Jump to content

റിഫ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിഫ് യുദ്ധം
Interwar period ഭാഗം
തിയതി1920–1926
സ്ഥലംNorthern Morocco
ഫലംSpanish-French victory
Dissolution of the Republic of the Rif
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
സ്പെയ്ൻ Spain
ഫ്രാൻസ് France
Republic of the Rif
പടനായകരും മറ്റു നേതാക്കളും
സ്പെയ്ൻ Manuel Silvestre
സ്പെയ്ൻ Dámaso Berenguer
സ്പെയ്ൻ José Millán Astray
സ്പെയ്ൻ Miguel Primo de Rivera
ഫ്രാൻസ് Philippe Pétain
ഫ്രാൻസ് Hubert Lyautey
അബ്‌ദുൽ കരീം ഖത്വാബി
ശക്തി
സ്പെയ്ൻ: 140,000 soldiers[1]
ഫ്രാൻസ്: 325,000 soldiers[1]
Total: 465,000 soldiers[2]
+150 aircraft[3]
Spanish claim:
80,000 irregulars[1][4]
നാശനഷ്ടങ്ങൾ
31,000 dead or wounded15,400 dead or wounded

റിഫ് യുദ്ധം, രണ്ടാം മൊറോക്കൻ യുദ്ധം എന്നീ പേരുകളിൽ അറിയപ്പെടുന്ന യുദ്ധം 1920-കളിൽ മൊറോക്കോയിലെ റിഫ് മേഖലയിൽ വെച്ച് തദ്ദേശീയരായ ഗോത്രവർഗ (ബെർബെർ) പോരാളികളും സ്പെയിന്റെയും ഫ്രാൻസിന്റെയും (രണ്ടാം ഘട്ടത്തിൽ) അധിനിവേശ സൈന്യവും തമ്മിലാണ് നടന്നത്.

കാരണങ്ങൾ

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഫ്രാൻസിനും സ്പെയിനിനും മൊറോക്കോയുടെ മേൽ ആധിപത്യമുണ്ടായിരുന്ന കാഘട്ടമായിരുന്നു. 1912ൽ ഫെസ് ഉടമ്പടി പ്രകാരം മൊറോക്കോയുടെ വടക്കൻ പ്രദേശങ്ങളുടെ നിയന്ത്രണം ഫ്രാൻസ്‌ സ്പെയിനിനു വിട്ടുകൊടുത്തു. തന്ത്രപ്രധാനമായ സിയൂട്ട, മെല്ലില്ലാ തുറമുഖങ്ങളും ഇരുമ്പ്‌ നിക്ഷേപമുള്ള റിഫ് മലനിരകളും ഈ പ്രദേശത്തായിരുന്നു. 1919ഓടെ സമ്പൽസമൃദ്ധമായ റിഫ് പ്രദേശങ്ങൾ കയ്യടക്കാൻ സ്പെയിനിൻ പദ്ധതിയിട്ടു. പക്ഷെ അതിന് ആദ്യം മലനിരകളിൽ താമസിച്ചിരുന്ന യുദ്ധവീരന്മാരായ ഗോത്രവർഗക്കാരെ തങ്ങളുടെ ചൊൽപ്പടിക്ക് കീഴിൽ കൊണ്ടുവരെണ്ടതുണ്ടെന്നു സ്പെയിൻ കണക്ക് കൂട്ടി. റിഫ് പ്രദേശത്തേക്ക് ആധിപത്യം വ്യാപിപ്പിക്കുക എന്ന ദൗത്യവുമായി മേജർ ജനറൽ മാനുവൽ സിൽവെസ്റ്റർ 1919ൽ എത്തിച്ചേർന്നു.ഗോത്രവർഗക്കാരും അടങ്ങിയിരിക്കുകയായിരുന്നില്ല. കാർഷിക രംഗത്തെ തകർച്ചയെ തുടർന്ന് ജോലി തേടി അൾജീറിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ കുടിയെറിയിരുന്ന മൊറോക്കോക്കാർ കൂട്ടത്തോടെ മടങ്ങിയെത്താൻ തുടങ്ങി. അബ്‌ദുൽ കരീം ഖത്വാബി നേതൃതം കൊടുക്കുന്ന ബനി ഉറിയാഗ്വൽ എന്ന ഗോത്രപ്പട സ്പെയിൻ സൈന്യത്തിനെതിരെ യുദ്ധത്തിനു തയ്യാറായി.

