വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/17
ഡോ. സാലിം അലി (സാലിം മൊയ്സുദ്ദീൻ അബ്ദുൾ അലി, 1896 നവംബർ 12 - 1987 ജൂലായ് 27), ഇന്ത്യയിലെ വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന് അടിസ്ഥാനമിട്ട ആളാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തുചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി(BNHS)യിലെ മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. സാലിമിനെ സായ്പ് സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.