ഉള്ളടക്കത്തിലേക്ക് പോവുക

മേരി ആസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ആസ്റ്റർ
1933-ൽ ആസ്റ്റർ
ജനനം
ലൂസൈൽ വാസ്കോൺസെല്ലോസ് ലാങ്ഹാങ്കെ

(1906-05-03)മേയ് 3, 1906
ക്വിൻസി, ഇല്ലിനോയി, യുണൈറ്റഡ് സ്റ്റേറ്റ്സ്
മരണംസെപ്റ്റംബർ 25, 1987(1987-09-25) (81 വയസ്സ്)
വുഡ്‌ലാൻഡ് ഹിൽസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽനടി
സജീവ കാലം1920–1964
ജീവിതപങ്കാളി(കൾ)
(m. 1928; his death 1930)

ഫ്രാങ്ക്ലിൻ തോർപ്പ്
(m. 1931; div. 1935)


തോമസ് ഗോർഡൻ വീലോക്ക്
(m. 1945; div. 1955)
കുട്ടികൾ2
സ്റ്റാർസ് ഓഫ് ദി ഫോട്ടോപ്ലേയിൽ നിന്നുള്ള ആസ്റ്ററിന്റെ 1924 ലെ ഒരു പബ്ലിസിറ്റി ഫോട്ടോ.

മേരി ആസ്റ്റർ (ലൂസിലെ വാസ്കോൺസെല്ലോസ് ലാങ്ഹാങ്കെ എന്ന പേരിൽ ജനിച്ചു) ജീവിതകാലം : മെയ് 3, 1906 - സെപ്റ്റംബർ 25, 1987) ഒരു അമേരിക്കൻ നടിയായിരുന്നു.[1][2]  “ദ മാൾട്ടീസ് ഫാൽക്കൺ” (1941) എന്ന ചിത്രത്തിലെ ബ്രിഗിദ് ഷൗഗ്നെസ്സി എന്ന കഥാപാത്രത്തെ അവതരിച്ചതിലൂടെയാണ് അവർ ഏറെ അറിയപ്പെടുന്നത്.

കൗമാര കാലത്തുതന്നെ തൻറെ നീണ്ട ചലച്ചിത്ര ജീവിതം തുടങ്ങിയ ആസ്റ്റർ 2010 കളിലെ നിശ്ശബ്ദസിനികളിൽ അഭിനയിച്ചുകൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. ക്രമേണ അവർ ശബ്ദചിത്രങ്ങളിലേയ്ക്കു മാറി. ആദ്യകാലത്ത് അവരുടെ സ്വരം വളരെ പുരുഷത്വമുള്ളതായി കണക്കാക്കപ്പെട്ടിരുന്നതിനാൽ അവർ ഏകദേശം ഒരു വർഷത്തോളം രംഗത്തു നിന്ന് വിട്ടു നിന്നിരുന്നു. എന്നാൽ, പിന്നീട് അവൾ സുഹൃത്ത് ഫ്ലോറൻസ് എൽഡ്രിഡ്ജിനൊപ്പം ഒരു നാടകത്തിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം പുതിയ ശബ്ദചിത്രങ്ങളിലേയ്ക്കുള്ള ഓഫറുകൾ ലഭിക്കുവാൻ തുടങ്ങുകയും തന്റെ കരിയർ പുനരാരംഭിക്കാൻ സാധിക്കുകയും ചെയ്തു.

1936-ൽ, ആസ്റ്ററിന്റെ കരിയർ അപവാദങ്ങളാൽ നശിപ്പിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. നാടകകൃത്ത് ജോർജ്ജ് എസ്. കോഫ്മാനുമായി ബന്ധമുണ്ടായിരുന്ന അവരെ, മകളെച്ചൊല്ലിയുള്ള കസ്റ്റഡി തർക്കത്തിനിടെ മുൻ ഭർത്താവ് വ്യഭിചാരിണിയായ ഭാര്യയായി മുദ്രകുത്തി. സ്വകാര്യ ജീവിതത്തിലെ ഈ തടസ്സങ്ങളെ മറികടന്ന അവർ കൂടുതൽ മികച്ച ചലച്ചിത്ര വിജയം നേടുകയും ഒടുവിൽ ദി ഗ്രേറ്റ് ലൈ (1941) എന്ന ചിത്രത്തിലെ കച്ചേരി പിയാനിസ്റ്റ് സാന്ദ്ര കോവാക്കിന്റെ വേഷത്തിലൂടെ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടുകയും ചെയ്തു.

1940 കളിൽ ഭൂരിഭാഗവും മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുടെ കരാർ നടിയായിരുന്ന ആസ്റ്റർ, 1964 ൽ വിരമിക്കുന്നതുവരെ സിനിമ, ടെലിവിഷൻ, നാടക രംഗങ്ങളിൽ നിറഞ്ഞുനിന്നു. അവർ അഞ്ച് നോവലുകൾ രചിച്ചു. അവരുടെ ആത്മകഥയും, പിന്നീട് അവരുടെ കരിയറിനെക്കുറിച്ചുള്ള "എ ലൈഫ് ഓൺ ഫിലിം" എന്ന പുസ്തകവും അക്കാലത്ത് ബെസ്റ്റ് സെല്ലറായിരുന്നു.

ആദ്യകാലം

[തിരുത്തുക]

അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തെ ക്വിൻസി നഗരത്തില്, ഓട്ടോ ലുഡ്‌വിഗ് വിൽഹെം ലാങ്‌ഹാങ്കെ, ഹെലൻ മേരി ഡി വാസ്‌കോൺസെല്ലോസ് ദമ്പതികളുടെ ഏക മകളായി ആസ്റ്റർ ജനിച്ചു.[3] മാതാപിതാക്കൾ അധ്യാപകരായിരുന്നു. 1891-ൽ ബെർലിനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജർമ്മൻകാരനായ പിതാവ് ഒരു സ്വാഭാവിക യുഎസ് പൗരനായി. ഇല്ലിനോയിസി ജാക്‌സൺവില്ലിൽ ജനിച്ച അവരുടെ അമേരിക്കൻ അമ്മയ്ക്ക് പോർച്ചുഗീസ് വേരുകളുണ്ടായിരുന്നു.[4] 1904 ഓഗസ്റ്റ് 3-ന് കാൻസസിലെ ലിയോൺസ് നഗരത്തിൽ വെച്ചാണ് അവർ വിവാഹിതരായത്.

അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കുന്നതുവരെ ആസ്റ്ററിന്റെ പിതാവ് ക്വിൻസി ഹൈസ്കൂളിൽ ജർമ്മൻ പഠിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം കൃഷിയിലേക്ക് കടന്നു. ഒരു നടിയാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ആസ്റ്ററിന്റെ അമ്മ നാടകവും പ്രസംഗകലയും പഠിപ്പിച്ചിരുന്നു. വീട്ടിൽ നിന്നാണ് അക്കാദമിക് വിദ്യാഭ്യാസം നേടിയ അവളെ, അച്ഛൻ ദിവസവും പിയാനോ വായിക്കാൻ നിർബന്ധിച്ചു. ദി ഗ്രേറ്റ് ലൈ, മീറ്റ് മി ഇൻ സെന്റ് ലൂയിസ് എന്നീ ചിത്രങ്ങളിൽ പിയാനോ വായിച്ചപ്പോഴാണ് അവളുടെ പിയാനോ വായനയിലെ കഴിവുകൾ പ്രയോജനപ്പെട്ടത്.

1919-ൽ, മോഷൻ പിക്ചർ മാഗസിനിൽ ഒരു സൗന്ദര്യമത്സരത്തിന് ആസ്റ്റർ തന്റെ ഒരു ഫോട്ടോ അയച്ചു, അവിടെ അവർ സെമിഫൈനലിസ്റ്റായി. ആസ്റ്ററിന് 15 വയസ്സുള്ളപ്പോൾ, കുടുംബം ഇല്ലിനോയിയിലെ ഷിക്കാഗോയിലേക്ക് താമസം മാറുകയും,[5] അച്ഛൻ പബ്ലിക് സ്കൂളുകളിൽ ജർമ്മൻ പഠിപ്പിക്കുകയും ചെയ്തു. ഇക്കാലത്ത് ആസ്റ്റർ നാടക പാഠങ്ങൾ പഠിക്കുകയും വിവിധ അമച്വർ സ്റ്റേജ് നാടകങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അടുത്ത വർഷം, അവർ മോഷൻ പിക്ചർ മാഗസിന് മറ്റൊരു ഫോട്ടോ അയച്ചു. ഇത്തവണ ഫൈനലിസ്റ്റും പിന്നീട് ദേശീയ മത്സരത്തിൽ റണ്ണർഅപ്പുമായി. മകൾക്ക് സിനിമകളിൽ അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടി അച്ഛൻ കുടുംബത്തെ ന്യൂയോർക്ക് സിറ്റിയിലേക്ക് മാറ്റി. 1920 സെപ്റ്റംബർ മുതൽ 1930 ജൂൺ വരെ അദ്ദേഹം അവളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തു.

മാൻഹട്ടനിലെ ഒരു ഫോട്ടോഗ്രാഫറായിരുന്ന ചാൾസ് ആൽബിൻ അവരുടെ ഫോട്ടോ കണ്ട്, "റസ്റ്റി" എന്ന വിളിപ്പേരുള്ള, വശ്യമായ കണ്ണുകളും നീണ്ട തവിട്ടുനിറത്തിലുള്ള മുടിയുമുള്ള ആ പെൺകുട്ടിയോട് തനിക്കുവേണ്ടി ഫോട്ടോയിൽ പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ആൽബിന്റെ ഫോട്ടോഗ്രാഫുകൾ ഫേമസ് പ്ലെയേഴ്‌സ്-ലാസ്‌കി കമ്പനിയുടെ ഹാരി ഡ്യൂറന്റ് കണ്ടതോടെ ആസ്റ്റർ പാരാമൗണ്ട് പിക്‌ചേഴ്‌സുമായി ആറ് മാസത്തെ കരാറിൽ ഒപ്പുവച്ചു. പാരാമൗണ്ട് പിക്‌ചേഴ്‌സ് മേധാവി ജെസ്സി ലാസ്‌കി, ചലച്ചിത്ര നിർമ്മാതാവ് വാൾട്ടർ വാംഗർ, ഗോസിപ്പ് കോളമിസ്റ്റ് ലൂയെല്ലാ പാർസൺസ് എന്നിവർ പങ്കെടുത്ത ഒരു കോൺഫറൻസിൽവച്ച് അവരുടെ പേര് മേരി ആസ്റ്റർ എന്നാക്കി മാറ്റി.

നിശബ്ദ സിനിമകളുടെ കാലം

[തിരുത്തുക]
പത്ര ക്ലിപ്പിംഗ്, മെയ് 19, 1921

ആസ്റ്ററിന്റെ ആദ്യ സ്ക്രീൻ ടെസ്റ്റ് സംവിധാനം ചെയ്തത് ലിലിയൻ ഗിഷ് ആയിരുന്നു. സ്ക്രീൻ ടെസ്റ്റ് സമയത്ത് ആസ്റ്ററിന്റെ ഷേക്സ്പിയർ നാടകങ്ങളുടെ പാരായണത്തിൽ വളരെയധികം ആകൃഷ്ടനായ അദ്ദേഹം അവരുടെ അഭിനയത്തിന്റെ ആയിരം അടി ഫിലിം ഷൂട്ട് ചെയ്തു.[6]