പോരാട്ടത്തിലേർപ്പെട്ട ശക്തികൾ

[തിരുത്തുക]

റിഫ് സൈന്യം

[തിരുത്തുക]
അബ്ദുൽ കരീം ഖത്വാബി

രാഷ്ട്രീയ രംഗത്തും പത്രപ്രവർത്തന രംഗത്തും മുൻപരിചയമുള്ള നേതാവായിരുന്നു അബ്‌ദുൽ കരീം ഖത്വാബി 1982ൽ ജനിച്ച അദ്ദേഹം മറ്റു പല ഗോത്ര നേതാക്കളെക്കാളും വിദ്യാസമ്പന്നനും തൻറെ രാജ്യം നേരിടുന്ന വിദേശാധിപത്യത്തിൻറെ അപകടങ്ങളെ പറ്റി ബോധവാനുമായിരുന്നു. പല തവണ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. 1918 മുതൽ സ്പെയിനിനെതിരെ ഗോത്രവർഗങ്ങളെ സംഘടിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം 1921 ആയപ്പോഴേക്കും അച്ചടക്കവും ഐക്യവുമുള്ള ഒരു പ്രധിരോധസേനയെ കെട്ടിപ്പടുത്തു. റിഫ് സൈന്യത്തിലെ മുഴുവൻ സമയ പോരാളികൾ ആറായിരത്തിനും ഏഴായിരത്തിനും ഇടയിലുണ്ടായിരുന്നുവെന്ന് അബ്ദുൾ കരീമിനെ ഉദ്ധരിച്ച് സ്പാനിഷ് ജനറൽ മാനുവൽ ഗോദദ് അവകാശപ്പെട്ടിട്ടുണ്ട്. മറ്റ് സ്രോതസ്സുകൾ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ സ്ഥിരം പോരാളികളേ ഉണ്ടായിരുന്നൂവെന്നാണ് പറയുന്നത്. [5] ബാക്കി റിഫ് പോരാളികൾ ഒരുമിച്ച് പതിനഞ്ച് ദിവസം മാത്രമേ യുദ്ധത്തിലേർപ്പെടുമായിരുന്നുള്ളൂ. ഇവർ ഏറ്റവും കൂടുതലുണ്ടായിരുന്ന അവസരത്തിലും എണ്ണം എൺപതിനായിരം കവിഞ്ഞിരുന്നില്ല. [4]

അബ്‌ദുൽ കരീം ഖത്വാബി അംഗമായ ബനി ഉറിയാഗ്വൽ എന്ന ഗോത്രത്തിലുള്ളവരായിരുന്നു സേനയിൽ അധികവും.എങ്കിലും മറ്റു ഗോത്രക്കാരും അവർക്കൊപ്പം അണിനിരന്നിരുന്നു. കരുത്തും സാഹസികതയും മുഖമുദ്രയാക്കിയ ഗോത്രസേനക്ക് തങ്ങളുടെ രാജ്യത്തെ ദുഷ്കരമായ ഭൂപ്രകൃതി നന്നായി അറിയാമായിരുന്നു. തോക്കും നീളമുള്ള കഠാരയും ഭക്ഷണപദാർത്ഥങ്ങളുമായി അറുപതും എഴുപതും കിലോമീറ്റർ കിലോമീറ്റർ മലമ്പാതകളിലൂടെ ഒറ്റയടിക്ക് സഞ്ചരിച്ചാലും പിറ്റേന്ന് അവർ യുദ്ധസജ്ജരായിരിക്കും. പ്രകൃതിയോടിണങ്ങി വളർന്ന മൊറോക്കോ വംശജർ രാജ്യത്തെ വിദേശികളിൽ നിന്നു രക്ഷിക്കുക എന്ന ദൗത്യം വിശുദ്ധ യുദ്ധമായി കരുതി. അബ്‌ദുൽ കരീം ഖത്വാബിയുടെ ശക്തമായ നേതൃവും ഗോത്രസേനയുടെ ശക്തി വർദ്ധിപ്പിച്ചു.

