Jump to content

മർദ്ദമാപിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Aneroid Modern Aneroid Barometer.jpg
പഴയ അനിറോയ്ഡ് മർദ്ദമാപിനി
പുതിയ അനിറോയ്ഡ് മർദ്ദമാപിനി

അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് അനിറോയ്ഡ് മർദ്ദമാപിനി (Aneroid barometer) . അനാർദ്രമർദ്ദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേർത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താൽ, അറ ചതുങ്ങിപ്പോകാതെ അനിറോയ്ഡ് മർദ്ദമാപിനി നിർത്തിയിരിക്കുന്നു. അന്തരീക്ഷമർദ്ദം കൂടുമ്പോൾ അറ ചുരുങ്ങുന്നു. മർദ്ദം കുറയുമ്പോൾ അറയുടെ വ്യാപ്തം വർധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മർദ്ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങൾ ഉത്തോലകങ്ങളുടെ സഹായത്താൽ ഒരു സൂചിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മർദ്ദമാപിനിയുമായി (mercury barometer) താരതമ്യം ചെയ്തതുമായിരിക്കും.

അനിറോയ്ഡ് മർദ്ദമാപിനി രസ മർദ്ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാൽ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കൽ ക്രമപ്പെടുത്തിയാൽ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയിൽ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറിൽ തുടർച്ചയായി സ്വയം മർദ്ദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് (Barograph) എന്ന ഉപകരണം അനിറോയ്ഡ് മർദ്ദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന 'ആൾട്ടിമീറ്റർ' (altimeter) മറ്റൊരു വകഭേദമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മർദ്ദമാപിനി അനിറോയ്ഡ് മർദ്ദമാപിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മർദ്ദമാപിനി&oldid=2300871" എന്ന താളിൽനിന്ന് ശേഖരിച്ചത്