വിക്കിപീഡിയ:വാമൊഴി അവലംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, മറ്റ് പാരമ്പര്യ വിജ്ഞാനകോശങ്ങളിലൊന്നിലും കാണാൻ സാധിക്കാത്ത നിരവധി വിഷയങ്ങളെ പറ്റി പോലും വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടാവും എന്നതാണു്. എന്നാൽ ഇത്തരം ലേഖനങ്ങൾക്കും തക്കതായ ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലബം കൊടുക്കണം എന്നത് വിക്കിപീഡിയയുടെ നയം അനുസരിച്ച് അതീവ പ്രാധാന്യമുള്ള ഒരു നയമാണു്. വിക്കിപീഡിയ ലെഖനങ്ങളുടെ ഉന്നതനിലവാരം കാത്തു സൂക്ഷിക്കുന്നതിനു് ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലംബം ചേർക്കണം എന്നത് വളരെ അത്യാവശ്യവുമാണൂ്.

നിരവധി അപൂർവ്വ വിഷയങ്ങളെ കുറിച്ച് ലെഖനം വരുമ്പോൾ വിക്കിപീഡിയ പ്രവർത്തകർ (പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ പ്രവർത്തിക്കുന്നർ), നേരിടുന്ന ഒരു പ്രതിന്ധിയാണു് ഇതു വരെ ഡോക്കുമെന്റ് ചെയ്തിട്ടില്ലാത്ത ഈ വിഷയങ്ങൾക്കൊക്കെ എങ്ങനെ ആധികാരിക അവലംബം സംഘടിപ്പിക്കും എന്നത്. പല വിധത്തിൽ ഈ പ്രശ്നം വരും;

 1. ആ വിഷയം ഇതു വരെ ഇംഗ്ലീഷിലോ മലയാളത്തിലോ ഡോക്കുമെന്റ് ചെയ്തിട്ടില്ല എന്ന് വരാം
 2. ഏതെങ്കിലും ഒരു ഭാഷയിൽ ചെയ്തിട്ടുണ്ടാം. പക്ഷെ പ്രസ്തുത അവലംബം വിക്കിപീഡിയർക്ക് പ്രാപ്യമല്ലാത്ത ഇടങ്ങളിൽ ഇരിക്കുന്നു. അല്ലെങ്കിൽ എന്നേക്കുമായി നഷ്ടപ്പെട്ടു.
 3. ഏതെങ്കിലും ഒരു പ്രത്യെക വീക്ഷണകോണിൽ എഴുതിയത് കൊണ്ട് വിക്കിപീഡിയയുടെ നിഷപതാനയത്തിനു എതിരായതു മൂലം വിക്കിപീഡിയയിൽ ആധികാരിക അവലംബം ആയി ഉപയോഗിക്കാൻ സാധിക്കാതെ വരിക
 4. മൂന്നാം ലൊകരാജ്യങ്ങളിലെ അപൂർവ്വ വിഷയങ്ങളിൽ ഉള്ള വിഷയങ്ങളിൽ പല വിധ കാരണങ്ങൾ കൊണ്ട് ആരും താല്പര്യം എടുക്കാത്തത് കൊണ്ട് ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ അവലബം ലഭ്യമല്ലാത്ത സ്ഥിതി
 5. മറ്റ് ഏതെങ്കിലും ഭാഷകളിൽ അവലംബം ഉണ്ടെങ്കിലും അത് ഇംഗ്ലീഷിലോ മലയാളത്തിലോ തർജ്ജുമ ചെയ്യാത്തതിനാൽ നമുക്ക് മലയാളത്തിൽ ഉപയോഗിക്കാൻ പറ്റാതെ വരിക

അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട്അവലംബപ്രശ്നം വിക്കിപീഡിയരെ സജീവമായി അലട്ടുന്ന ഒന്നാണു്. ഇത് എങ്ങനെ പരിഹരിക്കും എന്നത് ആർക്കും വലിയ ഊഹവും ഇല്ല.

ഈയടുത്ത് ഇന്ത്യാക്കാരനായ ആച്ചൽ പ്രഭ്‌ല ഇക്കാര്യത്തിനായി ഒരു പദ്ധതി വിക്കിമീഡിയ ഫൗണ്ടേഷനു് സമർപ്പിച്ചു. (http://meta.wikimedia.org/wiki/Grants:Fellowships/Oral_Citations). വാമൊഴി അവലംബം (ഓറൽ സൈറ്റേഷൻ) എന്ന പേരാണു് അദ്ദേഹം അതിനെ വിളിക്കുന്നത്. അതിൽ അദ്ദേഹം നിർദ്ദേശിച്ച പോംവഴി താഴെ പറയുന്നതാണു്.

അപൂർവ്വ വിഷയത്തിൽ, ആധികാരിക അവലംബം ലഭ്യമല്ലാത്ത അവസരങ്ങളിൽ, പ്രസ്തുത വിഷയയുമായി ബന്ധപ്പെട്ട പ്രമുഖരെ (ആ വിഷയത്തെ കുറിച്ച് പഠിച്ചവർ, ആ വിഷയം പെർഫോം ചെയ്യുന്നവർ, നിത്യോപയൊഗത്തിലൂടെ വിഷയത്തെകുറിച്ച് കൂടുതൽ മനസ്സിലാക്കിയവർ, അങ്ങനെ ...) നേരിട്ടു കണ്ടു സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച് അവരുടെ ഓഡിയോ ഇന്റർവ്യൂ/വീഡിയോ ഇന്റർവ്യൂ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത് അത് അവലംബം ആയി ഉപയോഗിക്കുക എന്ന നിർദ്ദേശമാണു് അദ്ദേഹം മുൻപോട്ട് വെച്ചത്. ഈ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടിനായി അദ്ദേഹം മൂന്ന് ഭാഷകളെ ആണു് തിരഞ്ഞെടുത്ത്.

 1. ദക്ഷിണാഫ്രിക്കയിൽ സംസാരിക്കപ്പെടുന്ന Sesotho sa Leboa (Northern Sotho language- http://en.wikipedia.org/wiki/Northern_Sotho_language) എന്ന ഭാഷ. ബൈബിളിന്റെ പരിഭാഷയും പിന്നെ ചില ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും മാത്രമാണു് ഈ ഭാഷയിൽ ഇതു വരെ അച്ചടി മഷി പുരണ്ടത്. ഇവർക്ക് ഇപ്പോഴും വിക്കിപീഡിയ കിട്ടിയില്ല. നിലവിൽ ഇവരുടെ വിക്കി പ്രവർത്തനം ഇൻകുബേറ്റർ വിക്കിയിലാണു്
 2. ഹിന്ദി. ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയെന്ന നിലയിൽ
 3. മലയാളം. ഇന്ത്യയിലെ ഏറ്റവും സജീവമായതും, നൂതനമായ നിരവധി പദ്ധതികൾ നടത്തുന്ന സമൂഹം എന്ന നിലയിലാണു് മലയാളത്തെ തിരഞ്ഞെടുത്തത്


ഈ ഭാഷകളിൽ, ഞാൻ ആദ്യം സൂചിപ്പിച്ച അവലംബ പ്രശ്നം എറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത് Northern Sotho ഭാഷയ്ക്കാണു്. അവരുമായി ബന്ധപ്പെട്ട സംഗതികൾക്കൊന്നിനും തന്നെ ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ അവർക്ക് അവലംബം ലഭ്യമല്ല. ഹിന്ദിക്കും മലയാളത്തിനും പോപ്പുലറായ സംഗതികൾ ഒക്കെ ഡോക്കുമെന്റ് ചെയ്തിട്ടുണ്ടാവാമന്ന്കിലും അപൂർവ്വ വിഷയങ്ങൾക്ക് അവലംബ പ്രശ്നം ഉണ്ട്.

മലയാളത്തിൽ നിന്ന് വിജയകുമാർ ബ്ലാത്തൂരും, ഷിജു അലക്സും ആണു് ഈ പ്രൊജക്ടിനായി ആച്ചലിനെ സഹായിച്ചത്. ഇതിനായി ആച്ചൽ 2 ദിവസം കണ്ണൂരിൽ താമസിക്കുകയും വിവിധ സ്ഥലങ്ങളിൽ വിവിധ വ്യക്തികളെ സന്ദർശിച്ച് ഓഡിയോ/വീഡിയോ ഇന്റർവ്യൂകൾ നടത്തുകയും ചെയ്തു. അതിൽ നിന്ന് ഈ വിഷയത്തെ കുറച്ച് നമുക്ക് ചർച്ച നടത്താൻ പറ്റിയ വിവരം മാത്രം ഇവിടെ പങ്കു വെക്കുന്നു.