സ്പാനിഷ് സൈന്യം

[തിരുത്തുക]
1922-ൽ സ്പാനിഷ് സൈന്യം മൊറോക്കോയിൽ നടത്തിയ കൂട്ടക്കൊല

ആദ്യകാലത്ത് മൊറോക്കോയിൽ വിന്യസിക്കപ്പെട്ട സ്പാനിഷ് സേന നിർബന്ധിത സൈനികസേവനം നടത്തുന്നവരായിരുന്നു. ഈ സൈനികർക്ക് അവശ്യ പരിശീലനവും യുദ്ധസാമഗ്രികളും നൽകപ്പെട്ടിരുന്നില്ല. ഉന്നത്തിൽ വെടിവയ്ക്കാൻ ശേഷിയുള്ളവർ കുറവായിരുന്നു. ഓഫീസർമാർക്കിടയിൽ അഴിമതി വ്യാപകമായിരുന്നതു മൂലം പൊതുവായ യുദ്ധസന്നദ്ധതയും സാമഗ്രികളും കുറവായിരുന്നു. വേണ്ടത്ര പരിശീലനമില്ലാതവരായിരുന്നു സേനയിലെ 80 ശതമാനത്തിൽ അധികവും. എണ്ണത്തിൽ കൂടുതലായിരുന്നിട്ടും അവർ കഴിവും ദേശസ്നേഹവുമുണ്ടായിരുന്ന റിഫ് സൈന്യത്തിന് ഒരു വെല്ലുവിളിയായിരുന്നില്ല.

ആദ്യകാല തിരിച്ചടികൾക്കു ശേഷം സ്പെയിൻ ഫ്രാൻസിന്റെ വിദേശ സൈന്യത്തിന്റെ മാതൃകയിൽ സ്പാനിഷ് ലീജിയൺ എന്ന വിദേശ സൈന്യം (ഇതിൽ 25 ശതമാനത്തിൽ താഴെ മാത്രമേ വിദേശികൾ ഉണ്ടായിരുന്നുള്ളൂ) 1920-ൽ തയ്യാറാക്കി. അച്ചടക്കവും പോരാട്ടവീര്യവും താരതമ്യേന കൂടുതലായിരുന്നു ഈ സൈനികവിഭാഗത്തിന്. വളരെപ്പെട്ടെന്ന് സൈനികനേതൃത്വത്തിലെത്തിയ ഫ്രാൻസിസ്കോ ഫ്രാങ്കോ എന്ന ജനറലായിരുന്നു സൈന്യത്തിന്റെ മേധാവിത്വത്തിൽ രണ്ടാമൻ.

അനുവൽ യുദ്ധം

[തിരുത്തുക]

മെല്ലില്ല തുറമുഖത്ത് നിന്നും 20,000 സ്പാനിഷ് സൈനികരും 5,000 തദ്ദേശീയരായ കൂലിപ്പട്ടാളവുമായാണ് സിൽവെസ്റ്ററുടെ പടപ്പുറപ്പാട് ആരംഭിച്ചത് . പതിനെട്ടു മാസം കഴിഞ്ഞപ്പോൾ മെല്ലില്ലാ തുറമുഖത്തുനിന്ന് ഏതാണ്ട് 200 കിലോമീറ്ററോളം സിൽവെസ്റ്ററുടെ സൈന്യം റിഫ് മേഖലയിലേക്ക് അധിനിവേശം നടത്തിയിരുന്നു. ഉയർന്ന പർവതനിരകൾ കോട്ടകൾ പോലെ ഉയർന്നുനിന്നിരുന്ന അനുവൽ താഴ്വരയിൽ പഴയ ഒരു കോട്ടയ്ക്ക് ചുറ്റും അവർ തമ്പടിച്ചു. 14,000 പേരടങ്ങിയ ആ സൈന്യം അവിടം പിടിച്ചടക്കി കൊടികളുയർത്തി.

