മറിയ ഗെറ്റാനാ ആനേസി
മറിയ ഗെറ്റാനാ ആനേസി | |
---|---|
ജനനം | മേയ് 16, 1718 |
മരണം | ജനുവരി 9, 1799 | (പ്രായം 80)
ദേശീയത | ഇറ്റലി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രം |
കുറിപ്പുകൾ | |
21 കുട്ടികളിൽ മൂത്തയാൾ |
ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞയാണ് മറിയ ഗെറ്റാനാ ആനേസി. 1718-ൽ മിലാനിൽ ജനിച്ചു. ചെറുപ്പത്തിൽത്തന്നെ ലാറ്റിൻ, ഗ്രീക്, ഹീബ്രു എന്നീ ഭാഷകളും അനവധി ആധുനിക ഭാഷകളും അഭ്യസിച്ചു. സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നല്കണമെന്ന വിഷയത്തെക്കുറിച്ച് ആനേസി 9-ാം വയസ്സിൽ ലാറ്റിൻഭാഷയിൽ ഒരു പ്രഭാഷണം നടത്തി. അത് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. പിതൃഗൃഹത്തിൽവച്ച് ശാസ്ത്രസദസ്സിൽ നടത്തിയ ചർച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങൾ 1738-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. പ്രൊപ്പൊസിഷൻസ് ഫിലസോഫിക്കെ എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവർത്തിനിക്കു സമർപ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ഇൻസ്തിത്യൂസിയോനി അനലിതിഷെ ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ൽ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനേസി വക്രം എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആനേസി ദേവത എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്.
പോപ് ബെനഡിക്റ്റ് XIV, ബൊളോണാ സർവകലാശാലയിൽ ഓണററി ലക്ചറർ ആയി 1749-ൽ ആനേസിയെ നിയമിച്ചു. മതവിശ്വാസിയായിരുന്ന ആനേസി 1752-ൽ പിതാവിന്റെ മരണശേഷം ജീവകാരുണ്യപരവും മതപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1771-ൽ പയോ ആൽബർഗൊ ത്രിവൾഷ്യോ എന്ന ജീവകാരുണ്യ സഭയുടെ ഡയറക്ടറായി അവരോധിക്കപ്പെട്ടു. 1799-ൽ ആനേസി അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആനേസി, മറിയ ഗെറ്റാനാ (1718 - 99) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |