Jump to content

രൂപകല്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവിത്തീവണ്ടിയുടെ വർദ്ധകയന്ത്രത്തിന്റെ രൂപകല്പന
സെന്റ് ലൂയീസ് വലിയപള്ളിയിലെ ഒരു പ്രാർത്ഥനാമുറി. ഈ കെട്ടിടത്തിന്റെ ഘടനയും അലങ്കാരങ്ങളും നല്ല രൂപകല്പനക്ക് ഉദാഹരണങ്ങളാണ്.
വസ്ത്രങ്ങളുടെ രൂപകല്പനയിൽ‍, ഭംഗിയും സൗകര്യവും പ്രധാനമാണ്

വസ്ത്രങ്ങളോ, പത്രമാസികകളോ, പുസ്തകങ്ങളോ, ഉപകരണങ്ങളോ, യന്ത്രങ്ങളൊ, കെട്ടിടങ്ങളോ, മറ്റുരൂപങ്ങളോ ആശയങ്ങളോ പുതിയതായി ആവിഷ്കരിക്കാനോ, നിലവിലുള്ളവ പരിഷ്കരിക്കാനോ നടത്തുന്ന മാനസികവും ഭൗതികവുമായ പ്രവൃത്തികളെ പൊതുവായി സൂചിപ്പിക്കുന്ന ഒരു പദം. (ആംഗലേയം: Design)

സാങ്കേതികവിദ്യ,വാസ്തുശില്പശാസ്ത്രം, പ്രായോഗികകലകൾ തുടങ്ങിയ വിജ്ഞാനശാഖകളിൽ സവിശേഷശാഖയായിത്തന്നെ ഇതു വളർന്നിരിക്കുന്നു. അടുത്തകാലത്ത്, വസ്തുക്കളുടെ നിർമ്മാണപദ്ധതി നിർണ്ണയിക്കുന്നതും ഒരു രൂപകല്പനയായി - പദ്ധതീരൂപകല്പന (Process Design) - പരിഗണിക്കുന്നുണ്ട്.

ചലനാത്മകവും,സങ്കീർണ്ണവും കെട്ടുപിണഞ്ഞതുമായ ഒരു പ്രവൃത്തിയാണ്, രൂപകല്പന. രൂപകർത്താവ് / രൂപകർത്രി (Designer), താൻ നിർമ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ ഉപയോഗം, സൗകര്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും, ഗവേഷണം നടത്തുകയും, രൂപം സങ്കല്പിക്കുകയും, ചിത്രങ്ങളും മാതൃകകളും നിർമ്മിക്കുകയും, ഉപയോഗിച്ചുനോക്കുകയും, ആവശ്യമെങ്കിൽ, അവസാനരൂപം തീരുമാനിക്കുന്നതിനു മുമ്പ് പല തവണ പരിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്. സാങ്കേതികവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളും,ഉപയോഗിക്കുന്ന നിർമ്മാണവസ്തുവിന്റെ നിറം, രൂപം, ആകൃതി തുടങ്ങിയ ഘടകങ്ങളും ശാരീരികവും മാനസികവുമായ ആവശ്യങ്ങളും രൂപകല്പനയിൽ പരിഗണിക്കപ്പെടാറുണ്ട്.

ആധുനികതത്വചിന്തകനായ വിൽയം ഫ്ലൂസർ, രൂപകല്പനയെപ്പറ്റിയുള്ള തന്റെ തത്ത്വചിന്താഗ്രന്ഥത്തിൽ, മനുഷ്യവാംശത്തിന്റെ ഭാവിതന്നെ രൂപകല്പനയിലധിഷ്ഠിതമാണെന്നു പറയുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