മൊറോക്കോയിലെ കടുത്ത ചൂടും ഭൂപ്രകൃതിയും ജീവിത സാഹചര്യങ്ങളും സ്പാനിഷ് പട്ടാളക്കാരെ കുറച്ചൊന്നുമല്ല വലച്ചത്.പക്ഷെ സിൽവെസ്റ്റർ ഇതൊന്നും കാര്യമാക്കിയില്ല. ഗോത്രവർഗക്കാർ കാടന്മാരാണെന്നും യുദ്ധത്തിൽ അവരെ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്നും സിൽവെസ്റ്റർ കണക്കുകൂട്ടി. അബ്‌ദുൽ കരീം ഖത്വാബിയുടെ കീഴിൽ യുദ്ധസജ്ജമായ ഗോത്രസേന, സ്പാനിഷ് സൈന്യം അനുവൽ താഴ്വര വിട്ടു അമക്‌റാം നദി കടക്കാൻ ശ്രമിച്ചാൽ തിരിച്ചടി തുടങ്ങുമെന്ന് മുന്നറിയിപ്പ്‌ നൽകി. എന്നാൽ ഈ ഭീഷണി പുചിച്ചു തള്ളിയ സിൽവെസ്റ്റർ നദീ മുഖത്തെക്കുള്ള മുന്നേറ്റത്തിന് ഉത്തരവിട്ടു. അതിന് മുന്നോടിയായി സ്പാനിഷ് സൈന്യം താഴ്വരയിൽ ഒരു പഴയ കോട്ടയിൽ തമ്പടിച്ചു.

റിഫ് മലനിരകൾ

അപ്രതീക്ഷിതമായി അബ്‌ദുൽ കരീം ഖത്വാബിയും ചെറിയൊരു സംഘം ഗോത്രസേനയും രാത്രിയിൽ സ്പാനിഷ് പട്ടാള ക്യാമ്പിൽ മിന്നലാക്രമണം നടത്തി. ഒരുകയ്യിൽ തോക്കും മറുകയ്യിൽ നീട്ടിപ്പിടിച്ച കഠാരയുമായിരുന്നു അവരുടെ ആയുധം. വെടിക്കോപ്പുകൾ പരിമിതമായിരുന്നതിനാൽ ഗോത്രസേന ഏറെയും കഠാരയാണ് ആയുധമാക്കിയത്. സ്പാനിഷ് സൈനികരെ വെടിവെച്ചും കുത്തി വീഴ്ത്തിയും സ്പാനിഷ് സൈനിക ക്യാമ്പിൽ അവർ സംഹാരതാണ്ഡവമാടി. പകച്ചു നിൽക്കാനേ സിൽവെസ്റ്ററിന്റെ സേനക്ക് കഴിഞ്ഞുള്ളു.മുപ്പതു മിനിറ്റുമാത്രം നീണ്ടുനിന്ന മിന്നലാക്രമണം കഴിഞ്ഞപ്പോൾ നിരവധിപേർ മരിച്ചുവീണു. ജീവൻ നഷ്ട്പ്പെടാതിരുന്നവർക്ക് മാരകമായി മുറിവേറ്റു. പട്ടാളക്യാമ്പ്‌ തകർന്നടിഞ്ഞു.

ആദ്യത്തെ ഏറ്റുമുട്ടലിലെ വിജയം ഗോത്രങ്ങളെ ആവേശഭരിതരാക്കി. അതുവരെ അബ്‌ദുൽ കരീം ഖത്വാബിയുടെ സൈന്യത്തിൽ ചേരാതെ നിന്നിരുന്ന ഗോത്രസംഘടനകൾ പ്രതിരോധസേനയിലെ അംഗങ്ങളാവാൻ മുന്നോട്ടുവന്നു. അങ്ങനെ ഗോത്രസേനാബലം മൂവായിരമായി ഉയർന്നു.

