വാതരോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ത്രിദോഷങ്ങളിൽ ഒന്നായ വാതം അതിന്റെ സമാവസ്ഥയിൽ നിന്നും വർധിക്കുമ്പോൾ ഉടലെടുക്കുന്ന രോഗാവസ്ഥയെയാണ് വാതരോഗം എന്ന് പറയുന്നത്[1]. അസ്ഥികളേയും, ഞരമ്പുകളേയും ബാധിക്കുന്ന രോഗങ്ങളെയും സാമാന്യമായി വാതരോഗങ്ങൾ എന്നും പറയാറുണ്ട്. പലതരം വാതരോഗങ്ങളുണ്ടെങ്കിലും സന്ധിവാതം, ആമവാതം എന്നിവയാണ് പ്രധാനപ്പെട്ടവ[2].

പൊതുവായ ലക്ഷണങ്ങൾ[തിരുത്തുക]

സന്ധികളിലെ നീർക്കെട്ട് അല്ലെങ്കിൽ കോശജ്വലനം (inflammation), സന്ധികൾക്ക് ചുറ്റും ചൂട്, വേദന, പിടുത്തം, മുറുക്കം, സന്ധികള് ചലിപ്പിക്കാന് പറ്റാത്ത അവസ്ഥ, ചർമ്മം ചുവക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ വിവിധ തരം വാത രോഗങ്ങൾ നടുവേദനക്കും കാരണമാകുന്നു.

വാതരോഗങ്ങൾ തരം തിരിച്ച്[തിരുത്തുക]

സന്ധിവാതം[തിരുത്തുക]

കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, കാൽപാദം,ഇടുപ്പ്, നട്ടെല്ല് തുടങ്ങി ശരീരത്തിലെ ഏത് ഭാഗത്തും ഉള്ള സന്ധികളെ ഇത് ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും,വണ്ണമുള്ള, ശരീരഭാരം കൂടിയ ആൾക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും ഇത് അപൂർവമായി കാണുന്നു.

 • ലക്ഷണങ്ങൾ

തണുപ്പ് കാലത്ത് കാൽമുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികൾക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളിൽ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകൾക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെൽക്കുമ്പോൾ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങൾ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടർന്ന് പനിയും ഉണ്ടാകാം.

ആമവാതം[തിരുത്തുക]

കൈകാലുകൾ, കഴുത്ത് തുടങ്ങിയ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കുന്നതായ രോഗമാണിത്. ഒരു സന്ധിയിൽനിന്നു മറ്റൊരു സന്ധിയിലേക്കു സഞ്ചരിക്കുന്ന രീതിയിലാണ് വേദനയും നീരും അനുഭവപ്പെടുക. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുകയാണ് ആമവാതത്തിൽ സംഭവിക്കുന്നത്. അലർജിയിൽ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവിൽ ഓട്ടോ ഇമമ്യൂൺ രോഗങ്ങൾ (autoimmune diseases) എന്ന് പറയുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സിലാണ് തുടങ്ങുന്നുവെങ്കിലും അപൂർവ്വമായി കുട്ടികളിലും പിടിപെടാം.

 • ലക്ഷണങ്ങൾ

വിശപ്പ് ഇല്ലാതിരിക്കുക, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങൾ ഇവയെ തകരാറിലാക്കുക, മണിബന്ധം, കൈകാൽ മുട്ടുകൾ, കണങ്കാൽ, വിരലുകൾ തുടങ്ങിയ ഇടങ്ങളിലെ നീർകെട്ട്, മലബന്ധം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിലെ ചികിത്സ ചെയ്തില്ലെങ്കിൽ സന്ധികൾ ഉറച്ചു അനക്കാൻ പറ്റാതാകും.

രക്തവാതം[തിരുത്തുക]

വിരലുകളുടെ സന്ധികളിൽ ആദ്യമായി വേദന തുടങ്ങുകയും പിന്നീടു ക്രമത്തിൽ ഇതര സന്ധികളിലേക്കു വ്യാപിക്കുകയും ചെയ്യുന്നതായ രോഗമാണു വാതരക്തം.

 • ലക്ഷണങ്ങൾ

രാവിലെ ഉറക്കമുണർന്നാൽ കുറെയധികം നേരത്തേക്കു സന്ധികളുടെ ചലനം പ്രയാസമേറിയതായിരിക്കുകയും പിന്നീടു ക്രമത്തിൽ കുറഞ്ഞുവരുകയും ചെയ്യും എന്നതാണ് ഈ രോഗത്തിന്റെ സവിശേഷ സ്വഭാവം.

കടീഗ്രഹം & ശദ്ധസിവാതം[തിരുത്തുക]

സാധാരണ കണ്ടുവരാറുള്ള നടുവ് വേദനയാണിത്.

 • ലക്ഷണങ്ങൾ

ഇടയ്ക്കിടെ നടുവ് മിന്നുന്ന പോലെ അനുഭവപ്പെടുക, അരക്കെട്ടിനു പിടുത്തം, അനുബന്ധ പേശികൾക്കു സങ്കോചം, നേരെ നിവർന്നു നിൽക്കാൻതന്നെ പ്രയാസം എന്നിവയാണു ലക്ഷണങ്ങൾ. നടുവേദന തന്നെ കാലിലേക്കും വ്യാപിക്കുന്ന രീതിയുണ്ട്. പുഷ്ഠഭാഗത്തുകൂടി തുടയുടെ പിറകിൽ കൂടി കാലിലേക്ക് വേദന, മരപ്പ് തുടങ്ങിയവ അനുഭവപ്പെടുന്ന ഈ അവസ്ഥ ശദ്ധസി എന്ന പേരിൽ അറിയപ്പെടുന്നു.