1921-ൽ പുറത്തിറങ്ങിയ സെന്റിമെന്റൽ ടോമി എന്ന ചിത്രത്തിലൂടെ 14-ാം വയസ്സിൽ[7] അവർ അരങ്ങേറ്റം കുറിച്ചുവെങ്കിലും ആ സിനിമയിലെ അവരുടെ ചെറിയ വേഷം എഡിറ്റിംഗ് റൂമിൽ അവസാനിച്ചു. പാരാമൗണ്ട് അവരുമായുള്ള കരാർ അവസാനിപ്പിച്ചു. തുടർന്ന് പ്രശസ്ത പെയിന്റിംഗുകളെ അടിസ്ഥാനമാക്കിയുള്ള ചില ഹ്വസ്വ സിനിമകളിൽ അവർ പ്രത്യക്ഷപ്പെട്ടു. 1921-ൽ പുറത്തിറങ്ങിയ രണ്ട് റീലറുകളുള്ള ദി ബെഗ്ഗർ മെയ്ഡ് എന്ന ചിത്രത്തിലൂടെ അവർക്ക് നിരൂപക അംഗീകാരം ലഭിച്ചു. അവരുടെ ആദ്യത്തെ മുഴുനീള സിനിമ ജോൺ സ്മിത്ത് (1922) ആയിരുന്നു. അതേ വർഷം തന്നെ ദി മാൻ ഹു പ്ലേഡ് ഗോഡ് എന്ന ചിത്രവും പുറത്തിറങ്ങി. 1923-ൽ മാതാപിതാക്കളൊപ്പം ആസ്റ്റർ ഹോളിവുഡിലേക്ക് താമസം മാറി.

വിവിധ സ്റ്റുഡിയോകളുടെ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം, പാരാമൗണ്ട് വീണ്ടും അവരുമായി കരാറിൽ ഒപ്പുവച്ചു. ഇത്തവണ ആഴ്ചയിൽ 500 ഡോളർ എന്ന നിരക്കിൽ ഒരു വർഷത്തെ കരാറായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചതിനുശേഷം, ജോൺ ബാരിമോർ ഒരു മാസികയിൽ അവരുടെ ഫോട്ടോ കാണുകയും തന്റെ അടുത്ത സിനിമയിൽ അവരെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വാർണർ ബ്രദേഴ്‌സുമായി സഹകരാറിലേർപ്പെട്ട അവർ അദ്ദേഹത്തോടൊപ്പം ബ്യൂ ബ്രമ്മൽ (1924) എന്ന സിനിമയിൽ അഭിനയിച്ചു. ഈ മുതിർന്ന നടൻ യുവ നടിയെ വശീകരിക്കാൻ ശ്രമിച്ചുവെങ്കിലും, പക്ഷേ ദമ്പതികൾ ഒരുമിച്ച് സമയം ചെലവഴിക്കാൻ ആസ്റ്ററിന്റെ മാതാപിതാക്കൾ തയ്യാറാകാത്തതിനാൽ അവരുടെ ബന്ധം വളരെയധികം തടസ്സപ്പെട്ടു. പതിനേഴു വയസ്സ് മാത്രമുള്ളവളും പ്രായപൂർത്തിയാകാത്തവളുമായിരുന്നു അക്കാലത്ത് ആസ്റ്റർ.

തന്റെ അഭിനയ പാഠങ്ങൾക്ക് സ്വകാര്യത ആവശ്യമാണെന്ന് ബാരിമോർ ലാങ്‌ഹാങ്കെസ് കുടുംബത്തെ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അ ഒറ്റയ്ക്ക് കഴിയാൻ കഴിഞ്ഞത്. ലാങ്‌ഹാങ്കെസിന്റെ ഇടപെടലും ആസ്റ്ററിന് അവരുടെ ശക്തമായ അധികാരത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതും, ആസ്റ്ററിന്റെ സഹപ്രവർത്തകയായ വാമ്പാസ് ബേബി സ്റ്റാർ ഡോളോറസ് കോസ്റ്റെല്ലോയുമായി ബാരിമോർ ബന്ധപ്പെട്ടതും കാരണം അവരുടെ രഹസ്യ വിവാഹനിശ്ചയം അവസാനിച്ചതോടെ പിന്നീട് അദ്ദേഹം ഡോളോറസിനെ വിവാഹം കഴിച്ചു.

1925-ൽ, ആസ്റ്ററിന്റെ മാതാപിതാക്കൾ ഹോളിവുഡിന് മുകളിലെ കുന്നുകളിൽ "മൂർക്രെസ്റ്റ്" എന്നറിയപ്പെടുന്ന 1 ഏക്കർ (4,000 ചതുരശ്ര മീറ്റർ) സ്ഥലമുള്ള മൂറിഷ് ശൈലിയിലുള്ള മാളിക വാങ്ങി. ലാങ്‌ഹാങ്കുകൾ ആസ്റ്ററിന്റെ വരുമാനം കൊണ്ട് ആഡംബരപൂർവ്വം ജീവിച്ചു എന്നു മാത്രമല്ല, അവരെ മൂർക്രെസ്റ്റിനുള്ളിൽ ഒരു യഥാർത്ഥ തടവുകാരിയായി പാർപ്പിച്ചു. മൂർക്രെസ്റ്റ് അതിന്റെ അലങ്കാര ശൈലിക്ക് മാത്രമല്ല, 1912 ൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ച ഒരു ഉട്ടോപ്യൻ സമൂഹമായ ക്രോട്ടോണ കോളനിയുമായി ബന്ധപ്പെട്ട ഏറ്റവും ആഡംബര വസതി എന്ന നിലയിലും അറിയപ്പെടുന്നു. ഔപചാരിക വാസ്തുവിദ്യാ പരിശീലനം നേടിയിട്ടില്ലാത്ത തിയോസഫിസ്റ്റായ മേരി റുസാക് ഹോച്ചനർ നിർമ്മിച്ച ഈ വീട് മൂറിഷ്, മിഷൻ റിവൈവൽ ശൈലികൾ സംയോജിപ്പിക്കുന്നതും, കൂടാതെ ആർട്ട്-ഗ്ലാസ് വിൻഡോകൾ (ആസ്റ്റർ "നിർഭാഗ്യകരം" എന്ന് വിളിച്ച ചുവന്ന താമര രൂപകൽപ്പന), ബാറ്റ്ചെൽഡർ ടൈലുകൾ തുടങ്ങിയ കലാ കരകൗശല സവിശേഷതകൾ ഉൾക്കൊള്ളുന്നതുമായിരുന്നു. കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നവീകരിച്ച മൂർക്രെസ്റ്റ് ഇപ്പോഴും നിലനിൽക്കുന്നു. ലാങ്‌ഹാങ്കെസ് ഇത് വാങ്ങുന്നതിന് മുമ്പ്, ചാർളി ചാപ്ലിൻ ഇത് വാടകയ്‌ക്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ ഓർമ്മിക്കുന്നത് അദ്ദേഹത്തിന്റെ കഥാപാത്രമായ ലിറ്റിൽ ട്രാംപിനെ ചിത്രീകരിച്ചിരിക്കുന്ന ഒരു ആർട്ട് ഗ്ലാസ് വിൻഡോയാണ്.