ജൂലൈ 15,1921. ഗോത്രസേന വർദ്ധിച്ച ആവേശത്തിലായിരുന്നു. അനുവൽ താഴ്വരയിൽ ശേഷിച്ച സ്പാനിഷ് സൈന്യത്തെ വളഞ്ഞുകൊണ്ട് ഗോത്രപോരാളികൾ നാല് ചുറ്റുമുള്ള മലനിരകളിൽ നിലയുറപ്പിച്ചു. ഇവരെ നേരിടാൻ സ്പാനിഷ് സൈന്യത്തിൻറെ ഒരു വിഭാഗം ക്യാപ്റ്റൻ ബെനിറ്റസിൻറെ നേതൃത്വത്തിൽ താഴ്വരയിൽ നിന്നു തന്ത്രപ്രധാനമായ ഇഗുവേറിബൻ മലയുടെ മുകളിലേക്ക് നീങ്ങി. പക്ഷെ, പാറക്കെട്ടുകൾ നിറഞ്ഞ, വൻ കിടങ്ങുകളുള്ള പ്രദേശത്ത് കൂടിയായിരുന്നു അവരുടെ നീക്കം. അബ്‌ദുൽ കരീം ഖത്വാബിയുടെ പടയാളികൾ കാര്യങ്ങൾ നിരീക്ഷിച്ചു നിന്നു. രണ്ടുനാൾ കഴിഞ്ഞു ഇഗുവേറിബൻ മലയുടെ മുകളിൽ സ്പാനിഷ് സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞതോടെ അബ്ദുൽ കരീം ഖത്താബി രംഗത്തിറങ്ങി. അനുവൽ താഴ്വരയിലെയും ഇഗുവേറിബൻ മലയിലെയും സ്പാനിഷ് സൈനിക സംഘങ്ങളെ തമ്മിൽ വേർതിരിച്ചു നിർത്തുന്നതിനു അവർ കരുക്കൾ നീക്കി. രണ്ടു സംഘങ്ങൾക്കുമിടയിലുള്ള പ്രദേശത്ത് അവൻ നിലയുറപ്പിച്ചു .

ജൂലൈ 17. ഇഗുവേറിബൻ ക്യാമ്പിൽ കടുത്ത ജലക്ഷാമമായി. സമീപത്തുള്ള അരുവിയിൽ നിന്ന് അവർ വെള്ളമെടുക്കാൻ നീക്കം നടത്തിയപ്പോൾ അബ്‌ദുൽ കരീം ഖത്വാബിയുടെ സേന വെടിയുതിർത്തു. അവർക്ക് പിന്തിരിയെണ്ടിവന്നു. ഒറ്റപ്പെട്ടുപോയ ക്യാപ്റ്റൻ ബെനിറ്റസിൻറെ സൈനിക സംഘം കെണിയിൽ അകപ്പെട്ടതുപോലെയായി.

ജൂലൈ19. അനുവൽ താഴ്വരയിൽ ശേഷിച്ച സ്പാനിഷ് സൈന്യം ആയിരം പേർ വീതമുള്ള യൂണിറ്റുകളായി തിരിഞ്ഞു അനുവൽ താഴ്വരയിൽ നിന്ന് ഗോത്രസേനയെ ലക്ഷ്യമാക്കി നീങ്ങി. പുലർച്ചെയായിരുന്നു സൈനിക മുന്നേറ്റം. മലയിടുക്കിലും പാറക്കൂട്ടങ്ങൾക്കിടയിലും ഒളിച്ചിരുന്ന ഗോത്രപോരാളികൾ സ്പാനിഷ് സൈന്യം 200 ചുവടു അടുത്തെത്തുംവരെ അനങ്ങാതിരുന്നു. പിന്നെ കനത്തതോതിൽ വെടിയുതിർക്കാൻ തുടങ്ങി. അപ്രതീക്ഷിതമല്ലായിരുന്നു ആക്രമണമെങ്കിലും സ്പാനിഷ് സൈന്യത്തിന് ഒന്നും ചെയ്യാനായില്ല. അവർ തോറ്റു പിൻവാങ്ങി. രണ്ടു മണിക്കൂർ നേരത്തെ പോരാട്ടത്തിനു ശേഷം യുദ്ധരംഗം ശാന്തമായപ്പോൾ സ്പാനിഷ് പട്ടാളത്തിന്റെ മരണ സംഖ്യ 152.

ഇതിനിടെ ഇഗുവേറിബൻ പട്ടാള ക്യാമ്പിൽ സ്പാനിഷ് സൈന്യത്തിൻറെ അവസ്ഥ കൂടുതൽ പരുങ്ങലിലായി. വെള്ളവും ഭക്ഷണവും തീർന്നു. വെള്ളം ശേഖരിക്കാനുള്ള ഓരോ നീക്കവും ഗോത്രസേന കനത്ത വെടിവെപ്പുനടത്തി തകർത്തുകൊണ്ടിരുന്നു.

