പൽ‍യാനൈചെൽ കെഴുകെട്ടുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമയവരമ്പൻ നെടുഞ്ചേരലാതനെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരനായ പൽയാനൈ ചെൽകെഴുകുട്ടുവൻ ചേരരാജാവായി. ഇദ്ദേഹത്തിന്റെ പേരുതന്നെ ഇദ്ദേഹത്തിന് അനേകം ആനകൾ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പൽയാനൈ 25 വർഷം രാജ്യം ഭരിച്ചു. പതിറ്റുപത്തിലെ മൂന്നാം പത്തിലെ കഥാനായകൻ ഈ രാജാവാണ്. 'ചെറുപ്പീർപൂഴിയർകോൻ', 'മഴവൻ മെയ്മറൈ', 'ആയിരൈ പൊരുണൻ' എന്നീ വിശേഷണങ്ങൾ ഈ രാജാവിനുണ്ടായിരുന്നു. കുട്ടനാടിന്റെ വ. കിടക്കുന്ന പൂഴിനാടിന്റെ ആക്രമണമാണ് അദ്ദേഹത്തിന്റെ ആദ്യവിജയങ്ങളിലൊന്ന്. ഇതിനാൽ ഉത്തര മലബാറിന്റെ ചില ഭാഗങ്ങളും ചേരരാജ്യത്തിൽ ഉൾപ്പെട്ടിരുന്നു എന്നു കരുതാം. ഈ വിജയത്തിന്റെ ഫലമായി അദ്ദേഹം 'പൂഴിയർകോൻ' എന്ന പേരിൽ അറിയപ്പെട്ടു. തെ. പാണ്ഡ്യരുടെ അധീനത്തിലായിരുന്ന കുട്ടനാടും പിടിച്ചെടുത്തു; അങ്ങനെ കുട്ടുവൻ എന്ന പേരും സമ്പാദിച്ചു. ദക്ഷിണ തിരുവിതാംകൂർ ഉൾപ്പെട്ട വേണാട്ടിലെ ആയർമാരെ പൽയാനൈ പരാജയപ്പെടുത്തി. കാലിസമ്പത്ത് നിറഞ്ഞ കൊങ്ങുനാട് കൈവശമാക്കിയത് ഇദ്ദേഹത്തിന്റെ നേട്ടമായി കരുതപ്പെടുന്നു. ഇദ്ദേഹം ആയിരൈ മലയിലെ ദേവിക്ക് ശത്രുരക്തത്തിൽ കുഴച്ച ചോറ് നിവേദിച്ചതായി പറയപ്പെടുന്നു. ജൈനമതവും ബുദ്ധമതവും പ്രാബല്യത്തിൽ ഇരുന്നിരുന്നു. രണ്ടിനെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ചേരരാജ്യത്തിന്റെ കിഴക്കേ അതിർത്തിയിൽ മരതകഖനികൾക്കു കേൾവികേട്ട പുന്നാടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ആ രാജ്യം പിടിച്ചടക്കിയത് പൽയാനൈയുടെ മറ്റൊരു നേട്ടമാണ്. ഇദ്ദേഹത്തിന്റെ കാലത്തെ കവികളിലും പുരോഹിതൻമാരിലും പ്രസിദ്ധൻ പാലൈഗൌതമനാരായിരുന്നു. ഗൌതമനാരുടെ നേതൃത്വത്തിൽ 10 യാഗങ്ങൾ നടത്തപ്പെട്ടു. കുറച്ചുകാലത്തിനുശേഷം രാജാവു തന്നെ വാനപ്രസ്ഥം സ്വീകരിച്ച് തപസ്സിനു പോയി