ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിറ്റ്ടോറന്റിന്റെ മുദ്ര

ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റ്. കൈമാറ്റം ചെയ്യപ്പെടുന്ന ഫയലിനെ നിരവധി പാക്കറ്റുകളായി വിഭജിച്ച്, അനേകം കമ്പ്യൂട്ടറുകൾ പരസ്പരം ഈ പാക്കറ്റുകൾ കൈമാറിയാണ് ഈ സാങ്കേതികവിദ്യയിൽ ഫയൽകൈമാറ്റം സാധ്യമാകുന്നത്. .torrent എന്ന എക്സ്റ്റൻഷുകളിൽ ഉള്ളവയാണ് ടോറന്റ് ഫയലുകൾ. സിനിമകൾ, സോഫ്റ്റ്‌വെയറുകൾ, പാട്ടുകൾ, വീഡിയൊ പാട്ടുകൾ, ഇബുക്കുകൾ, തുടങ്ങി എല്ലാതരത്തിലുമുള്ള ഫയലുകളും ഇതിലൂടെ കൈമാറാനാകും. പരിമിതമായ വിതരണശേഷി (Bandwidth) യിൽ വലിയ ഫയലുകളെ വളരെയെളുപ്പത്തിലും വേഗത്തിലും കൈമാറാൻ ബിറ്റ് ടോറന്റ് വഴി സാധിക്കും. ഒരു ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകൾ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു. ബിറ്റ് ടോറന്റ് എന്ന ഓപ്പൺ പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ടോറന്റുകൾ പ്രവർത്തിക്കുന്നത്. അമേരിക്കൻ പ്രോഗ്രാമർ ആയ ബ്രാം കോഹൻ 2001 ജൂലൈ മാസത്തിൽ ബിറ്റ് ടോറന്റ് പ്രോട്ടൊക്കോൾ പുറത്തിറക്കുകയുണ്ടായി . കോഹൻ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകൾ കൈമാറ്റം ചെയ്യാനായി ഉപയോഗിച്ചു വരുന്നു. ഇന്റർനെറ്റ് ലോകത്തിൽ ഇന്ന് എറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്ന ഫയൽ ഷെയറിംഗ് സാങ്കേതികവിദ്യകളിലൊന്നാണ് ബിറ്റ് ടോറന്റ് പ്രോട്ടോ‍കോളുകൾ.

നിലവിലുള്ള മറ്റു വിവര-വിതരണ സംവിധാനങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഇന്റർനെറ്റിൽ ബന്ധിക്കപ്പെട്ടിട്ടുള്ള നിരവധി കമ്പ്യൂട്ടറുകളിൽ നിന്ന് ഒരേ സമയം ഒരു ഫയലിന്റെ വ്യത്യസ്ത ഭാഗങ്ങളെ പകർത്തുകയും അവയെ സ്വീകർത്താവിന്റെ കമ്പ്യൂട്ടറിൽ ഒരുമിച്ച് ചേർത്ത് ഒരു മുഴുനീള ഫയലാക്കി മാറ്റുകയുമാണ്‌ ബിറ്റ് ടോറന്റ് ചെയ്യുന്നത്. അമേരിക്കൻ പ്രോഗ്രാമർ ആയ ബ്രാം കോഹനാണ് ബിറ്റ് ടോറന്റ് പ്രോട്ടൊക്കോൾ കണ്ടുപിടിച്ചത്[1]. കോഹൻ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകൾ കൈമാറ്റം ചെയ്യാനായി ഉപയോഗിച്ചു വരുന്നു.

പ്രവർത്തനം[തിരുത്തുക]

In this animation, the coloured bars beneath all of the 7 clients in the upper region above represent individual pieces of the file. After the initial pieces transfer from the seed (large system at the bottom), the pieces are individually transferred from client to client. The original seeder only needs to send out one copy of the file for all the clients to receive a copy.