ജൂലൈ 21. അനുവൽ താഴ്വരയിൽ നിന്ന് മേജർ സിൽവെസ്റ്റർ മൂവായിരം പട്ടാളക്കാരുമായി ഒരു തവണകൂടി ഇഗുവേറിബൻ ക്യാമ്പിൽ എത്താൻ ശ്രമം നടത്തി. ഗോത്രസേന വിട്ടുകൊടുത്തില്ല. സിൽവെസ്റ്ററിന്റെ സേനയെ ഒരിഞ്ചു മുന്നോട്ട് വിടില്ലെന്ന ദ്രിഡനിശ്ചയത്തിലായിരുന്നു ഗോത്രസേന. സ്പാനിഷ് സൈന്യം ഇത്തവണയും തോറ്റു പിൻതിരിഞ്ഞു. പല സൈനികരും തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ചാണ് പിൻവാങ്ങിയത്.

മേജർ സിൽവെസ്റ്റർ ഇഗുവേറിബൻ ക്യാമ്പിലെ ക്യാപ്റ്റൻ ബെനിറ്റസിന് എങ്ങനെയെങ്കിലും അനുവൽ താഴ്വരയിൽ എത്തിച്ചേരാൻ സന്ദേശം അയച്ചു. ആത്മഹത്യാ പരമായിരുന്നു ആ നീക്കം. അനുവൽ താഴ്വരയിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ ഗോത്രസേന ബെനിറ്റസിനെയും അനുയായികളെയും കനത്ത വെടിവെപ്പിലൂടെ ചിന്നഭിന്നമാക്കി. ഒട്ടേറെ പേരെ അവർ കഠാരകൊണ്ട് വീഴ്ത്തി. വെറും 26 പട്ടാളക്കാരാണ് അനുവൽ താഴ്വരയിൽ മടങ്ങിയെത്തിയത്. ഇതിൽ മാരകമായി പരിക്കേറ്റ 16 പേർ അധികം താമസിയാതെ മരണപ്പെട്ടു.അങ്ങനെ ഇഗുവേറിബൻ ക്യാംപിൻറെ കഥ കഴിഞ്ഞു. ഗോത്രസേന അനുവൽ താഴ്വര ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.

മേജർ സിൽവെസ്റ്റർ പരിഭാന്തിയിലായി. താഴ്വരയിലെ കോട്ടയിൽ അവശേഷിച്ചിരുന്ന സ്പാനിഷ് സൈനികർ ഒരു യുദ്ധത്തിനു തയ്യാറല്ലായിരുന്നു. അവർ ആയുധങ്ങൾ ഉപേക്ഷിച്ച് പല വഴിക്ക് രക്ഷപ്പെടാൻ നോക്കി. പക്ഷെ ഗോത്രസേന കെണികളൊരുക്കി കാത്തിരിക്കുകയായിരുന്നു. നൂറുകണക്കിന് സ്പാനിഷ് പട്ടാളക്കാർ വെടിയുണ്ടകൾക്കിരയായി. ഒട്ടേറെ പേരെ അവർ കഠാരകൊണ്ട് വധിച്ചു. ശേഷം ക്യാമ്പ്‌ ആക്രമിച്ച അബ്‌ദുൽ കരീം ഖത്വാബിയുടെ ഗോത്രസേന മേജർ സിൽവെസ്റ്ററെ പിടികൂടി വധിച്ചു. 800 സൈനികരെ യുദ്ധത്തടവുകാരാക്കി.

സ്പാനിഷ് സൈനിക ക്യാമ്പിന്റെ ശേഷിപ്പ്

അനുവൽ താഴ്വരയിൽ സ്പെയിനിനു നഷ്ടപ്പെട്ടത് 19,000 സൈനികരെയായിരുന്നു. 20,000 തോക്കുകൾ , 400 യന്ത്രത്തോക്കുകൾ , 129 യുദ്ധ പീരങ്കികൾ എന്നിവയും ഗോത്രസേന സ്വന്തമാക്കി. വടക്ക് കിഴക്കൻ മൊറോക്കോയിലെ ഒട്ടേറെ കെട്ടിടങ്ങളും റെയിൽവേയും ഖനികളും കാർഷിക ഉപകരണങ്ങളും സ്കൂളുകളുമെല്ലാം സ്പെയിനിനു നഷ്ടപ്പെട്ടു. 12 വർഷം കൊണ്ട് സ്പെയിൻ മൊറോക്കോയിൽ പടുത്തുയർത്തിയതൊക്കെ വെറും 20 ദിവസം കൊണ്ട് അവർക്ക് നഷ്ടമായി. വെറും 3000 ഗോത്രപടയാളികളിൽ നിന്നാണ് ഈ നാശനഷ്ടങ്ങളെല്ലാം ഉണ്ടായത്. സിൽവെസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പാനിഷ് പടയോട്ടം ഗോത്ര വർഗക്കാരുടെ സമരവീര്യത്തിനുമുന്നിൽ തോറ്റമ്പിയ കഥ ഇന്നും റിഫ് മലനിരകളുടെ ഇതിഹാസമാണ്.

