ശെഖാവതി ചിത്രകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാണ്ടവ കോട്ടയുടെ ഉള്ളിലെ ചിത്രപ്പണി

രാജസ്ഥാനിലെ ഝുംഝുനു, സിക്കാർ , ചുരു എന്നീ ജില്ലകൾ ഉൾപ്പെടുന്ന ശേഖാവതി മേഖലയിലെ കെട്ടിടങ്ങളുടെയും ഹവേലികളിലും ഉള്ള ചുവർചിത്രങ്ങളെയാണ് ശേഖാവതി ചിത്രകല എന്ന് വിശേഷിപ്പിക്കുന്നത്. ഈ ചിത്രങ്ങൾ പൌരാണിക, രാജകീയ, പ്രകൃതി രംഗങ്ങൾ ദൃശ്യമാക്കുന്നു. ദൈനന്ദിന ജീവിത രംഗങ്ങളും, യുദ്ധങ്ങളുടെയും നായാട്ടുകളുടെയും കഥകൾ പറയുന്ന ഈ ചിത്രങ്ങൾ ശേഖാവതിയുടെ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണങ്ങൾ കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ മാറ്റങ്ങളും ഇവയിൽ പ്രതിപാദിച്ചിട്ടുണ്ട്. പാശ്ചാത്യ സാങ്കേതിക മികവിന്റെ പര്യായങ്ങളായ വിമാനങ്ങൾ , കാറുകൾ , ടെലിഫോൺ എന്നിവ പിൽകാലത്തുണ്ടായ ചിത്രങ്ങളിൽ ദൃശ്യമാണ്[1].

ശേഖാവതി ചിത്രകലയുടെ ഉത്ഭവം[തിരുത്തുക]

മധ്യകാലീന രാജ്യങ്ങളായിരുന്ന ബിക്കാനെർ , ജയ്‌പൂർ എന്നിവയ്ക്ക് നടുവിൽ സ്ഥിതി ചെയ്തിരുന്ന ശേഖാവതി ഉത്തരേന്ത്യയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയിലായിരുന്നു. ബിക്കാനെർ , ജയ്‌പൂർ രാജ്യങ്ങളിലെ കടുത്ത നികുതി നയം മൂലം വളരെ അധികം വ്യാപാരികൾ തങ്ങളുടെ കച്ചവട യാത്രകൾക്കായി ശേഖാവതി തിരഞ്ഞെടുത്തു. 18 ആം നൂറ്റാണ്ടു മുതൽ 1822 വരെയുള്ള കാലഘട്ടത്തിൽ ശേഖാവതി ഉത്തരേന്ത്യയുടെ വ്യാപരകേന്ദ്രമായ് മാറി. മുഗളന്മാർക്കും ബ്രിട്ടീഷ് സാമ്രാജ്യത്തിനുമിടെയിലെ ഒന്നര നൂറ്റാണ്ടിലാണ് ശേഖാവതിയുടെ പ്രതാപം അതിന്റെ ഉയരത്തിലെത്തിയത്. ഇക്കാലയളവിലാണ് ശേഖാവതി ചിത്രകലയുടെ തുടക്കവും.

ശേഖാവതിയിലെ മാർവാഡി വ്യാപാര സമൂഹം വികസ്സിച്ചതോട് കൂടിയാണ് ശേഖാവതി ചിത്രകലയ്ക്ക് തുടക്കമാകുന്നത്. 18,19 നൂറ്റാണ്ടുകളിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യ ദാശാബ്ദങ്ങളിലും പണികഴിപ്പിച്ച ഹവേലികൾ എന്ന് വിളിക്കുന്ന മാളികകളിലാണ് ശേഖാവതി ചിത്രങ്ങൾ ഉള്ളത്. ഉൾഭിത്തികൾ സമൃദ്ധമായി ഈ ചിത്രങ്ങളാൽ അലങ്കൃതമാണ്. 20 ആം നൂട്ടണ്ടോടുകൂടിയാണ് പുറംഭിത്തികളും ഇപ്രകാരം ചിത്രീകരിച്ചു തുടങ്ങിയത്[2].

ചിത്രരചനാരീതി[തിരുത്തുക]

ഇറ്റാലിയൻ ചുവർചിത്ര സമ്പ്രദായമായ "ഫ്രെസ്കോ ബ്യുഒണോ" യുടെ മാത്രികയിലാണ് ശേഖാവതി ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്. കൂർത്ത കമ്പുകൾ കൊണ്ട് കുമ്മായത്തിൽ കലാകാരന്മാർ രൂപങ്ങൾ ഉണ്ടാക്കുകയും പിന്നീടതിൽ ചുണ്ണാമ്പ് വെള്ളത്തിൽ ചാലിച്ച നിറങ്ങൾ നിറയ്ക്കുന്നു. ഒട്ടകക്കൊഴുപ്പിൽ നിന്ന് നിർമ്മിക്കുന്ന പശ ഈ നിറങ്ങളെ കുമ്മായത്തിലേക്ക് ഉറച്ചു പിടിക്കുവാനും ശേഖാവതിയുടെ കഠിന കാലാവസ്ഥയെ അതിജീവിക്കുവാനും സഹായിക്കുന്നു. രാജസ്ഥാനി ചിത്രകലയുടെ നാല് പ്രധാന ശൈലികളിൽ ഒന്നായ ധുൻധാർ ശൈലിയിൽ ഉള്ള ചിത്രകലയാണ്‌ ശേഖാവതി. ഈ ചിത്രങ്ങൾ രചിക്കുന്നത്‌ കുംഭാരൻ ജാതിയിലെ പ്രത്യേക കലാകാരായ "ചിത്തേരകൾ " ആണ്. കെട്ടിടനിർമ്മാണത്തിൽ കൽപ്പണിക്കരായ ഇവർ കെട്ടിട നിർമ്മാണത്തിലും അതിന്റെ അലങ്കാര ജോലികളിലും പങ്കു വഹിക്കുനതിനാൽ ചിത്തേരകളെ "ചജേരകൾ " എന്നും വിളിക്കുന്നു. ചുവർചിത്രകല ഒരു കൂട്ടായ പ്രയത്നഫലമാണ്[3]. ചിത്രങ്ങളുടെ രചനയും, രേഖാരൂപവും ചജേരത്തലവൻ നിശ്ചയിക്കുന്നുവെങ്കിലും, അതിലെ നിറങ്ങളും ചിത്രങ്ങളുടെ വിശദാംശങ്ങളും സംഘാംഗങ്ങൾ പൂരിപ്പിക്കുന്നു. വീട്ടിനുള്ളിലെ ജനാലകളും കതകുകളും തങ്ങളുടെ ചിത്രങ്ങളുടെ ഭാഗമാക്കി മാറ്റുന്നു ഈ ചിത്രകാരന്മാർ

