സംവാദം:ജ്യേഷ്ഠദേവൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃപ്പൂണിത്തുറ സംസ്കൃതകോളേജ് ലൈബ്രറിയിൽനിന്നും രാമവർമ്മ മരുമകൻ തമ്പുരാൻ കണ്ടെടുത്ത ഒരു കയ്യെഴുത്തുപകർപ്പിൽ ഉപസംഹാരശ്ലോകത്തിൽ ("ആലേഖി യുക്തിഭാഷാ വിപ്രേന ബ്രഹ്മദത്തസംജ്ഞേന, 'യേ ഗോളപഥസ്ഥാസ് സ്യുഃ' കലിരഹിതാ ശോധയന്തസ്തേ") ബ്രഹ്മദത്തൻ എന്നൊരു പേരു് ഉൾപ്പെടുന്നതായി ഉള്ളൂർ സാഹിത്യചരിത്രത്തിൽ പരാമർശിച്ചിട്ടുണ്ടു്. എന്നാൽ ഇതിലെ കാലഗണനയനുസരിച്ച് AD 1750 ("യേ ഗോളപഥസ്ഥാസ്യുഃ") എന്ന വർഷമാണു വരുന്നതെന്നും അതുകൊണ്ടു് ഇതു് യഥാർത്ഥ യുക്തിഭാഷയുടെ മൂലരചയിതാവിനെയല്ല സൂചിപ്പിക്കുന്നതെന്നും പിന്നീട് തിരുത്തപ്പെട്ടിട്ടുണ്ടു്. "ആലേഖി" (to compile/ scribe)എന്നാണു് എഴുതിയിട്ടുള്ളതു്, 'രചിക്കപ്പെട്ടുവെന്നോ സൃഷ്ടിച്ചുവെന്നോ അല്ല എന്ന വസ്തുതയും ഇതിനുപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടു്.

കേരള സർവ്വകലാശാലയുടെ ഒരു താളിയോലയിൽ (No. 755 ഗണിതയുക്തി) ജ്യേഷ്ടദേവന്റെ 'ഭാഷ' എന്നു പരാമർശിച്ചിട്ടുണ്ടു്. കാലം 1500-1610 എന്നു കണക്കാക്കാം. ബറോഡ ഓറിയന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓലകളിൽ (No. 9886) സൂര്യസിദ്ധാന്തത്തിന്റെ ഒരു മലയാളം വ്യാഖ്യാനത്തിൽ ഗ്രന്ഥവരിയായി കാണുന്ന താളുകളിൽ ഇങ്ങനെ ക്രമശഃ രേഖപ്പെടുത്തിയിട്ടുണ്ടു്:

  1. "പരമേശ്വരൻ വടശ്ശേരി നമ്പൂരി, നിളായാ സൗമ്യതീരസ്തഃ പരമേശ്വരഃ അസ്യ തനയോ ദാമോദരഃ, അസ്യ ശിഷ്യോ നീലകണ്ഠ സോമയാജി, ഇദ്ദേഹം തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം, മുതലായ ഗ്രന്ഥങ്ങൾക്കു കർത്താവാകുന്നു, "ലക്ഷ്മീശനിഹിതധ്യാനൈഃ" ഇതി അസ്യ കലിണാകാലനിർണയഃ"
  2. "പൂർവ്വോക്ത ദാമോദരസ്യ ശിഷ്യഃ ജ്യേഷ്ടദേവഃ ഇദ്ദേഹം പറങ്ങോട്ടു നമ്പൂതിരിയാകുന്നു, യുക്തിഭാഷ ഗ്രന്ഥത്തെ ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ",
  3. "ജ്യേഷ്ടദേവന്റെ ശിഷ്യൻ തൃക്കണ്ടിയൂരു അച്യുതപ്പിഷാരടി, ഇദ്ദേഹം സ്ഫുടനിർണ്ണയം, ഗോളദീപിക മുതലായ ഗ്രന്ഥങ്ങൾക്കു കർത്താവാകുന്നു."
  4. "അച്യുതപ്പിഷാരടിയുടെ ശിഷ്യൻ നെല്പുത്തൂരു നാരായണാ ഭട്ടതിരി, ഇദ്ദേഹം നാരായണായം, (പ്രക്രിയാ) സർവ്വസ്വം മുതലായ ഗ്രന്ഥങ്ങൾക്കു കർത്താ. 'ആയുരാരോഗ്യസൗഖ്യം' ഇത്യാദി കലിണാ കാലനിർണ്ണയഃ..."

ഇതുകൂടാതെ അച്യുതപ്പിഷാരടിയുടെ തന്നെ 'ഉപരാഗക്രിയാക്രമം' എന്ന കൃതിയിൽ ഗുരുവായ ജ്യേഷ്ടദേവനെ സ്മരിച്ചിട്ടുണ്ടു്. (പ്രോക്തഃ പ്രവയസോ ധ്യാനാത് - AD 1592). 1608ലെ (കോളംബേ ബർഹിസൂനൗ) ദൃക്കരണം എന്ന കൃതിയും ജ്യേഷ്ടദേവന്റേതാണെന്നു് അനുമാനിക്കപ്പെട്ടിട്ടുണ്ടു്. ഇവയെല്ലാം ചേർത്തു് 110 വയസ്സുവരെ ജീവിച്ചിരുന്ന ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു ജ്യേഷ്ടദേവൻ എന്നു കണക്കാക്കപ്പെടുന്നു.

ബ്രഹ്മദത്തൻ എന്ന പേരിൽ മറ്റു കേരളീയ ഗണിതശാസ്ത്രജ്ഞന്മാരെയൊന്നും തോന്നുന്നില്ല. ബ്രഹ്മഗുപ്തനും (598-670) ബ്രഹ്മദേവനും (1070-1160) വേറെ വേറെ ആളുകളാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:58, 22 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജ്യേഷ്ഠദേവൻ&oldid=4024889" എന്ന താളിൽനിന്ന് ശേഖരിച്ചത്