അനന്തരഫലം

[തിരുത്തുക]

സ്പാനിഷ് സൈന്യം അടുത്ത അഞ്ച് വർഷം പിന്നോട്ടടിക്കപ്പെട്ടു. സ്പൈനിന്റെ 130 സൈനിക പോസ്റ്റുകൾ റിഫാറിയൻ സൈന്യം പിടിച്ചെടുത്തു. [6] 1921 ആഗസ്റ്റ് അവസാനത്തോടെ സ്പെയിൻ 1909നു ശേഷം നേടിയെടുത്ത എല്ലാ ഭൂമിയും നഷ്ടപ്പെട്ടു. സ്പാനിഷ് സൈന്യം മെലില്ലയിലേക്ക് ഒതുക്കപ്പെട്ടു. [6] ഇതിനു ശേഷവും സ്പയിനിന് 14,000 സൈനികർ മെലില്ലയിലുണ്ടായിരുന്നു.[6] അബ്‌ദുൽ കരീം ഖത്വാബി തന്റെ സൈന്യത്തിന് മെലില്ല ആക്രമിക്കാതിരിക്കാനുള്ള ഉത്തരവാണ് നൽകിയത്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും പൗരന്മാർ മെലില്ലയിൽ താമസിക്കുന്നുണ്ടായിരുന്നതുകൊണ്ട് ആ പ്രദേശം ആക്രമിച്ചാൽ മറ്റു ശക്തികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരും എന്ന് അബ്‌ദുൽ കരീം ഖത്വാബി ഭയപ്പെട്ടു. [6] ഇതു കാരണം സ്പയിനിന് കിഴക്കൻ റിഫിലെ ഏറ്റവും വലിയ സൈനിക താവളം നിലനിർത്താനായി. പിന്നീട് അബ്‌ദുൽ കരീം ഖത്വാബി ഇങ്ങനെ പറയുകയുണ്ടായി: "ഞാൻ ആ ഉത്തരവ് നൽകിയതിൽ അങ്ങേയറ്റം ഖേദിക്കുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ തെറ്റ്. അതിനു ശേഷം നടന്ന സംഭവങ്ങളെല്ലാം ഈ തെറ്റു കാരണമാണുണ്ടായത്.".[6] 1924-ൽ ദാർ അഖ്ബയിലെ പോരാട്ടസമയത്ത് അബ്‌ദുൽ കരീം ഖത്വാബി സൈന്യം സ്പെയിൻ സൈന്യത്തിൽ കനത്ത നാശം വിതച്ചു. 10,000-ൽ കൂടുതൽ സ്പാനിഷ് സൈനികർ മരിച്ചു. [7] യുദ്ധത്തിന്റെ ഗതി തങ്ങൾക്കനുകൂലമായി തിരിച്ചുവിടാൻ സ്പൈൻ റിഫ് ജനതയ്ക്കെതിരേ രാസായുധങ്ങൾ വരെ ഉപയോഗിക്കുകയുണ്ടായി.

ഫ്രഞ്ച് ഇടപെടൽ

[തിരുത്തുക]

