വിക്കിപീഡിയ:പത്രക്കുറിപ്പ്/മലയാളം വിക്കിപീഡിയയിൽ 25000 ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു[തിരുത്തുക]

മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനശേഖരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.


2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.

ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ തികച്ച ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 200 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.

മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.

മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ:[തിരുത്തുക]

  • ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം
  • സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം
  • ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം
  • സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം
  • വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും സാന്നിദ്ധ്യമുള്ള ഇന്ത്യൻ വിക്കി സമൂഹം
  • ആദ്യമായി സ്കൂളുകൾ മുഖേന ഇന്ത്യയിൽ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ ഇന്ത്യൻ വിക്കി സമൂഹം

ഇവയ്ക്കെല്ലാം പുറമേ, ഇന്ത്യയിലേയും ആഫ്രിക്ക പോലുള്ള വികസ്വരസമൂഹങ്ങളിലേയും വിക്കിസംരംഭങ്ങൾക്കു മാതൃകയാക്കാവുന്ന നിരവധി പുത്തൻപരീക്ഷണങ്ങൾ ഓരോ നാൾ കഴിയുമ്പോളും മലയാളം വിക്കിസമൂഹം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.

ഇന്റർനെറ്റിൽ മലയാളം വിക്കിപീഡിയ നേരിട്ടു വായിച്ചുകാണാൻ: http://ml.wikipedia.org നിങ്ങൾക്കും വിക്കിപീഡിയയിൽ എങ്ങനെ ഭാഗമാവാം എന്നറിയാൻ സഹായത്തിനു് മലയാളം വിക്കി സമൂഹത്തിന്റെ ഇമെയിൽ വിലാസം: help@mlwiki.in

പത്രവാർത്തകൾ[തിരുത്തുക]

  1. മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങളുടെ നിറവിൽ
  2. Malayalam Wiki crosses 25,000 mark
  3. നാഴികക്കല്ലുകൾ പിന്നിട്ട് മലയാളം വിക്കി ശ്രീരാജ് ഓണക്കൂർ Posted on: 29-Jul-2012 10:47 PM
  4. മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ 25,000! - വെബ്ദുനിയ മലയാളം
  5. പുതിയ ജന്മത്തിൻറെ അപ്ലോഡിങ്ങ്...മെട്രോവാർത്ത, ആഗസ്റ്റ് 1, 2012