ലഘുശൂലം
ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്. (2022 ജൂലൈ) |
ലഘുശൂലം | |
---|---|
ലഘുശൂലം (ബ്രാങ്കിയോസ്റ്റോമ ലാൻസിയോലാറ്റം) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | കോർഡേറ്റുകൾ
|
Subphylum: | സെഫാലോകോർഡേറ്റുകൾ ഓവൻ, 1846
|
Class: | ലെപ്റ്റോകാർഡീ
|
Order: | ആംഫിയോക്സിഫോർമസ്[1]
|
കുടുംബങ്ങൾ | |
അസിമെട്രോണിഡേ |
ക്രേനിയേറ്റുകളുടെ സഹോദരവിഭാഗമായി പരിഗണിക്കപ്പെടുന്ന സെഫാലോകോർഡേറ്റുകൾ എന്ന ഉപഫൈലത്തിൽ പെടുന്ന ജന്തുക്കളുടെ നിലവിലുള്ള മാതൃകയാണ് ലഘുശൂലം. ലഘുശുലം(lancelet) എന്ന പേര് ഇതിന്റെ ശരീരാകൃതിയെ സൂചിപ്പിക്കുന്നു. ആംഫിയോക്സസ് എന്ന പേരും ഇതിനുണ്ട്. ഉഷ്ണ, മിതോഷ്ണ മേഖലകളിലെ ആഴം കുറഞ്ഞ കടൽ പ്രദേശങ്ങളിൽ മണ്ണിൽ പൂണ്ടാണ് ഇത് സാധാരണ കാണപ്പെടുന്നത്. ഏഷ്യയില്‍, മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭഷണമായി ഇത് വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കപ്പെടാറുണ്ട്. കശേരുകികളായ ജന്തുക്കളുടെ ഉത്പത്തിയെക്കുറിച്ചുള്ള പഠനത്തിൽ പ്രയോജനപ്പെടുന്ന ലഘുശൂലം, ജന്തുശാസ്ത്രപഠനത്തിലെ ഒരു പ്രധാന മാതൃകയാണ്. കശേരുകികളുടെ പരിണാമത്തേയും അതിജീവനത്തേയും സംബന്ധിച്ച കൗതുകകരമായ ഒട്ടേറെ സൂചനകൾ നൽകുന്ന ശരീരഘടനയാണ് ഈ ജീവിയുടേത്. കശേരുകികളിൽ നിന്ന് 520-ഓളം ദശലക്ഷം വർഷം മുൻപ് വേർപിരിഞ്ഞുപോയ ഒരു വിഭാഗത്തിൽ പെട്ടതെങ്കിലും, ഈ ജീവിയുടെ ജനിതകക്കൂട്ട്(Genome), കശേരുകികളുടെ പരിണാമത്തെക്കുറിച്ച്, പ്രത്യേകിച്ച് അവ പഴയ ജീനുകളെ പുതിയ ലക്ഷ്യങ്ങൾക്ക് എങ്ങനെ ഉപയോഗിച്ചുവെന്നതിനെ സംബന്ധിച്ച്, വിലപ്പെട്ട അറിവുകൾ തരുന്നു.[2] കശേരുകികളുടെ ആദിമാതൃകളുമായി സാദൃശ്യം പുലർത്തുന്ന ജീവിയാണ് ലഘുശൂലം.
