം കഴുകുന്നതിന് മുമ്പ് തയമ്മും ചെയ്യലാണ് ഉത്തമം.

  • രോഗ ബാധിത സ്ഥലത്ത് ബാൻഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാൽ മുറിവുകളുള്ള ഇടം മണ്ണ് കൊണ്ട് തടവൽ നിർബന്ധമാണോ?

മുമ്പ് വിശദ്ധീകരിച്ചത് പോലെ പ്രയാസങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കിൽ മണ്ണ് കൊണ്ട് തടവൽ നിർബന്ധമാണ്. മണ്ണ് കൊണ്ട് തടവൽ നിർബന്ധമാവുന്നത് രോഗം തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കിൽ മാത്രമാണ്.

  • തയമ്മും ചെയ്ത് നിസ്‌കരിച്ചവന്റെ മുറിവിൽ ധാരാളം രക്തം ഉണ്ടെങ്കിൽ നിസ്‌കാരം മടക്കേണ്ടതുണ്ടോ?

അധികരിച്ച രക്തം പൊറുക്കപ്പെടാത്തത് കൊണ്ടനിസ്‌കാരം മടക്കൽ നിർബന്ധമാണ്.

  • ശുദ്ധിയോട് കൂടെ ബാൻഡേജ് ധരിച്ച വ്യക്തി മുകളിൽപ്പറഞ്ഞ നിയമമനുസ്സരിച്ച് തയമ്മും ചെയ്താൽ രോഗ ശമന ശേഷം നിസ്‌കാരം മടക്കേണ്ടതുണ്ടോ?

ബാൻഡേജ് തയമ്മുമിന്റെ അവയവത്തിലായതിനാലും ചെയ്ത വുളൂഉം തയമ്മുമും പൂർണമല്ലാത്തത് കൊണ്ടും രോഗ ശമന ശേഷം മടക്കൽ നിർബന്ധമാണ്.

  • ശുദ്ധിയോട് കൂടെ മുഖവും കയ്യുമല്ലാത്ത വുളൂഇന്റെ മറ്റു അവയവങ്ങളിൽ ബാൻഡേജുകളോ മറ്റ് കെട്ടുകളോ ഉണ്ടായാൽ നിസ്‌കാരം മടക്കേണ്ടതുണ്ടോ?

ശുദ്ധിയോട് കൂടെയാണ് ഇവ കെട്ടിയതെങ്കിൽ നിസ്‌കാരം മടക്കൽ നിർബന്ധമില്ല. പക്ഷേ, മുറിവിനാവശ്യമായതിനപ്പുറം ബാൻഡേജും കെട്ടുകളും ഉണ്ടായാൽ നിസ്‌കാരം മടക്കൽ നിർബന്ധമാണ്.

  • വലിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫർള് നിസ്‌കരിച്ച ശേഷം രണ്ടാമത്തെ ഫർളിന് വേണ്ടി തയമ്മും മടക്കേണ്ടതുണ്ടോ?

തയമ്മുമിന് കാരണമായ രോഗം വുളൂഇന്റെ അവയവത്തിലല്ലെങ്കിൽ അയാൾ തയമ്മും മടക്കേണ്ടതില്ല. കാരണം, ഈ തയമ്മും ബാത്വിലാവുന്നത് വലിയ അശുദ്ധി കൊണ്ട് മാത്രമാണ്. വുളൂഇന്റെ അവയവത്തിലാണെങ്കിൽ ചെറിയ അശുദ്ധി ഉണ്ടായിട്ടില്ലെങ്കിൽ തയമ്മും മാത്രം ആവർത്തിച്ചാൽ മതിയാവുന്നതാണ്.

  • ചെറിയ അശുദ്ധിക്ക് വേണ്ടി തയമ്മും ചെയ്ത് ഒരു ഫർള് നിസ്‌കരിച്ചവൻ വീണ്ടും ഒരു ഫർളിന് വേണ്ടി തയമ്മും മാത്രം ആവർത്തിച്ചാൽ മതിയാവുമോ?

ആദ്യം ചെയ്ത തയമ്മുമിന് ശേഷം അയാൾക്ക് അശുദ്ധി ഉണ്ടായിട്ടില്ലെങ്കിൽ തയമ്മും മാത്രം ആവർത്തിച്ചാൽ മതി.

"https://ml.wikipedia.org/w/index.php?title=സംവാദം:തയമ്മും&oldid=3289797" എന്ന താളിൽനിന്ന് ശേഖരിച്ചത്