ലളിത തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരത്ത്, വേളിയിൽ പരമേശ്വരൻ തമ്പിയുടെയും രമാഭായിയുടെയും മകളായ ലളിതാ തമ്പി മലയാളചലച്ചിത്രരംഗത്തെ ആദ്യകാലഗായികമാരിൽ പ്രമുഖയാണ്. ആദ്യം അച്ഛൻ തന്നെയായിരുന്നു അവരുടെ ഗുരു. 15 ആം വയസ്സിൽ സ്വാതിതിരുനാൾ അക്കാഡമിയിൽ നിന്നും ഗാനഭൂഷണം നേടീയ ലളിത തമ്പി, ശെമ്മാങ്കുടി ശ്രീനിവാസ് അയ്യർ, സി എസ് കൃഷ്ണയ്യർ, നാരായണ ഭാഗവതർ, കുമാരസ്വാമി, ഹരിഹര അയ്യർ, സീതാരാമ അയ്യർ, നെല്ലായി കൃഷ്ണമൂർത്തി തുടങ്ങിയ പ്രഗൽഭ ശാസ്ത്രീയ സംഗീതജ്ഞരുടേ കീഴിൽ മ്യൂസിക് അക്കാഡമിയിനിന്നും നല്ല ഒരു സംഗീതജ്ഞയായി. മ്യൂസിക് അക്കാഡമിയിൽ പഠിക്കുന്ന അവസരത്തിൽ ഓൾ ഇൻഡ്യ റേഡിയോയിലെ (Travancore State Broadcasting Station) സംഗീതപരിപാടികളിൽ പങ്കെടുക്കുവാൻ അവസരങ്ങൾ ലഭിച്ചിരുന്നു. തത്സമയപ്രക്ഷേപണമായിരുന്നു അന്നത്തെ രീതി. അവിടെ ക്ലാസ്സിക്കൽ കച്ചേരികളും, ലളിതഗാനങ്ങളും സംഗീതപ്രധാനമായ പരിപാടികളും ധാരാളമായി അവതരിപ്പിച്ചിരുന്നു. അമ്പലങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചു് തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ധാരാളം കച്ചേരികളും നടത്തിയിരുന്നു. ‘പ്രത്യാശ’ , ‘കെടാവിരു ളക്ക്’ എന്ന സിനിമയിൽ പാടിയെങ്കിലും ആ സിനിമയൊന്നും റിലീസായില്ല. അവരുടേതായി പുറത്തുവന്ന ആദ്യ ഗാനം , ‘കാലം മാറുന്നു‘ എന്ന ചിത്രത്തിലെ , ജി. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പാടിയ , ഒ. എൻ. വി കുറുപ്പിന്റെ രചനകളിലെ ‘അമ്പിളി മുത്തച്ഛ‘നെന്ന ഗാനമാണ്. പ്രസിദ്ധ സംഗീത വിദ്വാനായ ചേർത്തല ഗോപാലൻ നായരാണ് ഭർത്താവ്. വിവാഹശേഷം ചലച്ചിത്രരംഗത്തുനിന്നും പിൻ വാങ്ങി എങ്കിലും ശാസ്ത്രീയസംഗീതരംഗത്ത് സജീവമായിരുന്നു. 14 ഗാനങ്ങൾ ചലച്ചിത്രങ്ങളീൽ പാടിയിട്ടുണ്ട്. ഒട്ടേറെ ലളിതഗാനങ്ങളും ആകാശവാണിക്കുവേണ്ടി പാടിയിട്ടുണ്ട്.

മക്കൾ ശ്രീലത, ശ്രീറാം, ശ്യാമകൃഷ്ണ. മകൻ ജി ശ്രീറാം സെല്ലുലോയിഡ് എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ" എന്ന ആദ്യ ഗാനത്തോടെ തന്നെ മലയാള സിനിമാ ഗാനരംഗത്ത് ശ്രദ്ധേയനായി മാറിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലളിത_തമ്പി&oldid=2893325" എന്ന താളിൽനിന്ന് ശേഖരിച്ചത്