സാധാരണഗതിൽ ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറ്റം ചെയ്യുന്നത് ക്ലയന്റ്- സെർവർ നെറ്റ്‌വർക്കുകൾ വഴിയാണ്. ഒരു സെർവർ തലത്തിലുള്ള കമ്പ്യൂട്ടറിൽ നിന്നും ക്ലയന്റ് തലത്തിലേക്കുള്ള കമ്പ്യൂട്ടറിലേക്കു എച്ച്.റ്റി.റ്റി.പി. വഴിയോ അല്ലെങ്കിൽ എഫ്.റ്റി.പി. റിക്വസ്റ്റ് വഴിയോ ആണ് ഫയലുകൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതുവഴി ഫയലുകൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ ക്ലയന്റ് കമ്പ്യൂട്ടറുകൾ സെർവർ കമ്പ്യൂട്ടറുകളുമായി മാത്രമെ ബന്ധപ്പെടുന്നുള്ളു. ക്ലയന്റ് കമ്പ്യൂട്ടറുകൾ തമ്മിൽ യാതൊരു ബന്ധവും ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ല. ഈ സെർവറുകൾ എപ്പോഴും ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും “ റിക്വസ്റ്റ് & കണക്റ്റ്” എന്നതിലൂന്നി പ്രവർത്തിക്കുകയും ചെയ്യുന്നു.

ടോറന്റുകൾ ഉപയോഗിച്ചു ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിനായി അത്യാവശ്യം വേണ്ടതു ഒരു ടോറന്റ് ക്ലയന്റും ടോറന്റ് ഫയലുകളുമാണ്. .torrents എന്ന എക്സ്റ്റൻഷനുകളിൽ അവസാനിക്കുന്ന ചെറിയ ഫയലുകൾ വഴിയാണ് ടോറന്റുകൾ സൃഷ്ടിക്കപ്പെടുന്നത്. ഈ ടോറന്റ് ഫയലുകളിൽ യഥാർത്ഥ ഫയലിനെക്കുറിച്ചുള്ള വിവരങ്ങൾ (Metadata) മാത്രമാണ് അടങ്ങിയിരിക്കുന്നത്. എന്തു ഫയലാണ്, അതിന്റെ ട്രാക്കറുകൾ ഏതൊക്കെ, ഫയലിന്റെ ഹാഷ് വാല്യു, ഫയൽനെയിം, ഫയൽ എക്സ്റ്റൻഷനുകൾ മുതലായവ ഇതിൽ ഉൾപ്പെട്ടിരിക്കും.

സാധാരണ ബ്രൌസറുകളിൽ നിന്നും വ്യത്യസ്തമായി ഒന്നിൽ കൂടുതൽ റ്റി.സി.പി. സോക്കറ്റുകൾ വഴി റിക്വസ്റ്റുകൾ അയച്ചാണ് ടൊറന്റ് ക്ലയന്റുകൾ പ്രവർത്തിക്കുന്നത്. ബ്രൌസറുകൾ പ്രവർത്തിക്കുന്നത് ഒരെ ഒരു റ്റി.സി.പി. സോക്കറ്റ് വഴി റിക്വസ്റ്റ് അയച്ചായിരിക്കും. ടോറന്റ് ക്ലയന്റുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകളിൽ നിന്നുമുള്ള ഒരേ ഫയലിന്റെ പാക്കറ്റുകളാണ് ഇതു വഴി ഡൌൺലോഡ് ചെയ്ത് ഒരു മുഴുവൻ ഫയലായി മാറ്റിയെടുക്കുന്നത്. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടോ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ മുറിഞ്ഞു പോയാലൊ അതു വരെ ഡൌൺലോഡ് ചെയ്ത പാക്കറ്റുകൾ കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തതിനു ശേഷം പിന്നീട് കണക്ഷൻ പുനഃസ്ഥാപിക്കപെടുമ്പോൾ ഇവ എവിടെ വെച്ചാണൊ ഡൌൺലോഡിംഗ് മുറിഞ്ഞത് അവിടം മുതൽ ഡൌൺലോഡിംഗ് പുനരാ‍രംഭിക്കുന്നു.