അർജന്റീനിയൻ മാസികയ്ക്കുവേണ്ടി ആസ്റ്ററിന്റെ 1931 ലെ ഒരു പബ്ലിസിറ്റി ഫോട്ടോ.

ആസ്റ്ററിന്റെ മാതാപിതാക്കൾ തിയോസഫിസ്റ്റുകളല്ലായിരുന്നുവെങ്കിലും കുടുംബം തിയോസഫിക്കൽ സൊസൈറ്റിയിലെ പ്രമുഖ അംഗങ്ങളായ മേരി ഹോച്ചെനറുമായും അവരുടെ ഭർത്താവ് ഹാരിയുമായും സൗഹൃദത്തിലായിരുന്നു. ആസ്റ്ററിന് ആഴ്ചയിൽ $5 അലവൻസും (അവർ ആഴ്ചയിൽ $2,500 സമ്പാദിച്ചിരുന്ന സമയത്ത്) അമ്മയുടെ അകമ്പടിയില്ലാതെ ജോലിക്ക് പോകാനുള്ള അവകാശവും ഹോച്ചെനർ ആസ്റ്ററിന്റെ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. അടുത്ത വർഷം, 19 വയസ്സുള്ളപ്പോൾ, തന്റെ പിതാവിന്റെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനത്തിലും, തന്റെ പണത്തിന്മേലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണത്തിലും മടുത്ത ആസ്റ്റർ, രണ്ടാം നിലയിലെ കിടപ്പുമുറിയുടെ ജനാലയിൽ നിന്ന് ചാടി ഹോളിവുഡിലെ ഒരു ഹോട്ടലിലേക്ക് രക്ഷപ്പെട്ടുവെന്ന് അവളുടെ ഓർമ്മക്കുറിപ്പുകളിൽ വിവരിച്ചിരിക്കുന്നു. ആസ്റ്ററിന് 500 ഡോളറുള്ള ഒരു സേവിംഗ്സ് അക്കൗണ്ടും ഇഷ്ടമുള്ളതുപോലെ വരാനും പോകാനുമുള്ള സ്വാതന്ത്ര്യവും നൽകാൻ പിതാവ് ഓട്ടോ ലാങ്‌ഹാങ്കെയെ പ്രേരിപ്പിച്ചുകൊണ്ട് ഹോച്ചനർ അവളുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കി. എന്നിരുന്നാലും, 26 വയസ്സ് വരെ ആസ്റ്ററിന് അവളുടെ ശമ്പളത്തിന്റെ നിയന്ത്രണം ലഭിച്ചില്ല. ആ ഘട്ടത്തിൽ അവളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായത്തിനായി അവർക്കെതിരെ കേസ് കൊടുത്തു. ആസ്റ്റർ തന്റെ മാതാപിതാക്കൾക്ക് പ്രതിമാസം 100 ഡോളർ നൽകാമെന്ന് സമ്മതിച്ചുകൊണ്ട് കേസ് ഒത്തുതീർപ്പാക്കി. 1930 കളുടെ തുടക്കത്തിൽ ഓട്ടോ ലാങ്‌ഹാങ്കെ മൂർക്രെസ്റ്റിനെ തനിക്ക് വാഗ്ദാനം ചെയ്ത 80,000 ഡോളറിൽ കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ ലേലത്തിന് വച്ചുവെങ്കിലും അത് 25,000 ഡോളറിന് വിറ്റുഴിച്ചു.