ബ്രാങ്കിയോസ്റ്റോമ ഫ്ലോറിഡേ എന്ന വംശത്തില്പെടുന്ന ഫ്ലോറിഡാ ലഘുശൂലത്തിന്റെ ജനിതകക്കൂട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ശരീരഘടന
[തിരുത്തുക]ലഘുശൂലത്തിന്റെ ശരീരത്തിന്റെ നീളം സാധാരണ അഞ്ചുസെന്റിമീറ്ററും പരമാവധി ഏഴു സെന്റിമീറ്ററുമാണ്. അർത്ഥതാര്യമായി(translucent) ഏതാണ്ട് മത്സ്യാകൃതിയുള്ള ശരീരത്തിൽ മത്സ്യത്തിനുള്ളതുപോലെയുള്ള ജോഡിച്ചിറകുകളോ മറ്റ് അംഗങ്ങളോ ഇല്ല. കാര്യമായി രൂപപ്പെടാത്ത ഒരു വാൽച്ചിറക് ഉണ്ടെങ്കിലും ഇവ അധികം നീന്തൽസാമർത്ഥ്യം പ്രകടിപ്പിക്കുന്നില്ല. ചെകിളപ്പിളർപ്പ്, വദനം, വാൽ എന്നിവയെ തരുണാസ്ഥിസമമായ ഒരു വസ്തു ബലപ്പെടുത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് യഥാർത്ഥമായ അസ്ഥിവ്യവസ്ഥ ഇല്ല.[3]
കശേരുകികളെപ്പോലെ ഇവയ്ക്കും ശരീരത്തിന്റെ പിൻവശത്ത് അകം പൊള്ളയായ ഒരു നാഡീതന്തുവും, കണ്ഠപ്പിളർപ്പുകളും, വിശർജ്ജനദ്വാരത്തിനപ്പുറമെത്തുന്ന വാലും(post anal tail) ഉണ്ട്. കശേരുകികളെപ്പോലെ ഇവയുടെ പേശികളും മയോമീർ എന്നറിയപ്പെടുന്ന അടുക്കുകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, ഇവയുടെ പിൻഭാഗത്തെ നാഡീതന്തു, കശേരുകികളുടെ നാഡീതന്തുവിനെപ്പോലെ അസ്ഥിയാൽ പൊതിയപ്പെട്ടതല്ല. അതിനെ സംരക്ഷിക്കുന്നത് തിക്കി അടുക്കിയ കോശങ്ങൾ ചേർന്ന് ബലപ്പെട്ട നോട്ടോക്കോഡ്(notochord) എന്ന കുഴലാണ്. ലഘുശൂലത്തിന്റെ നോട്ടോക്കോഡ്, കശേരുകികളുടെ നട്ടെല്ലിൽ നിന്ന് ഭിന്നമായി, തലയിലേയ്ക്ക് കടന്നെത്തുന്നതാണ്. ലഘുശൂലം ഉൾപ്പെടുന്ന ഉപഫൈലത്തിന്റെ സെഫാലോകോർഡേറ്റുകൾ എന്ന പേര്, തലയിൽ എത്തിനിൽക്കുന്ന നോട്ടോക്കോഡിനെ സൂചിപ്പിക്കുന്നു. ഇതിന്റെ നാഡീതന്തുവിന്റെ ശിരോഭാഗത്തിന് ബാക്കി ഭാഗങ്ങളേക്കാൾ അല്പം വലിപ്പക്കൂടുതൽ മാത്രമേയുള്ളു. അതിനാൽ ലഘുശൂലത്തിന് ശരിയായ ഒരു മസ്തിഷ്കം ഉണ്ടെന്ന് പറയുക വയ്യ. അതുപോലെ, ശരീരത്തിന്റെ മുന്നറ്റത്ത് കശേരുകികൾക്കുള്ളതുപോലെ കണ്ണുകളോ മറ്റു സംവേദനേന്ദ്രിയങ്ങളോ ഇവയ്ക്കില്ല.
അവലംബം
[തിരുത്തുക]- ↑ Classification of Class: Leptocardii - Ocean Biogeographic Information System: Canadian Museum of Nature (OBIS Canada)
- ↑ Worm-like Marine Animal Providing Fresh Clues About Human Evolution Newswise, Retrieved on July 8, 2008.
- ↑ Romer, Alfred Sherwood; Parsons, Thomas S. (1977). The Vertebrate Body. Philadelphia, PA: Holt-Saunders International. pp. 18-21. ISBN 0-03-910284-X.