വിദ്യാവിനോദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1886ൽ (കൊല്ല വർഷം 1062) ആണു് വിദ്യാവിനോദിനി എന്ന മുദ്രാലയം സ്ഥാപിയ്ക്കപ്പെടുന്നത്. വി.സുന്ദരയ്യർ ആൻഡ് സൺസ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്ന സുന്ദരയ്യരും, പുത്രൻ വിശ്വനാഥയ്യരുമായിരുന്നു ഇതിന്റെ സാരഥികൾ. ഈ അച്ചുകൂടത്തിൽ ഒരു മാസിക ആരംഭിയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല വഹിയ്ക്കുന്നതിനു സി.പി.അച്യുതമേനോനെ നിയോഗിയ്ക്കുകയും ചെയ്തു. സി.പി. അച്യുതമേനോൻ പത്രാധിപരും വിശ്വനാഥയ്യർ മാനേജരുമായി പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് ഈ മാസിക തൃശ്ശൂരിലെ കല്പദ്രുമം പ്രസ്സിലാണു് അച്ചടിച്ചിരുന്നതു്. 1900 മുതലാണ് വിദ്യാവിനോദിനി പ്രസ്സിൽ മാസിക അച്ചടിയ്ക്കാൻ തുടങ്ങിയത്.[1]

ആദ്യലക്കം[തിരുത്തുക]

1889 നവംബറിലാണു് വിദ്യാവിനോദിനിയുടെ ആദ്യലക്കം പുറത്തുവന്നതു്. ഒരു വ്യാഴവട്ടക്കാലത്തിലധികം കേരളത്തിലെ സാഹിത്യ, സാംസ്ക്കാരിക, വിജ്ഞാനരംഗങ്ങളിൽ സംഭാവന നൽകാൻ വിദ്യാവിനോദിനി മാസികയ്ക്കു കഴിഞ്ഞു. 1902 മാർച്ച് വരെ 150 ലക്കങ്ങൾ (പന്ത്രണ്ട് പുസ്തകവും ആറു ലക്കങ്ങളും) ഈ ആദ്യകാല മാസിക നിലനിന്നു. അവസാനകാലത്തു് ഈ മാസികയുടെ പേർ വിദ്യാവിനോദിനി വക്താവ് എന്നാക്കിമാറ്റിയിരുന്നു.

പത്രാധിപന്മാർ[തിരുത്തുക]

1898ൽ സി.പി.അച്യുതമേനോൻ പത്രാധിപത്യം ഒഴിഞ്ഞശേഷം, അപ്പു നെടുങ്ങാടി, ടി.കെ.കൃഷ്ണമേനോൻ, പള്ളിയിൽ ഗോപാലമേനോൻ എന്നിവർ വിദ്യാവിനോദിനിയുടെ പത്രാധിപചുമതല ഏൽക്കുകയുണ്ടായി.

ഉള്ളടക്കം[തിരുത്തുക]

വെറുമൊരു സാഹിത്യമാസികയായിരുന്നില്ല വിദ്യാവിനോദിനി. മറിച്ച് ചരിത്രം, ധനശാസ്ത്രം, ശാസ്ത്രവിഷയങ്ങൾ എന്നിവ ഈ മാസികയിൽ ഉൾക്കൊള്ളിച്ചിരുന്നിരുന്നു. അവസാനം പള്ളിയിൽ ഗോപാലമേനോന്റെ ഉടമസ്ഥതയിലായിരുന്ന മാസികയുടെ പ്രവർത്തനം 1903 മാർച്ചിൽ നിലച്ചുപോയി.[2]

അവലംബം[തിരുത്തുക]

  1. സി.പി.അച്യുതമേനോന്റെ നിരൂപണങ്ങൾ-1989-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.പേജ്.8
  2. സി.പി.അച്യുതമേനോന്റെ നിരൂപണങ്ങൾ-1989-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.പേജ്,9.
"https://ml.wikipedia.org/w/index.php?title=വിദ്യാവിനോദിനി&oldid=1853426" എന്ന താളിൽനിന്ന് ശേഖരിച്ചത്