Jump to content

ഫീനിക്സ് (ബഹിരാകാശപേടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫീനിക്സ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഫീനിക്സ് (വിവക്ഷകൾ) എന്ന താൾ കാണുക. ഫീനിക്സ് (വിവക്ഷകൾ)
Phoenix Mars Mission
Artist's conception of the Phoenix spacecraft as it lands on Mars
സംഘടനNASA
ഉപയോഗലക്ഷ്യംLander
വിക്ഷേപണ തീയതിAugust 4 2007
വിക്ഷേപണ വാഹനംDelta II 7925
പ്രവർത്തന കാലാവധി90 sols, 92.46 days
COSPAR ID2007-034A
Homepagehttp://phoenix.lpl.arizona.edu/

ചൊവ്വാഗ്രഹത്തെ പഠിക്കാനായി അയച്ചിട്ടുള്ളതും റോബോട്ട് സം‌വിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ബഹിരാകാശപേടകമാണ്‌ ഫീനിക്സ്. നാസയുടെ നിരീക്ഷണത്തിൽ അരിസോണ യൂണിവേർസിറ്റിയിലെ ലൂണാർ ആൻഡ് പ്ലാനറ്ററി ലബോറട്ടറിയാണ്‌ ചൊവ്വയിലേക്കുള്ള ഫീസിക്സിന്റെ ദൗത്യത്തിനു നേതൃത്വം വഹിക്കുന്നത്. 2007ഓഗസ്റ്റ് 4 ൻ അമേരിക്കയിലെ കേപ് കാനവെറൽ എയർഫോർസ് സ്റ്റേഷനിൽ നിന്നാണ് ഫീനിക്സ് വിക്ഷേപിക്കപ്പെട്ടത്. ഒൻപതരമാസത്തെ യാത്രക്കൊടുവിൽ , 680 ദശലക്ഷം കിലോമീറ്റർ(422 ദശലക്ഷം മൈൽ) സഞ്ചരിച്ച ഫീനിക്സ്, 2008 മേയ് 25-നു ചൊവ്വയിൽ എത്തിച്ചേർന്നു (GMT 23:46) [1] . ലാൻഡർ (Lander) ഗണത്തിൽ പെടുന്ന പേടകമാണ്‌ ഇത്. ദൗത്യകാലാവധി 90 ചൊവ്വാദിനരാത്രങ്ങൾ (92.4 ഭൗമദിനങ്ങൾ) ആണ്‌.

ചൊവ്വയിലേക്കയച്ച സ്പിരിട്ടും ഓപ്പർച്യുണിറ്റിയും തന്ന ശുഭാപ്തിവിശ്വാസം ബഹിരാകാശ ഏജൻസിയായ നാസയെ ഫീനിക്സ് എന്ന പുതിയ ഉദ്യമത്തിലേക്ക് എത്തിക്കുകയായിരുന്നു.

2008 മേയ് 25 ന് (4:53:44 p.m.Pacific Time) ഫീനിക്സ് എന്ന അന്വേഷണ വാഹനം ചൊവ്വയുടെ ഉത്തരധ്രുവ്വത്തിൽ സുരക്ഷിതമായി ഇറങ്ങി. തുടർന്നുള്ള 3 മാസക്കാലം ഫീനിക്സ് ചൊവ്വയിൽ ജലത്തിനും ജീവനും വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കും. ഫീനിക്സ് ചൊവ്വയിലിറങ്ങി 15 മിനിട്ടുകൾക്ക് ശേഷമാണ് ആദ്യ റേഡിയോ സിഗ്നലുകൾ ഭൂമിയിലെത്തിയത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കാരണമാണ് ഈ സമയ വ്യത്യാസം.