പ്രക്രിതിസിദ്ധമായ നിറങ്ങളാണീ ചിത്രങ്ങളിൽ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. 19 ആം നൂറ്റാണ്ടോടുകൂടി കൃത്രിമ നിറങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പ്രക്രിതിസിദ്ധമായ നിറങ്ങളിൽ വിളക്കിൻ കരി, ചുണ്ണാമ്പ്, നീലം, കുങ്കുമം, മഞ്ഞ കളിമൺ എന്നീ വസ്തുക്കൾ ഉൾപെടുന്നു. ഇവ ഉപയോഗിക്കുമ്പോൾ പക്ഷെ കുമ്മായം ഉണങ്ങുന്നതിന് മുമ്പായി ചിത്രം പൂർത്തീകരിക്കേണ്ടതുണ്ട്. കൃത്രിമ നിറങ്ങളുടെ വരവോടെ ഈ പ്രശ്നം ഇല്ലാതായി. കൃത്രിമ നിറങ്ങൾ കുമ്മായത്തിനു മുകളിൽ ഉപയോഗിക്കാവുന്നതിനാൽ ചിത്രകാരന് തന്റെ ചിത്രത്തിനു കൂടുതൽ കലാപരമായ വിശദാംശങ്ങൾ നൽകാനാകുന്നു[4].

കൂപ്പർ ശേഖാവതി ചുവർചിത്രങ്ങളുടെ പ്രമേയങ്ങളെ പത്തായി തിരിച്ചിട്ടുണ്ട്. മതപരമായ വിഷയങ്ങൾ , രാഗമാലകൾ, നാടൻ കഥകൾ , ചരിത്രപരമായ സംഭവങ്ങളും വ്യക്തികളും, വൃക്ഷ പക്ഷി മ്രഗാധികൾ , അനുദിന ജീവിത ചര്യകൾ , ശ്രംഗാര രസം, സ്ഥലവിശേഷണങ്ങൾ , ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാധീനങ്ങൾ , ആലങ്കാരിക രൂപങ്ങൾ എന്നിവയാണ് ശേഖാവതി ചിത്രകലയിൽ സാധാരണയായ് കാണപ്പെടുന്ന പ്രമേയങ്ങൾ .

നാശോന്മുഖമായ കലാസമ്പത്ത്[തിരുത്തുക]

കാലക്രമേണ മാർവാഡി മാളികകൾ പലതും അവരുടെ ഉടമസ്ഥർ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ അവഗണനയുടെയും നാശത്തിന്റെയും ഇരകളായി. സംരക്ഷണയുടെ അഭാവത്തിൽ പല ചുവർചിത്രങ്ങളും ഇളകിപ്പോകുകയോ അവയ്ക്ക് മുകളിൽ വെള്ള പൂശി നഷ്ടമാവുകയോ ചെയ്തു. ഷെഖാവതി ചിത്രകലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഭാരത, രാജസ്ഥാൻ സർക്കാരുകൾ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ജയ്‌പുരിലെ ജവഹർ കലാ കേന്ദ്രയിലും ദില്ലിയിലെ ദേശിയ കരകൌശല മ്യൂസിയത്തിലും പ്രത്യേകം നിർമ്മിക്കപ്പെട്ട ശേഖാവതി ചുവർചിത്ര ശേഖരങ്ങളുണ്ട്. പൈത്രിക വിനോദസഞ്ചാരം ഇത്തരം മാളികകളുടെയും അവയിലുള്ള ശേഖാവതി ചിത്രകലകളുടെയും ദീർഖ കാല സംരക്ഷണത്തിനു സഹായകമാകും എന്നാണ് കരുതപ്പെടുന്നത്.

2012 -ഇൽ ശേഖാവതി ചിത്രകലയെ പറ്റി ഭാരത സർക്കാർ തപാൽ സ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി[5].

അവലംബം[തിരുത്തുക]

  1. Bruyn, Pippa de; Bain, Keith; Allardice, David; Joshi, Shonar (2010). Frommer's India. ISBN 9780470602645.
  2. Noble, Allen (1999). Preserving the Legacy: Concepts in Support of Sustainability. Lexington Books. p. 174. ISBN 9780739100158.
  3. "Shekhawati Paintings". Culturopedia. Archived from the original on 2012-04-23. Retrieved 2012-08-17.
  4. "Shekhawati Festival".
  5. "Sheet Let – Shekhawati and Warli Paintings – By India Post". Archived from the original on 2012-10-19. Retrieved 2012-08-17.

Further reading[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശെഖാവതി_ചിത്രകല&oldid=4048897" എന്ന താളിൽനിന്ന് ശേഖരിച്ചത്