നീലിയാർ ഭഗവതി എന്ന തെയ്യം നടക്കുന്ന കണ്ണൂർ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ടു പറമ്പ് നീലിയാർ കാവിൽ ഞങ്ങൾ പോവുകയും തെയ്യത്തിന്റെ വിവിധ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും വിവിധ വ്യക്തികളുമായി സംസാരിക്കുകയും ചെയ്തു. നീലിയാർ ഭഗവതിത്തെയ്യം അവതരിപ്പിക്കുന്നവർ, തെയ്യത്തിന്റെ പിന്നണി കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ, നീലിയാർ ഭഗവതിത്തെയ്യം വർഷങ്ങളായി കണ്ട് പരിചയിച്ച ഒരു നാട്ടുകാരി, അങ്ങനെ നിരവധി പെരുമായി ഞങ്ങൾ സംസാരിച്ചു.

മൂന്നു ഓഡിയോ ഇന്റർവ്യൂ ആണു് ഇതിനായി തയ്യാറാക്കിയത്

 1. ചെറുപ്പം മുതലെ നീലിയാർ ഭഗവതിത്തെയ്യം കണ്ട് അതിനെ കുറിച്ചുള്ള വിവിധ ഐതുഹ്യങ്ങളും മറ്റും നന്നായി അറിയുന്ന കല്യാണി എന്ന നാട്ടുകാരി - http://commons.wikimedia.org/wiki/File:PeopleAreKnowledge_Neeliyar-Bhagavathi_%28Theyyam%29_Interview1.ogg
 2. മാങ്ങാട്ടു പറമ്പിൽ നീലിയാർ ഭഗവതിത്തെയ്യം നടക്കുന്ന കുടുംബക്ഷേത്രത്തിന്റെ ചുമതലക്കാരൻ കുഞ്ഞിരാമൻ - http://commons.wikimedia.org/wiki/File:PeopleAreKnowledge_Neeliyar-Bhagavathi_%28Theyyam%29_Interview2.ogg
 3. തെയ്യത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ പ്രശസ്ത പണ്ഡിതൻ എം.വി. വിഷ്ണു നമ്പൂതിരി. http://commons.wikimedia.org/wiki/File:PeopleAreKnowledge_Neeliyar-Bhagavathi_%28Theyyam%29_Interview3.ogg

ഈ ഫയലുകൾ എല്ലാം കോമൺസിലെക്ക് അപ്‌ലോഡ് ചെയ്യുകയും അതിനു് ട്രാൻസ്ക്രിപ്റ്റ് ചെർക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഫയലുകളിലെ സംഭാഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് നിലവിൽ നീലിയാർ ഭഗവതി എന്ന ലേഖനം വികസിപ്പിച്ചിട്ടുള്ളത്. താൽക്കാലികമായി ഈ ഓഡിയോ ഫയലുകൾ എല്ലാം നീലിയാർ ഭഗവതി എന്ന ലേഖനത്തിൽ നിലവിൽ അവലംബം ആയി ചെർത്തിട്ടുണ്ട്.

ഇനി ഈ വിഷയം മലയാളം വിക്കി സമൂഹത്തിന്റെ മുൻപിൽ ചർച്ചയ്ക്കായി വെക്കുകയാണു്. നിരവധി കാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായം ആവശ്യമുണ്ട്.

 • ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം
 • ഈ പരിപാടി മെച്ചപ്പെടുത്തി മലയാളം വിക്കിപീഡിയക്ക് ചേർന്ന വിധത്തിലുള്ള നയങ്ങളോടെ നമുക്ക് ഉപയോഗിക്കാൻ പറ്റുമോ?
 • ഇതിന്റെ ഗുണ/ദോഷങ്ങൾ
 • ദുരുപയോഗം ചെയ്യാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും
 • മറ്റ് അഭിപ്രായങ്ങൾ

ഇതിന്റെ സംവാദത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. ഒരു വോട്ടെടുപ്പ് നടത്തി ബലമായി നയമാക്കി മാറ്റാനല്ല ഇത് ഇവിടെ ഇടുന്നത്. മറിച്ച് വിക്കിപീഡിയയുടെ നിലവിലുള്ള എല്ലാ നയങ്ങളും പാലിച്ച്, അവലംബം സംബന്ധിച്ചുള്ള നയം അതിന്റെ അടുത്ത പടിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കരുതി, ഈ പദ്ധതി വിക്കിപീഡിയക്ക് യോജിച്ച വിധം രൂപപ്പെടുത്തി എടുക്കാനാണു് ശ്രദ്ധിക്കേണ്ടത്.