പീർ-റ്റു-പീർ സാങ്കേതികവിദ്യയുടെ മെച്ചം ഇത് ഒരു സെർവർ സിസ്റ്റത്തിനെ ആശ്രയിച്ചല്ല നിലനിൽക്കുന്നതുഎന്നതാണ്. അതു കൊണ്ട് തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾക്കു പരസ്പരം ഫയലുകൾ കൈമാറ്റം ചെയ്യാൻ ഇതു വഴി സാധിക്കുന്നു. നോഡുകൾ വഴിയാണ് പീർ-റ്റു-പീർ നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നത് എന്നുള്ളതു കൊണ്ട് ഫയലുകൾ അയക്കുവാനും, സ്വീകരിക്കുവാനും കഴിയുന്നു. ഇത്തരം നെറ്റ്‌വർക്കുകളിൽ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകൾ തന്നെ സെർവറുകളായും ക്ലയന്റുകളായും പ്രവർത്തിക്കുന്നു. ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ പീർ-റ്റു-പീർ നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യുന്ന സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്താണ് ഇതു സാധ്യമാക്കുന്നത്. ചാറ്റ് ക്ലയന്റുകൾ ഇത്തരത്തിലുള്ള പീർ-റ്റു- പീർ നെറ്റ്‌വർക്കുകൾക്കു വളരെ ലളിതമായ ഉദാഹരണമാണ്. ഈ ചാറ്റ് ക്ലയന്റുകൾ ഉപയോഗിച്ചു ഉപയോക്താക്കൾക്കു അവരുടെ കമ്പ്യൂട്ടറുകളിലുള്ള ഫയലുകൾ പരസ്പരം പങ്കു വെയ്ക്കാൻ സാധിക്കുന്നു. എന്നാൽ വളരെ വലിയ സൈസിലുള്ള ഫയലുകൾ അയക്കുവാൻ ഈ ക്ലയന്റുകൾ വഴി സാധിക്കുകയില്ല.

പ്രശ്നങ്ങൾ[തിരുത്തുക]

എന്നാൽ ഇങ്ങനെയൊരു കണക്ഷനിൽ നിരവധി പ്രശ്നങ്ങളുമുണ്ട്. ഉദാഹരണത്തിനു ഒരു ഫയലിന്റെ സൈസ് വല്ലാതെ കൂടിയതാണെങ്കിലൊ അല്ലെങ്കിൽ ഒരു ഫയൽ ഒരു പാടു ഉപയോക്താക്കൾ ഒരേസമയം തന്നെ റിക്വസ്റ്റ് ചെയ്യുകയൊ ചെയ്യുമ്പോൾ അവ കൈമാറ്റം ചെയ്യുന്നതിനായി വളരെക്കുടിയ അളവിൽ സമയം എടുക്കുന്നു. സെർവറുകളുമായുള്ള ക്ലയന്റ് കമ്പ്യൂട്ടറുകളുടെ കണക്ഷൻ ഇതു വഴി വിച്ഛേദിച്ചു പോകുവാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. മിറർ ഇമേജുകൾ സൃഷ്ടിച്ചു നിരവധി സെർവറുകൾ വഴി ഇതിൽ നിന്നും ഒരു പരിധി വരെ കരകയറാമെങ്കിലും അതു പക്ഷേ വളരെകൂടിയ അളവിലുള്ള സാമ്പത്തികനഷ്ടം ഉണ്ടാക്കി വെക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ട്രാൻഫർ റേറ്റുള്ള സെർവറുകൾ മാത്രമെ ഈ രീതി അവലംബിച്ചു വരുന്നുള്ളു.

ക്ലയന്റുകൾ[തിരുത്തുക]

കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പി2പി ബിറ്റ് ടോറന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റവെയറുകളെയാണ് ക്ലയന്റുകൾ എന്ന് അറിയപ്പെടുന്നതു. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് മറ്റുള്ള കമ്പ്യൂട്ടറുകളുമായുള്ള ബന്ധം ഉപയോക്താവ് സാധിച്ചെടുക്കുന്നത്.

ബിറ്റ് ടോറന്റ് പദാവലി[തിരുത്തുക]

ലീച്ചുകൾ:- ഇന്റർനെറ്റിൽ നിന്നും ഫയലുകളെ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകർത്തുകയും അതേ സമയം തങ്ങളുടെ കൈവശമുള്ള ഫയലുകളെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്നവരെയാണ്‌ ലീച്ചുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

സീഡർ:- ബിറ്റ് ടോറന്റ് സംവിധാനത്തിൽ ഒരു ഫയലിന്റെ സമ്പൂർണ്ണ പകർപ്പുള്ള കമ്പ്യൂട്ടറിനെ സീഡർ എന്നു വിളിക്കുന്നു. (ബിറ്റ് ടോറന്റ് സംവിധാനത്തിലൂടെ ഒരു ഫയൽ സുഗമമായി പകർത്തണമെങ്കിൽ ആ ഫയലിന്റെ ഒരു സീഡ് പകർപ്പെങ്കിലും എതെങ്കിലുമൊരു കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം).

