സംവാദം:അന്ത്യദിനഘടികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1945 ആഗസ്‌ത്‌ ആറിന്‌ ജപ്പാനിലെ ഹിരോഷിമയിൽ 'ലിറ്റിൽബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട്‌ അമേരിക്ക ആണവയുഗം ഉത്‌ഘാടനം ചെയ്‌തു. മൂന്നുദിവസത്തിന്‌ ശേഷം നാഗസാക്കിയിൽ 'ഫാറ്റ്‌മാൻ' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതൽ 20 കിലോടൺ സ്‌ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ്‌ ഒറ്റയടിക്ക്‌ മരിച്ചത്‌. ആണവയുഗം പിച്ചവെച്ചു തുടങ്ങിയ അക്കാലത്തെ ബോംബുകളുടെ കഥയാണിത്‌. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ബോംബുകളുടെ സംഹാരശേഷിയെത്രയാകും. ലോകത്ത്‌ സൂക്ഷിച്ചിട്ടുള്ള 26000 ആണവായുധങ്ങൾക്ക്‌ ലോകത്തെ എത്രതവണ ചുട്ടുകരിക്കാനാകും. എന്നിട്ടും കൂടുതൽ കൂടുതൽ രാജ്യങ്ങൾ ആണവായുധങ്ങൾക്കായി വെമ്പുന്നു. ഭീകരർ ആണവായുധം നേടാൻ തക്കംപാർക്കുന്നു. ആരും ജയിക്കാത്ത യുദ്ധങ്ങൾക്കായാണ്‌ ഈ ആവേശം എന്നോർക്കുക.

സർവനാശത്തിലേക്കുള്ള ദൂരമളക്കുന്ന ഘടികാരത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങൾക്കും ചലനങ്ങൾക്കുമനുസരിച്ചാണ്‌ അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ൽ ഘടികാരം നിലവിൽ വന്നപ്പോൾ അതിന്റെ സൂചി അർധരാത്രിയിൽ നിന്ന്‌ ഏഴുമിനുറ്റ്‌ അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കനുസരിച്ച്‌ 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു.


1949-ൽ സോവിയറ്റ്‌ യൂണിയൻ ആദ്യ ആറ്റംബോംബ്‌ പരീക്ഷിച്ച വേളയിൽ ഘടികാരസൂചി മൂന്ന്‌ മിനുറ്റ്‌ മുന്നോട്ട്‌ നീക്കപ്പെട്ടു; അർധരാത്രിയിൽ നിന്നുള്ള അകലം വെറും നാലു മിനുറ്റായി.


ഒൻപത്‌ മാസത്തെ ഇടവേളയ്‌ക്കിടയിൽ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തെർമോന്യൂക്ലിയർ പരീക്ഷണങ്ങൾ നടത്തിയ 1953-ലാണ്‌ അന്ത്യദിനഘടികാരസൂചി അർധരാത്രിയിലേക്ക്‌ ഏറ്റവും കൂടുതൽ അടുത്തത്‌. അർധരാത്രിയിലേക്കുള്ള അകലം അന്ന്‌ വെറും ഒരു മിനുറ്റു മാത്രമായി. 1991-ൽ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങൾ കുറയ്‌ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ്‌ ഘടികാരസൂചി അർധരാത്രിയിൽ നിന്ന്‌ ഏറ്റവും കൂടുതൽ അകന്നത്‌. അന്ന്‌ 17 മിനുറ്റ്‌ പുനക്രമീകരിക്കപ്പെട്ടു. 1974-ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡുനാമത്തിൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒൻപതു മിനുറ്റ്‌ മാറ്റി; അർധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി.

അന്ത്യദിനഘടികാരസൂചി മുമ്പ്‌ 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന്‌ വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സർവനാശകാരികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. ഇത്‌ വളരെ അർത്ഥവത്താണ്‌. ഈ ഉൾപ്പെടുത്തൽ അൽപ്പം വൈകിപ്പോയില്ലേ എന്നേ പലർക്കും സന്ദേഹമുള്ളു. കാർബൺഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഇത്തരം വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതിന്‌ മുഖ്യകാരണം കൽക്കരി, പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. 2005-ൽ മാത്രം CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തിൽ അരശതമാനം ഏറിയെന്ന്‌ യു.എന്നിന്‌ കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ്‌ അന്തരീക്ഷത്തിൽ ഏറുന്നതിനനുസരിച്ച്‌ താപനില വർധിക്കും.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെൽസിയസ്‌ വരെ ഉയരാമെന്നാണ്‌ യു.എന്നിന്‌ കീഴിലുള്ള 'ഇന്റർഗവൺമെന്റർ പാനൽ ഓൺ ക്ലൈമറ്റ്‌ചെയിഞ്ച്‌'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടൽ. വൻപ്രത്യാഘാതമാണ്‌ ഭൂമിയിൽ ഇതു വരുത്തുക. ആവാസവ്യവസ്ഥകൾ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികൾ ഉരുകി കടലിൽ ചേരുന്നതിനാൽ സമുദ്രനിരപ്പ്‌ ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടൽത്തീരത്തായതിനാൽ ലക്ഷക്കണക്കിനാളുകൾക്ക്‌ കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികൾ ചിലതുമാത്രം.

ആഗോളതാപനം തടയാൻ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ. ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുന്ന അമേരിക്കയ്‌ക്കാണ്‌ ഇതിനുള്ള മുഖ്യ ഉത്തരവാദിത്വം. പക്ഷേ, അമേരിക്ക ഒരു വശത്ത്‌ ആണവായുധങ്ങൾ കുന്നുകൂട്ടുമ്പോൾ, മറുവശത്ത്‌ ആഗോളതാപനം തടയാനുള്ള ശ്രമങ്ങളോട്‌ തികച്ചും ധാർഷ്ട്യം നിറഞ്ഞ മനോഭാവം പുലർത്തുകയും ചെയ്യുന്നു. പ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷ്‌ അധികാരത്തിലേറി ആദ്യം ചെയ്‌ത നടപടി, ആഗോളതാപനം തടയാനുദ്ദേശിച്ച്‌ യു.എന്നിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ക്യോട്ടോഉടമ്പടിയിൽ നിന്ന്‌ അമേരിക്ക പിൻമാറുന്നു എന്ന്‌ പ്രഖ്യാപിക്കലാണ്‌. അമേരിക്കൻ താത്‌പര്യങ്ങൾക്ക്‌ ഉടമ്പടി എതിരായിരുന്നു എന്നതാണ്‌ അതിന്‌ കാരണമായി പറഞ്ഞത്‌. അമേരിക്കയുടെ താത്‌പര്യം ലോകതാത്‌പര്യങ്ങൾക്ക്‌ കൂടുതൽ കൂടുതൽ എതിരായി വരുന്ന സമയത്ത്‌, അതിനോടുള്ള വ്യക്തമായ പ്രതികരണം കൂടിയാണ്‌ ഇത്തവണത്തെ അന്ത്യദിനഘടികാരസൂചിയുടെ ചലനവും അത്‌ നൽകുന്ന മുന്നറിയിപ്പും.

ഈ ലേഖനം ബ്ലോഗാണല്ലോ — ഈ തിരുത്തൽ നടത്തിയത് Bulldozer (സംവാദംസംഭാവനകൾ)