1990-2004 കാലയളാവിൽ ലോകത്തിൽ രേഖപ്പെടുത്തപ്പെട്ട ടെറ്റനസ് കേസുകളുടെ എണ്ണം. കടും ചുവപ്പ് - വ്യാപകമായി കാണപ്പെടുന്ന രാജ്യങ്ങൾ; ഇളം മഞ്ഞ - വിരളമായി കാണപ്പെടുന്ന രാജ്യങ്ങൾ
പേശീ തന്തുക്കളുടെ ദീർഘകാല സങ്കോചം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് റ്റെറ്റനസ്. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിൻ എന്ന നാഡീവിഷമാണ് ഇതിൻറെ പ്രാഥമിക ലക്ഷണങ്ങൾക്ക് കാരണം. ആഴം കൂടിയ മുറിവുകളിലൂടെയാണ് സാധരണയായി ഈ അണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്, അതു കൊണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനെ lockjaw എന്ന് സാധാരണയായി വിളിച്ച് വരുന്നു. ഇതിനോടൊപ്പം രോഗിക്ക് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും മറ്റു ശരീര പേശികളുടെ സങ്കോചവും അനുഭവപ്പെടുന്നു[1]. കൃത്യമായ പ്രതിരോധ കുത്തിവെപ്പുകളിലൂടെ ഈ രോഗത്തെ ഒരളവുവരെ പ്രതിരോധിക്കാൻ സാധിക്കും.