Jump to content

മിഷ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹൂദമതത്തിലെ വാചികനിയമങ്ങളുടെ (Oral Torah) ആദ്യത്തെ ക്രോഡീകരണമാണ് മിഷ്ന. റബൈനിക സാഹിത്യത്തിലെ ആദ്യത്തെ കൃതിയുമാണിത്. റാബിനികയഹൂദതയുടെ ആദ്യത്തെ സമഗ്രസംഹിത എന്നു വിളിക്കാവുന്ന മിശ്നാ എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആറു ശ്രേണികളായി ക്രമീകരിച്ചിരിക്കുന്ന 63 നിബന്ധങ്ങളുടെ സമാഹാരമാണത്. എല്ലാ നിബന്ധങ്ങളിലുമായി 531 അദ്ധ്യായങ്ങൾ ഉണ്ട്.[1]

ഉള്ളടക്കം[തിരുത്തുക]

മിശ്നായുടെ ശ്രേണികൾ താഴെപ്പറയുന്ന ആറു വിഷയങ്ങളെ സ്പർശിക്കുന്നവയാണ്:- കൃഷി: ബൈബിളിലെ വിശുദ്ധിനിയമങ്ങളുമായി ചേർന്നു പോകുംവിധം കർഷകർ തങ്ങളുടെ തൊഴിലിനെ എങ്ങനെ ക്രമപ്പെടുത്തണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തിരുനാളുകൾ: ദേവാലയത്തിലും ആവാസസ്ഥാനങ്ങളിലും വിശുദ്ധദിനങ്ങൾ എവ്വിധം ആചരിക്കണമെന്ന് ഈ ഭാഗം വിശദീകരിക്കുന്നു. സ്ത്രീകൾ: ഭാര്യാഭർതൃബന്ധത്തിലും കുടുംബബന്ധങ്ങളിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. നഷ്ടപരിഹാരങ്ങൾ: രാജനീതിയും നീതിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ ഖണ്ഡത്തിൽ വിശകലനം ചെയ്യപ്പെടുന്നു. ശാസനവ്യവസ്ഥ, തർക്കപരിഹാരം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു. വിശുദ്ധവസ്തുക്കൾ: തിരുനാളുകൾ ഒഴിച്ചുള്ള കാലത്തെ ബലികളേയും ആരാധനാവിധികളേയും സംബന്ധിച്ച നിഷ്ഠകളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. ശുദ്ധാശുദ്ധികൾ: ദേവാലയചര്യയിലും ദൈവോപാസനയിലും ജീവിതത്തിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇതിന്റെ വിഷയം. അശുദ്ധിയുടെ ഉല്പത്തിയും സ്രോതസ്സുകളും വിവരിക്കുന്ന ഇത്, അവക്കു പരിഹാരമായ വിശുദ്ധിനിഷ്ഠകളും വിവരിക്കുന്നു.

ശൈലി[തിരുത്തുക]

വായനക്കാരന് വിഷയത്തേയും അതു പ്രസക്തമാകുന്ന സാമൂഹ്യസ്ഥിതിയേയും കുറിച്ച് സാമാന്യധാരണ ഉണ്ടെന്ന സങ്കല്പത്തിലുറച്ചതാണ് മിശ്നയിലെ വിഷയപരിഗണന. അതിനാൽ വിശദീകരണങ്ങളും പാശ്ചാത്തല വിവരണവും മറ്റും ഒഴിവാക്കുന്ന അതിസംക്ഷിപ്ത ശൈലിയാണിതിൽ കാണുന്നത്. പലപ്പോഴും ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഒന്നിലധികം നിലപാടുകൾ അവതരിപ്പിച്ച ശേഷം അവയെ പിന്തുണക്കുന്ന ന്യായങ്ങൾ അവതരിപ്പിക്കുകയോ അവക്കിടയിൽ തീർപ്പു കല്പിക്കുകയോ ചെയ്യാതെ നിർത്തുന്നു. മിശ്ന കൂടുതൽ അന്വേഷണങ്ങളുടേയും പഠനവിശകലനങ്ങളുടേയും തുടക്കമാകാൻ ഇതു കാരണമായി.

ഗെമാറകൾ[തിരുത്തുക]

താമസിയാതെ യഹൂദസമൂഹങ്ങളിൽ വ്യാപകമായി പ്രചരിച്ച മിശ്ന അഗാധമായ പഠനത്തിനും വിശകലനത്തിനും വിധേയമായി. റാബിനികയഹൂദതയിൽ പരക്കെ ലഭിച്ച അംഗീകാരം പലസ്തീനയിലേയും ബാബിലോണിലേയും യഹൂദവിജ്ഞാനികളെ അതിന്റെ വ്യാഖ്യാനങ്ങളെഴുതാൻ പ്രേരിപ്പിച്ചു. മിശ്നായിലെ വാക്യങ്ങൾ ഓരോന്നായെടുത്ത് വിശകലനം ചെയത ഈ പഠനങ്ങൾ ഗെമാറകൾ എന്നറിയപ്പെട്ടു. 'ഗെമാറ' എന്ന പദം 'പഠിക്കുക' എന്നർത്ഥമുള്ള മൂലപദത്തിൽ നിന്നുത്ഭവിച്ചതാണ്. ഇവ മിക്കവാറും അരമായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ പഠനങ്ങൾ മിശ്നായിലെ നിയമവ്യാഖ്യാനങ്ങളെ വെറുതെ ആവർത്തിക്കുന്നതിനു പകരം വാക്കുകകളും വാക്യങ്ങളുമായി ഇഴപിരിച്ച് സമഗ്രമായ വിശകലനത്തിനു വിധേയമാക്കുകയും പുതിയകാലത്തിന്റെ വെല്ലുവിളികൾക്കു മുൻപിൽ അവയെ പ്രസക്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. 'അമോറ'-മാർ (amoraim) എന്നറിയപ്പെട്ട വേദജ്ഞാനികളായിരുന്നു ഈ വ്യാഖ്യനങ്ങളുടെ സ്രഷ്ടാക്കൾ.

മിഷ്നയും അമോറകളും ചേർന്ന സംഹിതക്ക് താൽമുദ് എന്നു പേരായി. അമോറകളെ മാത്രം പരാമർശിക്കാനും താൽമുദ് എന്ന പേരുപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Judaism: The Oral Law -Talmud & Mishna, Jewish Virtual Library
"https://ml.wikipedia.org/w/index.php?title=മിഷ്ന&oldid=2462375" എന്ന താളിൽനിന്ന് ശേഖരിച്ചത്