വണക്കമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കത്തോലിക്കാസഭയിൽ പതിനാറാം നൂറ്റാണ്ടു മുതൽ വികസിച്ചു വന്ന ഒരു ഉപാസനാമുറയാണ് വണക്കമാസം. ഏതെങ്കിലും ഒരു പുണ്യവിഷയത്തേയോ വ്യക്തിയേയോ കേന്ദ്രീകരിച്ച്, പഞ്ചാംഗത്തിലെ നിശ്ചിതമായ ഒരു മാസം മുഴുവൻ അനുഷ്ഠിക്കുന്ന പ്രാർത്ഥനയും ഭക്തിമുറകളുമാണിത്. പുരോഹിതന്മാർ പ്രധാനനിർവാഹകരായിരുന്ന മുഖ്യ ആരാധാനാമുറയ്ക്കു സമാന്തരമായി മദ്ധ്യയുഗങ്ങളിൽ രൂപപ്പെട്ട ജനകീയഭക്തിയിൽ നിന്നു വികസിച്ച്, കാലക്രമേണ പ്രചാരവും അംഗീകാരവും നേടിയ ഒരു പ്രസ്ഥാനമാണിത്.[1]

മാസങ്ങൾ[തിരുത്തുക]

ഒരോ വണക്കമാസത്തിനും ഒരു പ്രത്യേകമാസം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. വണക്കമാസങ്ങളിൽ ഏറ്റവും പഴക്കവും പ്രചാരവും ജനകീയസ്വഭാവവുമുള്ളത് മേയ് മാസത്തിൽ നടക്കാറുള്ള മാതാവിന്റെ വണക്കമാസത്തിനാണ്. ജൂൺ യേശുവിന്റെ തിരുഹൃദയവണക്കത്തിന്റേയും, മാർച്ച് വിശുദ്ധയൗസേപ്പിന്റെ വണക്കത്തിന്റേയും നവംബർ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ വണക്കത്തിന്റേയും മാസങ്ങളാണ്.

ഈ ഭക്ത്യഭ്യാസത്തിന്റെ മാസം തിരിച്ചുള്ള ഒരു പട്ടിക താഴെക്കാണുന്നതാണ്:-

മാസം വണക്കവിഷയം
ജനുവരി യേശുവിന്റെ തിരുനാമം
മാർച്ച് വിശുദ്ധ യൗസേപ്പ്
മേയ് വിശുദ്ധ മാതാവ്
ജൂൺ യേശുവിന്റെ തിരുഹൃദയം
ജൂലൈ യേശുവിന്റെ തിരുരക്തം
സെപ്തംബർ മാതാവിന്റെ ഏഴു വ്യകുലങ്ങൾ
ഒക്ടോബർ കൊന്ത, അഥവാ ജപമാല
നവംബർ ശുദ്ധീകരാത്മാക്കൾ

പുസ്തകങ്ങൾ[തിരുത്തുക]

വണക്കമാസങ്ങളിലെ പ്രാത്ഥനാനുഷ്ഠാനങ്ങളിൽ കുടുംബങ്ങളിലും ദേവാലയങ്ങളിലും ഉപയോഗിക്കാനായി രചിക്കപ്പെട്ടിട്ടുള്ള വണക്കമാസപ്പുസ്തകങ്ങൾ കത്തോലിക്കാ ഭക്തിസാഹിത്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മലയാളത്തിൽ ഏറെ പ്രചാരം നേടിയ മാതാവിന്റെ വണക്കമാസപ്പുസ്തകങ്ങളിലൊന്ന് പ്രസിദ്ധ ക്രിസ്തീയലേഖകൻ നിധീരിക്കൽ മാണിക്കത്തനാർ രചിച്ചതാണ്. ഈ പുസ്തകങ്ങളിൽ വണക്കമാസത്തിലേ ഓരോ ദിവസത്തേയും അനുഷ്ഠാനത്തെ സാധാരണ ഈവിധം ക്രമീകരിച്ചിരിക്കുന്നതു കാണാം.

  • പ്രബോധനപരമായ വായന - മാസവണക്കത്തിനു വിഷയമായ പുണ്യവിഷയത്തിന്റെയോ വ്യക്തിയുടേയോ പ്രാധാന്യം എടുത്തുകാട്ടി, അതിനെ കേന്ദ്രീകരിച്ചുള്ള ഭക്തിയുടെ മേന്മയും പ്രയോജനവും വിവരിക്കുന്നതാണ് ഈ വായന.
  • ദൃഷ്ടാന്തകഥ - ചില പുസ്തകങ്ങളിൽ ഈ കഥകൾക്ക് 'പുതുമ' എന്നാണു പേര്. വണക്കത്തിന്റെ ലക്ഷ്യമായ പുണ്യവിഷയത്തിന്റെ പ്രാധാന്യത്തേയും അതിനെ കേന്ദ്രീകരിച്ചുള്ള ഭക്തിയുടെ പ്രയോജനത്തേയും ഉദാഹരിക്കുന്ന ഏതെങ്കിലും ഒരു അത്ഭുതകഥയാവും മിക്കവാറും ഈ ഭാഗത്ത്.
  • ജപം - നിശ്ചിതദിവസത്തെ പ്രാർത്ഥനയാണ് ഈ ഭാഗത്ത്. ഇത് കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചൊല്ലുന്നു.
  • സുകൃതജപം - മൂന്നുവട്ടം എല്ലാവരും ചേർന്ന് ആവർത്തിക്കാനായി ഒന്നോ രണ്ടോ വാക്യം മാത്രമുള്ള ഒരു ഹ്രസ്വപ്രർത്ഥനയാണിത്.
  • സൽകൃത്യം - ഭക്ത്യനുഷ്ഠാനത്തിന്റെ ഭാഗമായി അതതു ദിവസങ്ങളിൽ ചെയ്യേണ്ട ഒരു സൽകൃത്യം ഇവിടെ നിർദ്ദേശിക്കപ്പെട്ടിരിക്കും.

ഗാനങ്ങൾ[തിരുത്തുക]

വണക്കമാസങ്ങളിലെ പ്രാർത്ഥനകളിൽ ആലപിക്കുന്ന ഒട്ടേറെ ഗാനങ്ങളുണ്ട്. വണക്കമാസപ്പുസ്തകങ്ങൾക്കൊടുവിൽ അനുബന്ധമായി ഇവ ചേർത്തിരിക്കുന്നതു കാണാം. മേയ് മാസത്തിൽ മാതാവിന്റെ വണക്കമാസപ്രാർത്ഥനയിൽ പാടുന്ന നല്ലമാതാവേ മരിയേ എന്ന ഗാനം പ്രസിദ്ധമാണ്. ജൂൺ മാസത്തിലെ യേശുവിന്റെ തിരുഹൃദയവണക്കത്തിൽ എന്തോ നീ തിരഞ്ഞു വന്നു എന്ന ഗാനം ആലപിക്കുക പതിവാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Special Devotions for Months, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=വണക്കമാസം&oldid=3385276" എന്ന താളിൽനിന്ന് ശേഖരിച്ചത്