റോമൻ കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമൻ സാമ്രാജ്യത്തിലും റോമൻ റിപ്പബ്ലിക്കിലും ഉപയോഗിച്ചിരുന്ന കലണ്ടറാണ് റോമൻ കലണ്ടർ. ബിസി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോമൻ ചക്രവർത്തിമാരായിരുന്ന ജൂലിയസ് സീസറും പിന്നീട് ഭരണാധികാരിയായിരുന്ന അഗസ്റ്റസ് സീസറും ചില പരിഷ്കാരങ്ങളോടെ ഉപയോഗിച്ചുവന്ന ജൂലിയൻ കലണ്ടറിനെയും റോമൻ കലണ്ടർ എന്നു വിളിക്കാറുണ്ട്. റോമൻ രീതിയിൽ കാലവും തീയതികളും കണക്കാക്കിയിരുന്ന സമ്പ്രദായങ്ങളെയും പൊതുവിൽ റോമൻ കലണ്ടർ രീതി എന്നുവിളിക്കാറുണ്ട്. എന്നാൽ റോമൻ ഈജിപ്തിലെ തന്നെ അലക്സാണ്ട്രിയൻ കലണ്ടർ, ബൈസന്റൈൻ കലണ്ടർ, ഗ്രിഗോറിയൻ കലണ്ടർ എന്നിവയൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

ചരിത്രം[തിരുത്തുക]

പുരാതന റോമൻ കലണ്ടർ[തിരുത്തുക]

ഇന്നു നാം കാണുന്ന ഗ്രിഗോറിയൻ കലണ്ടർ പുരാതന റോമിൽ ഉപയോഗിച്ചിരുന്ന ദശമാസ കലണ്ടറിന്റെ തുടർച്ചയാണ്. മാർച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന 10 മാസങ്ങളാണ് പുരാതന റോമൻ കലണ്ടറിലുണ്ടായിരുന്നത്. ഭരണപരമായ കാര്യങ്ങൾക്കും ഉത്സവങ്ങളുടെ നടത്തിപ്പിനായുമാണ് പ്രധാനാമായും കലണ്ടർ ഉപയോഗിച്ചിരുന്നത്. ഡിസംബറിനു ശേഷം വരുന്ന കടുത്ത ശൈത്യകാലത്ത് ഇത്തരം കാര്യങ്ങളൊന്നും നടക്കാത്തതിനാൽ ഡിസംബർ കഴിഞ്ഞുള്ള 50 ദിവസങ്ങൾ അവധിക്കാലമായി കണക്കാക്കി കലണ്ടറിൽ നിന്നും ഒഴിവാക്കിയിരുന്നു.[1]

8 ദിവസങ്ങളുള്ള ആഴ്ച സമ്പ്രദായം അന്ന് റോമിൽ ഉപയോഗിച്ചിരുന്നു. ഇങ്ങനെയുള്ള 38 ആഴ്ചകൾ ചേർന്ന 304 ദിവസങ്ങളാണ് പഴയ റോമൻ കലണ്ടറിൽ ക്രമീകരിച്ചിരുന്നത്. മാർട്ടിയോസ്, അപ്രിലിസ്, മൈയസ്, ജൂനിയസ്, ക്വിന്റിലിസ്, സെക്സ്റ്റൈലിസ്, സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നിങ്ങനെ 31ഉം 30 ഉം ദിവസങ്ങൾ വീതമുള്ള 10 മാസങ്ങളാണുണ്ടായിരുന്നത്. 31 ദിവസങ്ങളുള്ള മാസങ്ങളെ പൂർണ്ണങ്ങൾ എന്നും (full) 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളെ പൊള്ള (hollow) എന്നും വിളിച്ചു. മാസങ്ങളും ദിവസങ്ങളും താഴെ പട്ടികയിൽ നൽകിയിരിക്കുന്നു.[1]

പുരാതന റോമൻ കലണ്ടർ
ആധുനിക നാമം പഴയ ലാറ്റിൻ നാമം ദിവസങ്ങൾ ലാറ്റിൻ നാമത്തിന്റെ അർത്ഥം
മാർച്ച് മാർട്ടിയോസ് 31 മാർസിന്റെ മാസം
ഏപ്രിൽ അപ്രിലിസ് 30 അഫ്രൊഡൈറ്റിന്റെ മാസം[2]
മെയ് മൈയസ് 31 മൈയസ്സിന്റെ മാസം
ജൂൺ ജൂനിയസ് 30 ജൂനിയസ്സിന്റെ മാസം
ജൂലൈ ക്വിന്റിലിസ് 31 അ‍ഞ്ചാമത്തെ മാസം
ആഗസ്റ്റ് സെക്സ്റ്റൈലിസ് 30 ആറാമത്തെ മാസം
സെപ്തംബർ സെപ്തംബർ 30 ഏഴാമത്തെ മാസം
ഒക്ടോബർ മെഒക്ടോബർ 31 എട്ടാമത്തെ മാസം
നവംബർ നവംബർ 30 ഒമ്പതാമത്തെ മാസം
ഡിസംബർ ഡിസംബർ 30 പത്താമത്തെ മാസം
ആകെ ദിവസങ്ങൾ 304

അവലംബം[തിരുത്തുക]

  1. 1.0 1.1 "അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-02-09. Retrieved 2022-02-14.
  2. "April". Dictionary.com Unabridged. Randomhouse Inc. Retrieved January 9, 2018.
"https://ml.wikipedia.org/w/index.php?title=റോമൻ_കലണ്ടർ&oldid=3713724" എന്ന താളിൽനിന്ന് ശേഖരിച്ചത്