Jump to content

മെൽവിൻ ഡഗ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെൽവിൻ ഡഗ്ലസ്
നിനോച്ക (1939) എന്ന ചിത്രത്തിൽ നിന്ന്
ജനനം
Melvyn Edouard Hesselberg

(1901-04-05)ഏപ്രിൽ 5, 1901
മാകൺ, ജോർജിയ, അമേരിക്ക
മരണംഓഗസ്റ്റ് 4, 1981(1981-08-04) (പ്രായം 80)
ന്യൂയോർക്ക്, അമേരിക്ക
തൊഴിൽനടൻ
സജീവ കാലം1930–1981
ജീവിതപങ്കാളി(കൾ)റോസലിൻഡ് ഹൈടവർ (വിവാഹമോചനം നേടി) (ഒരു മകൻ‌)
ഹെലൻ ഗഹാഗൻ (ഒരുമകനും ഒരു മകളും)

അമേരിക്കൻ ചലച്ചിത്ര നടനാണ് മെൽവിൻ ഡഗ്ലസ്‍. 1901 ഏപ്രിൽ 5-ന് റഷ്യാക്കാരനായ ഒരു പിയാനിസ്റ്റിന്റെ മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ അഭിനയ രംഗത്തേക്കു കടന്ന ഡഗ്ളസ് ഒന്നാം ലോകയുദ്ധകാലത്തെ സൈനിക സേവനത്തിനുശേഷം 1919-ൽ നടൻ എന്ന നിലയിൽ നാടകരംഗത്ത് അരങ്ങേറ്റം നടത്തി. തുടർന്ന് പല കമ്പനികളുടെയും നാടകങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായി. 1928-ലാണ് ബ്രോഡ്വേ നാടകമായ എഫ്രീസോളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രത്യേകപ്രശംസ നേടിയത്. ടു നൈറ്റ് ഓർ നെവർ എന്ന നാടകത്തിന്റെ വൻവിജയത്തെത്തുടർന്ന് ഡഗ്ളസ് ഹോളിവുഡിലേക്ക് ക്ഷണിക്കപ്പെടുകയും ഇതേ നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണത്തിൽ അഭിനയിക്കുകയും ചെയ്തു.

ചലച്ചിത്രലോകത്തെ വളർച്ച[തിരുത്തുക]

ഹോളിവുഡിൽ പല ചിത്രങ്ങളിലും അഭിനയിച്ച ഡഗ്ളസ് 1932-ൽ ഗ്രെറ്റാഗാർബോയുടെ ആസ് യു ഡിസയർ മി എന്ന ചിത്രത്തിലൂടെ ഏറെ പ്രസിദ്ധനായി. എങ്കിലും ഹോളിവുഡിലെ ജീവിതത്തിൽ നിരാശനായി ബ്രോഡ്വേയിൽ തിരിച്ചെത്തിയ ഡഗ്ളസ് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. എതാനും വർഷങ്ങൾക്കു ശേഷം കൊളംബിയ കമ്പനിയുമായി കരാറിലേർപ്പെട്ട് വീണ്ടും ഹോളിവുഡിലെത്തുകയും പ്രാധാന്യമേറിയ പലവേഷങ്ങളിലും അഭിനയിച്ച് പ്രമുഖനടനായി യശസ്സു നേടുകയും ചെയ്തു.

ആകർഷകമായ വ്യക്തിത്വം നേടിയിരുന്ന ഡഗ്ളസ് റൊമാന്റിക് റോളുകളിലാണ് ഏറെ ശോഭിച്ചിരുന്നത്. തിയഡോറ ഗോസ് വൈൽഡ് (1936), നിനോച്ക (1939) എന്നീ ചിത്രങ്ങളിലൂടെ ഡഗ്ളസിന്റെ താരപദവിക്ക് തിളക്കമേറി. 1942-ൽ സിവിലിയൻ ഡിഫൻസ് ഓഫീസിന്റെ ആർട്ട്സ് കൗൺസിൽ ഡയറക്ടറായി വാഷിംങ്ടണിലെത്തി. അൻപതുകളുടെ ആദ്യം ഹോളിവുഡിൽ തിരിച്ചെത്തിയെങ്കിലും അവിടെ തുടരാനാകാതെ ബ്രോഡ്വേ നാടകരംഗത്തേക്ക് മടങ്ങുകയാണുണ്ടായത്. ദ് ബെസ്റ്റ് മാൻ എന്ന നാടകത്തിലെ അഭിനയത്തിന് 'ടോണി' അവാർഡ് നേടിയിട്ടുണ്ട്.

അറുപതുകളിൽ വീണ്ടും ചലച്ചിത്രരംഗത്തേക്കു തിരിഞ്ഞ ഡഗ്ളസ് സ്വഭാവ നടനായി മാറി. 1963ൽ ഹഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടനുള്ള അക്കാദമി അവാർഡ് സമ്പാദിച്ചു. ഇക്കാലത്ത് ടെലിവിഷൻ നാടകങ്ങളിലും അഭിനയിച്ച ഡഗ്ളസ് ഡു നോട്ട് ഗോ ജെന്റിൽ ഇന്റു ദാറ്റ് ഗുഡ്നൈറ്റ് എന്ന ടി. വി. നാടകത്തിലെ അഭിനയത്തിന് എമ്മി അവാർഡ് കരസ്ഥമാക്കി.

പ്രശസ്ത ചിത്രങ്ങൾ[തിരുത്തുക]

ഹി സ്റ്റേയ്സ് ഫോർ ബ്രേക്ഫാസ്റ്റ് (1940), ദിസ് തിങ് കാൾഡ് ലൌ, ദാറ്റ് അൺസേർട്ടൻ ഫീലിങ്, ടു ഫേസ്ഡ് വുമൺ (1941), വി വെയർ ഡാൻസിങ് (1942), ദ് സീ ഒഫ് ഗ്രാസ് (1947), ദ ഗ്രേറ്റ് സിന്നർ (1949), മൈ ഫൊർബിഡൻ പാസ്റ്റ് (1951), ബില്ലിബഡ് (1962), അഡ്വാൻസ് ടു ദ് റിയർ (1964), റപ്ചർ (1965), ഹോട്ടൽ (1967), ദ് കാന്റിഡേറ്റ് (1972), ട്വിലൈറ്റ്സ് ലാസ്റ്റ് ഗ്ളിമിങ് (1977), ദ് സെനറ്റർ (1979) എന്നിവ ഡഗ്ളസിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽപ്പെടുന്നു.

മരണം[തിരുത്തുക]

1981-ൽ ഗോസ്റ്റ് സ്റ്റോറി എന്ന ചിത്രത്തിൽ അഭിനയിച്ച ഡഗ്ളസ് അതേവർഷം തന്നെ ഹോളിവുഡിൽ അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ളസ്,_മെൽവിൻ_(1901_-_81) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മെൽവിൻ_ഡഗ്ലസ്&oldid=3516984" എന്ന താളിൽനിന്ന് ശേഖരിച്ചത്