ഫീനിക്സിൽ ഘടിപ്പിച്ചിട്ടുള്ള അതി സൂക്ഷമമായ ശാസ്ത്രീയ ഉപകരണങ്ങൾ അതി സൂക്ഷ്മ ജീവികൾക്ക് അനുയോജ്യമായ പരിസ്ഥിതി എന്നെങ്കിലും ചൊവ്വയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കും. ചൊവ്വയുടെ ഉത്തരധ്രുവത്തിനടുത്തുള്ള വാസ്റ്റിറ്റാസ് ബൊറിയാലിസ് എന്ന സ്ഥലത്തായിരിക്കും ഇറങ്ങുക. 2002 ലെ ദൗത്യമായ മാർസ് ഒഡീസി ഓർബിറ്റർ ധ്രുവമേഖലയിലെ മണ്ണിനടിയിൽ ഉറഞ്ഞു കിടക്കുന്ന മഞ്ഞു കണ്ടെത്തിയിരുന്നു. ഫീനിക്സ് ഈ ആന്തരഭാഗത്തെ മഞ്ഞിന്റെ അംശം തുരന്നെടുക്കും. അതിനുള്ള സജ്ജീകരണങ്ങളാണ്‌ ഫീനിക്സിലുള്ളത്. അങ്ങനെ ആ മഞ്ഞുകട്ടകളുടെ ഉത്ഭവവും ചരിത്രവും ഗവേഷണവിധേയമാക്കാനുമാണ്‌ പദ്ധതി.

ഫീനിക്സിൻറെ ഘടന[2][തിരുത്തുക]

റോബോട്ടിക് കൈ[തിരുത്തുക]

മണ്ണിൽ കുഴിക്കാനും പാറ തുരക്കാനും മണ്ണിനടിയിൽ ഒളിച്ചുകിടക്കുന്ന ഐസിൽ പരതാനും എല്ലാം ഫീനിക്സിന് തൻറെ റോബോട്ടിക് കൈ Robotic Arm ഒറ്റക്കൈ മതി. മണ്ണിൻറെ രാസഘടയും ഭൌമഘടനയും(ചൊവ്വാഘടന!) എല്ലാം പരിശോധിക്കാൻ റോബോട്ടിക് കൈ ഫീനിക്സിനെ സഹായിക്കുന്നു. നാലു തരത്തിൽ ചലിക്കാൻ റോബോട്ടിക് കൈക്ക് സാധിക്കും.

  1. മുകളിലേക്കും താഴേക്കും
  2. ഇരു വശങ്ങളിലേക്കും
  3. മുൻപോട്ടും പുറകോട്ടും
  4. പിന്നെ നിന്ന നിൽപ്പിൽ തന്നെ കൈ 360 ഡിഗ്രി തിരിക്കാനും...

2.35 മീറ്റർ നീളമുണ്ട് റോബോട്ടിക് കൈക്ക്. ഏതാണ്ട് പകുതിക്ക് വച്ച് ഒരു മടക്കും റോബോട്ടിക് കൈക്കുണ്ട്. മനുഷ്യരുടെ കൈ അതേ പതി അനുകരിച്ചിരിക്കുകയാണ് ഈ മടക്കുകൾ.

മനുഷ്യരുടെ കൈക്കില്ലാത്ത ഒരു പ്രത്യേകത കൂടി ഈ കൈക്കുണ്ട്. ഒരു കണ്ണു കൂടിയുണ്ട് ഈ കൈയ്യിൽ. Robotic Arm Camera (RAC) എന്നു പേരുള്ള ഈ ക്യാമറ കൈയ്യുടെ ഏതാണ്ട് അറ്റത്തായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. Surface Stereo Imager (SSI) എന്ന പ്രധാന ക്യാമറക്ക് പുറമെയാണ് ഈ കൈക്കണ്ണ്. ഏതാണ്ട് 50cm (0.5 മീറ്റർ) ആഴത്തിൽ തുരന്ന് പഠനം നടത്താൻ റോബോട്ടിക് കൈക്ക് കഴിയും. ഇത്രയും താഴെ ഐസ് കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ

കൈക്കണ്ണ്[തിരുത്തുക]

റോബോട്ടിൻറെ കൈയ്യിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ്‌ കൈക്കണ്ണ് (Robotic Arm Camera) (RAC). ചൊവ്വാ ഉപരിതലത്തിൻറെ വർണ്ണചിത്രങ്ങൾ നൽകാൻ ഈ ക്യാമറ ഉപകരിക്കും. കുഴിച്ചെടുക്കുന്ന മണ്ണും ജലവും മഞ്ഞിൻറെയുമെല്ലാം ചിത്രങ്ങളും ഇതിലൂടെ ലഭിക്കും.