ആസ്റ്റർ വിവിധ സ്റ്റുഡിയോകളുടെ സിനിമകളിൽ അഭിനയിക്കുന്നത് തുടർന്നു. 1925-ൽ പാരാമൗണ്ടുമായുള്ള കരാർ അവസാനിച്ചപ്പോൾ, വാർണർ ബ്രദേഴ്‌സുമായി അവർ കരാർ ഒപ്പുവച്ചു. അവരുടെ കരാറിൽ ജോൺ ബാരിമോറിനൊപ്പം ഡോൺ ജുവാൻ (1926) എന്ന ചിത്രത്തിൽ മറ്റൊരു വേഷം കൂടി ഉണ്ടായിരുന്നു. 1926-ൽ മേരി ബ്രയാൻ, ഡോളോറസ് കോസ്റ്റെല്ലോ, ജോൺ ക്രോഫോർഡ്, ഡോളോറസ് ഡെൽ റിയോ, ജാനറ്റ് ഗെയ്നർ, ഫേ വ്രേ എന്നിവർക്കൊപ്പം വാമ്പാസ് ബേബി സ്റ്റാർസിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ഫോക്സ് ഫിലിം കോർപ്പറേഷനുമായി സഹകരാർ നേടിയ ആസ്റ്റർ ഡ്രെസ്ഡ് ടു കിൽ (1928) എന്ന സിനിമയിൽ അഭിനയിച്ചതോടെ നല്ല അവലോകനങ്ങൾ ലഭിച്ച അവർ കൂടാതെ ഹാസ്യരസ പ്രധാനമായ ഡ്രൈ മാർട്ടിനി (1928) എന്ന സിനിമയിലും അഭിനയിച്ചു. വാർണർ ബ്രദേഴ്‌സുമായുള്ള കരാർ അവസാനിച്ചപ്പോൾ, അവർ ഫോക്‌സുമായി ആഴ്ചയിൽ 3,750 ഡോളറിന് പുതിയൊരു കരാറിൽ ഒപ്പുവച്ചു. 1928-ൽ, കുടുംബവീടായ മൂർക്രെസ്റ്റിൽ വച്ച് അവർ സംവിധായകൻ കെന്നത്ത് ഹോക്‌സിനെ വിവാഹം കഴിച്ചു. വിവാഹ സമ്മാനമായി അയാൾ അവൾക്ക് ഒരു പാക്കാർഡ് വാഹനം നൽകുകയും ദമ്പതികൾ ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസിന് മുകളിലുള്ള ലുക്ക്ഔട്ട് പർവതത്തിലെ ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. സിനിമാ വ്യവസായം ശബ്ദ സിനിമകളിലേയ്ക്ക് മാറിയപ്പോൾ, ഫോക്സ് അവർക്ക് ഒരു ശബ്ദ പരിശോധന നടത്തുകയും, അവരുടെ ശബ്ദം വളരെ ഘനമുള്ളതായി കണ്ടെത്തിയതിനാൽ പരാജയപ്പെടുകയും ചെയ്തു. ആദ്യകാല ശബ്ദ ഉപകരണങ്ങളും അനുഭവപരിചയമില്ലാത്ത സാങ്കേതിക വിദഗ്ധരും കാരണമായിരിക്കാം ഇതു സംഭവിച്ചതെങ്കിലും, സ്റ്റുഡിയോ അവരെ കരാറിൽ നിന്ന് ഒഴിവാക്കുകയും 1929-ൽ എട്ട് മാസത്തേക്ക് അവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

പുതിയ തുടക്കം

[തിരുത്തുക]
റെഡ് ഡസ്റ്റ് എന്ന സിനിമയിൽ ( (1932)ക്ലാർക്ക് ഗേബിളിനൊപ്പം

തന്റെ ഒഴിവു സമയങ്ങളിൽ, ഫ്രാൻസെസ്കോ ലാംപെർട്ടിയുടെ വക്താവായിരുന്ന ഫ്രാൻസിസ് സ്റ്റുവർട്ടിനൊപ്പം[8] ആസ്റ്റർ ശബ്ദ പരിശീലനവും ഗാനപാഠങ്ങളും പഠിച്ചുവെങ്കിലും ഒരു വേഷവും വാഗ്ദാനം ചെയ്യപ്പെട്ടില്ല. അവരുടെ സുഹൃത്ത് ഫ്ലോറൻസ് എൽഡ്രിഡ്ജ് (ഫ്രെഡ്രിക് മാർച്ചിന്റെ ഭാര്യ) അവരുടെ അഭിനയ ജീവിതത്തിന് ഒരു ഉത്തേജനം നൽകി. ലോസ് ഏഞ്ചൽസ് നഗരകേന്ദ്രത്തിലെ മജസ്റ്റിക് തിയേറ്ററിൽ "അമങ് ദി മാരീഡ്" എന്ന സ്റ്റേജ് നാടകത്തിൽ അഭിനയിക്കാനിരുന്ന എൽഡ്രിഡ്ജ്, രണ്ടാമത്തെ നായികയായി ആസ്റ്ററിനെ ശുപാർശ ചെയ്തു. വിജയകരമായിരുന്ന ഈ നാടകത്തിലെ അവരുടെ ശബ്ദം താഴ്ന്ന ആവൃത്തിയും തരളിതവുമായി വിശേഷിപ്പിക്കപ്പെട്ടു. വീണ്ടും ജോലി ചെയ്യാൻ കഴിഞ്ഞതിൽ അവൾക്ക് സന്തോഷമുണ്ടായിരുന്നു, പക്ഷേ അവളുടെ സന്തോഷം പെട്ടെന്ന് അവസാനിച്ചു. 1930 ജനുവരി 2 ന്, ഫോക്സ് സിനിമയുടെ സച്ച് മെൻ ആർ ഡേഞ്ചറസ് എന്ന ചിത്രത്തിനായി ചിത്രീകരിക്കുന്നതിനിടെ, പസഫിക്കിന് മുകളിൽവച്ച് നടന്ന ഒരു വിമാനാപകടത്തിൽ സംവിധായകൻ കെന്നത്ത് ഹോക്സ് കൊല്ലപ്പെട്ടു.ഫ്ലോറൻസ് എൽഡ്രിഡ്ജ് ആ വാർത്ത പറഞ്ഞത് ആസ്റ്റർ മജസ്റ്റിക്കിലെ ഒരു മാറ്റിനി പ്രകടനം പൂർത്തിയാക്കിയതിനു ശേഷമാണ്. തിയേറ്ററിൽ നിന്ന് എൽഡ്രിഡ്ജിന്റെ അപ്പാർട്ട്മെന്റിലേക്ക് അവളെ പെട്ടെന്ന് കൊണ്ടുപോയി. പകരക്കാരിയായി ഡോറിസ് ലോയ്ഡ് അടുത്ത ഷോയ്ക്കായി എത്തി. ആസ്റ്റർ കുറച്ചുകാലം എൽഡ്രിഡ്ജിനൊപ്പം അവളുടെ അപ്പാർട്ട്മെന്റിൽ താമസിച്ചു, പിന്നീട് താമസിയാതെ ജോലിയിൽ തിരിച്ചെത്തി.