സ്വാം:- ഒരേസമയം ബിറ്റ് ടോറന്റ് വഴി ഫയലുകളെ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഒരു കൂട്ടം കമ്പ്യൂട്ടറുകളെ സ്വാം എന്ന് വിളിക്കുന്നു.

ടോറന്റ് ഫയൽ (.torrent):- ഒരു ഫയലിനെ ഇന്റർനെറ്റിൽ നിന്നും പകർത്താൻ ഉപയോഗിക്കുന്ന ബിറ്റ് ടോറന്റ് സൂചക ഫയലിനെയാണ്‌ ടോറന്റ് ഫയൽ എന്ന് വിളിക്കുന്നത്.

ട്രാക്കർ:- ബിറ്റ്ടോറന്റ് സംവിധാനത്തിൽ വിവര വിതരണ പ്രക്രിയയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറിനെ ട്രാക്കർ എന്നു വിളിക്കുന്നു.[2]

സീഡുകളും ലീച്ചുകളും[തിരുത്തുക]

ടോറന്റുകൾ വഴി ഒരു ഫയൽ മുഴുവനായി ഡൌൺ ലോഡ് ചെയ്തതിനു ശേഷം മറ്റുള്ളവർക്കു അപ്‌ലോഡ് ചെയ്യുവാനായി നൽകിയിട്ടുണ്ടെങ്കിൽ അതിനെ സീഡുകൾ എന്നു പറയുന്നു. ഒരു ഫയൽ മുഴുവനായി കമ്പ്യൂട്ടറിലേക്കു ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാലുടന്റെ ഡൌൺ ലോഡ് ചെയ്യപെട്ട ഫയൽ സീഡ് ചെയ്യാൻ തുടങ്ങുന്നു. ഇങ്ങനെ തന്റെ കമ്പ്യൂട്ടറിലേക്ക് ഡൌൺലോഡ് ചെയ്യപ്പെട്ട ഫയലുകൾ മറ്റുള്ളവരെ അനുവദിക്കുന്ന ഉപയോക്താക്കളെയാണ് സീഡേഴ്സ് എന്നു പറയുന്നത്. ടോറന്റുകളുടെ നിലനിൽപ്പ് തന്നെ ഇത്തരം സീഡേഴ്സിനെ അവലംബിച്ചാണ്. ഒരു ഫയലിന്റെ ഫുൾ കോപ്പി ആദ്യമായി കൈവശം ഉള്ള ആളായിരിക്കും ആദ്യത്തെ സീഡ്. സീഡിംഗ് തുടങ്ങുന്നതു ഇയാൾ വഴിയായിരിക്കും. ആരെങ്കിലും ഒരാൾ ഈ ഫയൽ ഡൌൺ ലോഡ് ചെയ്താലുടനെ തന്നെ അയാളും ഒരു സീഡറാകുന്നു. പിന്നിടു വരുന്ന ഉപയൊക്താവിനു ഈ രണ്ടു പേരിൽ നിന്നും ഫയലുകളുടെ പാക്കറ്റുകൾ ഡൌൺ ലോഡ് ചെയ്തു ഒരു ഫുൾ കോപ്പി തന്റെ സിസ്റ്റത്തിലേക്കു മാറ്റുവാൻ സാധിക്കും.ഈ പ്രക്രിയ തുടർന്നു കൊണ്ടെയിരിക്കും.

ഉപയൊക്താക്കൾ ഒരു ഫയലിനെ ഡൌൺലോഡ് ചെയ്തിരിക്കുമ്പോഴുള്ള അവസ്ഥയാണ് ലീച്ചിംഗ്. ഇങ്ങനെ ഡൌൺ ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഉപയോക്താവിനെ ലീച്ചർ എന്നു പറയുന്നു. ലീച്ചിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴും മറ്റുള്ള ലീച്ചേഴ്സിനു ഫയൽ പാക്കറ്റുകൾ ഇതു വഴി ഡൌൺ ലോഡ് ചെയ്തെടുക്കാൻ സാധിക്കും. പക്ഷേ ഡൌൺ ലോഡ് ചെയ്തു മുഴുവനാക്കിയ പാക്കറ്റുകൾ മാത്രമെ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. ഇതു ടോറന്റ് ഫയലുകളുടെ സ്പീഡ് വർദ്ധിപ്പിക്കുന്നു.

ട്രാക്കറുകൾ[തിരുത്തുക]

ട്രാക്കറുകൾ എന്നറിയപ്പെടുന്ന സെർവറുകൾ വഴിയാണ് പീറുകൾ(ക്ലയന്റുകൾ) ഏകോപ്പിക്കപ്പെടുന്നത്. കമ്പ്യൂട്ടറുകൾ തമ്മിലുള്ള കണക്ഷനുകൾ ഏകോപിപ്പിക്കുക എന്നതു മാത്രമാണ് ട്രാക്കറുകളുടെ ഉദ്ദേശം. സീഡുകളുടെയും ലീച്ചുകളുടെയും വിവരമായിരിക്കും ഒരു ട്രാക്കറിലുണ്ടായിരിക്കുക. ടോറന്റുകൾ വഴി വിതരണം ചെയ്യപ്പെടുന്ന ഫയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഈ ട്രാക്കറുകളിൽ ഉണ്ടായിരിക്കുകയില്ല. അതു കൊണ്ട് തന്നെ കുറഞ്ഞ ബാൻഡ്‌വിഡ്തിലും ഇവ പ്രവർത്തിക്കുന്നു. ഉപയോക്താക്കൾ ഡൌൺലോഡ് ചെയ്യുന്ന അതെ സമയത്തു തന്നെ ഡൌൺലോഡ് ചെയ്യപ്പെടുന്ന ഫയലുകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ നെറ്റ് വർക്ക് ബാൻ‌ഡ് വിഡ്ത് ശരിയായ രീതിയിൽ തന്നെ ഉപയോഗിക്കാൻ ഇതു വഴി കഴിയുന്നു. ഒരു ഫയലിനു ഒന്നിൽക്കൂടുതൽ ട്രാക്കറുകൾ ഉണ്ടായിരിക്കാം.

ടോറന്റുകളുടെ ദോഷങ്ങൾ[തിരുത്തുക]

ടോറന്റുകൾ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ഐ പി വിലാസങ്ങൾ മറ്റുള്ളവർക്കു കൂടി അറിയാൻ കഴിയുന്നു. ഈ ഐ.പി. വിലാസങ്ങളെ ദുരുപയോഗം ചെയ്യുവാൻ സാധിക്കും. ഓപ്പണായിരിക്കുന്ന പോർട്ടുകൾ വഴി സിസ്റ്റം വൾനറബിൾ ആകാനുള്ള സാധ്യത, ഫേക് ടൊറന്റുകൾ ഉപയോഗിക്കുന്നതു വഴിയുള്ള സമയ നഷ്ടവും, ബാൻഡ് വിഡ്ത് നഷ്ടവും, ഫയർവാളുകൾ ടോറന്റുകളെ തടയുന്നതിനാൽ അവ ഡിസേബീൾ ചെയ്തിട്ടു ഡൌൺലോഡ് ചെയുന്നതു വഴിയുള്ള വൾനറബിലിറ്റി മുതലായവ ഇതിന്റെ പ്രധാന ദോഷങ്ങളാണ്. ടോറന്റുകൾ വഴി ഡൌൺലോഡ് ചെയ്യുന്ന സിപ് ഫയലുകളിലും സോഫ്റ്റ്‌വെയറുകളുടേ കീ ജനറെറ്ററുകളിലും കമ്പ്യൂട്ടറുകൾക്കു ദോഷകരമായ സോഫ്റ്റ് വെയറുകൾ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടൂതലാണ്. എന്താണു ഡൌൺ ലോഡ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇവ.