ത്രിമാനക്കണ്ണ്[തിരുത്തുക]

Surface Sterioscopic Imager
Surface Sterioscopic Imager

ഫീനിക്സിൻറെ കണ്ണായി പ്രവർത്തിക്കുന്നത് SSI(Surface Sterioscopic Imager) എന്ന ഉപകരണമാണ്. ത്രിമാനചിത്രങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിൻറെ ഉയർച്ചതാഴ്ച്ചകൾ തിരിച്ചറിയാൻ ത്രിമാനചിത്രങ്ങൾ സഹായിക്കും. അന്തരീക്ഷത്തിലെ പൊടിയുടെ അള വ് അറിയാനും ഖനന പ്രവർത്തനങ്ങൾക്ക വേണ്ട വിവരങ്ങൾ ശേഖരിക്കാനും ഇതേ ക്യാമറ തന്നെ ഉപയോഗിക്കുന്നു.

ടേഗ[തിരുത്തുക]

ഫീനിക്സിൻറെ നാക്കും മൂക്കുമെല്ലാം ടേഗ (Thermal and Evolved Gas Analyzer (TEGA)) എന്ന ഉപകരണമാണ്. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഒരു ഓവനും മാസ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണവും കൂട്ടിയിണക്കിയ ഒന്നാണിത്. ചൊവ്വയിലെ മണ്ണും ജലവും എല്ലാം വിശകലനം നടത്തുന്നത് ടേഗയാണ്. ചെറിയ എട്ട് ഓവനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണും മഞ്ഞുമെല്ലാം വളരെ ചെറിയ അളവിൽ ഓവനിൽ വച്ച് ചൂടാക്കുന്നു. ഇതിൽ നിന്നും പുറത്തുവരുന്ന വാതകങ്ങൾ മാസ് സ്പെക്ട്രോമീറ്ററ്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മണ്ണിൻറെയും മഞ്ഞിൻറെയും രാസഘടനയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇതിൽ നിന്നും ലഭിക്കുക.

മെക്ക[തിരുത്തുക]

മെക്ക (Microscopy, Electrochemistry, and Conductivity Analyzer(MECA)) മറ്റൊരു പരീക്ഷണനിലയമാണ്. ഒരു രാസ പരീക്ഷണശാല,വിവിധ തരം സൂക്ഷ്മദർശിനികൾ,താപ വൈദ്യുത ചാലകത അളക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവയാണ് പരീക്ഷണ നിലയത്തിലെ ഉപകരണങ്ങൾ. ചൊവ്വയിലെ മണ്ണിനെ അല്പം ജലവുമായി കൂട്ടിക്കലർത്തി അതിൻറെ അമ്ളത്വം,ക്ഷാരത്വം,ഘടന തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ മെക്കക്ക് കഴിയും.സൂക്ഷ്മദർശിനിയിലൂടെയുള്ള പഠനങ്ങളിലൂടെ അതിൻറെ ഉത്ഭവത്തെക്കുറിച്ചും പദാർത്ഥഘടനയെക്കുറിച്ചും നമുക്ക് അറിവ് ലഭിക്കും.

മാർഡി[തിരുത്തുക]

പേടകത്തിൻറെ താഴോട്ടുള്ള ഇറക്കത്തിൽ പ്രധാന പങ്കുവഹിച്ച ഒരു ഉപകരണമാണു മാർഡി (Mars Descent Imager (MARDI). ചൊവ്വയിൽ എത്തിച്ചേരുന്നതിന് 5മൈൽ ഉയരത്തിൽ വച്ച് മാർഡി പ്രവർത്തനം ആരംഭിച്ചു. ഇറങ്ങുന്ന സ്ഥലത്തിൻറെ നിരവധി ചിത്രങ്ങൾ മാർഡി ഈ സമയത്ത് എടുക്കുകയുണ്ടായി.അവസാന നിമിഷം ഇറങ്ങേണ്ട സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ഈ ചിത്രങ്ങൾ ഫീനിക്സിനെ സഹായിക്കും

കാലാവസ്ഥാ കേന്ദ്രം[തിരുത്തുക]

ഫീനിക്സിൻറെ കാലാവസ്ഥാ നിരീക്ഷണ നിലയമാണു മെറ്റ് (Meteorological Station (MET)). എല്ലാ സമയത്തേയും കാലാവസ്ഥ ഇതിൻറെ നിരീക്ഷണത്തിലായിരിക്കും. താപനില, മർദ്ദം എന്നിവ അളക്കാനുള്ള ഉപകരണങ്ങൾക്കു പുറമേ Light Detection and Ranging (LIDAR) instrument ഉം പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കാൻ MET നെ സഹായിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-06. Retrieved 2008-05-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-02. Retrieved 2008-07-27.