ഭർത്താവിന്റെ മരണത്തിന് തൊട്ടുപിന്നാലെ, പാരാമൗണ്ട് പിക്ചേസിലൂടെ തന്റെ ആദ്യ സംസാരചിത്രമായ ലേഡീസ് ലവ് ബ്രൂട്ട്സിൽ (1930) അവർ അരങ്ങേറ്റം കുറിച്ചു, അതിൽ അവർ സുഹൃത്ത് ഫ്രെഡ്രിക് മാർച്ചിനൊപ്പമാണ് അഭിനയിച്ചത്. അവരുടെ കരിയർ മികച്ച നിലവാരത്തിലേക്ക് ഉയർന്നെങ്കിലും, സ്വകാര്യ ജീവിതം ബുദ്ധിമുട്ടുള്ളതായി തുടർന്നു. നിരവധി സിനിമകളിൽ പ്രവർത്തിച്ചതിനുശേഷം, ഭർത്താവിന്റെ മരണത്തിൽ അവർക്ക് അകാലത്തുണ്ടായ ആഘാതം ഒരു നാഡീ തകരാർ സംഭവിക്കുന്നതിനു കാരണമായി. അസുഖബാധിതയായ മാസങ്ങളിൽ, ഡോ. ഫ്രാങ്ക്ലിൻ തോർപ്പിന്റെ പരിചരണത്തിലായിരുന്നു അവർ. 1931 ജൂൺ 29 ന് അവർ അദ്ദേഹത്തെ വിവാഹം കഴിച്ചു. ആ വർഷം, സ്മാർട്ട് വുമൺ എന്ന ചിത്രത്തിൽ നാൻസി ഗിബ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു, സ്വർണ്ണം അരിച്ചെടുക്കുന്ന ജോലിയിൽ നിന്ന് തന്റെ ഭർത്താവിനെ വീണ്ടെടുക്കാൻ ദൃഢനിശ്ചയം ചെയ്ത ഒരു സ്ത്രീയുടെ വേഷം ചെയ്തു.

1932 മെയ് മാസത്തിൽ, തോർപ്സ് ദമ്പതികൾ ഒരു യാച്ച് വാങ്ങി ഹവായിയിലേക്ക് കപ്പൽ യാത്ര നടത്തി. ഓഗസ്റ്റിൽ ആസ്റ്റർ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജൂണിൽ ഹോണോലുലുവിൽവച്ച് പ്രസവിച്ചു. മകളുടെ പേര് ആദ്യ നാമം മാതാപിതാക്കളുടെ പേരുകളും മധ്യനാമം ഹവായിയൻ എന്ന പേരും ചേർത്ത് മേരിലിൻ ഹൗളി തോർപ്പ് എന്നാക്കി: അവർ തെക്കൻ കാലിഫോർണിയയിലേക്ക് മടങ്ങിയപ്പോൾ, ആസ്റ്റർ സ്വതന്ത്രമായി പ്രവർത്തിക്കുകയും ക്ലാർക്ക് ഗേബിളിനും ജീൻ ഹാർലോയ്ക്കുമൊപ്പം എംജിഎമ്മിന്റെ റെഡ് ഡസ്റ്റ് (1932) എന്ന ചിത്രത്തിൽ ബാർബറ വില്ലിസ് എന്ന പ്രധാന വേഷം നേടുകയും ചെയ്തു.1932 ന്റെ അവസാനത്തിൽ, ആസ്റ്റർ വാർണർ ബ്രദേഴ്‌സുമായി ഒരു ഫീച്ചർ പ്ലെയർ കരാറിൽ ഒപ്പുവച്ചു. അതേസമയം, ആഡംബരപൂർവ്വം ചെലവഴിക്കുന്നതിനു പുറമേ, അവളുടെ മാതാപിതാക്കൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തി, അത് പലപ്പോഴും ലാഭകരമല്ലാതായി മാറി. അവർ മൂർക്രെസ്റ്റിൽ തന്നെ തുടർന്നപ്പോൾ, ആസ്റ്റർ അതിനെ "വെള്ളാന" എന്ന് വിളിച്ചു, വീടിന്റെ പരിപാലനം നടത്താൻ അവൾ വിസമ്മതിച്ചു.

1933-ൽ ബില്ലുകൾ അടയ്ക്കാൻ അവർക്ക് ചാരിറ്റബിൾ സ്ഥാപനമായ മോഷൻ പിക്ചർ റിലീഫ് ഫണ്ടിലേക്ക് തിരിയേണ്ടി വന്നു. 1933-ൽ പുറത്തിറങ്ങിയ ദി കെന്നൽ മർഡർ കേസ് എന്ന ചിത്രത്തിൽ, കൊലപാതകത്തിന് ഇരയായവരുടെ മരുമകളായ ഹിൽഡ ലേക്ക് എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 1984 ആഗസ്റ്റ് ലക്കത്തിലെ ഫിലിംസ് ഇൻ റിവ്യൂവിൽ, വില്യം പവലിനൊപ്പം ഡിറ്റക്ടീവ് ഫിലോ വാൻസായി അഭിനയിച്ചു. ചലച്ചിത്ര നിരൂപകൻ വില്യം കെ. എവർസൺ ഇതിനെ ഒരു "മാസ്റ്റർപീസ്" ആയി വിശേഷിപ്പിച്ചു.

തോർപ്പിന്റെ ദേഷ്യവും തെറ്റുകൾ പട്ടികപ്പെടുത്തുന്ന സ്വഭാവവും കാരണം വിവാഹത്തിൽ അസന്തുഷ്ടയായ ആസ്റ്റർ 1933 ആയപ്പോഴേക്കും വിവാഹമോചനം ആഗ്രഹിച്ചു. ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം, 1933-ൽ സിനിമാ നിർമ്മാണത്തിൽ നിന്ന് ഒരു ഇടവേളയെടുത്ത് ന്യൂയോർക്ക് സന്ദർശിച്ചു. അവിടെ സ്വതന്ത്രമായ സാമൂഹിക ജീവിതം ആസ്വദിക്കുന്നതിനിടയിൽ, നാടകകൃത്തായ ജോർജ്ജ് എസ്. കോഫ്മാനെ അവർ കണ്ടുമുട്ടി, അദ്ദേഹംവുമായി ശക്തവും എന്നാൽ തുറന്നതുമായ ബന്ധത്തിലായിരുന്നു. അവർ അവരുടെ പ്രണയം തന്റെ ഡയറിയിൽ രേഖപ്പെടുത്തി.[9][10] ഭാര്യയുടെ വരുമാനം ഉപയോഗിച്ചിരുന്ന തോർപ്പ് ആസ്റ്ററിന്റെ ഡയറി കണ്ടെത്തുകയും കോഫ്മാൻ ഉൾപ്പെടെയുള്ള മറ്റ് പുരുഷന്മാരുമായുള്ള അവളുടെ ബന്ധം വിവാഹമോചന നടപടികളിൽ അവൾ അയോഗ്യയായ അമ്മയാണെന്ന ആരോപണത്തെ പിന്തുണയ്ക്കാൻവേണ്ടി ഉപയോഗിക്കുമെന്ന് ആസ്റ്ററിനോട് പറയുകയും ചെയ്തു.[11][12]