കണ്ടകവാതം[തിരുത്തുക]

ഉപ്പൂറ്റിയിലുണ്ടാകുന്ന വാതമാണിത്.

 • ലക്ഷണങ്ങൾ

രാവിലെ എഴുന്നേറ്റ് ആദ്യമായി ഉപ്പൂറ്റി നിലത്തു കുത്തുമ്പോൾ അതിയായ വേദന അനുഭവപ്പെടുകയും ക്രമത്തിൽ കുറഞ്ഞുവരികയും ചെയ്യും.

ക്രോഷ്ടുക ശീർഷകവാതം[തിരുത്തുക]

കാൽമുട്ടിൽ നീരും വേദനയും ഉണ്ടാക്കി ക്രമത്തിൽ ചലനം തന്നെ വേദനാജനകമാകുന്ന അവസ്ഥയിലെത്തിക്കുന്ന വാതമാണിത്.

 • ലക്ഷണങ്ങൾ

കൈകളിലെ മരവിപ്പ്, തരിപ്പ്, വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ഗ്രീവാഗ്രഹവാതം[തിരുത്തുക]

കഴുത്തിനു വേദനയുണ്ടാകുന്ന വാതമാണിത്.

ലൂപസ്[തിരുത്തുക]

സന്ധികളിൽ അസഹനീയമായ വേദന ഉണ്ടാക്കുന്നതാണ് ലൂപസ്.

 • ലക്ഷണങ്ങൾ

തൊലിപ്പുറമേയുള്ള ചുവന്നു തടിക്കൽ, സൂര്യ പ്രകാശം അടിക്കുമ്പോൾ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ, കിഡ്നി പ്രശ്നങ്ങൾ, ശ്വാസകോശത്തിൽ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങൾ ആണ്.

ഗൌട്ട് & സ്യൂഡോ ഗൌട്ട്[തിരുത്തുക]

ചില ആഹാരങ്ങൾ, കിഡ്നി, ലിവർ, കൂൺ ആൽകഹോൾ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തിൽ അടിഞ്ഞു കൂടി സന്ധികളിൽ അതിന്റെ ക്രിസ്റ്റലുകൾ അടിഞ്ഞു കൂടുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കിൽ സ്യൂഡോ ഗൌട്ട് എന്ന വാതം ആയിത്തീരുന്നു.

 • ലക്ഷണങ്ങൾ

നീർകെട്ടും, വേദനയും, സന്ധികളിലെ പേശീ സങ്കോചം വഴി ശരീരത്തിൽ രൂപവ്യത്യാസം ഉണ്ടാക്കി ശരീരത്തെ അനക്കാൻ വയ്യാതാകുന്നു.

കാരണങ്ങൾ[തിരുത്തുക]

വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങൾ സ്ഥിരമായി ഭക്ഷിക്കുക, വ്യായാമക്കുറവ്, ക്രമം തെറ്റിയ ആഹാര രീതി, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുക തുടങ്ങിയ ആഹാരത്തിലെ തെറ്റായ ശീലങ്ങൾ ദഹനശക്തിയെ താറുമാറാക്കുന്നതും ഏമ്പക്കം, കീഴ്വായു, തുമ്മൽ, കോട്ടുവായ, ഉറക്കം, ചുമ, വിശപ്പ്, ദാഹം, കണ്ണീര്, കിതപ്പ്, ഛർദി, ശുക്ല വിസർജനം എന്നീ പ്രകൃതിദത്തമായ ആവശ്യങ്ങളെ തടയുകയോ മുക്കി പുറപ്പെടുവിക്കുകയോ ചെയ്യുന്നതും കാലക്രമത്തിൽ വാതരോഗങ്ങൾക്ക് കാരണമായേക്കാം.

ചികിത്സ[തിരുത്തുക]

ചിട്ടയായ ജീവിത ശൈലീ നയിക്കുകയും കൃത്യമായതും കാത്സ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങളിലൂന്നിയതും ആയ ഒരു ഭക്ഷണക്രമം അനുവർത്തിക്കുകയും ഒപ്പം വ്യായാമം ശീലമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന പ്രധിവിധി.[3]

 • ആയുർവേദം

ദഹനത്തെ ക്രമീകരിക്കുകയും ഒപ്പം ശരീരത്തിൽ വർധിച്ചുവരുന്ന വാതത്തെ സമമായ അവസ്ഥയിൽ എത്തിക്കുക എന്നതുമാണ് ആയുർവേദ ചികിത്സാ സമീപനം. ഇതിനായി ഗന്ധർഹസ്ത്യാദി കഷായം, രാസ്നൈ രണ്ഡാദി കഷായം, മഹാരാസ്നാദി കഷായം തുടങ്ങിയ യുക്തമായ കഷായങ്ങൾ ഉള്ളിലേക്കു നല്കുകയും ഇലക്കിഴി, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയ ചികിത്സകൾ അവസ്ഥയ്ക്കനുസരിച്ചു പ്രയോഗിക്കുകയും ചെയ്യും.

അവലംബം[തിരുത്തുക]

 1. "വാതരോഗങ്ങൾ ഉണ്ടാകുന്നത്". ദീപിക.കോം.
 2. "വാതരോഗങ്ങൾക്ക് ഒരു അന്തിമ പരിഹാരം". വികാസ് പീഡിയ.
 3. "വാതം മാറാൻ യോഗ". മലയാളം ന്യൂസ്. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-16.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാതരോഗം&oldid=3808392" എന്ന താളിൽനിന്ന് ശേഖരിച്ചത്