വില്ലുവണ്ടി സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാതിനിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കൻമാർ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്ക് കടന്നു വന്ന കോളോണിയൽ ശക്തികളാണ് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചതു്. ആ പ്രകമ്പനമാണു് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരിൽ നിന്നാരംഭിക്കാൻ കാരണമായതു്.

1860-ൽ കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂറിൽ തെക്ക്-വടക്കൊരു പാത നിർമ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയർ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോൾ മുറജപ മഹോൽസവം വരുകയാണ്, അതുകൊണ്ട് പണവും തൊഴിലാളികളെയും തരാൻ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കൻമാർക്ക് റോഡ് ആവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവൻ ഏതുവഴി പോകുന്നുവെന്നതും അവർക്കൊരു പ്രശ്നമല്ലായിരുന്നു. നാട്ടുകാർക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങൾ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ റോഡുകൾ നിർമ്മിക്കപ്പെട്ടു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകളാണു് നിർമ്മിക്കപ്പെട്ടതു്. രാജവീഥികൾ പൊതുവഴികളും ഗ്രാമവീഥികൾ സ്വകാര്യ വഴികളുമായിരുന്നു.

1886-ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അതു് അനുവദിച്ചില്ല. പുലയജാതിയിൽ ജനിച്ച അയ്യൻ കാളിക്കു് ചെറുപ്പംമുതൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ചു്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യൻകാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യങ്കാളി യജമാനൻ എന്നു വിളിക്കുവാൻ തുടങ്ങി. അയ്യൻകാളിയുടെ നടപടികളെ സ്വാഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യൻകാളി.

"https://ml.wikipedia.org/w/index.php?title=വില്ലുവണ്ടി_സമരം&oldid=3726473" എന്ന താളിൽനിന്ന് ശേഖരിച്ചത്