1924 മേയ് മാസത്തിൽ ഫ്രഞ്ച് സൈന്യം ഓറേഖ്ല നദിക്ക് വടക്കായി നിലയുറപ്പിച്ചു. 1925 ഏപ്രിൽ 12-ന് ഏകദേശം 8,000[8] റിഫ് സൈനികർ ഈ നിര ആക്രമിച്ചു. രണ്ടാഴ്ച്ച കൊണ്ട് 66 ഫ്രഞ്ച് പോസ്റ്റുകളിൽ 40 എണ്ണം നിലം പരിശാക്കപ്പെട്ടു. 1,000 ഫ്രഞ്ച് സൈനികർ മരിക്കുകയും 1,000 പേരെ കാണാതെ പോവുകയും 3,700 പേർക്ക് മുറിവേൽക്കുകയും ചെയ്തു (റിഫിലെ ഫ്രഞ്ച് സൈന്യത്തിന്റെ 20% നഷ്ടപ്പെട്ടു). [9] ഇതിനു ശേഷം ഫ്രഞ്ചുകാർ സ്പയിനിനനുകൂലമായി ഇടപെട്ടു. 300,000 സുസജ്ജരും നല്ല രീതിയിൽ പരിശീലനം ലഭിച്ചവരുമായ സൈനികരെ ഫ്രാൻസ് റിഫ് സൈന്യത്തിനെതിരേ അണിനിരത്തി. യുദ്ധത്തിൽ മൊത്തം 12,000 ഫ്രഞ്ചുകാർ കൊല്ലപ്പെട്ടു.[10]

അധിനിവേശ ശക്തികളുടെ വിജയം

[തിരുത്തുക]

1926 മേയ് 8-ന് തുടങ്ങിയ അവസാന ആക്രമണത്തിന് ഫ്രഞ്ച് സൈന്യത്തിലും സ്പാനിഷ് സൈന്യത്തിലുമായി 123,000 സൈനികരും 150 വിമാനങ്ങളമ്മുണ്ടായിരുന്നു. 12,000 റിഫ് സൈനികരെയാണ് ഇവർ നേരിട്ടത്![3] അതിഭീമമായ സൈനികബലവും സാങ്കേതികവിദ്യയും ഫ്രാൻസിനും സ്പയിനിനും അനുകൂലമായി യുദ്ധഗതി തിരിച്ചുവിട്ടു. ഫ്രഞ്ച് സൈന്യം തെക്കുനിന്നും കപ്പലിൽ വന്ന സ്പാനിഷ് സൈന്യം വടക്കുനിന്നും ഒരേസമയം ആക്രമണം അഴിച്ചുവിട്ടു. ഒരു വർഷം ധീരമായി പിടിച്ചു നിന്ന ശേഷം അബ്‌ദുൽ കരീം ഖത്വാബി ഫ്രഞ്ച് അധികൃതർക്ക് കീഴടങ്ങി. 1926-ൽ സ്പാനിഷ് മൊറോക്കോ പൂർണമായി പിടിച്ചെടുക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Timeline for the Third Rif War (1920-25) Steven Thomas
  2. David H. Slavin, The French Left and the Rif War, 1924-25: Racism and the Limits of Internationalism, Journal of Contemporary History, Vol. 26, No. 1, January 1991, pg 5-32
  3. 3.0 3.1 Pennell, C. R.; page 214
  4. 4.0 4.1 "Rebels in the Rif" pages 149-152 David S. Woolman, Stanford University Press 1968
  5. C. R. Pennell - A country with a government and a flag: the Rif War in Morocco, 1921-1926[പ്രവർത്തിക്കാത്ത കണ്ണി], Outwell, Wisbech, Cambridgeshire, England: Middle East & North African Studies Press Ltd, 1986, ISBN 0-906559-23-5, page 132; (University of Melbourne - University Library Digital Repository)
  6. 6.0 6.1 6.2 6.3 6.4 Dirk Sasse, Franzosen, Briten und Deutsche im Rifkrieg 1921-1926, Oldenbourg Wissenschaftsverlag, 2006, ISBN 3-486-57983-5, pg 40-41 (in German)
  7. Strike from the Sky: The History of Battlefield Air Attack, 1910-1945, Richard P. Hallion, University of Alabama Press, 2010, ISBN 0-8173-5657-6, page 67
  8. Martin Windrow, p15 "French Foreign Legion 1914-1945, ISBN 1-85532-761-9
  9. The French empire between the wars: imperialism, politics and society, Martin Thomas, Manchester University Press, 2005, ISBN 0-7190-6518-6, page 212
  10. "French Foreign Legion 1914-1945, Martin Windrow, ISBN 1-85532-761-9
"https://ml.wikipedia.org/w/index.php?title=റിഫ്_യുദ്ധം&oldid=4024754" എന്ന താളിൽനിന്ന് ശേഖരിച്ചത്