കോപ്പിറൈറ്റും നിയമകുരുക്കും[തിരുത്തുക]

ബിറ്റ് ടോറന്റ് ക്ലയന്റുകൾ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു വിധത്തിലുള്ള നിയമകുരുക്കും നിലവിലില്ല. എന്നാൽ കോപ്പിറൈറ്റുള്ള വസ്തുക്കളാണ് ടോറന്റുകൾ ഉപയോഗിച്ചു കൂടുതലായും ഡൌൺലോഡ് ചെയ്യുന്നതു. മറ്റേതൊരു ഡൌൺലോഡിംഗ് പോലെയും ഇവ ടോറന്റുകൾവഴിയും ഡൌൺലോഡ് ചെയ്യുന്നതു കുറ്റകരമാണ്. എന്നാൽ ചില രാജ്യങ്ങളിൽ (ഉദാഹരണം സ്വിറ്റ്സർലന്റ്) ടോറന്റുകൾ വഴി സിനിമകളും പാട്ടുകളും ഡൌൺലോഡ് ചെയ്യുന്നത് അനുവദിച്ചിരിക്കുന്നു. എന്നാൽ ഇവ അപ്‌ലോഡ് ചെയ്യുന്നതു വഴി കോപ്പിറൈറ്റുള്ള വസ്തുക്കൾ അനധികൃതമായി മറ്റുള്ളവർക്കു ഡൌൺലോഡ് ചെയ്യാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇതു നിയമലംഘനമാണ്. എന്നാൽ സോഫ്റ്റ്‌വെയറുകളുടെ ഡെമോവേർഷനുകളും മറ്റും ടോറന്റുകൾ വഴി ഡൌൺ ലോഡ് ചെയ്യുന്നതിനു നിയമതടസ്സം ഇല്ല. എന്നാൽ ലീച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഫയലുകൾക്കു ഇതു ബാധകമല്ല. കാരണം അവ മുഴുവനായി ഡൌൺ ലോഡ് ചെയ്തിട്ടില്ല എന്നതു തന്നെ കാരണം.

പ്രധാനപ്പെട്ട ടോറന്റ് ക്ലയന്റുകൾ[തിരുത്തുക]

ഇന്നു നിരവധി ടോറന്റ് ക്ലയന്റുകൾ ലോകമൊട്ടാകെയുള്ള ഉപയോക്താക്കൾ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. ബിറ്റ് ടോറന്റ് പ്രോട്ടോക്കോൾ ഡെവലപ് ചെയ്ത ബ്രാം കോഹന്റെ തന്നെ ടൊറന്റ് ക്ലയന്റാണ് ബിറ്റ് ടോറന്റ്. ഇന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോറന്റ് ക്ലയന്റുകളിലൊന്നാണ് ബിറ്റ് ടോറന്റ്. മറ്റൊന്നു യുടോറന്റ് ആണ്. ബിറ്റ് കോമറ്റ്, അസൂറിയസ്, ഏരിസ്, ലൈംവയർ തുടങ്ങി നിരവധി ടൊറന്റ് ക്ലയന്റുകൾ ഉപയോക്താക്കൾക്കായി ഇന്റർനെറ്റിൽ ലഭ്യമാണ്.

ടോറന്റ് ഫയലുകൾ ഡൗൺ ലോഡ് ചെയ്തെടുക്കുന്ന സൈറ്റുകൾ[തിരുത്തുക]

ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്തെടുക്കുന്നതിനായി സൗകര്യം ഒരുക്കി തരുന്ന നിരവധി വെബ്സൈറ്റുകൾ ഇന്നു നിലവിലുണ്ട്. Thepiratebay.org , Torrentz.com മുതലായവയെല്ലാം ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ഏർപെടുത്തിയിരിക്കുന്നു. മുൻപ് isohunt.com എന്ന ടോറന്റ് ഫയൽ സെർവറായിരുന്നു ഇത്തരത്തിൽ പ്രധാനി. എന്നാൽ അമേരിക്കൻ പകർപ്പവകാശ നിയമപ്രകാരം ഈ സൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കപ്പെട്ടു.

കൂടുതൽ വായനയ്ക്കായി[തിരുത്തുക]

  • Pouwelse, Johan (2005). "The Bittorrent P2P File-Sharing System: Measurements and Analysis". Peer-to-Peer Systems IV. Berlin: Springer. പുറങ്ങൾ. 205–216. doi:10.1007/11558989_19. ISBN 978-3-540-29068-1. ശേഖരിച്ചത് September 4, 2011. Unknown parameter |coauthors= ignored (|author= suggested) (help)

അവലംബം[തിരുത്തുക]

  1. Cohen, Bram (2001-07-02). "BitTorrent — a new P2P app". Yahoo eGroups. ശേഖരിച്ചത് 2007-04-15.
  2. http://computer.howstuffworks.com/bittorrent.htm

പുറം കണ്ണികൾ[തിരുത്തുക]