മൈൻഡ് മാപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈകൊണ്ട് വരച്ച ഒരു മൈൻ‌ഡ് മാപ്
ഫ്രീമൈൻഡ് ഉപയോഗിച്ച് വരച്ച ഒരു മൈൻ‌ഡ് മാപ്

ഒരു പ്രധാന ആശയത്തിനു ചുറ്റുമായി അതിനനുബന്ധമായ ആശയങ്ങളും, പ്രവർത്തനങ്ങളും, കുറിപ്പുകളും മറ്റും നിരത്തിയ രൂപരേഖയെയാണ് മൈൻഡ് മാപ് അഥവാ ചിന്താചിത്രം (mind map) എന്നു പറയുന്നത്. ആശയങ്ങൾ വികസിപ്പിക്കുന്നതിനോ, പഠിക്കുന്നതിനോ, ക്രമീകരിക്കുന്നതിനോ, അവതരിപ്പിക്കുന്നതിനോ, തീരുമാനങ്ങൾ എടുക്കുന്നതിനോ ഈ രീതി അവലംബിക്കുന്നു. ചിന്താചിത്രം ചിലപ്പോൾ ശ്രേണീ ബദ്ധവും പരസ്പരപൂരകവുമായ ഒരു പൂർണതയെ പ്രദർശിപ്പിക്കുന്നതായിത്തീരുന്നു. ഒരു പ്രധാന ആശയത്തിൽനിന്ന് പല ചില്ലകളായി പിരിഞ്ഞ്, വീണ്ടും ചെറു ചില്ലകളായി പിരിഞ്ഞ് പടർന്ന് പന്തലിക്കുന്ന ആശയ പടലത്തെ ചിന്താചിത്രം എന്ന് പറയാം. വാക്കുകൾ മാത്രമല്ല ചിത്രങ്ങളും ശബ്ദങ്ങളും ചലനദൃശ്യങ്ങളുമെല്ലാം മൈൻഡ് മാപ്പിന്റെ ഭാഗമാകാം.

മനസ്സ് കുരങ്ങനെ പോലെയാണ് എന്ന് പറയാറുണ്ട്. കൃത്യമായ, രേഖീയമായ ഒരു ദിശയിലല്ല മനസ്സിൻറെ സഞ്ചാരം. അതുകൊണ്ടുതന്നെ ആശയങ്ങൾ പലപ്പോഴും ശ്രേണീബദ്ധമായി മനസ്സിൽ ഉടലെടുക്കാറില്ല. പൊതുവായ കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോഴും മനസ്സിൽ അതിനോട് ബന്ധപ്പെട്ട സ്വകാര്യ വിചാരങ്ങളും കടന്നുവരാറുണ്ട്. മൈൻഡ് മാപ്പിൽ അവ ഉൾപ്പെടുത്തേണ്ടതാണ്. എത്തര ത്തിലാണ് മനുഷ്യ മനസ്സ് പ്രവർത്തിക്കുന്നത് എന്നതിൻറെ ഒരു ബാഹ്യ രൂപരേഖയാണ് ചിന്താചിത്രം. വിദ്യാഭ്യാസത്തിൽ മൈൻഡ് മാപ്പിങ്ങിന് വലിയ പ്രാധാന്യമുണ്ട്. കവിതാ പഠനത്തിലും മറ്റും വളരെ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകാൻ ചിന്താചിത്രം സഹായിക്കും.

ടോണി ബുസാൻ എന്ന ബ്രിട്ടീഷ് മനശാസ്ത്രജ്ഞനാണ് മൈൻഡ് മാപ്പിംഗ് എന്ന സങ്കേതം ശാസ്ത്രീയമായി പ്രയോഗത്തിൽ വരുത്തിയത്.

രീതി[തിരുത്തുക]

ഇത് സാധാരണ രീതിയിൽ ഒരു ഒറ്റപേജ് ചിത്രം (ഡയഗ്രം) ആയിരിക്കും. ഇതിനു കേന്ദ്രീകൃതമായ ഒരു ആശയം ഉണ്ടായിരിക്കും. അതിന്റെ അനുബന്ധ ആശയങ്ങൾ അതിന്റെ പ്രാധാന്യമനുസരിച്ച് ശാഖകളായോ, എരിയകളായോ, കൂട്ടമായോ തിരിച്ചിട്ടുണ്ടാകും. ആശയങ്ങളെ റേഡിയലായോ ( radial), ചിത്രീകരണ രീതിയിലോ ( graphical), നോൺ‌ലീനിയർ രീതിയിലോ (non-linear manner) അവതരിപ്പിക്കുന്നത് നല്ല രീതിയിൽ ഓർമ്മ നിൽക്കാനും, ജോലികളെ കൃത്യമായി ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.

ഉപയോഗം[തിരുത്തുക]

ഇത് ആശയങ്ങളെ ഓർത്തുവക്കാനായി പ്രധാനമായും ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മൈൻഡ്_മാപ്&oldid=3112457" എന്ന താളിൽനിന്ന് ശേഖരിച്ചത്