ലോകചരിത്രത്തിൽ നവോത്ഥാനകാലത്തുതന്നെ‌ ഡിസൈനോ (രൂപകല്പന എന്നർത്ഥമുള്ള ഇറ്റാലിയൻ പദം), കലാസിദ്ധാന്തത്തിലെ ഒരു സവിശേഷ വിഷയമായി ഭവിച്ചിരുന്നു. ഭാവനാകല്പനയെന്നും അതിന്റെ മൂർത്താവിഷ്കരണമെന്നും എന്ന് ആ വാക്കിന് അർത്ഥമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈദ്ധാന്റികരും അതേ ദ്വയാർത്ഥത്തിൽ തന്നെയാണ് രൂപകല്പന ഉപയോഗിച്ചിരുന്നത്. 1712ൽ ഷാഫ്റ്റസ് ബെറിയിൽ ഇംഗ്ലീഷു കലാസിദ്ധാന്തത്തിൽ രൂപകല്പന എന്ന ആശയം ഉൾപ്പെടുത്തിയപ്പോഴും ഇതേ അർത്ഥത്തിലായിരുന്നു. എന്നാൽ പിന്നീട്, 1750-ഓടെ ഫ്രാൻസിൽ ഈ രണ്ടു കാര്യങ്ങളും വെവ്വേറെ പരിഗണിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യകാലത്ത്, വ്യാവസായിക വളർച്ചക്ക് വേഗത ആർജ്ജിച്ചതോടെയാണ്, രൂപകല്പന, പഴയ അർത്ഥത്തിൽ തന്നെ സ്വീകരിക്കപ്പെട്ടതും വളർന്നതും. ജർമ്മനിയിൽ 1919 മുതൽ 1933 വരെ കരകൗശലവും സുകുമാരകലകളും യോജിപ്പിച്ചു പഠിപ്പിച്ചിരുന്ന ബൗഹൗസ് രൂപകല്പനാപാഠശാലയിലെ പ്രവൃത്തികളിൽ ഇത് പ്രതിഫലിച്ചു കാണാം.

രൂപകല്പനാതത്വങ്ങൾ

[തിരുത്തുക]

വളരെയധികം മേഖലകളെ സ്പർശിക്കുന്ന വിപുലമായ ഒരു വിഷയമായതുകൊണ്ട്, രൂപകല്പനക്ക് , ഐകരൂപ്യമുള്ള ഒരൊറ്റ തത്ത്വശാസ്ത്രമോ, സാർവലൗകികമായ ഒരു ഭാഷയോ ഇല്ല; എന്നാൽ അനവധി തത്ത്വങ്ങളും സമീപനരീതികളും ഉണ്ടുതാനും. രൂപകല്പനാതത്വങ്ങൾ, രൂപകല്പനയുടെ ലക്ഷ്യം എന്താണെന്നു നിർണയിക്കാൻ സഹായിക്കുന്നവയാണ്. ലക്ഷ്യം അടിസ്ഥാനമാക്കിയാണ് രൂപകല്പനയുടെ രീതിയും മാർഗ്ഗവും നിർണയിക്കുന്നത്. തീരെ ചെറിയ അംശങ്ങളെ ബാധിക്കുന്നവ മുതൽ അതിസമഗ്രമായതും ഉട്ടോപ്പിയനുമായ കാര്യങ്ങൾ വരെ രൂപകല്പനയുടെ ലക്ഷ്യങ്ങളായി വരാം. എന്നാൽ, പലപ്പോഴും, ചെറിയകാര്യങ്ങളിൽ ഉണ്ടാവുന്ന വൈരുദ്ധ്യങ്ങൾ, രൂപകല്പനയുടെ ലക്ഷ്യങ്ങൾ തന്നെ മാറ്റിമറിക്കുന്നതിന് ഇടയാക്കിയേക്കാം.

പ്രചാരമുള്ള ചില രീതികൾ:

  • ഉപഭോക്തൃകേന്ദ്രിതരൂപകല്പന: നിമ്മിക്കാനുദ്ദേശിക്കുന്ന വസ്തു ഉപയോഗിക്കുന്നയാളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും ആണ് ഈ രീതിയിൽ പ്രഥമ പരിഗണന.
  • പ്രയോഗകേന്ദ്രിതരൂപകല്പന: വസ്തുവിന്റെ ഉപയോഗവും പ്രവർത്തനവും പ്രാധാന്യം നൽകുന്ന രീതിയാണിത്.
  • ലാളിത്യപ്രധാനമായ രൂപകല്പന: സങ്കീർണതകൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള രീതി.
  • അനേകോപായ രീതി: ഒരു കാര്യം ചെയ്യാൻ, ഒന്നിലധികം വഴികൾ ഉണ്ടാവാമെന്നുള്ള തത്ത്വത്തിലധിഷ്ഠിതമായ രൂപകല്പന.
"https://ml.wikipedia.org/w/index.php?title=രൂപകല്പന&oldid=2392280" എന്ന താളിൽനിന്ന് ശേഖരിച്ചത്