Jump to content

മിനോടോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിനോടോർ (Minotaur) ഗ്രീക്ക് പുരാണത്തിലെ ഒരു ബീഭത്സജന്തുവാണ്. ശരീരത്തിന്റെ പകുതി ഭാഗം കാളയുടേയും പകുതിഭാഗം മനുഷ്യന്റേതുമായിരുന്നു.

മിനോടോർ പ്രതിമ- ഗ്രീക് മ്യൂസിയത്തിലെ ശേഖരം

.

പുരാണകഥ[തിരുത്തുക]

ക്രീറ്റിലെ രാജാവ് മിനോസിന് സാഗരദേവൻ പൊസൈഡൺ അതിസുന്ദരനായ ഒരു കാളക്കുട്ടിയെ സമ്മാനിച്ചു. ഈ കാളക്കുട്ടിയെ യഥാവിധി തനിക്കുതന്നെ ബലിയർപ്പിക്കണമെന്നായിരുന്നു പൊസൈഡണിന്റെ കല്പന. എന്നാൽ കാളക്കുട്ടിയുടെ രൂപഭംഗി മിനോസിനെ ആകർഷിച്ചു. അയാൾ അതിനെ വളർത്തി വലുതാക്കി. ക്രുദ്ധനായ പോസൈഡൺ പ്രതികാരം ചെയ്തു. മിനോസിന്റെ പത്നി പസിഫേയെ, കാളക്കുട്ടിയിൽ അനുരക്തയാക്കി. ആ ബന്ധത്തിൽ നിന്നു പിറന്ന ഭീകരജന്തുവായിരുന്നു മിനോടോർ.

മിനോസിന് മിനോടോറിനെ കൊല്ലാൻ മനസ്സു വന്നില്ല. പകരം അതിനെ തടവിലിടാനായി രാജശില്പി ഡെഡാലസിന്റെ സഹായം തേടി. ഡെഡാലസ് പുറത്തുകടക്കാനാവാത്തവിധം കുരുക്കുകൾ നിറഞ്ഞ ലാബിരിന്ത് പണി കഴിപ്പിച്ചു. മിനോടോർ അതിനകത്ത് സ്വതന്ത്രമായി ഓടി നടന്നെങ്കിലും ഒരിക്കലും രക്ഷപ്പെടാനായില്ല. മിനോസ് യുദ്ധത്തടവുകാരെ മിനോടോറിന് ഭക്ഷണമായി നല്കി.

ലാബിരിന്ത് മാതൃക - ക്രീറ്റിൽ നിന്നു കണ്ടെടുത്ത വെള്ളിനാണയത്തിൽ
മിനട്ടോർ ലാബിരിന്തിനകത്ത്- രൂപ കല്പന- ലോഹത്തകിടിൽ ചെതുക്കിയത് മെഡിസി ശേഖരം, ഫ്ലോറൻസ്

മിനോസിന്റെ ഏക പുത്രൻ അന്ഡ്രോജിസ് ഏഥൻസിൽ വെച്ച് കൊല്ലപ്പെട്ടപ്പോൾ മിനോസ് ഏഥൻസ് ആക്രമിച്ചു കീഴടക്കി. ഒമ്പതു വർഷം കൂടുമ്പോൾ ഏഴു യുവാക്കളേയും ഏഴു യുവതികളേയും മിനോടോറിനു ഭക്ഷണമായി നല്കണമെന്ന് ഏഥൻസുകാരോട് കല്പിച്ചു. ഈ പതിവ് തുടർന്നു പോകെ തേസിയസ് ഏഥൻസ് സന്ദർശിക്കാനെത്തി. ഏഥൻസുകാരുടെ സഹായിക്കാൻ തീരുമാനിച്ചു. ഇരകളുടെ കൂട്ടത്തിൽ സ്വയം ഉൾപ്പെടുത്തി.

തേസിയസ്-മിനോടോർ മൽപിടുത്തം

ക്രീറ്റിൽ എത്തിയ ഇരകൾ നാട്ടുകാരുടെ മുമ്പാകെ പ്രദർശിപ്പിക്കപ്പെട്ടു. കാണികളുടെ കൂട്ടിൽ മിനോസിന്റെ പുത്രി അരിയാഡ്ണിയും ഉണ്ടായിരുന്നു. അരിയാഡ്ണി പ്രഥമദർശനത്തിൽ തേസിയസിൽ അനുരക്തയായി. ലാബിരിന്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഉപായം ഡെഡാലസിൽ നിന്നു മനസ്സിലാക്കിയെടുത്തു. ഒരു നൂല്പന്തായിരുന്നു സൂത്രം. അതിന്റെ ഒരു തുമ്പ് അകത്തേക്കു പ്രവേശിക്കുന്ന വാതിലിൽ കെട്ടിയിട്ട് പന്തഴിച്ച് അകത്തു കടക്കണം. പിന്നീട് അതേ ചരടു പിടിച്ച് തിരിച്ചു വരാമെന്ന് അരിയാണി പറഞ്ഞുകൊടുത്തു.

ഉറങ്ങിക്കിടന്നിരുന്ന മിനോടോറിനെ മുഷ്ടികളുപയോഗിച്ച്യു ഞെരിച്ചുകൊന്ന ശേഷം(വാളുകൊണ്ടാണ് കൊന്നതെന്നും പറയപ്പെടുന്നു) തേസിയസ് ചരടു പിടിച്ച് പുറത്തെത്തി. പക്ഷെ വിജയത്തിമിർപ്പിൽ രക്ഷപ്പെടുമ്പോൾ അരിയാഡ്ണെയെ കൂടെ കൂട്ടാൻ തേസിയസ് മറന്നു പോയെന്നും അതല്ല കടൽച്ചൊരുക്കു പിടിപെട്ട് അവളെ ഇടക്കു വെച്ച് ഉപേക്ഷിക്കേണ്ടി വന്നതാണെന്നും ബഹുവിധ കഥകൾ.

അവലംബം[തിരുത്തുക]

  1. Hamilton, Edith (1940). Mythology: Timeless Tales of Gods & Heros. The New American Library,New York.
  2. West, David, ed. (1991). The Aeneid by Virgil. Penguin Books. ISBN 9780140449327.
  3. Gregory,Horace, ed. (2009). The Metamorphosis by Ovid. Signet Classics. ISBN 9780451531452.
"https://ml.wikipedia.org/w/index.php?title=മിനോടോർ&oldid=3903936" എന്ന താളിൽനിന്ന് ശേഖരിച്ചത്