കസ്റ്റഡി കേസ്

[തിരുത്തുക]

1935 ഏപ്രിലിൽ തോർപ്പും ആസ്റ്ററുമായുള്ള വിവാഹമോചനം നടന്നു.[13] നാലു വയസ്സുള്ള മകൾ മേരിലിനെച്ചൊല്ലിയുള്ള ഒരു കസ്റ്റഡി തർക്കം 1936-ൽ ആസ്റ്ററിലേക്ക് മാധ്യമശ്രദ്ധ ആകർഷിക്കുന്നതിനു കാരണമായി.[14] വിചാരണയ്ക്കിടെ ആസ്റ്ററിന്റെ ഡയറി ഒരിക്കലും ഔദ്യോഗികമായി തെളിവിന് നൽകിയില്ല, പക്ഷേ തോർപ്പും അദ്ദേഹത്തിന്റെ അഭിഭാഷകരും അതെക്കുറിച്ച് നിരന്തരം പരാമർശിച്ചതോടെ അതിന്റെ കുപ്രസിദ്ധി വളർന്നു.[15] ഡയറി നിലവിലുണ്ടെന്നും കോഫ്മാനുമായുള്ള ബന്ധം അവർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആസ്റ്റർ സമ്മതിച്ചു, എന്നാൽ പരാമർശിക്കപ്പെട്ട പല ഭാഗങ്ങളും അവരുടെ മേശയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതിനെത്തുടർന്ന് വ്യാജമാണെന്ന് വാദിച്ചു. തോർപ്പ് തന്നെ പരാമർശിക്കുന്ന പേജുകൾ നീക്കം ചെയ്തതിനാലും വ്യാജ ഉള്ളടക്കം ഉണ്ടായിരുന്നതിനാലും ഡയറി വികൃതമാക്കപ്പെട്ടിരിക്കുന്നതായും ഒരു രേഖയായി അംഗീകരിക്കാനാവില്ലെന്നും കണക്കാക്കി. വിചാരണ ജഡ്ജി ഗുഡ്വിൻ ജെ. നൈറ്റ് അത് സീൽ ചെയ്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടു.[16][17][18] അന്ന് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ പത്രാധിപരായിരുന്ന ഫ്ലോറബെൽ മുയർ തന്റെ ലേഖനങ്ങളിൽ വ്യാജ ഡയറി ഭാഗങ്ങൾ കണ്ടുപിടിച്ചതായി അറിയപ്പെടുന്നു.[19]

ഡോഡ്‌സ്‌വർത്തിൽ (1936) എഡിത്ത് കോർട്ട്‌റൈറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസ്റ്ററിന്റെ വേഷം ചിത്രീകരിക്കാൻ തുടങ്ങിയപ്പോഴാണ് ഡയറിക്കുറിപ്പുകളെക്കുറിച്ചുള്ള വാർത്ത പരസ്യമായത്. കരാറിൽ ഒരു ധാർമ്മിക വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നതിനാൽ നിർമ്മാതാവ് സാമുവൽ ഗോൾഡ്‌വിൻ അവരെ പുറത്താക്കാൻ നിർബന്ധിതനായി. വാൾട്ടർ ഹസ്റ്റൺ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെ, ഡോഡ്‌സ്‌വർത്തിന് റിലീസ് ചെയ്ത സമയം മികച്ച അവലോകനങ്ങൾ ലഭിച്ചതോടെ പൊതുജനങ്ങളുടെ സ്വീകാര്യത സ്റ്റുഡിയോകൾക്ക് ആസ്റ്ററിനെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായി തുടരാമെന്ന ഉറപ്പുനൽകി. ഈ സംഭവം ആസ്റ്ററിന്റെ കരിയറിന് കുറഞ്ഞ ദോഷം മാത്രമേ വരുത്തിയുള്ളൂ. 1952-ൽ, കോടതി ഉത്തരവ് പ്രകാരം, 16 വർഷമായി അടച്ചുപൂട്ടിയിരുന്ന ബാങ്ക് നിലവറയിൽ നിന്ന് ആസ്റ്ററിന്റെ ഡയറി നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു.[20]

കരിയറിന്റെ മധ്യം

[തിരുത്തുക]

1937-ൽ, ആസ്റ്റർ വീണ്ടും മികച്ച സ്വീകാര്യത നേടിയ നോയൽ കവാർഡിന്റെ ടുനൈറ്റ് അറ്റ് 8.30, ദി അസ്റ്റോണിഷ്ഡ് ഹാർട്ട്, സ്റ്റിൽ ലൈഫ് എന്നീ നാടകങ്ങളിലൂടെ വേദിയിലേക്ക് മടങ്ങിയെത്തി. റേഡിയോയിലും അവർ പതിവായി പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. അടുത്ത കുറച്ച് വർഷങ്ങളിൽ, ദി പ്രിസണർ ഓഫ് സെൻഡ (1937), ജോൺ ഫോർഡിന്റെ ദി ഹുറിക്കൻ (1937), മിഡ്‌നൈറ്റ് (1939), ബ്രിഗാം യംഗ് (1940) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജോൺ ഹസ്റ്റന്റെ ക്ലാസിക് ചിത്രമായ ദി മാൾട്ടീസ് ഫാൽക്കണിൽ (1941), ആസ്റ്റർ സൂത്രശാലിയും മോഹിനിയുമായ ബ്രിജിഡ് ഒ'ഷൗഗ്നെസ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡാഷിയൽ ഹാമെറ്റിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ഹംഫ്രി ബൊഗാർട്ടിനോടൊപ്പം പീറ്റർ ലോറെ, സിഡ്നി ഗ്രീൻസ്ട്രീറ്റ് എന്നിവരും അഭിനയിച്ചു. ദി ഗ്രേറ്റ് ലൈ (1941-ലും) എന്ന ചിത്രത്തിലെ അഭിനയത്തിന് പതിനാലാമത് അക്കാദമി അവാർഡുകളിൽ മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിൽ തന്റെ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കുന്ന സ്വയംപര്യാപ്തയായ കച്ചേരി പിയാനിസ്റ്റ് സാന്ദ്ര കോവാക് ആയി അഭിനയിച്ച അവരുടെ കാമുകനായി അഭിനയിച്ചത് ജോർജ്ജ് ബ്രെന്റായിരുന്നു. എന്നാൽ സിനിമയിലെ നായിക ബെറ്റി ഡേവിസ് ആയിരുന്നു. ആസ്റ്ററിന്റെ സ്ക്രീൻ ടെസ്റ്റ്, നാടകമായ ചൈക്കോവ്സ്കിയുടെ പിയാനോ കൺസേർട്ടോ നമ്പർ 1 എന്നിവ കണ്ടതിനു ശേഷം, ആസ്റ്ററിനെ ആ വേഷത്തിൽ അഭിനയിപ്പിക്കാൻ ഡേവിസ് ആഗ്രഹിച്ചു. തുടർന്ന് സ്ക്രിപ്റ്റ് മാറ്റിയെഴുതുന്നതിൽ സഹകരിക്കാൻ ആസ്റ്ററിനെ നിയമിക്കുകയും ഇത് സാധാരണമാണെന്നും സിനിമ കൂടുതൽ രസകരമാക്കാൻ ഇത്തരം മാറ്റങ്ങള് ആവശ്യമാണെന്നും ഡേവിസിന് തോന്നി. ഡേവിസിന്റെ ഉപദേശം പിന്തുടർന്ന് ആസ്റ്റർ ആ വേഷത്തിനായി ഒരു ബോബ്ഡ് ഹെയർസ്റ്റൈൽ പരീക്ഷിച്ചു.

അവലംബം

[തിരുത്തുക]
  1. Thomas, Bob (September 26, 1987). "'Maltese Falcon' star Astor dies at 81". Kansas, Salina. The Salina Journal. p. 8. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  2. "Mary Astor Not Actress by Accident; Career Planned". Montana, Butte. The Montana Standard. August 24, 1936. p. 5. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  3. "Mary Astor Not Actress by Accident; Career Planned". The Montana Standard. Montana, Butte. August 24, 1936. p. 5. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  4. "Distinguished Americans & Canadians of Portuguese Descent". Archived from the original on ജൂലൈ 18, 2011. Retrieved സെപ്റ്റംബർ 19, 2015.
  5. "Mary Astor Not Actress by Accident; Career Planned". The Montana Standard. Montana, Butte. August 24, 1936. p. 5. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  6. "Turner Classic Movies".[പ്രവർത്തിക്കാത്ത കണ്ണി]
  7. Thomas, Bob (September 26, 1987). "Maltese Falcon star Astor dies at 81". The Salina Journal. Kansas, Salina. p. 8. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  8. "Voice and Diction Teacher Dies". Los Angeles Times. April 6, 1939.
  9. Sorel, Edward (September 14, 2016). "Inside the Trial of Actress Mary Astor, Old Hollywood's Juiciest Sex Scandal". Vanity Fair. Retrieved January 27, 2019.
  10. McMillan, Penelope (September 26, 1987). "From the Archives: Actress, Author Mary Astor, 81, Dies". Los Angeles Times. Retrieved August 14, 2007.
  11. Sorel, Edward (September 14, 2016). "Inside the Trial of Actress Mary Astor, Old Hollywood's Juiciest Sex Scandal". Vanity Fair. Retrieved January 27, 2019.
  12. Mary Astor Profile
  13. "Mary Astor Not Actress by Accident; Career Planned". The Montana Standard. Montana, Butte. August 24, 1936. p. 5. Retrieved February 20, 2016 – via Newspapers.com. open access publication - free to read
  14. Flint, Peter B. (September 26, 1987). "Mary Astor, 81, Is Dead; Star of Maltese Falcon". The New York Times. Retrieved January 27, 2019.
  15. "Trivia – Mary Astor scandal". Archived from the original on 2023-04-03. Retrieved 2025-06-05.
  16. Sorel, Edward (September 14, 2016). "Inside the Trial of Actress Mary Astor, Old Hollywood's Juiciest Sex Scandal". Vanity Fair. Retrieved January 27, 2019.
  17. Flint, Peter B. (September 26, 1987). "Mary Astor, 81, Is Dead; Star of Maltese Falcon". The New York Times. Retrieved January 27, 2019.
  18. Astor, Mary (1967). A Life on Film. New York: Delacorte. pp. 125–27.
  19. Sorel, Edward (September 14, 2016). "Inside the Trial of Actress Mary Astor, Old Hollywood's Juiciest Sex Scandal". Vanity Fair. Retrieved January 27, 2019.
  20. Sorel, Edward (September 14, 2016). "Inside the Trial of Actress Mary Astor, Old Hollywood's Juiciest Sex Scandal". Vanity Fair. Retrieved January 27, 2019.
"https://ml.wikipedia.org/w/index.php?title=മേരി_ആസ്റ്റർ&oldid=4533741" എന്ന താളിൽനിന്ന് ശേഖരിച്ചത്